Monday, September 21, 2020

വാക്കനുഭവങ്ങളുടെ പത്തരമാറ്റ്

സാഹിത്യോത്സവങ്ങളും, സംവാദങ്ങളും, പുസ്തകപ്രകാശനവും ഓൺലൈനിലേക്ക് മാറ്റിയത് കോവിഡ് 19 എന്ന മഹാമാരിയാണ്. വേനലിൽ കയറിയിറങ്ങിയിരുന്ന ആർട്ട് ഗാലറികളും സാഹിത്യോത്സവ തെരുവുകളും വിദൂര സ്വപ്‌നമായിരിക്കുകയാണല്ലോ. മാറിയ സാഹചര്യങ്ങളോടുള്ള പകപ്പടങ്ങിയപ്പോൾ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ മാർഗ്ഗങ്ങൾ എല്ലാവരും കണ്ടെത്തുകയായിരുന്നു. അതിൻ്റെ പ്രതിധ്വനി സാഹിത്യമേഖലയിലും വായനാക്കൂട്ടായ്മകളിലുമുണ്ടായി. കാനഡയിലെ വായനാരാമം, റിയാദിലെ ചില്ല, യുവത ബുക്സ്, ഗ്രന്ഥപ്പുര(ജിദ്ദ), പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ മലയാളവിഭാഗം നടത്തിയ അന്തർദേശീയ വെബിനാർ പരമ്പര എന്നിവയിലൂടെയെല്ലാം എഴുത്തുകാരെയും അവരുടെ എഴുത്ത് വഴികളെയും അടുത്തറിയാൻ സാധിച്ചു .

കാനഡയിൽ പബ്ലിക് ലൈബ്രറികളാണ് എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന വെബ്‌കാസ്റ്റ് ആഴ്ചയിൽ മിക്ക ദിവസവും നടത്തുന്നത്. ഓൺലൈൻ തെരുവിൽ അതൊക്കെ കണ്ടും കേട്ടും അന്തംവിട്ട് നടക്കുന്ന സമയത്താണ് രണ്ടു പ്രശസ്തരുടെ സംഭാഷണമുണ്ടെന്നറിഞ്ഞത്. ഉടനെ ക്ലിക്ക് ക്ലിക്ക് ശബ്ദത്തിൻ്റെ അകമ്പടിയോടെ ഞാനങ്ങോട്ടോടി. A word after a word after a word is power എന്നെഴുതിയ കാനഡയുടെ സ്വന്തം മാർഗരറ്റ് അറ്റ്‌വുഡുമായി (Margaret Atwood), അമേരിക്കൻ എഴുത്തുകാരിയായ ആൻ പാച്ചെറ്റ് (Ann Patchett) നടത്തുന്ന സംവാദമായിരുന്നു. വിന്നിപെഗ്ഗിലുള്ള  McNally Robinson Booksellers ആണ് കാനഡയിലെ ടിക്കറ്റ് വിതരണക്കാർ. ടാക്സ് ഉൾപ്പെടെ $35.00 ആയിരുന്നു ടിക്കറ്റ് നിരക്ക്. മാർഗരറ്റ് അറ്റ്‌വുഡിൻ്റെ കയ്യൊപ്പോടെ 2019 ലെ ബുക്കർ പ്രൈസിനർഹമായ The Testaments എന്ന നോവലിൻ്റെ കോപ്പിയും അവർ അയച്ചു തരും. ഇതെല്ലാം കണ്ടാൽ പിന്നെ ഞാൻ വീഴാതിരിക്കുമോ? വീണു... അറ്റ്‌വുഡിനെ കാണാനും കേൾക്കാനും മോഹിച്ചു നടന്ന ഞാൻ, ടിക്കറ്റെടുക്കാൻ ഒട്ടും അമാന്തിച്ചില്ല. പുസ്തകം ലൈബ്രറിയിൽ പരതിയപ്പോൾ "നിങ്ങൾ ഇപ്പോഴും ക്യൂവിലാണ്" എന്ന മറുപടിയായിരുന്നു മാർച്ചിലും കിട്ടി കൊണ്ടിരുന്നത്. പിന്നെ കൊറോണ വന്നെല്ലാം അടച്ചു ഭദ്രമാക്കുക കൂടി ചെയ്തല്ലോ. അപ്പോഴാണ് ഇങ്ങനെയൊരു അവസരം മുന്നിലെത്തിയത്.



