Thursday, November 26, 2020

ഉച്ചാരണ പിഴവ്!

കാനഡയിൽ സംഘടിപ്പിച്ച സാഹിത്യപരിപാടിയിൽ അതിഥിയായി എത്തിയ എഴുത്തുകാരൻ സക്കറിയ, അന്ന് നടത്തിയ പ്രസംഗത്തിൽ ബെന്യാമിൻ്റെ  ആട് ജീവിതം പോലെയൊരു കൃതി വടക്കേ അമേരിക്കയിലെ കുടിയേറ്റക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞതോർക്കുന്നു. സൗവാങ്കം തമ്മാവോങ്‌സ (Souvankham Thammavongsa) എഴുതിയ ചെറുകഥാസമാഹാരം വായിച്ചപ്പോഴാണ് സക്കറിയയുടെ പ്രസംഗം മനോമുകുരത്തിൽ തെളിഞ്ഞത്. പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോൾ ഇങ്ങനെയൊന്നാവുമോ അദ്ദേഹം സൂചിപ്പിച്ചത് എന്നാലോചിക്കാതിരുന്നില്ല. ഈ വർഷത്തെ Scotiabank Giller Prize Award ലഭിച്ചത്  How to Pronounce Knife എന്ന പുസ്തകത്തിനാണ്. അവാർഡ് പ്രഖ്യാപനത്തെ തുടർന്ന് സൗവാങ്കം പറഞ്ഞത് "മുപ്പത്തിയാറ് വർഷങ്ങൾക്കു മുമ്പ് സ്കൂളിൽ വെച്ച് നൈഫ് എന്ന ഇംഗ്ലീഷ് പദത്തിൻ്റെ ഉച്ചാരണം തെറ്റിച്ചപ്പോൾ എനിക്ക് സമ്മാനമൊന്നും കിട്ടിയില്ല, പക്ഷെ ഇന്നെനിക്കു സമ്മാനം കിട്ടിയെന്നാണ്." തായ്‌ലൻഡിലെ ഒരു Lao അഭയാർത്ഥി ക്യാമ്പിൽ ജനിച്ച സൗവാങ്കത്തിൻ്റെ എഴുത്തുകളിലെല്ലാം  കുടിയേറ്റ ജീവിതങ്ങളുടെ ചൂടും ചൂരുമുണ്ട്. അഭിമുഖങ്ങളിലെ അവരുടെ ശ്രദ്ധാപൂർവ്വമുള്ള സംസാരശൈലിയും, വ്യക്തമായ നിലപാടുകളുമാണ്  എന്നെ പുസ്തകത്തിലേക്ക് എത്തിച്ചത്.  അത് വെറുതെയായില്ല...    


Screenshot Image from Scotiabank Giller Prize official website

ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകൾ പോലെയാണ് ആംഗലേയ പദോച്ചാരണത്തിൽ ഞാനും മക്കളും. കുട്ടിയായിരിക്കുമ്പോൾ വഴക്ക് പേടിച്ച് കയ്പക്ക ഉപ്പേരി കുഴച്ച ചോറുരുളകൾ ചവയ്ക്കാതെ വിഴുങ്ങുന്നതാണ് ഇവരുടെ ഇംഗ്ലീഷ് വായന കേട്ടാലെനിക്ക് ഓർമ്മ വരിക. 'അക്ഷരങ്ങൾ പാതി വിഴുങ്ങി, വായിൽ ഉരുളക്കിഴങ്ങ് ഇട്ട ചേല്ക്ക്  ഓരോന്ന് എഴുന്നളിക്കും എന്നിട്ട് എഴുതുന്നതിൽ മുഴുവനും അക്ഷരത്തെറ്റാ'ണെന്ന എൻ്റെ വാദത്തെയൊക്കെ കുട്ടികൾ സ്ഥിരമായി അടിച്ചു പരത്തിയിരുന്നു. "Are you crazy" എന്ന ഭാവത്തിൽ എന്നെ നോക്കിയ നോട്ടങ്ങളൊക്കെ എങ്ങനെ മറക്കാനാണ്. How to Pronounce Knife എന്ന കഥയിലൂടെയാണ്  വീണ്ടും മക്കളുടെ സ്‌കൂൾ പഠനകാലത്തേക്ക് പോകാനായത്. 

