Tuesday, November 3, 2020

ഹോംസ്

പ്രിയ ബാസിലിൻ്റെ "Be My Guest" എന്ന പുസ്തകത്തെ കുറിച്ച് അറിഞ്ഞതും അവരെ കേൾക്കാനിടയായതും Toronto International Festival of Authors ൻ്റെ വേദിയിൽ നിന്നാണ്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജയാണ് പ്രിയ. പുസ്തകത്തിലെ പ്രധാന കഥാപാത്രം ഭക്ഷണമാണ്. രുചി വൈവിധ്യങ്ങളിലൂടെയാണ്  പ്രിയ അവരുടെ കുടുംബം, വംശീയത, പലായനം, കുടിയേറ്റം, രാഷ്ട്രീയ കാഴ്ചപ്പാടുകൾ എന്നിവ ആവിഷ്‌കരിക്കുന്നത്.  വളരെ രസകരമായി വായിച്ചു പോകാവുന്ന പുസ്തകമാണെങ്കിലും വായനക്കൊടുവിൽ ചിന്തകളുടെ അഗാധതയിലേക്ക് അത് വായനക്കാരെ തള്ളിയിടും. ഭക്ഷണത്തിൻ്റെ സഞ്ചാരപാതകൾ, പടയൊരുക്കങ്ങൾ, വിണ്ടുകീറലുകൾ, പങ്കുവെയ്ക്കലുകൾ എല്ലാം വളരെ വ്യക്തമായി കോർത്തിണക്കിയിട്ടുണ്ട്. ഈ പുസ്തകവുമായി എന്നെ ചേർത്ത് നിർത്തിയ കാര്യങ്ങൾ ഇവിടെ പങ്കുവെയ്ക്കുകയാണ്. 

ചില ഭക്ഷണവിഭവങ്ങൾ നമ്മുടേത് മാത്രമാണെന്ന ആധികാരികത തിരുത്തപ്പെടുമ്പോളുണ്ടാവുന്ന നഷ്ടബോധത്തിന് വലിയ ആഴമാണ്. എൻ്റെയൊരു അനുഭവം പറയാം. ഞങ്ങളുടെ തറവാട്ടിൽ വെല്ലിമ്മ 'കറി' എന്നൊരു വിഭവമുണ്ടാക്കിയിരുന്നു. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ദിവസങ്ങളിലായിരുന്നു വലിയ ചെമ്പിൽ അടുക്കളയിൽ  കറി തിളച്ചത്. വെളുത്ത കാച്ചിയിൽ കൈകൾ തുടച്ച് പാകം നോക്കി വെല്ലിമ്മ അതിനടുത്ത് തന്നെയുണ്ടാവും. അരിപൊടി ശർക്കരയിലും തേങ്ങാപാലിലും വേവിച്ചെടുക്കുന്നതാണ് കറി. വെന്തു കഴിഞ്ഞാൽ ചുക്കും നാളികേരം ചിരവിയതും ചേർത്തിളക്കി അടുപ്പിൽ നിന്നിറക്കും. അന്ന് വേറെയൊരാളും ഇത് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. അതിനാൽ ഈ മഹാസംഭവം "എൻ്റെ വെല്ലിമ്മാ" ക്ക് മാത്രമറിയാവുന്ന വിഭവമായി ഞാനുറപ്പിച്ചു. വെല്ലിമ്മാക്ക് ശേഷം ആ മധുരം രുചിക്കാനാവില്ലെന്നോർത്ത് ആർത്തിയോടെ കുറെ കഴിച്ചിട്ടുമുണ്ട്. 