ഹൃദ്യവും വിജ്ഞാനപ്രദവുമായിരുന്നു ആൻ-അറ്റ്‌വുഡ് സംവാദം. ജെയ്ൻ  ഓസ്റ്റെൻ, ഹെമിങ് വേ,  ജോൺ ബെൻയോൺ തുടങ്ങി എനിക്ക് പരിചിതവും അപരിചിതവുമായ പല പേരുകളും എഴുത്തുകളും സംഭാഷണത്തിലൂടെ കടന്നു പോയി. അഭിമുഖത്തിൻ്റെ മുഴുവൻ രൂപമല്ല മനസ്സിൽ തങ്ങി നിൽക്കുന്ന പ്രസക്തഭാഗങ്ങൾ മാത്രം ഇവിടെ ചേർക്കുന്നു. പുനർവായന നടത്താറുണ്ടോ എന്ന ആനിൻ്റെ ചോദ്യത്തിന് മറുപടിയായി അറ്റ്‌വുഡ് പറഞ്ഞത്, തീർച്ചയായും പുസ്തകങ്ങൾ വീണ്ടും വായിക്കാറുണ്ടെന്നും, അടുത്ത് പുനർവായന നടത്തിയത്, Emily Brontë എഴുതിയ Wuthering Heights എന്ന നോവലാണെന്നുമായിരുന്നു. അതിനോട് ചേർത്ത് പറഞ്ഞതാണ് എനിക്കേറെ ഇഷ്ടമായത്, "We learn from other writers a lot." (Margaret Atwood). ലോകോത്തര പുസ്തകങ്ങളുടെ രചയിതാവും, ഉന്നത പുരസ്‌കാരങ്ങളുടെ ജേതാവുമാണ് പറയുന്നത് മറ്റുള്ളവരിൽ നിന്ന് എനിക്ക് പഠിക്കാനേറെയുണ്ടെന്ന്! 


വായനയെ കുറിച്ച് ആനിനും പറയാനുണ്ടായിരുന്നു. അത്രയേറെ പുസ്തകങ്ങളാണ് വായിക്കാനുള്ളത്. ഫിക്ഷനാണ് പാഷനെന്നും,  ഫിക്ഷനുകൾ  ലോകത്തെ രൂപപ്പെടുത്തുന്നുണ്ടെന്നും ആൻ നിരീക്ഷിക്കുന്നു. മഹാമാരിയെ കുറിച്ച് ചോദിച്ചപ്പോൾ മാർഗരറ്റ് പറഞ്ഞ കാര്യം തൽക്ഷണം ഫലം നല്കുന്ന ടെസ്റ്റുകളുണ്ടെങ്കിൽ ഒരുപക്ഷെ ലോകം കുറച്ചെങ്കിലും പഴയപടിയാവുമെന്നാണ്. തിയേറ്ററുകളിലും, ഭക്ഷണശാലകളിലും ആളുകൾ പ്രവേശിക്കുന്നതിന് മുമ്പായി ഇതുപോലെയുള്ള പരിശോധനാസംവിധാനം ഏർപ്പെടുത്തിയാൽ സഹായകമാവും. കാനഡക്കാർ കുറച്ചു സാമൂഹിക മനഃസ്ഥിതിയുള്ളവരും ഞാൻ കാരണം മറ്റൊരാൾക്ക് രോഗം വരരുതെന്ന് ബോധമുള്ളത് കൊണ്ടാവും കുറഞ്ഞ തോതിലുള്ള ഇപ്പോഴത്തെ രോഗവ്യാപനം. ഈ സ്ഥിതി മാറാവുന്നതാണ്. മഹാമാരിയുടെ കാലത്ത് Game Changer ആയത് സാങ്കേതിക വിദ്യയാണ്. മനുഷ്യൻ കണ്ടെത്തുന്ന ഓരോ സാങ്കേതിക വിദ്യയും മനുഷ്യ ഇന്ദ്രിയങ്ങളുടെ വിപുലീകരണമാണ്. നമ്മളുപയോഗിക്കുന്ന ഈ സൂമിൽ തന്നെ കണ്ണും, കാതും, സംസാരവും ഉൾപ്പെടുന്നില്ലേ? 

