കലയും സംഗീതവും സമന്വയിച്ച Toronto Writers ഉത്സവത്തിൻ്റെ സമാപന ദിവസമായ നവംബർ ഒന്നിലെ പരിപാടിയായിരുന്നു ഉഹ്‌റു. സൗത്ത് ആഫ്രിക്കൻ എഴുത്തുകാരിയും സംവിധായികയുമായ Napo Popo Masheane, സുഡാനീസ്-കനേഡിയൻ സംഗീതജ്ഞനായ വലീദ് അബ്ദുൾഹമീദ് (Waleed Abdulhamid), കനേഡിയൻ പോയറ്റ് ഓഫ് ഹോണറും, വൈറ്റൽ പീപ്പിൾ അവാർഡ് ജേതാവുമായ ആഫ്രിക്കൻ-ജമൈക്കൻ ആക്ടിവിസ്റ്റും ഡബ് കവിയും കലാകാരിയുമായ D'bi.young anitafrika, ബ്രിട്ടീഷ്-ജമൈക്കൻ ശബ്ദകലാകാരനായ മുഹമ്മദ് റൗ (Mohammed Rowe) എന്നിവരായിരുന്നു പങ്കെടുത്ത പ്രമുഖർ.
Screenshot image from TIFA2020, Uhuru! Sudanese-Canadian master musician Waleed Abdulhamid |
പരിപാടിയുടെ തുടക്കം വലീദ് അബ്ദുൽഹമീദിൻ്റെ പാട്ടുകളോടെയായിരുന്നു. മാമ ആഫ്രിക്ക, മലായ്‌ക്ക എന്നീ പാട്ടുകൾ ഗിറ്റാറിൻ്റെ അകമ്പടിയോടെ അദ്ദേഹം പാടി. 'ഓ മലായ്‌ക്ക...' എന്ന ഗാനം ഏറെ ഇഷ്ടമായി. അതിനുശേഷം വന്ന മുഹമ്മദ് റൗൻ്റെ പ്രകടനം പലവിധ സംഗീതോപകരണങ്ങളുടെ സംഗമമായിരുന്നു. അതുവരെ വളരെ ലാഘവത്തോടെ കേട്ടിരുന്ന അന്തരീക്ഷം ചൂട് പിടിച്ചത് നപ്പോയുടെ വരവോടു കൂടിയാണ്.
ആഫ്രിക്കൻ വൻകരയിലെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗീക അതിക്രമങ്ങളെയാണ് നപ്പോ അവതരിപ്പിച്ചത്. 'നിങ്ങൾക്ക് സ്വാഗതം, എൻ്റെയീ രാജ്യത്തേക്ക്... പക്ഷെ നിങ്ങളറിയണം ചെറുപ്രായത്തിൽ തന്നെ ലൈംഗീക പീഡനത്തിനിരയായവരും റേപ്പ് ചെയ്യപ്പെട്ടവരും ഇത്ര ശതമാനത്തോളമുള്ള നാടാണ്... ഇനിയുമുണ്ടാവും രക്ഷകരില്ല. അവരുടെ രോദനങ്ങൾക്കും കല്ലറകൾക്കും സാക്ഷിയാവുക..." ഏകാങ്കനാടകത്തിലെ സ്വാഗതവചനങ്ങൾക്ക് വാൾത്തലയുടെ മൂർച്ചയുണ്ടായിരുന്നു. അവിടെയോരോ രാജ്യത്തും നടക്കുന്ന പീഡനങ്ങളുടെ പ്രതീകമെന്നോണം സ്റ്റേജിൽ അങ്ങോളമിങ്ങോളം സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തൂക്കിയിട്ടിരുന്നു. ഒരു കുഞ്ഞുടുപ്പ് നിവർത്തി മകളെയോർക്കുന്ന അമ്മയെ അവർ ഹൃദയസ്പർശിയായി അവതരിപ്പിച്ചു.
