Monday, October 5, 2020

ചിത്രകലയിലെ സപ്തവർണ്ണങ്ങൾ

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യത്തിലാണ് ടോറോന്റോയിലൊരു വാണിജ്യസ്ഥാപനത്തിൽ ജോലിചെയ്തിരുന്ന കലാകാരന്മാർ പരസ്പരം കണ്ടുമുട്ടുന്നത്. കലാസൃഷ്ടിയിലെ സമാനതകൾ അവരെ അടുപ്പിക്കുകയും അത് കനേഡിയൻ ചരിത്രത്തിലൊരു വഴിത്തിരിവാകുകയും ചെയ്തു. കാനഡയിലെ ഭൂദൃശ്യങ്ങളുടെ ചാരുതയായിരുന്നു അവരുടെ ചിത്രരചനകളിൽ പ്രധാനമായും പ്രതിഫലിച്ചിരുന്നത്. അന്നേറെ പ്രശസ്തനായിരുന്ന ടോം തോംപ്സണായിരുന്നു ഇതിൽ പ്രധാനി. പലരും കരുതുന്നത് പോലെ ടോം ഗ്രൂപ്പ് ഓഫ് സെവനിൽ അംഗമായിരുന്നില്ല. തൻ്റെ പെയിന്റിങ്ങുകളിലൂടെ അൽഗോൻക്വിൻ പാർക്കിൻ്റെ ദൃശ്യചാരുതയിലേക്ക്  സുഹൃത്തുക്കളെ ടോമിന് ആകർഷിക്കാനായി. 1917ൽ ടോം തോംപ്സൺൻ്റെ അപ്രതീക്ഷിതമായ മരണത്തിനുശേഷം, 1919 ലാണ് 'ഗ്രൂപ്പ് ഓഫ് സെവൻ" എന്ന കൂട്ടായ്‌മയുണ്ടാവുന്നത്. 

PC: Tom Thomson Art Work - McMichael Collection Visual Tour of "A Like Vision" on Sep 9, 2020

അൽഗോൻക്വിൻ പാർക്കിലെ റേഞ്ചറുടെ ജോലി ടോം തോംപ്സണെ പാർക്കിൻ്റെ ഉൾപ്രദേശങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചിരിക്കാം. മനസ്സിലുള്ള ആശയത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി അത് പകർത്താനായി ദിവസങ്ങളോളം കാടിനുള്ളിലേക്ക് അപ്രത്യക്ഷമാകുന്ന സ്വഭാവമായിരുന്നു ടോമിൻ്റെതെന്ന് ചരിത്ര റെക്കോർഡുകളിൽ പറയുന്നു. പാർക്കിനെയും അതിനു ചുറ്റുമുള്ള പ്രദേശത്തെയും ചേർത്ത്  "ടോം തോംപ്സൺ" കൺട്രിയെന്ന് വിളിക്കാറുണ്ട്. ഒണ്ടാറിയോ ട്രാവൽ വെബ്‌സൈറ്റിലാണ് ഇങ്ങനെയൊരു പരാമർശം ശ്രദ്ധിച്ചത്. നിർഭാഗ്യകരമെന്ന് പറയട്ടെ കൈവെള്ളയിലെ രേഖ പോലെ പരിചിതമായ കനോ ലേയ്ക്കിൽ തൻ്റെ തോണിയിൽ  പോയ  ടോമിൻ്റെ മൃതശരീരമാണ് പിന്നീട് കണ്ടെത്തിയത്. മരണത്തിലെ ദുരൂഹത ഇനിയും വിട്ടുമാറിയിട്ടില്ലാത്തതിനാൽ പല കഥകളും പ്രചാരത്തിലുണ്ട്. ഗ്രൂപ്പ് ഓഫ് സെവൻ്റെ സൃഷ്ടികൾക്ക് പ്രചോദനമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാനും ചിത്രങ്ങൾ പകർത്താനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. 