Mobile Capture: Hussain Chirathodi / Jan 2020 / Cherukara കറി

വിവാഹശേഷം ചെറുകരയിൽ ചെന്നപ്പോൾ അവിടുത്തെ വെല്ലിപ്പാൻ്റെ ആണ്ടിന് കറി കണ്ടപ്പോഴാണ് മുൻപേ സൂചിപ്പിച്ച 'എൻ്റെ' യെന്ന ആധികാരികത തകർന്നു തരിപ്പണമായത്. മതത്തിൻ്റെ വിഭാഗീയതയും കറിയാണ് എന്നെ പഠിപ്പിച്ചത്. ദേശവും വീടും താണ്ടി 'കറി' ചെറുകരയെത്തിയത് എനിക്ക് സഹിച്ചില്ല. ഇതെല്ലാം എന്നെ ഓർമ്മിപ്പിച്ചത് പ്രിയയുടെ അമ്മയുണ്ടാക്കുന്ന കാദിയെ കുറിച്ചുള്ള പരാമർശമാണ്. മുളകും, മല്ലിയും ഇന്ത്യയുടെതാണെന്ന പ്രിയയുടെ വിശ്വാസം ബ്രസീലിയൻ സുഹൃത്തുക്കളുടെ ഭക്ഷണം കഴിച്ചതോടെ മങ്ങുന്നു. പതിനാറാം നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ നിന്ന് പോർച്ചുഗീസുകാരോടൊപ്പം നമ്മുടെ നാട്ടിലേക്ക് വിരുന്നു വന്നവരാണ് പിന്നീട് നമ്മുടേതാവുന്നത്. മിഡിൽ ഈസ്റ്റേൺ വിഭവമായ ഹുമുസ്(Hummus) ആരുടേതാണെന്ന തർക്കം ഇപ്പോഴും തുടരുകയാണല്ലോ. ഇവിടെയെല്ലാം എൻ്റെത് മാത്രമാണെന്ന വിശ്വാസ്യതയാണ് പിഴുതെറിയപ്പെടുന്നത്.

എല്ലാവരെയും ഭക്ഷണം വിളമ്പിയൂട്ടുന്ന മോംജിയെന്നു വിളിക്കുന്ന പ്രിയയുടെ മുത്തശ്ശി ആർക്കും പാചക കുറിപ്പുകൾ കൈമാറാത്ത വ്യക്തിയായിരുന്നു. ഇതേ കാരണം കൊണ്ട് അവർക്ക് കെനിയയിൽ സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഇവരുടെ കുടിയേറ്റത്തിൻ്റെ കഥയും പുസ്തകത്തിലുണ്ട്. 1930 കളിൽ ആഫ്രിക്കയിലെ റെയിൽ നിർമാണത്തിനായി ബ്രിട്ടിഷുകാർ ഇന്ത്യയിൽ നിന്ന് ആളുകളെ കൊണ്ടുപോയിരുന്നു. കെനിയയിലെ മോംബാസ്സയിൽ നിന്ന് ഉഗാണ്ടയുടെ അതിർത്തിവരെയുള്ള Lunatic Line എന്ന പദ്ധതിക്കായി  കൊണ്ടുപോയവരിൽ ഒരാളായിരുന്നു പ്രിയയുടെ മുത്തച്ഛൻ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ വീടും ഗ്രാമവും മറ്റൊരു രാജ്യത്തിൻ്റെ ഭാഗമായി കഴിഞ്ഞിരുന്നു. നാട്ടിലെത്തിയ അദ്ദേഹത്തിന് പാകിസ്ഥാനിൽ നിന്ന്  തിരിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വരുന്നു. അഭയാർത്ഥി ക്യാമ്പുകളിലെ ദുരിതങ്ങൾ താണ്ടി അർദ്ധപ്രാണനായി അമൃത്സറിൽ എത്തുന്ന അദ്ദേഹത്തെ ഭക്ഷണം കൊടുത്ത് പരിചരിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നത് മോംജിയാണ്. പിന്നീട് അവർ വിവാഹിതരാവുകയും കെനിയയിലേക്ക് പോവുകയും  ചെയ്യുന്നു. 