Screenshot images from TIFA2020, Uhuru!-South African Theatre Matriarch Napo Masheane |
പതിനഞ്ചു വയസ്സ് തികയുന്നതിന് മുമ്പേ നടത്തുന്ന പെൺകുട്ടികളുടെ ചേലാകർമം (FGM-Female Genital Mutilation) എന്ന പ്രാകൃതമായ അതിക്രമത്തിനെതിരെയും നപ്പോയുടെ ശബ്ദമുയർന്നു. ആരുടേയും മനസ്സുലയ്ക്കുന്ന പരിപാടിയുടെ ദൃശ്യങ്ങൾ അത്ര പെട്ടെന്നൊന്നും മറക്കാവുന്നതല്ല. Creative Writingൽ ബിരുദാനന്തരബിരുദവും സ്പീച്ച് & ഡ്രാമയിൽ ഡിപ്ലോമയുമുള്ള നപ്പോ Pan African Language Award, Mbokodo Award, South African Film & Television Award എന്നീ പുരസ്‌കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. Caves Speak in Metaphors, Fat Songs For My Girlfriends, Heartbeat of the Rain എന്നീ മൂന്ന് കവിതാസമാഹാരങ്ങൾ അവരുടേതാണ്.
നൈജീരിയയിൽ നിന്നുള്ള #WeAreTired എന്ന ട്വിറ്റർ ഹാഷ്ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഒന്നായിരുന്നു. എവിടെയും എത്താതെ പോയ നിരവധി ഹാഷ്ടാഗുകൾ നമുക്കുമുണ്ടല്ലോ. വാളയാർ, ഹത്രാസ് അങ്ങനെയെത്രെയെണ്ണം... സ്ഥലനാമങ്ങളിൽ ഒടുങ്ങുന്ന പെൺമയുടെ തോരാത്ത കണ്ണുനീർ. 'ബലാത്സംഗം ചെയ്യപ്പെട്ടാൽ ആത്മാഭിമാനമുള്ള പെണ്ണ് ആത്മഹത്യ ചെയ്യും' എന്ന ഉത്തമ സാംസ്കാരിക വിടുവായത്തങ്ങൾ സാക്ഷര കേരളത്തിൽ നിന്നാണല്ലോ കേൾക്കുന്നത്. നപ്പോ പറഞ്ഞ കണക്കുകളേക്കാൾ ഭീകരമാവുമോ മാതൃരാജ്യത്തെ കണക്കുകൾ എന്നതേ ഇനി നോക്കേണ്ടൂ...
Screenshot images from TIFA2020, Uhuru! |
ഏറ്റവും ഒടുവിലായിരുന്നു d'bi.young anitafrika യുടെ ഡബ് കവിതാവിഷ്കാരം. ഡിബിയങ്ങ് തന്നെ എഴുതിയ Story come to Town എന്ന ഡബ് കവിതയായിരുന്നു അവതരിപ്പിച്ചത്. ഡിബിയുടെ കവിതയും അവതരണവും അമ്പരിപ്പിച്ചു. അരയിലും കഴുത്തിലുമുള്ള വൃത്താകൃതിയിലുള്ള ആഭരണമൊഴിച്ച് നഗ്നമായ ശരീരവുമായി ഏതോ വലിയൊരു മരത്തിന് മുന്നിലാണ് ഡിബിയങ്ങ് നിൽക്കുന്നത്. മരത്തിൻ്റെ പടർന്നു പന്തലിച്ച ചില്ലകളിലേക്ക് പതിക്കുന്ന വെളിച്ചം മരത്തിനൊരു ഉജ്ജ്വല ഭാവം നൽകുന്നുണ്ട്. പശ്ചാത്തലത്തിൽ കേൾക്കുന്ന കവിതയുടെ വരികൾക്കനുസരിച്ച് അവർ കുമ്പിട്ടും, കൈകൾ വിടർത്തിയും ഇടയ്ക്ക് പൂർണ്ണമായി നിവർന്ന് നിൽക്കുകയും ചെയ്യുന്നു. ഓരോ അക്ഷരവും വാക്കും വ്യക്തമാണ്. വംശീയത, കോളനിവൽക്കരണം, അടിമത്തം, കൈയ്യേറ്റങ്ങൾ, കറുപ്പിനോടുള്ള വെറുപ്പും വിദ്വേഷവും, ആധിപത്യങ്ങൾ.. എല്ലാം തീക്ഷ്ണതയോടെ കവിതയിലെ വരികളിലുണ്ട്. INKtalks ൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ അവർ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ആസ്‌പദമാക്കിയൊരു പരിപാടി 2012ൽ അവതരിപ്പിച്ചിരുന്നു.
