Thursday, October 15, 2020

ഒറ്റമരങ്ങൾ കഥ പറയുമ്പോൾ

ദേശങ്ങളെ അടയാളപ്പെടുത്തുന്ന മരങ്ങളും കഥകളും നമുക്ക് പരിചിതമാണ്. എന്നാൽ അതിജീവനത്തിൻ്റെ കഥ പറയുന്ന ചില ഒറ്റമരങ്ങളുണ്ട്. ദേശാതിർത്തികളൊന്നും ബാധകമല്ലാത്തവയാണ്. മനുഷ്യരുടെ മനസ്സിലൂടെ, പഴങ്കഥകളിലൂടെ, കലകളിലൂടെ ദേശസഞ്ചാരം നടത്തുന്നവ. ഋതുഭേദങ്ങളിൽ തളരാതെ സഹജീവികൾക്കും, കാണുന്നവരിലേക്കും കേൾക്കുന്നവരിലേക്കും അതിജീവനത്തിൻ്റെ ഊർജ്ജം  പകരുന്ന മരങ്ങൾ. ഇപ്പറഞ്ഞതിനെയെല്ലാം ശരിവെക്കുന്ന തരത്തിലൊരു മരമുണ്ട് കാനഡയിലെ നോവാസ്കോഷ്യ പ്രവിശ്യയിലെ ഹാലിഫാക്‌സിനടുത്ത്. Mi'kmaq ഗോത്രവംശജരാണ് ഈ ഭൂമിയുടെ അവകാശികൾ. നിലക്കടല വളരുന്ന ഇടം എന്നർത്ഥം വരുന്ന ഗോത്രനാമമായ Sipekne'katik ജില്ലയിലാണ് ഈ ചുവന്ന ഓക്ക് മരം.  300 വർഷം പഴക്കമുള്ള "Shubanacadie Tree" പുഴക്കരികിലെ വയലിലാണ് നിൽക്കുന്നത്. ഹൈവേ 102ലൂടെ കടന്ന് പോകുന്ന യാത്രക്കാർക്ക് മരം നൽകുന്ന കാഴ്ചാനുഭവങ്ങളുടെ ഹൃദ്യമായ കുറിപ്പുകൾ വായനക്കാരെയും ആഹ്ളാദചിത്തരാക്കുന്നു. 

PC: Roman Buchhofer- Cabot Trail Writers Fest Oct 1st 2020

ഏറ്റവുമധികം ചിത്രങ്ങൾ എടുക്കപ്പെട്ടിട്ടുള്ള ഓജസ്വിയായ മുത്തശ്ശിമരം ഏത് കാലാവസ്ഥയിലും നല്ലൊരു മോഡലാണ്. വേനലിൽ തളിർത്തും മഞ്ഞുകാലത്ത് നിർജ്ജീവമായും 300 വർഷം അതിജീവിച്ച മുത്തശ്ശിയറിഞ്ഞ ചരിത്രമാവില്ല നമ്മൾ പഠിച്ചത്. കോളനിവൽക്കരണത്തിന് മുമ്പും, അതിനു ശേഷവുമുള്ള Mi'kmaq വംശജരുടെ ജീവിതം കണ്ടും കേട്ടും നിശ്ശബ്ദം അതിജീവനത്തിൻ്റെ വഴികൾ ചൊല്ലി കൊടുക്കുകയാണതിപ്പോഴും. അമ്മമാരുടെ നിലവിളികളും, കുട്ടികളുടെ വേർപ്പാടുകൾക്കും മൂകസാക്ഷിയായ അതെ മരം തന്നെയാണ് ഇന്നും  തുടരുന്ന അനീതികൾക്ക് സാക്ഷിയാവുന്നതും. മുത്തശ്ശിമരത്തിൻ്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും Mi'kma'ki ഭൂമിയുടെ അവകാശികൾക്ക് മാത്രമല്ല വിരുന്നുവന്നവർക്കും, സന്ദർശകർക്കും മരമൊരു പ്രചോദനമാകുകയാണ്.

