Sunday, September 27, 2020

കടമിഴിക്കോണിലെ സ്വപ്നരാഗം

പോളിനെ കണ്ട് പിരിഞ്ഞിട്ട് വർഷമൊന്ന് കഴിഞ്ഞിരിക്കുന്നു. അന്ന് മുതൽ അക്ഷമയോടെ കാത്തിരുന്നത് പ്രിയപ്പെട്ട ഒന്നിനു വേണ്ടിയാണ്. പോളിൻ്റെ പുസ്തകം!  നെഞ്ചോട് ചേർത്തു പിടിച്ച ആ കൈയെഴുത്തുപ്രതി ലിസ്സിനെ തിരിച്ചേൽപ്പിക്കുമ്പോൾ  പുസ്തകം പിറക്കുന്ന സ്വപ്നമായിരുന്നു  മനസ്സു നിറയെ. ഒരു കൺപോള ചിമ്മിത്തുറന്നു കൊണ്ട് പോൾ  പറയുന്ന അക്ഷരങ്ങൾ പെറുക്കിയെടുത്ത് വാക്കുകൾ വരികളാക്കുകയായിരുന്നു ലിസ്സ്. ഇതെല്ലാം കൺചിമ്മലുകളിൽ പിറക്കുന്ന പുസ്തകങ്ങൾ! എന്ന ബ്ലോഗ് പോസ്റ്റിലുള്ളതിനാൽ ആവർത്തിക്കുന്നില്ല. അഭ്യുദയകാംക്ഷികളുടെ കാത്തിരിപ്പിനൊടുവിൽ 2020 ജൂൺ 5 ന്  "A Star in his Own Imagination" വെളിച്ചം കണ്ടു. 

PC: Google Image

വായനക്കാരോട് 57000 വാക്കുകളിലൂടെ തൻ്റെ ജീവിതയാത്ര പോൾ പറയുകയാണ്. ഇവിടെ വാക്കുകളുടെ കണക്കിന് പ്രസക്തിയുണ്ട്. സ്വയം എഴുതിയതല്ല, കൺമൊഴിയിലൂടെ മനസ്സിലുള്ളത് പറഞ്ഞതാണ്.. ജൂലൈ 2012 വരെ സ്വച്ഛന്ദമായി ഒഴുകിയിരുന്ന ജീവിതമാണ് നിമിഷങ്ങൾക്കുള്ളിൽ മാറിമറിഞ്ഞ് ശരീരത്തിനുള്ളിൽ കുടുങ്ങി പോയത്. ബാല്യം മുതൽ സ്ട്രോക്ക് വരുന്നതുവരെയുള്ള പോളിൻ്റെ സജീവമായ ജീവിതശൈലി പുസ്തകത്തിലുണ്ട്. സംഗീതവും കലയും സമാസമം പോളിൽ അലിഞ്ഞു ചേർന്നിരുന്നു. അമ്മയോടുള്ള തീവ്രമായ അടുപ്പം വാക്കുകളിൽ വ്യക്തമാണ്. അഞ്ചാം വയസ്സിലെ പ്രണയവും, യാത്രകളും, ബോസ്സിനെ വെല്ലുവിളിച്ച് കേക്കുണ്ടാക്കുന്നതും, വീട്ടിലെ വളർത്തു മൃഗങ്ങളോടുള്ള സമീപനവും വളരെ രസകരമായ അവതരിപ്പിച്ചിട്ടുണ്ട്. 

തനിക്കുണ്ടായ  ആഘാതത്തോടുള്ള പോളിൻ്റെ സമീപനം  Back to the Future എന്ന അദ്ധ്യായത്തിൽ കാണാം  ".. am glad I had the stroke. It has given me time to reflect on what sort of person I used to be."(Chapter 21) അതിൽ തന്നെയാണ് എങ്ങനെയാണ് ഈ അവസ്ഥയെ തരണം ചെയ്യാൻ സാധിക്കുന്നതെന്നും പറയുന്നത്, "The things which have helped me most to endure this darkest hour are my faith, my wife, the staff of Tobias House, my many visitors and my sense of humour." ചിരിപ്പിച്ചും, കരയിച്ചും, ചിന്തിപ്പിച്ചും വായന പൂർത്തിയാക്കുമ്പോൾ 'Keep Trying...' എന്ന് പറഞ്ഞു കൊണ്ട് യാത്രയാക്കിയ പോളും ലിസ്സും അവരുടെ പ്രണയവും മനസ്സിൽ നിറയുകയാണ്. 

"നിന്നരികിൽ വികാരമൂകയായ് 
 നിന്നിടുമെൻനിറുകയിൽ 
 വെമ്പിവെമ്പിപ്പൊഴിച്ചു നീയോരോ
 ചുംബനമലർമൊട്ടുകൾ.."
 

പത്രത്തിൽ ലിസ്സഴുതിയ ഈ കുറിപ്പ് വായിച്ചപ്പോൾ ചങ്ങമ്പുഴയുടെ 'വെളിച്ചത്തിൻ്റെ മുമ്പിൽ' എന്ന കവിതയിലെ വരികളോർത്തു പോയി.


PC: Paul & Liz thru Joel Sunny- UK

6 comments:

  1. ദേശാന്തര എഴുത്തുകാരെ അറിയാനും പരിചയപ്പെടുവാൻ എനിക്ക് ഇവിടെ വരുമ്പോൾ ആണ് കഴിയുന്നത്. കലാകൗമുദിയിൽ പണ്ട് കൃഷ്ണൻ നായർ സാറുടെ പങ്‌ക്തി വായിക്കുവാൻ വളരെ ഇഷ്ട്ടമായിരുന്നു. വിദേശ എഴുതാറുടെ പുസ്തകങ്ങളെ കുറിച്ച് അറിയുവാൻ അദ്ദേഹത്തിന്റെ തന്നെ പേജ് വായിക്കണം. അത് വല്ലാതൊരറിവാണ് തന്നിരുന്നത്...അതുപോലെ മുബിയുടെ എഴുത്തുകൾ വായിക്കുമ്പോൾ തോന്നിപ്പോകാറുണ്ട്...
    അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും നേരുന്നു....

    ReplyDelete
  2. അപാരം ..!
    കൺമൊഴിയിലൂടെ 57000 വാക്കുകൾ...!!
    പോളിന്റെ മൊഴികൾ ലിസ്സക്ക് മാത്രമെ പകർത്തിയെഴുതുവാൻ സാധിക്കുകയുള്ളൂ ..!!

    ReplyDelete
    Replies
    1. അതെ മുരളിയേട്ടാ... ലിസ്സിന് മാത്രം പകർത്താനാവുന്ന മൊഴികൾ!

      Delete
  3. ഈ കണ്മൊഴികളെപ്പറ്റിയുള്ള മുബിയുടെ പോസ്റ്റ് മുമ്പ് വായിച്ചിരുന്നു.

    ReplyDelete
    Replies
    1. അതെ മാഷേ ഞാൻ അവരെ കണ്ടതിനെ കുറിച്ച് പോസ്റ്റ് ഇട്ടിരുന്നു... സന്തോഷം ഓർത്തതിന് :)

      Delete