ആഫ്രിക്കൻ ഭാഷയായ സ്വാഹിലിയിൽ 'ഉഹ്‌റു' എന്നാൽ സ്വാതന്ത്ര്യം എന്നാണർത്ഥം. ടാൻസാനിയയിലെ കിളിമഞ്ജാരോ പർവ്വതം ആഫ്രിക്കയുടെ മേൽക്കൂരയെന്നറിയപ്പെടുന്ന ഒന്നാണ്. അതിലെ മൂന്ന് പ്രധാന അഗ്നിപർവ്വത കൊടുമുടികളിൽ ഒന്നായ കിബോയിലെ ഏറ്റവും ഉയർന്ന ശൃംഗമാണ് ഉഹ്‌റു. 1961 ൽ Tanganyika ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴാണ് ഉഹ്‌റു എന്ന പേര് കൊടുമുടിക്ക് ലഭിച്ചത്. പിന്നീട് Tanganyika യും സാൻസിബാർ ദ്വീപുകളും ചേർന്ന് ഇന്ന് നമുക്കറിയാവുന്ന ടാൻസാനിയ രൂപീകൃതമായി. ബി കിടുഡേ എന്ന ലോക പ്രശസ്ത ടാൻസാനിയൻ പാട്ടുകാരിയെ നമുക്ക് പരിചയമുണ്ടാവില്ല. പക്ഷെ തറബ് സംഗീത രാജ്ഞി എന്നറിയപ്പെടുന്ന കിടുഡേയുടെ രൂപവും പാട്ടും വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിപ്പിച്ച് പരിഹസിക്കാൻ നമുക്കൊട്ടും തന്നെ മടിയുണ്ടായില്ല. അങ്ങനെയുള്ള നമ്മളാണ് ഇപ്പോൾ ആഫ്രിക്കയിൽ ജനിതക വേരുകൾ തേടുന്നത്!
Pic Courtesy: BBC Africa |
പ്രതിവർഷം 25,000ത്തോളം ആളുകൾ കിളിമഞ്ജാരോ കയറാൻ എത്താറുണ്ടെന്ന് ടാൻസാനിയൻ നാഷണൽ പാർക്ക് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ മൂന്നിൽ രണ്ടുപേർക്ക് മാത്രമാണ് ഉഹ്‌റു പീക്ക് കീഴടക്കുവാൻ സാധ്യമാകുന്നത്. പർവ്വതനിവാസികളായ ഗോത്രവംശജരുടെ കഥകളടക്കം പല ഐതിഹ്യങ്ങളും മലയെ കുറിച്ച് പ്രചാരത്തിലുണ്ട്. കിളിമഞ്ജാരോ കയറുന്നവർ ഇഹലോകവും പരലോകവും കാണുമെന്നാണ് മിക്ക കഥകളുടെയും ചുരുക്കം. ടി.ഡിയുടെ മാമ ആഫ്രിക്കയിൽ എഴുതിയിരിക്കുന്നത് "കിളിമഞ്ജാരോ മലകയറ്റം ഭൂമധ്യരേഖയിൽനിന്ന് ഉത്തരധ്രുവത്തിലേക്കുള്ള യാത്രയാണെന്നതുപോലെ ജനനത്തിൽ നിന്ന് മരണത്തത്തിലേക്കുമുള്ള യാത്രയാണ്." എന്നാണ്. Altitude Sicknessഉം, പ്രവചനാതീതമായ കാലാവസ്ഥയുമാണ് പല സാഹസീകർക്കും വിലങ്ങുതടിയാവുന്നത്. ഹെമിങ്‌വേയുടെ ദി സ്‌നോസ് ഓഫ് കിളിമഞ്ജാരോ, ടി.