പ്രിയപ്പെട്ട എഴുത്തുകാരെ കുറിച്ച് പ്രേക്ഷകരിൽ നിന്ന് ചോദ്യമുണ്ടായപ്പോൾ, "എനിക്ക് പ്രിയപ്പെട്ടത് എന്നൊന്നില്ല" അതിനോട് ചേർത്ത് മാർഗരറ്റ് അവരുടെ മകളുമായി ചെറുപ്പത്തിൽ നടന്നൊരു സംഭാഷണം പങ്കുവെച്ചു. കുട്ടിയോട് ഏതാണ് ഇഷ്ടപ്പെട്ട നിറം എന്നൊക്കെ ചോദിക്കുന്നതിനിടക്ക് മകൾ തിരിച്ച് അമ്മയോട് അവളുടെ കൂട്ടുകാരിൽ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചു. ഒരാളുടെ പേര് പറഞ്ഞപ്പോൾ എന്തുകൊണ്ട് മറ്റെയാളെ ഇഷ്ടമല്ലെന്ന് കുട്ടി മറുചോദ്യമുനയിച്ചു. അതിനുശേഷം എനിക്ക് പ്രിയപ്പെട്ടതായി ഒന്നില്ലാതിരിക്കുന്നതാണ് ശരിയെന്ന് തീരുമാനിക്കുകയായിരുന്നുവെത്രേ. എഴുതി കഴിഞ്ഞതിനുശേഷമുള്ള "heavy dark feeling" മാറാനായി എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഉദ്യാനപാലനമെന്നായിരുന്നു അറ്റ്‌വുഡിൻ്റെ മറുപടി. പലപ്പോഴും അങ്ങനെയൊരു വികാരം എഴുത്തിനു ശേഷം അനുഭവപ്പെടാറില്ലെന്ന് അവർ കൂട്ടിച്ചേർത്തു. ദിവസവും താൻ എഴുതാറുണ്ടെന്നും പക്ഷെ അതിൽ നിന്ന് അവസാനം എന്ത് കിട്ടുമെന്ന് അറിയില്ലെന്നും മാർഗരറ്റ് അറ്റ്‌വുഡ് എന്ന ബുക്കർ സമ്മാനർഹ പറഞ്ഞു കേട്ടതിൽ അത്ഭുതപ്പെട്ടില്ല. ഒരിക്കൽ  200 പേജെഴുതിയെന്നും ഒടുവിൽ അതിൽ നിന്നൊരു വാചകം പോലും താനെടുക്കാതെ കളഞ്ഞുവെന്നും, മറ്റൊരിക്കൽ രണ്ട് ചെറുകഥകൾ ലഭിച്ചുവെന്നും പറയുമ്പോൾ മൂല്യവത്തായ എഴുത്തിനെ കുറിച്ചുള്ള  അവബോധമായിരുന്നു ആ വാക്കുകളിൽ. ഇതുപോലെ എത്ര തിരുത്തലുകൾക്ക് ശേഷമായിരിക്കും എഡിറ്റർക്ക് അയക്കുന്നത്. എന്നിട്ടോ? എഡിറ്റർമാരുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, ചർച്ചകൾ അറ്റ്‌വുഡിന് പോലും മറികടക്കാനാവാത്ത  കടമ്പകളാണ്.

സംഭാഷണത്തിൽ മുപ്പതുകളുടെയും, അറുപതുകളുടെയും ഇന്നത്തെയും രാഷ്ട്രീയം കടന്നു വന്നു. BLM(Black Lives Matter)നോട് ചേർത്ത് വായിക്കാവുന്ന മാനുഷീക ഐക്യദാർഢ്യങ്ങളെയും, സംഭാഷണങ്ങളെയും പരാമർശിക്കുകയുണ്ടായി. ട്രെയിൻ യാത്രക്കിടയിൽ ഒരു പുസ്തകം പകുതിയോളം എഴുതി തീർത്ത അനുഭവവും മാർഗരറ്റ് അറ്റ്‌വുഡ് പങ്കുവെച്ചു. എല്ലാ തിരക്കുകളിൽ നിന്നും മുങ്ങി കാനഡയുടെ വടക്കേ അറ്റത്തുള്ള കുടുംബവീട്ടിൽ പോയി താമസിക്കുന്ന കാര്യം ആൻ സൂചിപ്പിച്ചപ്പോൾ, ദീർഘകാലത്തേക്ക് പറ്റിയില്ലെങ്കിലും കുറച്ചു സമയത്തേക്ക് അങ്ങനെയൊരു വിട്ടുനിൽക്കൽ നല്ലതാണ്... അറ്റ്‌വുഡ് പറഞ്ഞു നിർത്തി. ചോദ്യങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും സമയം കഴിഞ്ഞതിനാൽ സംഘാടകർ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

