Thursday, September 17, 2020

ആഷിനൊരു ഉമ്മ...

കുടുംബത്തിലെ  അംഗമായി അനിയത്തിയുടെ വീട്ടിലേക്ക് വന്നതാണ് ബ്രിട്ടീഷ് പൗരനായി ജനിച്ച ആഷ്. കറുപ്പും വെളുപ്പും ഇടകലർന്ന ദേഹകാന്തിയോടെ ഏറനാടൻ മലയാള തനിമയിൽ ബിലാത്തിയിലെ വീട്ടിൽ സർവ്വാധികാരിയായി വളർന്നവൻ. ആഷിൻ്റെ വിശേഷങ്ങൾക്കോ കുസൃതികൾക്കോ കുറവില്ലായിരുന്നു. അവൻ്റെ കാര്യങ്ങൾ നാട്ടിലും ഇവിടെയും എല്ലാവർക്കും അറിയണം. പൂച്ചയെ പേടിയുള്ള അനു പോലും അവൻ്റെ പടങ്ങളും വിവരങ്ങളും അന്വേഷിച്ചു. ചക്കിയും റാണിയും തുടങ്ങി പല പേരുകളിൽ മാർജ്ജാരന്മാർ ഞങ്ങൾക്കൊപ്പം നാട്ടിലുണ്ടായിരുന്നതിനാൽ ആഷിൻ്റെ വരവ് പുതുമയായിരുന്നില്ല. പക്ഷെ മനുഷ്യരേക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഇവിടങ്ങളിൽ അവരെ അതിന്റേതായ ചിട്ടയിലും രീതിയിലും വളർത്തിയില്ലെങ്കിൽ പിന്നെ പാടാവും. മീൻമുറിക്കുമ്പോൾ മീന്തല എറിഞ്ഞു കൊടുത്തും, ബാക്കി വന്ന ചോറ് കൊടുത്തും വളർത്താൻ പറ്റില്ല. 

https://www.gov.uk/caring-for-pets

കൃത്യമായി ഡോക്ടറെ കാണിക്കണം. തൂക്കവും ഭക്ഷണക്രമവും ശ്രദ്ധിക്കണം. വാക്‌സിനുകൾ ശരിയായ സമയങ്ങളിൽ എടുപ്പിക്കണം...  ഇതൊക്കെ ഒരുവശത്തുണ്ടെങ്കിലും ആഷിൻ്റെ വരവിന് വീടൊരുങ്ങി.  2016 ഓഗസ്റ്റ് 10 ന് ബെക്കൻഹാമിലാണ് ആഷിൻ്റെ ജനനം.  നാല് മാസത്തിനു ശേഷം 2017 ജനുവരി 16 ന് രാജിക്കും, അഫ്സലിനും, റെനിക്കും കൂട്ടായി ബ്രോംലിയിലുള്ള അവരുടെ വീട്ടിലേക്ക് ആഷെത്തി. റെനിയാണ് പേര് കണ്ടതും വിളിച്ചതും. അതുമതിയാവും എന്നാണ് കരുതിയത്. പോരാ... ഫസ്റ്റ് നെയിം & ലാസ്റ്റ് നെയിം അത് പൂച്ചയാണെന്ന് കരുതി വിട്ടുവീഴ്ചയൊന്നുമില്ല. വീട്ടുപേരാണ്‌ സാധാരണയായി ലാസ്റ്റ് നെയിമായി കൊടുക്കാറുള്ളത്. തറവാട്ടുപേർ പൂച്ചയ്ക്കിടുമോ എന്ന സന്ദേഹത്തിൽ ആഷിൻ്റെ സ്വന്തം ഡോക്ടറാണ് അനിയത്തിയുടെ പേര് അവൻ്റെ ലാസ്റ്റ് നെയിമായി ചേർത്തത്. അങ്ങനെ ഔദ്യോഗിക റെക്കോർഡുകളിൽ ആഷ് സബീൽ എന്ന പേരായി.