ഡി രാമകൃഷ്ണൻ്റെ മാമ ആഫ്രിക്ക, രാജേന്ദ്രൻ എടത്തുംകരയുടെ കിളിമഞ്ജാരോ ബുക്സ്റ്റാൾ എന്നീ പുസ്തകങ്ങളിൽ ആഫ്രിക്കയുടെ ഈ സൗന്ദര്യത്തെ അതീവ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉഹ്‌റുവെന്ന വാക്കിന് ആഫ്രിക്കൻ ജീവിതങ്ങളെ എത്രമാത്രം ആഴത്തിൽ സ്പർശിക്കാനാവുമെന്ന് അവരുടെ ഓരോ പോരാട്ടവും സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കൻ സിവിൽ റൈറ്റ്‌സ് ആക്ടിവിസ്റ്റായ അസ്സറ്റ ഷക്കൂറിൻ്റെ ആത്മകഥയിൽ (Assata: An Autobiography) അവരെഴുതി, "നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതലും, വിജയിക്കലും നമ്മുടെ കടമയാണ്. നമ്മൾ പരസ്പരം സ്നേഹിക്കുകയും താങ്ങാവുകയും വേണം. നമുക്കൊന്നും നഷ്ടപ്പെടാനില്ല, ചങ്ങലകളല്ലാതെ.." ശ്വസിക്കാൻ പോലും അനുവദിക്കാത്തവർക്ക് നേരെയുള്ള പോരാട്ടങ്ങൾക്ക് ഇന്നും അറുതിയായിട്ടില്ല. ലോകം ആകാംഷയോടെ ഉറ്റുനോക്കിയ 2020ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച കമല ഹാരിസിന് first Female, first Black, first South Asian അങ്ങനെ കുറെയേറെ 'ആദ്യത്തെ' പദവികൾ അവകാശപ്പെടാനുണ്ട്. അവരോടൊപ്പം തന്നെ ചരിത്രപ്രധാനമായ വിജയം നേടിയവരിൽ BIPOC(Black, Indigenous & People of Colour) & LGBTQ വിഭാഗക്കാരുമുണ്ട്. ഡിബിയുടെ "Eyes Tears in Freedom" എന്ന ഒറ്റവരി മാത്രം മതിയാവും ഇവരുടെയും ഇനി വരാനിക്കുന്നവരുടെയും പോരാട്ടവഴികളെ അടയാളപ്പെടുത്താൻ...
Pic Courtesy: CNN |
പുതിയ അറിവുകള്‍; അദ്ഭുതങ്ങള്‍!
ReplyDeleteവിവരണങ്ങള്‍ ഭംഗിയായി.
നന്ദി സുരേഷേട്ടാ.. :)
Deleteഎന്തെല്ലാം സംസ്കാരങ്ങൾ ... പുതിയ അറിവുകൾ ആകുന്നു ഇവയൊക്കെ .. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ... വല്ലാത്ത ഒരു നൊമ്പരവും വേദനയുമാണ് കുഞ്ഞുങ്ങൾക്കുനേരെയുള്ള അക്രമങ്ങൾ കേട്ടാൽ .
ReplyDeleteഎപ്പോഴത്തെയും പോലെ വിവരണങ്ങൾ ഭംഗിയായി എഴുതിയിരിക്കുന്നു . ആശംസകൾ മുബീ
ഗീത, വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം :)
Deleteമുബി നേരത്തെ പറഞ്ഞെങ്കിലും എന്റെ അലസതയാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മുബിയുടെ ഈ ലേഖനം കുറെ പുതിയ അറിവുകൾ നൽകി. സ്നേഹം...