സ്കൂളിൽ നിന്ന് കുട്ടിക്ക് ടീച്ചർ നൽകിയ പുസ്തകത്തിലെ വാക്കുകളിൽ തീരെ പരിചയമില്ലാത്ത ഒന്നായിരുന്നു "Knife". പലതവണ ഉച്ചരിച്ച് നോക്കിയിട്ടും അതൊന്നും ശരിയല്ല എന്ന തോന്നലിൽ അച്ഛനെ കാത്തിരുന്നു. പുതിയ നാട്ടിൽ അച്ഛനാണ് പുറത്ത് പോകുന്നതും ഇംഗ്ലീഷ് സംസാരിക്കുന്നതും. രാത്രിയിൽ ജോലി കഴിഞ്ഞു വന്ന അച്ഛനോട് കുട്ടി തൻ്റെ സംശയം ചോദിക്കുന്നു. പുസ്തകത്തിൽ നോക്കി അക്ഷരങ്ങൾ പെറുക്കി അച്ഛൻ അവൾക്ക് Kahneyff എന്ന് വായിച്ചു കൊടുത്തു. ആ ഉച്ചാരണത്തിൽ എന്തോ ഒരു വല്ലായ്മ തോന്നിയെങ്കിലും പിതാവിന് തെറ്റാൻ വഴിയില്ലെന്ന് കുട്ടി വിശ്വസിച്ചു. എന്നാൽ പിറ്റേന്ന് ക്ലാസ്സിലെ വായനാമത്സരത്തിൽ ആ വാക്കിലെത്തി തപ്പിത്തടഞ്ഞ കുട്ടിക്കത് ശരിയായി വായിച്ചു കൊടുത്തത് തൊട്ടടുത്തിരിക്കുന്ന സ്വർണ്ണമുടിക്കാരിയാണ്. മറ്റെല്ലാം ശരിയായെങ്കിലും ആ വാക്ക് തെറ്റിയതിനാൽ സമ്മാനം നഷ്ടപ്പെടുന്നു. അനുഭവങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച് പല രീതിയിലും ഈ കഥയെ നമുക്ക് വായിച്ചെടുക്കാനാവും. സൗവാങ്കത്തിൻ്റെ പ്രസംഗത്തിന് How to Pronounce Knife എന്ന കഥയുമായി ഏറെ ബന്ധമുണ്ട്.

ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ വസ്ത്രത്തിനുമേൽ ടീച്ചർമാർ സ്റ്റിക്കി നോട്ടുകൾ ഒട്ടിക്കാറുണ്ട്. പ്രധാനപ്പെട്ട സന്ദേശങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കാനാണിത്. നിരക്ഷരയായ  അമ്മ  കുട്ടി വീട്ടിലേക്കു കൊണ്ടുവരുന്ന ഓരോ സ്റ്റിക്കി നോട്ടും വലിച്ചെറിയും. വൈകി വരുന്ന അച്ഛനെ കാണിക്കുമ്പോൾ പിന്നീടാകട്ടെ എന്ന് പറഞ്ഞു മടക്കും. അങ്ങനെ സ്കൂൾ പരിപാടിയിൽ സഹപാഠികൾക്കിടയിൽ ഒറ്റപ്പെട്ട് വല്ലാത്ത ഒരവസ്ഥയിൽ നിൽക്കേണ്ടി വരുന്ന കുട്ടിയും, വെൽക്കം സെന്ററിൽ നിന്നു കിട്ടിയ റേഡിയോയിലൂടെ ശ്രവിക്കുന്ന ശബ്ദങ്ങളെ സ്നേഹിക്കുന്ന അമ്മയും  മനസ്സിലെ മായാത്ത ചിത്രങ്ങളാണ്. മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്ന അവതാരകൻ്റെ ചിരിയെ അവർ കഥയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്, "ചിരി, അതേത്  ഭാഷയിലായാലും ചിരി തന്നെയാണ്" എന്ന വരിയോടെയാണ്. മറ്റൊരു കഥയിലാകട്ടെ പേരെല്ലാം മാറ്റി ഇംഗ്ലീഷ് പേരും സംസ്കാരവും സ്വീകരിച്ച് പുതിയ നാട്ടിലെ കുട്ടിയായി വളർന്ന മകളുടെ കൺവെട്ടത്ത് വരാതെ ദൂരെ മാറി നിൽക്കുന്ന അമ്മയൊരു നൊമ്പരമാകുന്നു. പാരിസ് എന്ന കഥയിലാകട്ടെ ചിക്കൻ പ്ലാന്റിലെ ചൂഷണങ്ങൾ കാണുന്ന റെഡ്, സൗന്ദര്യമില്ലാത്തതിൽ ആശ്വസിക്കുന്ന കഥാപാത്രമാണ്. 