ആഷിനോടുള്ള കലമ്പലുകൾ ഏറെയും മലയാളത്തിലായിരുന്നു. ആദ്യത്തെ സംശയം ആഷിന് വേണ്ടി ഇംഗ്ലീഷ് പഠിക്കേണ്ടി വരുമോ എന്നായിരുന്നു. അതിനേക്കാൾ ഭേദം  താനൊരു  മലയാളി പൂച്ചയായി മാറുന്നതാണ് നല്ലതെന്ന് കരുതിയാവണം ആഷ് വേഗം മലയാളത്തിലേക്ക് ചുവട് മാറി. മലയാളക്കരയിലെ  എല്ലാ പ്രാദേശിക ഉച്ചാരണവും അവന് വശമായിരുന്നു. "Yes / No" അല്ലാതെ മറ്റൊരു ആംഗലേയ വാക്കും ആഷിന് വശപ്പെട്ടില്ല എന്ന് മാത്രമല്ല ഇംഗ്ലീഷ് സംസാരിക്കുന്നവർ വീട്ടിലേക്ക് വന്നാൽ അവൻ പുറത്തേക്ക് പാഞ്ഞു. അടുക്കളയിൽ തുറന്ന് വെച്ച മീനൊന്ന് മണത്ത് നോക്ക് പൂച്ചേന്നും പറഞ്ഞായിരുന്നു ഫെബിമോളുടെ കലമ്പൽ. അതൊന്നും ആഷിനൊരു പ്രശ്നമല്ലായിരുന്നു. മീനൊന്നും അവന് വേണ്ടേ വേണ്ടേ.. എന്ത് അസംബന്ധമാണ് പറയുന്നതെന്ന മട്ടിൽ ഫെബിയെ നോക്കി അവനിരുന്നു. 

മീനൊന്നും വേണ്ടെങ്കിലും ആഷ് കഴിക്കുന്ന ഒരു സാധനമുണ്ടായിരുന്നു. മല്ലിയില! പലചരക്കും പച്ചക്കറിയും വാങ്ങുന്ന ദിവസങ്ങളിൽ മല്ലിച്ചപ്പുണ്ടെങ്കിൽ കരഞ്ഞു ബഹളം കൂട്ടി അവൻ രാജിയെ കൊണ്ട് സാധനങ്ങളുടെ ബാഗ് തുറപ്പിക്കും... സ്ഥിരം ഭക്ഷണക്രമത്തിൽ നിന്ന് മാറി അവൻ രുചിച്ച ഏക സാധനം അത് മാത്രമായിരുന്നു. 

മണ്ണിൽ കളിക്കുന്നതിനും ദേഹത്ത് അഴുക്കാക്കുന്നതിനും ലീലാമ്മച്ചേച്ചി  തരം കിട്ടുമ്പോഴെല്ലാം ആഷിനെ ഉപദേശിച്ചിരുന്നു. ആര്യയുടെ ബേബി ആദ്യമായി വിരുന്നു വന്നപ്പോൾ ആഷ് നല്ല കുട്ടിയായി അവരെ സ്വീകരിച്ചു. അമ്മുവിൻ്റെ മോൾക്കാകട്ടെ അത് ആഷിൻ്റെ മമ്മയുടെ വീടായിരുന്നു. മറ്റാരും ആ കുഞ്ഞു മനസ്സിൽ ഇടം നേടിയില്ല. പാത്തു നട്ട മത്തൻ വള്ളികളും കോളിഫ്ലവർ ചെടികളും മുറ്റത്തെ അവൻ്റെ കളികൾക്ക് തടസ്സമായെങ്കിലും പരിഭവിച്ചില്ല. മീൻ കഴിച്ചില്ലെങ്കിലും മുറ്റത്തെ ചെറിയ കുളത്തിലെ മീനുകളെ ദിവസവും രാവിലെ ചെന്ന് നോക്കി തൃപ്തിപ്പെട്ടു. മൂത്തമ്മ വരുന്നുണ്ടെന്ന് പറഞ്ഞു എൻ്റെ വരവിനായി രാജിമോൾ ആഷിനെയും ഒരുക്കിയിരുന്നു. ട്രീറ്റുകളും കളിപ്പാട്ടവുമായാണ് ഞാൻ അവനരികിലേക്ക് ചെന്നത്. ഇതൊക്കെയെന്തിന് എനിക്കറിയാലോ എന്നൊരു മട്ട്! Dreamies കൊണ്ട് കൊടുത്ത് ആഷിനെ വഷളാക്കിയെന്ന് രാജി പിന്നീട് വിളിക്കുമ്പോൾ പരിഭവിച്ചു. വീടുണരുന്നതും ഉറങ്ങുന്നതും ആഷിൻ്റെ സമയങ്ങൾക്കനുസരിച്ചായത് അവർ പോലുമറിഞ്ഞില്ല. അയൽപക്കത്തുള്ള പൂച്ചയുമായി 'അടിച്ചു പിരിഞ്ചു' ദേഹത്ത് മുറിവുമായി വന്നാൽ ക്ഷീരബലം തേച്ച്‌ കൊടുത്ത് ആഷിനെയും ഞങ്ങളുടെ വൈദ്യപാരമ്പര്യം അറിയിച്ചു. ആഷിന് മുസ്‍താരിഷ്ടം കൊടുക്കുമെന്നോർത്തു എൻ്റെ മക്കൾ വേവലാതിപ്പെട്ടു 😱