ReplyDeleteസ്നേഹം... സന്തോഷം ചേച്ചി :)
Deleteവീണ്ടും ഒരു മനോരഹമാരായ വിവരണം
ReplyDeleteനന്ദി... ആസാദ്
Delete'ഉഹ്‌റു പീക്കി 'നെ കുറിച്ച് ആദ്യമായി അറിയുകയാണ് ...
ReplyDeleteഒപ്പം ആഫ്രിക്കൻ ജനതയുടെ സംസ്‌കാരങ്ങളുടെ ചില പുത്തൻ അറിവുകളും ...
ലണ്ടനിൽ വെച്ച് മൂന്നാലു തവണ ഞാൻ ചില ആഫ്രിക്കൻ /കരീബിയൻ സാംസ്‌കാരിക സമ്മേളനങ്ങളിൽ ചില കറമ്പൻ ഗെഡികളുടെയും ഗെഡിച്ചികളുടെയും പങ്കെടുത്തപ്പോൾ മനസ്സിലായിട്ടുണ്ട് അവരുടെ സാംസ്കാരിക തനിമകൾ നമ്മളെക്കാളും മേലെയുള്ളതാണെന്ന്...!
എന്തായാലും വളരെ വിജ്ഞാനപ്രദമായ
ഒരു ലേഖനം തന്നെയാണിത് കേട്ടോ മുബി .
മുരളിയേട്ടാ, ഉഹ്‌റു പീക്ക് ബക്കറ്റ് ലിസ്റ്റിൽ നിന്ന് മാറ്റാത്ത കുറെ പേരുണ്ടിവിടെ. പാതി വഴി പോയി തിരിച്ച് വന്നവരുടെ ആവേശം തണുക്കുകയല്ല.. കൂടുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. നന്ദി...
Deleteപുതിയ പുതിയ അറിവുകൾ തരുന്ന കേതരമാണ് മുബിയുടെ ബ്ലോഗ്. വായനക്കിടയിൽ എന്തോ " Sarah Baartman " നെ കുറിച്ച് ഓർമയിൽ വന്നു. അഭിനന്ദനങ്ങൾ നേരുന്നതിനോടൊപ്പം എല്ലാ വിധ ആശംസകളും നേരുന്നു.
ReplyDeleteവളരെ സന്തോഷം ഷൈജു :)
Deleteഭാഷ ഏതായാലും, രാജ്യം ഏതായാലും അടിസ്ഥാനപരമായ ചൂഷണങ്ങൾ എല്ലായിടത്തും ഒരുപോലെതന്നെ എന്ന് വേദനയോടെ ഓർക്കുന്നു. ഹാഷ്ടാഗുകളിൽ ഒതുങ്ങിപ്പോകുന്ന പ്രതിഷേധങ്ങൾ പലപ്പോഴും പ്രഹസനമായിപ്പോകുകയും ചെയ്യുന്നു.. വളരെ വിജ്ഞാനപ്രദമായ
ReplyDeleteഒരു ലേഖനം 👌👌👌
സത്യമാണത് മഹേഷ്... വായനയിൽ സന്തോഷം :)
Deleteകാനഡയിൽ ഇത്രയധികം സാംസ്കാരിക പരിപാടികൾ നടക്കുന്നത് അത്ഭുതപ്പെടുത്തുന്നു. അതിൽ മിക്കതിലും പങ്കെടുത്ത് അതിനെപ്പറ്റിയൊക്കെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന മുബി അതിലേറെ അത്ഭുതം സൃഷ്ടിക്കുന്നു. അഭിനന്ദനങ്ങൾ
ReplyDeleteകോവിഡ് കുറെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്... എന്നാലും ഇതുപോലെയൊക്കെ ചിലത് നടക്കുന്നു. സന്തോഷം മാഷേ :)
Delete