ടോറോന്റോ ആർട്ട് ഗാലറിയിൽ 1920 മെയ് മാസത്തിലാണ് ഗ്രൂപ്പ് ഓഫ് സെവൻ എന്ന കൂട്ടായ്മ ആദ്യമായൊരു ചിത്രപ്രദർശനം നടത്തിയത്. കനേഡിയൻ സാംസ്‌കാരിക ചരിത്രത്തിലെ പ്രധാനസംഭവമായി ഇതിനെ രേഖപ്പെടുത്തുന്നു. കനേഡിയൻ സ്വത്വം പ്രതിഫലിക്കുന്ന ഗ്രൂപ്പിൻ്റെ പെയിന്റിങ്ങുകൾ അന്നും ഇന്നും  സാംസ്‌കാരിക രംഗത്ത് വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി McMichael Canadian Art സംഘടിപ്പിച്ച "A Like Vision" എന്നു പേരിട്ട വിഷ്വൽ ടൂറിൽ പങ്കെടുത്തപ്പോഴാണ് ഗ്രൂപ്പ് ഓഫ് സെവനും അവരുടെ കലാസംഭാവനകളും  അടുത്തറിഞ്ഞത്. കലാകാരന്മാർക്കൊപ്പം McMichael Canadian Art എന്ന സ്ഥാപനവും അതിൻ്റെ ചരിത്രവും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. 

PC:- Screenshots from Visual Tour of "A Like Vision" on Sep 9, 2020

 
McMichael Canadian Art ഗാലറിയുടെ കഥയാരംഭിക്കുന്നത് 1952 ലാണ്ഫോട്ടോഗ്രാഫറായ സിഗ്നേ-റോബർട്ട് മക്മൈക്കേൽ  ദമ്പതിമാർ ഒണ്ടാറിയോ പ്രവിശ്യയിലെ ക്ലെയിൻബർഗ് എന്ന ഗ്രാമത്തിൽ നൂറേക്കർ സ്ഥലം സ്വന്തമാക്കുകയും അതിലൊരു വീടു പണിയുകയുമുണ്ടായി. പൂർണ്ണമായും മരം കൊണ്ടുള്ള നാലു മുറി വീട്ടിലും അതിനോട് ചേർത്തു പണിത മറ്റു ഭാഗങ്ങളിലും വാസ്തുശില്പിയായ Leo Venchiarutti ൻ്റെ കരവിരുത് പതിഞ്ഞു കിടപ്പുണ്ട്. പ്രകൃതിസുന്ദരമായ പ്രദേശവുമായി അവർ അതിവേഗം പ്രണയത്തിലായി. മൂന്ന് വർഷങ്ങൾക്കുശേഷം 1955 ലാണ് വീട്ടിലേക്കായി ആദ്യത്തെ പെയിന്റിംഗ് സിഗ്നേയും റോബർട്ടും വാങ്ങുന്നത്. അതായിരുന്നു തുടക്കം. പിന്നീട് ടോം തോംപ്സൺൻ്റെയും ഗ്രൂപ്പ് ഓഫ് സെവനിലെ അംഗങ്ങളുടെ കലാസൃഷ്ടികളും അവയെ സംബന്ധിക്കുന്ന ഗവേഷണങ്ങളും ശേഖരിക്കുന്നതിലായി അവരുടെ താൽപ്പര്യം. 

മക്മൈക്കേൽ ദമ്പതിമാർ കനേഡിയൻ പ്രകൃതിദൃശ്യത്തിൻ്റെ വശ്യതയിൽ ആകൃഷ്ടരായാണ് അതെ പശ്ചാത്തലമുള്ള ചിത്രകലകളും അത് വരയ്ക്കുന്ന കലാകാരന്മാരുമായുള്ള ചങ്ങാത്തവും ആരംഭിച്ചത്. ഇവരുടെ ശേഖരങ്ങൾ കാണാനും പഠിക്കാനും ആസ്വാദകരെത്താൻ തുടങ്ങിയതോടെ വീടിനോട് ചേർന്ന് വലിയൊരു മുറി കൂടി പണിയേണ്ടതായി വന്നു. പെയിന്റിംങ്ങുകൾ കുറച്ചൊക്കെ വാങ്ങിയതാണെങ്കിലും അധികവും കലാകാരന്മാർ അവരുടെ സൃഷ്ടികൾ നേരിട്ട്  സമ്മാനിച്ചതോ സുഹൃത്തുക്കൾ നല്കിയതോ ഒക്കെയാണ്. കലാസ്വാദനത്തിൻ്റെ ശേഖരണ പരിധിവിട്ട സമ്പാദ്യവും അതിൻ്റെ മൂല്യവും കണക്കിലെടുത്തപ്പോൾ സിഗ്നേയും റോബർട്ടും രാജ്യസമ്പത്തിൻ്റെ നിധി കാക്കുന്ന ഭൂതങ്ങളായി. 