സെപ്റ്റംബർ നാലിന് വൈകുന്നേരം രാജി ജോലി കഴിഞ്ഞു വന്നപ്പോൾ അവളോട് ഭക്ഷണം ചോദിച്ചു വാങ്ങി കഴിച്ചു. റെനിയുടെ സ്കൂൾ തുറന്ന ദിവസമായതിനാൽ ഉമ്മയുടെയും മകന്റെയും വിശേഷം പറച്ചിലിന് കുറച്ചു നേരം കാതോർത്ത് അവരെ രണ്ടുപേരെയും മുട്ടിയുരുമ്മി പുറത്തേക്ക് കളിക്കാൻ പോയതാണ്. കളിയുടെ രസത്തിൽ റോഡ് മുറിച്ച് കടന്നപ്പോൾ, കാറിടിച്ചു...😢 സംഭവം കണ്ടവർ ആഷിനെ എടുത്തു കിടത്തിയിരുന്നു. ഒരു പെറ്റിന് കൊടുക്കേണ്ടുന്ന എല്ലാ മര്യാദയും കൊടുത്ത് അവർ ആഷിൻ്റെ മമ്മയെത്തുന്നത് വരെ കാത്തുനിന്നു. ആഷിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തതും അവരായിരുന്നു. പാത്തുവും ഫെബിയും വിവരമറിഞ്ഞെത്തി.  റെനിയാണ് ആഷിനുറങ്ങാനുള്ള സ്ഥലം അടുക്കള മുറ്റത്ത് ഒരുക്കിയത്... മാന്ത്രികപ്പൂച്ച വായിച്ചു തരാമെന്ന എൻ്റെ വാഗ്‌ദാനം ബാക്കിയാക്കി മൂന്ന് വർഷവും ഏഴ് മാസവും ഒൻപത് ദിവസവും ഞങ്ങൾക്കിടയിൽ ജീവിച്ച് ആഷ് മടങ്ങി... 


Ash Sabeel - Aug 10, 2016- Sep 4, 2020

A cat has absolute emotional honesty: human beings, for one reason or another, may hide their feelings, but a cat does not. - Ernest Hemingway

  

8 comments:

  1. സുകൃതം ചെയ്ത ആ ജന്മം ഇനി നിത്യതയയിൽ ലയിക്കട്ടെ....

    ReplyDelete
  2. പൂച്ചക്ക് ഇത്രയേ ആയുസുള്ളൊ ?

    ReplyDelete
    Replies
    1. ആഷിന് ഇത്ര സമയമേ അനുവദിച്ചിട്ടുണ്ടാകൂ മാഷേ... ആക്സിഡന്റായിരുന്നല്ലോ മരണ കാരണം :(

      Delete
  3. പാവം ...
    പെറ്റുകൾക്കും കോവിഡ് ബാധ ഉണ്ടാകാമെന്നു പറയുന്നു ,
    അല്ലാതെ ഇത്രപെട്ടെന്ന് മരണം സംഭവിക്കില്ലല്ലൊ ..അല്ലെ .
    ഞങ്ങളുടെ അയലക്കത്തുള്ള ആഷിന്റെ ചരിതവും ചരമവും അറിഞ്ഞു ദുഖിക്കുന്നു ...

    ReplyDelete
    Replies
    1. അത് വായിച്ച്‌ ഞങ്ങൾ ആഷിനെയോർത്ത് ടെൻഷനടിച്ചിരുന്നു മുരളിയേട്ടാ.. ഇതു പക്ഷെ..

      Delete