ഒന്നിച്ചു ചേർക്കുന്നത് പോലെ തന്നെയാണ് ഭക്ഷണം മനുഷ്യരെ വിഭജിക്കുന്നതും. കെനിയയിലെ മോംജിയുടെയും കുടുംബത്തിൻ്റെയും ജീവിതാവസ്ഥകൾ വായിക്കുമ്പോൾ അനുഭവിച്ചറിഞ്ഞതും കേട്ടതുമായ പ്രവാസാനുഭവങ്ങളുമായി സാമ്യമേറെയുണ്ട്. മോംജിയുടെ വീട്ടിലെ സന്ദർശകരെല്ലാം ഇന്ത്യക്കാരാണ്. അവരാവരുടെ വിശ്വാസങ്ങളിൽ വിഭിന്നരായവർ. കെനിയയിലെ മുസ്ലിം സുഹൃത്തുക്കൾ മോംജിയുണ്ടാക്കിയ മാംസവിഭവങ്ങൾ ഭക്ഷിക്കാതെ മാറ്റിവെക്കുന്നത് കണ്ട് പ്രിയയുടെ പപ്പാജി രോഷാകുലനാവുന്നുണ്ട്. എന്നാൽ ഇതേ പപ്പാജി  അവരുടെ വീട്ടിലെ വിരുന്നുകളിൽ എല്ലാം മറന്ന് 'ഹലാൽ' വിഭവങ്ങൾ സന്തോഷത്തോടെ കഴിച്ചു മടങ്ങുന്നതായും പ്രിയ സൂചിപ്പിക്കുന്നുണ്ട്. കാലപ്രയാണത്തിൽ പ്രിയയുടെ കുടുംബം കെനിയ വിടുകയും ലണ്ടനിൽ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. ലണ്ടനിൽ എത്തിയതിനു ശേഷം തങ്ങളുടെ പ്രിയപ്പെട്ട സമൂസയും പുലാവും  ഹലാൽ മാംസം ചേർത്ത് പാചകം ചെയ്‌താൽ രുചികരമാകുമെന്ന വിശ്വാസത്തിലേക്ക് വീട്ടുകാർ മാറുന്നതായും കാണാം. എന്നാൽ ഒരിക്കലും മാറാത്ത ചിലതുണ്ട്, "... some borders won't be crossed, no matter how many meals are shared with others, no matter how many foreign delicacies are consumed." (Be My Guest- Priya Basil)

Picture Courtesy: Screenshot images from Google & TIFA 

എത്രയൊക്കെ സൗഹൃദങ്ങൾക്ക് ഭക്ഷണം വിളമ്പിയാലും കൂടിച്ചേരാനാകാതെ തീണ്ടാപ്പാടകലെ നിർത്തുന്ന ചിലതുണ്ട് നമുക്കുള്ളിൽ. മുതിർന്നവരിൽ നിന്ന് പ്രിയക്കും അവരുടെ സഹോദരിക്കും കിട്ടിയ നിർദ്ദേശങ്ങളിൽ പ്രധാനമായത്, ജീവിതപങ്കാളിയായി മുസ്ലിമിനെയോ, കുറുത്തവനെയോ, വെളുത്തവനെയോ സ്വീകരിക്കാൻ പാടില്ലെന്നതായിരുന്നു. എന്തുകൊണ്ടാണിത് എന്ന കുട്ടികളുടെ ചോദ്യത്തിന് "അവർ നമ്മളിൽ പെട്ടവരല്ല.."എന്ന മറുപടി മാത്രമേ കിട്ടിയുള്ളൂ. തീന്മേശകൾ എത്ര തവണ നിറഞ്ഞാലും മനസ്സുകൾ അന്നും ഇന്നും കരിപിടിച്ച പാത്രങ്ങൾ പോലെ നിറം കെട്ടതായി. "a consequence of the confused colonial mentality that left my parents accepting that Indians were 'inferior' to whites and 'superior' to blacks."(Be My Guest- Priya Basil) മാതാപിതാക്കളുടെ ഉപദേശങ്ങളെ കാറ്റിൽ പറത്തി ജർമൻ വംശജനെ പ്രണയിച്ച് വിവാഹം കഴിച്ച  പ്രിയക്ക് വീട്ടുകാരുടെ അംഗീകാരം കിട്ടാൻ ഒരു വർഷമെടുത്തു. കറുത്തവനെയും കൊണ്ട് വീട്ടിലേക്ക് വരരുതെന്ന് മൂന്ന് വയസ്സ് മുതൽ കുഞ്ഞുങ്ങളെ ഉപദേശിക്കുന്ന കനേഡിയൻ ഇന്ത്യക്കാരുണ്ട്. ഇവരൊക്കെയാണ് Black Lives Matter പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നത്. 