PC:-  Screenshots from Visual Tour of "A Like Vision" on Sep 9, 2020

ഗ്രൂപ്പ് ഓഫ് സെവൻ്റെ സ്ഥാപകരിൽ പ്രധാനികൾ Lawren S. Harris, J.E.H. MacDonald, Arthur Lismer, Frederick Varley, Frank Johnston, Franklin Carmichael and A.Y. Jackson എന്നിവരായിരുന്നുഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ രാജ്യത്തുണ്ടായ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങളുടെ പ്രതിഫലനമെന്നോണം കടുംചായങ്ങളായിരുന്നു എല്ലാവരും ഉപയോഗിച്ചിരുന്നത്.  യൂറോപ്പ്യൻ കലകളുടെ പരമ്പരാഗത ശൈലികളെ പൊളിച്ചെഴുതി കലയിലൊരു നൂതന പാത കണ്ടെത്തുകയെന്നതായിരുന്നു  ഗ്രൂപ്പിൻ്റെ പ്രധാന ലക്‌ഷ്യം. 

1965 നവംബർ 18 ന് മക്മൈക്കേൽ ദമ്പതിമാർ വീടും അതിനു ചുറ്റുമുള്ള സ്ഥലവും, അവരുടെ അമൂല്യമായ കലാശേഖരവും ഒണ്ടാറിയോ സർക്കാറിന് ഇഷ്ടദാനം നൽകി. എട്ട് മാസങ്ങൾക്ക് ശേഷം അധികൃതർ പൊതുജനങ്ങൾക്കായി ഗാലറി തുറന്നു കൊടുത്തു. 194 പെയിന്റിംങ്ങുകളാണ് അന്നുണ്ടായിരുന്നതെങ്കിൽ ഇന്നത് പലതരം ആർട്ട് വർക്കുകളുമായി ഏകദേശം 6500 നടുത്തുണ്ട്. കൂടാതെ,  Cape of Dorset ലെ ഗോത്രവംശ കമ്മ്യൂണിറ്റിയുടെ നൂറായിരം ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരും കൂടിയാണ് McMichael Canadian Art ഗാലറി. പതിമൂന്ന് പ്രദർശന ഗാലറികളാണ് ഇപ്പോഴുള്ളത്. അവയുടെ മേൽത്തട്ട് തൊടുന്ന ജാലകങ്ങളിലൂടെ  സന്ദർശകർക്ക് ഹംബർ പുഴയും അതിനോട് ചേർന്ന നിൽക്കുന്ന വനവും കാണാം. പെയിന്റിംങ്ങുകളിൽ കണ്ട മരങ്ങളാണത്രേ വീടിന് ചുറ്റും ഈ കലാസ്നേഹികൾ നട്ടു വളർത്തിയിരുന്നത്. ഗ്രൂപ്പ് ഓഫ് സെവനിലെ ആറു പേരോടൊപ്പം റോബർട്ടും സിഗ്നേയും McMichael നുള്ളിലെ  സെമിത്തേരിയിൽ തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പ്രകൃതിയും കലയും ഒരുപോലെ സ്വാധീനിച്ച ആ ജീവിതങ്ങൾ മറ്റെവിടെ ഉറങ്ങാനാണ്?

PC:-  Screenshots from Visual Tour of "A Like Vision" on Sep 9, 2020

10 comments:

  1. ഇതു വരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെയാണല്ലോ മുബി സഞ്ചരിക്കുന്നത്...

    ReplyDelete
  2. ഹഹഹ വിനുവേട്ടാ :)

    ReplyDelete
  3. വിഷയങ്ങളുടെ തിരഞ്ഞെടുപ്പും എഴുത്തിന്റെ ശൈലിയുമൊക്കെ ഗംഭീരമാവുന്നു

    ReplyDelete
  4. നന്ദി മാഷേ... 

    ReplyDelete
  5. വ്യത്യസ്തങ്ങളായ വിഷയങ്ങൾ തിരഞ്ഞെടുക്കലും  അവതരണവും ഭംഗിയായി...

    ReplyDelete
  6. വർണ്ണപ്രപഞ്ചം ...!
    ആർട്ടിൽ നിന്നാണ് എന്ത് സംഗതികളും ആദ്യം ഉടലെടുക്കുക എന്ന് പറയും .

    ReplyDelete
    Replies
    1. അതെ, ഈ ചിത്രകലയിൽ നിന്നാണ് പ്രകൃതി സംരക്ഷണത്തിൻ്റെ പാഠങ്ങൾ ഉൾകൊണ്ട് മുന്നോട്ട് പോകുന്നത്. മുരളിയേട്ടാ സന്തോഷം :)

      Delete