The Resilience of Art & Community എന്ന വിഷയത്തിലൂന്നിയാണ് പന്ത്രണ്ടാമത്  Cabot Trail Writers Festival നടന്നത്. ഒക്ടോബർ ഒന്നിന് നടന്ന പരിപാടിയിലാണ് "Shubanacadie Tree"യെ പരാമർശിച്ച് പ്രദേശിക ഫോട്ടോഗ്രാഫറായ Roman Buchhoferൻ്റെ പടം പങ്കുവെച്ച്‌ അതിനെ കുറിച്ചെന്തെങ്കിലും എഴുതാൻ  ആവശ്യപ്പെട്ടത്. ചിത്രം എന്നെ കൊണ്ടുപോയത് മരുമരങ്ങൾ എന്ന വി. മുസഫർ അഹമ്മദിൻ്റെ പുസ്തകത്തിലെ മരങ്ങൾ മാത്രം കാണുന്ന മഴയെന്ന അധ്യായത്തിലേക്കാണ്. മരുഭൂമിയിലെ ഗാഫ് മരങ്ങളാണ് വിഷയം. അവയ്ക്ക് മാത്രം കാണാവുന്ന മഴകൾ പോലുമുണ്ടെന്നാണ് പറയുന്നത്. Mi'kmaq വംശജരുടെ അതിജീവനത്തിൻ്റെ പ്രതീകമായി Shubanacadie മരത്തെ കാണുന്നത് പോലെയാണ് ബദുജീവിതത്തിൻ്റെ രൂപകമായി മരുഭൂമിയിലെ ഗാഫ് മരത്തെ അദ്ദേഹം അടയാളപ്പെടുത്തുന്നത്. രണ്ടിടങ്ങളിലും മനുഷ്യജീവിതങ്ങളുടെ  രൂപകങ്ങളാവുന്നത് മരങ്ങളാണ്. "ബദുജീവിതം എന്നല്ല മുനുഷ്യജീവിതത്തിൻ്റെ എല്ലാ അടരുകളും ഗാഫ് മരങ്ങളുടെ അതിജീവനത്തിൽ എഴുതിവെക്കപ്പെട്ടിരിക്കുന്നു. അവയിലാണ് മനുഷ്യജീവിതത്തിൻ്റെ രഹസ്യങ്ങൾകൂടി കൊത്തിവെക്കപ്പെട്ടിരിക്കുന്നത്." (മരുമരങ്ങൾ) 



ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി എൻ്റെതെന്ന് ഞാനവകാശപ്പെടുന്ന ചില മരങ്ങളുണ്ട്. അവർക്ക് മാത്രമായി മാറ്റിവെക്കപ്പെടുന്ന സമയമാണ് ഞങ്ങളുടെ ബന്ധത്തിൻ്റെ കാതൽ. വളർച്ചയും തളർച്ചയും പരസ്പരമറിയുന്ന പന്ത്രണ്ട് വർഷത്തെ സൗഹൃദമാണ് വീടിനടുത്തുള്ള ഫ്‌ളീറ്റ് വുഡ് പാർക്കിലെ മരവുമായിട്ടുള്ളത്. തളിരിലകൾ വന്ന് ചുറുചുറുക്കോടെ നിൽക്കുമ്പോൾ  മൊഞ്ചത്തിയെന്ന് വിളിച്ച് ഇക്കിളിയിട്ട് ഓടും. കാറ്റിനോട് പരിഭവിക്കാതെ ഇലകൾ ഓരോന്നായി പൊഴിക്കുമ്പോൾ കണ്ണിറുക്കി കുസൃതി ഭാവിക്കും. ശൈത്യത്തെ  വരവേറ്റ് നിർജ്ജീവമായി നിൽക്കുമ്പോൾ ഒരു പുഞ്ചിരി പോലും പകരം നൽകാതെ എന്നെ  സങ്കടത്തിൽ മുക്കും. എന്നാലും അതെന്റേതാണ്... 