ജോലിയുടെ ഭാഗമായി എനിക്ക് ലഭിച്ച ഒരു ഇമെയിൽ സന്ദേശം ഓർക്കുന്നു, "We do not want our clients to deal with Africans and Asians." ഏഷ്യൻ എന്ന വിഭാഗത്തിൽ ഞാനും ഉൾപ്പെടും. എന്തായാലും അവരുമായുള്ള ഇടപാടുകൾ കമ്പനിയുടെ മാത്രമല്ല കാനഡയുടെ നിലപാടുകൾക്കും വിരുദ്ധമായതിനാൽ റദ്ദ് ചെയ്യുകയുണ്ടായി. മറ്റൊന്ന് കുട്ടികളുടെ ഔട്ടിംഗിന് വേണ്ടി അവരുടെ മാതാപിതാക്കളുടെ സമ്മതം ആവശ്യപ്പെട്ടു കൊണ്ടെഴുതിയപ്പോൾ, "എൻ്റെ കുട്ടി പെൺകുട്ടികളുമായി ഇടപഴകില്ലെന്ന ഉറപ്പുണ്ടെങ്കിൽ വിടാ"മെന്ന മറുപടിയും ലഭിച്ചു. ജർമനിയെ സ്വന്തമായി കരുതുന്ന പ്രിയക്ക് പെരുവഴിയിൽ നിന്ന് "നീ നിൻ്റെ രാജ്യത്തേക്ക് തിരിച്ചു പോകൂ..." എന്നുള്ള ആക്രോശം നേരിടേണ്ടി വന്ന അനുഭവം പുസ്തകത്തിലുണ്ട്. ഇപ്പോൾ അവിടെന്നുമിവിടെന്നുമായി കാനഡയിലും ഇത്തരം ആക്രോശങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അരക്ഷിതാവസ്ഥയിൽ കഴിയുന്ന കറുത്തവരോളം വരില്ലെങ്കിലും  Racial Slur കൾ നമ്മളെയും ബാധിക്കുന്നുണ്ട്. 

പ്ലേറ്റുകൾ തീർക്കുന്ന അതിർത്തികളെ കുറിച്ച് പ്രിയ എഴുതിയതിലേക്കാണ് പെരുന്നാൾ ഭക്ഷണാഘോഷം ഞാൻ ചേർത്തത്. പണ്ട് പെരുന്നാളിന് തറവാട്ടിലെ കോലായിലാണ് ഭക്ഷണം വിളമ്പിയിരുന്നത്. ആർക്കും പ്രത്യേകം പ്ളേറ്റുകളില്ല. വലിയൊരു വാഴയിലയിൽ ചോറ് കുന്ന് പോലെ കൂട്ടിയിട്ടിട്ടുണ്ടാവും. അതിൽ നിന്ന് നമ്മുടെ മുന്നിലെ ഇലയിലേക്ക് കൈകൊണ്ടു കുറച്ചു നീക്കിയിടും. അതിലേക്കാണ് കുമ്പളങ്ങയും, ചേമ്പും, ചേനയും ഇട്ടു വെയ്ക്കുന്ന കൂട്ടാൻ ചാറൊഴിക്കുന്നത്. കൂടുതലായി പയറുപ്പേരിയും, പപ്പടവും, ഉണക്കസ്രാവ് പൊരിച്ചതുമുണ്ടാവും. ഇന്നെല്ലാവർക്കും പ്ലേറ്റുകളുണ്ട്. ആ  അതിർത്തി കടന്നു ഒന്നും അങ്ങോട്ടുമിങ്ങോട്ടും  പോകാറില്ല. അബദ്ധത്തിൽ പോയാൽ തന്നെ മനുഷ്യമനസ്സുകൾ പോലെ അതിന് തീർപ്പുകളുമുണ്ട്.  

Through good times and bad, our country has strived to be a beacon of hope for the world’s most vulnerable. Today, I call on Canadians and people around the globe to stand with those fleeing hardship and violence. All countries share a moral responsibility to help refugees and forcibly displaced people find shelter and start their lives anew.”- Canadian Prime Minister Justin Trudeau, June 20, 2020 - On World Refugee Day 