Jessica McDiarmid (Highway of Tears) & Michelle Good (Five Little Indians)- Sep 15


സാങ്കേതിക തടസങ്ങളാൽ ഒരിക്കൽ മുടങ്ങിയ പരിപാടിയായിരുന്നു കാനഡയിലെ ഗോത്രവംശമായ Red Pheasant Cree Nation എഴുത്തുകാരിയായ മിഷേൽ ഗുഡുമായുള്ള സംഭാഷണം. 2020 Scotiabank Giller Prize ലിസ്റ്റിൽ മിഷേൽ ഗുഡിൻ്റെ Five Little Indians ഇടം നേടിയിട്ടുണ്ട്. ഒൻപത് വർഷമെടുത്താണ് മിഷേൽ ഈ നോവൽ പൂർത്തിയാക്കിയത്. കാനഡയുടെ ചരിത്രത്തിലെ വേദനാജനകമായ ഒരധ്യായമാണ് Residential School  കാലഘട്ടം. ഗോത്രവംശജരുടെ കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്നകറ്റി ചർച്ചിൻ്റെ കീഴിലുള്ള Residential സ്കൂളുകളിൽ പാർപ്പിച്ചു അവരുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കിയ ചരിത്രം... മിഷേലിൻ്റെ അമ്മ Residential School കാലഘട്ടം അതിജീവിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ നോവലിലെ കഥാപാത്രങ്ങളുടെ അനുഭവങ്ങൾ  അവർ കേട്ടറിഞ്ഞതോ, ബന്ധുക്കൾ അനുഭവിച്ചതോ ആവാം. കാനഡയുടെ മുഖച്ഛായ ഇന്ന് മാറിയിട്ടുണ്ട്. അധികൃതരുടെ അനുരഞ്ജന നീക്കങ്ങളും, അവരുടെ ഭൂമിയാണെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരു ചോദ്യം ബാക്കിയാവുന്നു, "Why can't Canada get over it?" 

'Five Little Indians' എന്തുകൊണ്ടൊരു നോൺ-ഫിക്ഷൻ പുസ്തകമായില്ലെന്ന ജെസീക്കയുടെ സംശയത്തിന് മിഷേലിൻ്റെ പ്രതികരണം, ഒരു നോവലാവുമ്പോൾ കൂടുതൽ വായിക്കപ്പെടും, വായനക്കാർ കുറച്ചു സമയത്തേക്കെങ്കിലും കഥാപാത്രങ്ങളുടെ അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യും. ഈ ചിന്തയിലാണ് ഇതൊരു ഫിക്ഷനാക്കാൻ തീരുമാനിച്ചത്. "I was realizing just how much Canadians or Canada at large doesn't understand the impact of how these individuals suffered because of their attendance at these schools." എന്ന് CBC Radio അഭിമുഖത്തിൽ മിഷേൽ പറഞ്ഞതും കൂടെ ഇതിനോട് ചേർത്ത് വെക്കണമെന്ന് തോന്നുന്നു. പുസ്തകത്തിലെ ഒരുഭാഗം വായിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി, തൊണ്ടയിടറി വായന നിർത്തുകയായിരുന്നു. തലമുറകൾ കഴിഞ്ഞിട്ടും അനുഭവങ്ങളുടെ തീക്ഷണത കുറഞ്ഞിട്ടില്ല.
 