മറ്റൊന്ന് ലേയ്ക്ക്ഫ്രണ്ട്  പ്രൊമനേഡ് പാർക്കിലുള്ള  വില്ലോ മരമാണ്. പ്രണയസല്ലാപങ്ങളും, എഴുത്തുകാരും, വായനക്കാരുമൊക്കെയായി തിരക്കിലാണെങ്കിലും ഏകാകിയാണെന്ന് തോന്നാറുണ്ട്. അതുകൊണ്ടാവും കാണുമ്പോഴെല്ലാം ആൾക്കൂട്ടത്തിൽ തനിച്ചായ ഭാവമാണ്. അപൂർവ്വമായേ ഒറ്റയ്ക്ക് കിട്ടാറുള്ളൂ. ചൈനയിൽ പിറന്ന് വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ Weeping Willow Tree / സങ്കടമരത്തെ പറ്റി ഓരോ ദേശത്തും പല കഥകളാണ്. തഴോട്ടൂർന്ന് നിൽക്കുന്ന ചില്ലകളും ഇലകളുമുള്ളത് കൊണ്ടാവും ഇതിനെ സങ്കടമരമെന്ന് വിളിക്കുന്നത്. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിക്ക് ആത്മാവുണ്ടെന്നും അവ സംഗീതത്തിലൂടെ സംവദിക്കുമെന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. വസന്തകാലത്ത് ജീവൻ്റെ തുടിപ്പാദ്യം പ്രത്യക്ഷപ്പെടുക വില്ലോ മരത്തിലാണ്. ശൈത്യകാലത്താകട്ടെ ഏറ്റവുമൊടുവിലെ ധ്യാനാവസ്ഥയിലേക്ക് പോകൂ. പ്രണയത്തിലും മരണത്തിലും മനുഷ്യർ വില്ലോ മരത്തെ പ്രതിഷ്ഠിക്കുന്നത് ഒരുപക്ഷെ അതിൻ്റെ ജീവചക്രം കണ്ടിട്ടാകും. ചെറുകാറ്റിൽ പോലും ഇളകിയാടുന്ന ഇലകളുടെ മർമ്മരം ആസ്വദിച്ച് അതിനടുത്തിരുന്നാൽ സമയം പോകുന്നതറിയില്ല. 

പട്ടാമ്പിയിലെ പഴയ ബസ്സ്റ്റാൻഡിനടുത്തുള്ള വീട്ടിലൊരു വേപ്പുമരമുണ്ടായിരുന്നു. അച്ഛൻ്റെ എഴുത്തുകൾക്ക്, കുട്ടികളായ ഞങ്ങളുടെ കളികൾക്ക്, വിരുന്നുകൾക്ക്, സൗഹൃദസായാഹ്നങ്ങൾക്ക്, ദേശത്തെ ഉത്സവങ്ങൾക്ക്, വേർപ്പാടുകൾക്ക് അങ്ങനെ ഓരോ ഘട്ടങ്ങളിലും നിശബ്ദ സാന്നിധ്യമായ ആ മരം ഒരിക്കലും എന്നെ വിട്ടുപോയില്ല. പുതിയ വീട്ടിലേക്കു മാറിയപ്പോൾ ഇഷ്ടമുള്ളതൊക്കെ നട്ടുപിടിപ്പിച്ചെങ്കിലും കൈവിട്ടു പോയ വേപ്പു മരത്തോളം മറ്റൊന്നിനും എൻ്റെയുള്ളിൽ വേരു പിടിക്കാനുമായില്ല. ചെറുകരയിലെ അടുക്കള മുറ്റത്തെ കിണറിനടുത്തൊരു  പ്ലാവുണ്ട്. തൊടിയിലെ മറ്റു മരങ്ങളെക്കാൾ എനിക്കിഷ്ടം അതിനെയാണ്. അടുക്കള കോലാഹലങ്ങളും, ഉമ്മയുടെ റേഡിയോ മുരടനക്കങ്ങളും  കേൾക്കാനെന്ന പോലെ അടുക്കളവശത്തേക്ക് ചെരിഞ്ഞാണ് പ്ലാവിലകളുടെ നിൽപ്പ്. ഇളം വെയിലേറ്റ് ഇലകൾ തിളങ്ങുന്നതും, തളിരിലകൾ കാറ്റിൽ കൊഞ്ചുന്നതും കാണുന്നത് ഹരമായിരുന്നു. ഉച്ചയൂണ് കഴിഞ്ഞു എല്ലാവരും മയങ്ങുമ്പോൾ തിണ്ണയിലിരുന്ന് നിശ്ശബ്ദമായി ആ പ്ലാവിനോട് മനസ്സ് തുറക്കാറുണ്ട്. എൻ്റെ കഥകളും കവിതകളും തളിർക്കുന്ന  അതെ വേഗതയിൽ തന്നെ കൊഴിഞ്ഞു വീണെങ്കിലും ആ സർഗ്ഗാത്മക പരീക്ഷണങ്ങൾ ഞങ്ങളുടെ സ്വകാര്യതയായിരുന്നു. 