ഓരോ കുടിയേറ്റക്കാരനിലും "ആരാണ് നമ്മൾ" എന്ന ചോദ്യം ബാക്കിയാവുമെന്ന് പറയുന്ന അദ്ധ്യായത്തിൽ അഭയാർത്ഥി പ്രവാഹത്തെയാണ് പരാമർശിക്കുന്നത്. പലവിധമാണല്ലോ കുടിയേറ്റം... സാമ്പത്തിക കുടിയേറ്റക്കാരെ സംബന്ധിച്ചു ജനിച്ച മണ്ണിലേക്ക് തിരിച്ചു പോകാം പോകാതിരിക്കാം എന്നാൽ എല്ലാം നഷ്ടപ്പെട്ട് അഭയം തേടിയെടുത്തുന്നവർക്ക് അവരെ സ്വീകരിക്കുന്നിടം തന്നെയാണ് വീട്. അതിഥികളായി ഭൂമിയിലേക്ക് വരുന്നവർ പിന്നീട് ആതിഥേയരാവുന്നു. അതിഥികളും ആതിഥേയരുമില്ലെങ്കിൽ നമ്മൾ അപരിചിതരാണ്. ജർമനിയിലെ സന്നദ്ധ സംഘടനകൾ അഭയാർത്ഥികൾക്കായി ക്യാമ്പുകൾ സംഘടിപ്പിച്ചതിനെ കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ട്. ആ ക്യാമ്പുകളിൽ പല രാജ്യക്കാർ അവരുടെ ഭക്ഷണം പാകം ചെയ്തു അതിഥികൾക്ക് വിളമ്പുന്നു. ഭാഷയറിത്ത അപരിചിതർ ഭക്ഷണം കഴിക്കുമ്പോൾ വാചാലരാകുന്നത് എഴുത്തുകാരിയിൽ അത്ഭുതമുളവാക്കുകയാണ്. ഭാഷയ്ക്കപ്പുറം ഭക്ഷണത്തിൻ്റെ നിറം,  മണം, രുചി ഇവയിലേതെങ്കിലുമാവാം അപരിചിതത്വത്തിൻ്റെ മൂടൽ മാറ്റുന്നത്. നമുക്ക് സുപരിചിതമായ അല്ലെങ്കിൽ സ്വീകാര്യമായ Be My Guest/ Feel at home എന്നിവയേക്കാൾ  ജർമനി കേട്ട മുറിഞ്ഞൊരു വാചകമുണ്ട്. 2015ൽ ആംഗല മെർക്കൽ അതിർത്തിക്കപ്പുറം നിൽക്കുന്നവരോട് പറഞ്ഞ  "I would like to invite you....." ഇന്നും  മുഴുമിപ്പിക്കാത്ത ഈ വാചകമാണ് കുറെ നിരാലംബർക്ക് ആശ്വാസമായത്. ഏറ്റവും ഹൃദ്യമായ ക്ഷണപത്രമായിരുന്നു മെർക്കൽ അന്ന് ലോകത്തിന് നൽകിയത്. പ്രിയയുടെ അഭിമുഖം കേട്ടതിന് ശേഷമാണ് ഞാൻ Be My Guest വായിച്ചത്.  നല്ലൊരു വായനാനുഭവമാണ് പുസ്തകം സമ്മാനിച്ചതെന്ന്  പ്രത്യേകമെടുത്ത് പറയുന്നില്ല. 

HOMES വടക്കേ അമേരിക്കയിലെ അഞ്ചു വലിയ തടാകങ്ങളുടെ ചുരുക്ക പേരാണ്. Lake Huron, Ontario, Michigan, Erie, Superior എന്നിവയുടെ ആദ്യാക്ഷരങ്ങൾ ചേർന്നാണ് ഹോംസ് രൂപപ്പെട്ടത്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഹോംസ് അവസാനം അറ്റ്ലാന്റിക് സമുദ്രത്തിൽ ചെന്ന് ചേരുന്നു. കുടിയേറ്റ രാജ്യമായ കാനഡയിലെ മനുഷ്യരുമായി ഹോംസ് എന്ന പദം നന്നായി ഇഴകി ചേരുന്നുണ്ട്. ആ പദത്തിനും അവരുടെ ജീവിതങ്ങൾക്കും സമാനതകൾ ഏറെയുണ്ടാവും. നിറം, വേഷം, ഭാഷ, ഭക്ഷണം, സംസ്കാരം എന്നിവയിലെല്ലാം  വൈരുദ്ധ്യങ്ങൾ ഏറെയുള്ളവർ മനുഷ്യർ എന്നൊരൊറ്റ നൂലിഴയിൽ കോർക്കപ്പെട്ടിരിക്കുന്നു. ഹോംസ്, എന്ത് സൗന്ദര്യമാണല്ലേ ആ വാക്കിന്... 