വായനയ്ക്കും എഴുത്തിനും പരസ്പരബന്ധമുണ്ടെന്ന് ആദ്യ പുസ്തകത്തിൻ്റെ സ്വീകാര്യതയെ കുറിച്ച് പരാമർശിച്ചപ്പോൾ മിഷേൽ ചൂണ്ടിക്കാട്ടി. എഴുത്തിൻ്റെ സൂത്രവാക്യം നിരീക്ഷിക്കുക - കേൾക്കുക - എഴുതുക എന്നതാണെങ്കിൽ, വായനയിൽ ഉൾക്കൊള്ളലും ചിന്തയും വേണമെന്ന്   അവർ Highway of Tears ൻ്റെ എഴുത്തുകാരിയായ ജെസീക്കയോട് പറയുന്നുണ്ട്.  കുറെയേറെ എഴുത്തുകാർ... എഴുത്തനുഭവങ്ങൾ, പുതിയ വായനകൾ പഠനങ്ങൾ... ഇതെല്ലാം പങ്കിട്ടനുഭവിക്കാൻ മഹാമാരി കാലം വേദിയൊരുക്കുന്നുണ്ട്. നവീകരിക്കപ്പെടുന്ന ആശയങ്ങളും, കാഴ്ചപ്പാടുകളും, ചിന്തകളുമായി  വാക്കനുഭവങ്ങളുടെ കേൾവികൾക്ക്  പത്തരമാറ്റാണ്.  
 

8 comments:

  1. ഒരു സാധാരണ എഴുത്തുകാരനായ എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു ലോകം തുറന്നപോലെയായിരുന്നു ഈ ദേശാന്തര കാഴ്ചകൾ ലെ  "വക്കനുഭവങ്ങളുടെ പത്തരമാറ്റ് ". ശരിക്കും പറഞ്ഞാൽ ഒരു കടൽ കാണുന്ന പ്രതീതി..അനന്തമായ ലോകം...വളരെ നല്ല ആസ്വാദനം വായനയിൽ ലഭിച്ചു. പല എഴുത്തുകാരെയും അവരുടെ അനുഭവങ്ങളും അറിയുവാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ..."we learn from other writers a lot...", അതാണ് പരമ സത്യം ..BEST WISHES...
    http://ettavattam.blogspot.com

    ReplyDelete
  2. വായനയിലേക്കും എഴുത്തിലേക്കും പതിയെ തിരിച്ചുവരുന്ന എനിക്കും പലതും പഠിക്കാനായി ....

    ReplyDelete
    Replies
    1. മാഷേ... ശക്തമായ ഒരു തിരിച്ചുവരവിനായി കാത്തിരിക്കുന്നു :)

      Delete
  3. കേട്ടതില്‍ പലതും, യാത്രചെയ്തു പോയികേള്‍ക്കുന്ന വലിയ പരിപാടികളേക്കാളും എനിക്ക് പ്രയോജനകരമായി തോന്നി. ഒരു പക്ഷേ, അടുത്ത കുറച്ചുകാലത്തേയ്‌ക്കെങ്കിലും നമുക്ക് ഇങ്ങനെ കേള്‍ക്കേണ്ടിവരും എന്നു തോന്നുന്നു. എഴുത്ത് ഭംഗിയായി. അനുഭവങ്ങള്‍ പങ്കിട്ടതിനു നന്ദി.ആശംസകള്‍!

    ReplyDelete
    Replies
    1. ശരിയാണ് സുരേഷേട്ടാ... ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായിരുന്നു ഓൺലൈൻ റൈറ്റേഴ്‌സ് ഫെസ്റ്റുകൾ :)

      Delete
  4. എല്ലാം വിശദമായി പങ്കുവെച്ചു കേട്ടോ മുബി .
    കോവിഡ് ഏവരേയും പുതിയ പാഠങ്ങൾ പഠിപ്പിച്ചു .
    ഞങ്ങളും ഇവിടെ ഇപ്പോൾ ഓൺ -ലൈൻ പോർട്ടലുകളിൽ കൂടിയാണ് എല്ലാ കൂടിക്ചേരലുകളും നടത്തുന്നത്

    ReplyDelete
    Replies
    1. കോഫി ഷോപ്പും ലൈബ്രറിയും വല്ലാതെ മിസ്സാവുന്നുണ്ട് മുരളിയേട്ടാ... 

      Delete