ജീവിതപ്രശ്നങ്ങളിൽ വിഷമിച്ചിരിക്കുന്നവരോട് "പോകൂ... പോയി കാടിനെ കേൾക്കൂ" എന്ന് പറയുന്നൊരു ജാപ്പനീസ് സഹപ്രവർത്തകയുണ്ട്. വളരെ ശാന്തയും, മിതഭാഷിയുമാണവർ. ശബ്ദഘോഷങ്ങൾക്കിടയിലെ ജീവിതങ്ങളെ നിശബ്ദമായ സാമീപ്യം കൊണ്ട് സ്വാന്തനിപ്പിക്കാൻ പ്രകൃതിയോളം മറ്റൊന്നിനുമാകില്ലെന്നാണവരുടെ ഭാഷ്യം. ജപ്പാനിൽ 'shinrin-yoku അഥവാ 'ഫോറസ്ററ് ബാത്തിങ്ങ്' എന്നൊരു അനുഷ്ഠാനമുണ്ട്. ചുറ്റുമുള്ളതെല്ലാം വിസ്മരിച്ച് പഞ്ചേന്ദ്രിയങ്ങളിലൂടെ കാടിനെ അറിഞ്ഞ് കുറച്ചു സമയം അതിൽ ലയിച്ചിരിക്കുന്ന പ്രവർത്തിയാണ്. വി.ജെ.ജെയിംസിൻ്റെ ദത്താപഹാരമെന്ന നോവലിൽ "കാടിൻ്റെ പ്രാണനിലേക്കിറങ്ങുക" എന്നൊരു പ്രയോഗമുണ്ട്. ഫോറസ്ററ് ബാത്തിങ്ങ് എന്നെ ഓർമ്മപ്പെടുത്തുന്നത് ആ പ്രാണനാണ്. 

14 comments:

  1. Replies
    1. നമുക്കനുഗ്രഹിച്ചു കിട്ടിയ വരമാണത് വിനുവേട്ടാ...

      Delete
  2. മൂന്ന് വർഷങ്ങൾക്ക് ശേഷം ഒരു ചെറിയ പോസ്റ്റ് എന്റെ ബ്ലോഗിൽ ഇട്ടു. അതിനു ഒരു വലിയ എഴുത്തുകാരിയുടെ കമന്റ് കിട്ടി അങ്ങിനെ ഇവിടെ എത്തി . സജീവമായി നിൽക്കുന്ന ബ്ലോഗ് കണ്ട് സന്തോഷം.. നല്ല വായനാനുഭവം.. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. നന്ദി ബഷീർ...  എഴുത്തുകൾ പ്രതീക്ഷിക്കുന്നു :)

      Delete
  3. അനിവാര്യമായ എഴുത്തു തന്നെയാണ് എന്ന് തോന്നിപ്പോയി വായിച്ചപ്പോൾ. സ്കൂളിൽ  പഠിക്കുന്ന സമയത്തെ  പ്രകൃതി സ്നേഹിയായ ഒരു മനുഷ്യനെ കുറിച്ച് പഠിച്ചിരുന്നു "സുന്ദർലാൽ ബഹുഗുണ " എന്ന മരങ്ങളെ സ്നേഹിച്ച, കാടുകളെ സ്നേഹിച്ച ഗാന്ധിയൻ. എന്തോ അദ്ദേഹവും വായനക്കിടയിൽ ഓർമ്മയിൽ വന്നു. വ്യത്യസ്ത്ഥങ്ങളായ വിഷയങ്ങൾ വായിക്കുവാൻ കഴിയുന്നതിൽ സന്തോഷം..
    ആശംസകളോടെ...