10 comments:

  1. Homes, എന്നത്തേയും പോലെ വിചാരിച്ചതിനുമപ്പുറം. അഭിനന്ദനങ്ങൾ ആദ്യം അറിയിക്കുന്നു. വായിക്കുമ്പോൾ പലതും മനസ്സിലൂടെ കടന്നു പോയി. വീട്, രാജ്യം, ഭക്ഷണം, അഭയാർത്ഥി....അങ്ങനെ പലതും. നമ്മുടെ സ്വന്തം എന്ന് കരുതുന്ന പലതും സത്യത്തിൽ നമ്മുടെ മാത്രം സ്വന്തമല്ല, പലർക്കും കൂടി അവകാശപ്പെട്ടതാണ്. അത് ഭക്ഷണമായാലും, സംസ്ക്കാരമായാലും. ജീവിതം  ലോകത്തിന്റെ  എല്ലാ ദേശങ്ങളിളിലും  പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കും പക്ഷെ  അതുമായി അടുക്കുമ്പോൾ പല സമാനതകളും  ദേശങ്ങൾക്കതീതമായി കാണുവാൻ സാധിക്കും. നീട്ടുന്നില്ല... എഴുത്തും വിവരണവും ഗംഭീരമായി..ആശംസകളോടെ....

    ReplyDelete
    Replies
    1. വിശദമായ വായനക്ക് നന്ദി ഷൈജു... ചില അനുഭവങ്ങൾ, ചിന്തകൾ ഇതിലൊക്കെയുള്ള സമാനതകളാവാം  പെട്ടെന്ന് പുസ്തകവുമായി കൂട്ട് കൂടുവാനായത്. അതെഴുത്തിലും പ്രതിഫലിച്ചിരിക്കാം :) സ്നേഹം... സന്തോഷം 

      Delete
  2. മധുരമുള്ള കറി ആദ്യമായിട്ടാ കേൾക്കുന്നത്. പിന്നെ HOMES ... ഹോം എന്നും ഹൌസ് എന്നും വ്യത്യസ്തമാകുന്നത് ഒരു ഇന്റിമസി ആണെന്ന് കേട്ടതോർക്കുന്നു.ഹോംസ്, എന്ത് സൗന്ദര്യമാണല്ലേ ആ വാക്കിന്...

    ReplyDelete
    Replies
    1. Home is where your heart belongs... എന്നല്ലേ മാഷേ?

      Delete
  3. നല്ലൊരു ലേഖനം
    ഒരുപാട് വിഷയങ്ങളെ സ്പർശിച്ച് കടന്നു പോയി
    നിങ്ങളുടെ കറി ഞങ്ങളുടെ നാട്ടിൽ കുലാവി ആണ്
    എന്തൊരു രാസമാണതിനെന്നോ
    അവിടെ ഗോതമ്പ് ഒക്കെ ചേർക്കും

    ReplyDelete
    Replies
    1. കടുപ്പം ഇല്ലാത്ത ചായക്ക്‌ കുലാവി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. "ഇതെന്ത് കുലാവിയാണ്?" എന്നൊക്കെ ചോദിക്കും. വായിച്ചതിലും അഭിപ്രായം പങ്കുവെച്ചതിലും വളരെ സന്തോഷം ആസാദ്.. :)  

      Delete
    2. അതെ
      കുലാവി എന്നത് സത്യത്തിൽ ശർക്കര പായസം പോലുള്ള ആ സംഭവത്തിനാണ്
      കാവ എന്നും പറയും
      എനിക്ക് തോന്നുന്നു അറേബ്യയിലെ ഖഹവ എന്നതിൽ നിന്നും വന്നതാന്നെന്ന്
      ഇയാൾക്ക് fb അക്കൗണ്ട് ഉണ്ടെങ്കിൽ എനിക്കൊരു റിക്വസ്റ്റ് അയക്കാവോ
      എൻറെ പോസ്റ്റുകളുടെ ഒക്കെ നോട്ടിഫിക്കേഷൻ അയക്കാലോ

      Delete
    3. കറി, കുലാവി  അങ്ങനെ കുറെയുണ്ടല്ലേ? അബൂതി എനിക്ക് ബ്ലോഗ്  നോട്ടിഫിക്കേഷൻ കിട്ടാറുണ്ട്. അതെല്ലാം വായിക്കും :)

      Delete
  4. അഞ്ചു തടാകങ്ങൾ കൂടി ചേരുന്ന HOMES ..

    പ്രിയയുടെ പുസ്തക പരിചയം , ആഗോള രുചികളോടെയുള്ള സഞ്ചാരങ്ങൾ ...

    എല്ലാം കൂടിയപ്പോൾ അസ്സൽ സ്വാദ് കേട്ടോ മുബി .

    ReplyDelete
    Replies
    1. സ്വാദ് ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം മുരളിയേട്ടാ...

      Delete