    ReplyDelete
    Replies
    1. Tehri Dam പദ്ധതിയെ എതിർത്തിരുന്നു സുന്ദർലാൽ ബഹുഗുണ. അദ്ദേഹത്തെ ഓർമ്മപ്പെടുത്തിയതിന് നന്ദി ഷൈജു...

      Delete
  4. പലതരം അനുഷ്ഠാനങ്ങളാൽ സമ്പന്നമായ ജാപ്പാനീസ് സംസ്കാരത്തിൽ ഫോറസ്റ്റ് ബാത്തിംഗ് എന്ന സംസ്കാരം കൂടി കേട്ടപ്പോൾ കൗതുകം തോന്നി. കാനഡയിലെ മുത്തശ്ശിമരത്തിൽ നിന്ന് പട്ടാമ്പിയിലേക്കെത്തിയ പ്രകൃതിയോടുള്ള തന്മയീഭാവം വരികളിൽ നന്നായി വായിക്കാനാവുന്നു....

    ReplyDelete
    Replies
    1. അവരുമായി ഇടപഴകിയപ്പോൾ മനസ്സിലായത് പ്രകൃതിയുമായി ബന്ധപ്പെടുത്താതെ അവർ ജീവിതത്തിലെ ഒരു സന്ദർഭവും കാണാറില്ലെന്നതാണ്. പണ്ട് നമ്മുടെ വീട്ടിലെ കാരണവന്മാർ അങ്ങനെയായിരുന്നല്ലോ :) മാഷേ, സ്‌നേഹം....

      Delete
  5. മുബി, പുതിയ എഴുത്തുകൾ ഒന്നും കണ്ടില്ലല്ലോ ? പണിപ്പുരയിൽ ആണോ?ആശംസകൾ നേരുന്നു...

    ReplyDelete
    Replies
    1. Writers Festival ൻ്റെ തിരക്കിലായിരുന്നു ഷൈജു... 

      Delete
  6. മലയാള സാഹിത്യത്തിൽ മാങ്കോസ്റ്റിൻ മരത്തിനുള്ള സ്ഥാനവും സാന്ദർഭികമായി അനുസ്മരിക്കുന്നു.

    ReplyDelete
    Replies
    1. മാങ്കോസ്റ്റീനും നീർമാതളവും മലയാളത്തിന് പ്രിയപ്പെട്ടവയല്ലേ...

      Delete
  7. മനുഷ്യന് ഒരു വരം തന്നെയാണ് ഓരൊ മരവും ..!

    'ജീവിതപ്രശ്നങ്ങളിൽ വിഷമിച്ചിരിക്കുന്നവരോട് "പോകൂ... പോയി കാടിനെ കേൾക്കൂ" എന്ന് പറയുന്നൊരു ജാപ്പനീസ് സഹപ്രവർത്തകയുണ്ട്. വളരെ ശാന്തയും, മിതഭാഷിയുമാണവർ. ശബ്ദഘോഷങ്ങൾക്കിടയിലെ ജീവിതങ്ങളെ നിശബ്ദമായ സാമീപ്യം കൊണ്ട് സ്വാന്തനിപ്പിക്കാൻ പ്രകൃതിയോളം മറ്റൊന്നിനുമാകില്ലെന്നാണവരുടെ ഭാഷ്യം...'
    അതെ ഇത് തീർത്തും ശരിയാണ് - ഞാനും ഇപ്പോൾ മരങ്ങളുടെയും ചെടികളുടെയും മർമ്മരങ്ങൾ കണ്ടും കേട്ടും നടപ്പാണ് കേട്ടോ .

    ReplyDelete
    Replies
    1. Nature heals എന്നല്ലേ മുരളിയേട്ടാ... 

      Delete