"ടോറോന്റോ പുഴുക്കളുടെ  തലസ്ഥാനമാണ്," 2015ൽ അന്നത്തെ പത്രറിപ്പോർട്ട് കാണിച്ചാണ് സുഹൃത്ത് പറഞ്ഞത്. ആ വട്ടമേശയ്ക്ക് ചുറ്റുമിരിക്കുന്നത് കുടിയേറ്റത്തിൻ്റെ പല നിറങ്ങളാണ്. എങ്ങനെ വേണമെങ്കിലും ആ പരാമർശത്തെ വ്യാഖ്യാനിക്കാം എന്നോർത്തപ്പോൾ ഞാനൊന്ന് ഞെട്ടി. അടുത്ത ദിവസങ്ങളിൽ പരിചയപ്പെട്ട ഒരാളിൽ നിന്നാണ് പുഴുക്കളെ പെറുക്കുന്ന ജോലിയെ  പറ്റി സുഹൃത്തറിയുന്നത്. അതും ആ വാർത്തയും ചേർത്ത് കോഫീ ബ്രേക്കിൽ ഞങ്ങൾക്ക് കൈമാറിയതാണ്. സന്ധ്യക്ക്‌ നഗരം ശാന്തമാകുമ്പോഴാണ് ജോലി തുടങ്ങുന്നതെന്നും തൊഴിലാളികളെ പിക്കപ്പ് ട്രക്കുകളിലാണ് ജോലിസ്ഥലത്തെത്തിക്കുന്നതെന്നും അന്നത്തെ പരദൂഷണ കോഫിയുടെ കൂടെ കിട്ടിയത് ശരിയായിരുന്നുവെന്ന് സൗവാങ്കം എഴുതിയ "Picking Worms" വായിച്ചപ്പോൾ അറിയാനായി. ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ അധികവും ചൈന, കൊറിയ, വിയറ്റ്നാം എന്നിവടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. മത്സ്യബന്ധനമേഖലയിലേക്കാണ് പുഴുക്കളെ കൊടുക്കുന്നത്. ടോറോന്റോയിലെ കാലാവസ്ഥ പുഴുവളർത്തലിന് അനുകൂലമാണ്, എന്നാൽ ഇപ്പോൾ ഈ തൊഴിൽമേഖല നഷ്ടത്തിലാണെന്നും കേൾക്കുന്നുണ്ട്. ഒരു തൊഴിലും മോശമല്ല. പക്ഷെ നിസ്സഹായരായ കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന തൊഴിലിടങ്ങൾ ഇല്ലെന്ന് പറയാനാവില്ല. ഭാഷയും വിശപ്പും പലപ്പോഴും ചൂഷണങ്ങൾ അധികാരികളെ അറിയിക്കുന്നതിൽ വിലങ്ങുതടിയാവാറുണ്ട്. നാട്ടിലെ ഏജന്റുമാർ പഠിക്കാനായി വരുന്ന വിദ്യാർത്ഥികൾക്കായി ചില തൊഴിലുകൾ കാനഡയിൽ സംവരണം ചെയ്തു വച്ചിട്ടുണ്ട്. വിമാനമിറങ്ങിയാലുടൻ  ലഭിക്കുന്നതായി ഏജൻറ് സാക്ഷ്യപ്പെടുത്തുന്നതാണ്  ആപ്പിൾ/സ്ട്രോബെറി പെറുക്കൽ, പുല്ല് പറിക്കൽ, പശുവിനെ കറക്കൽ എന്നീ തൊഴിലുകൾ. രണ്ടു വർഷത്തിനുള്ളിൽ ലക്ഷങ്ങൾ ബാങ്കിലിടാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു കയറ്റി വിട്ടവരുടെ സമ്പാദ്യം കാനഡ റവന്യൂ ഏജൻസി അളന്ന് തിട്ടപ്പെടുത്തി തളർന്ന് കാണും. 

കനേഡിയൻ സാഹിത്യം Landscape Literature ആണെന്നൊരു സംസാരമുണ്ട്. സൗവാങ്കത്തിൻ്റെ സൃഷ്ടികൾ ഇതിൽ നിന്നേറെ വിഭിന്നമാണ്‌. സ്ഥലങ്ങളെ There & Here എന്ന രണ്ടു വാക്കുകളിൽ സൗവാങ്കം അടയാളപ്പെടുത്തിയിരിക്കുന്നു. ആ വാക്കുകളിലൂടെ വായിക്കുന്നവർക്ക് താന്താങ്ങളുടെ ഇടങ്ങളെ കണ്ടെത്താം. ഏതിടങ്ങളിൽ നിന്നായാലും കഥാപാത്രങ്ങളുടെ ജീവിതപരിസരങ്ങളെ അവർക്ക് തിരിച്ചറിയാനാകുന്നതിനാൽ   വായന കൂടുതൽ  ഹൃദ്യമാകുന്നു. മാതൃഭാഷയെ സ്നേഹിക്കുന്ന വോങ്ങിനെ എങ്ങനെ മറക്കാനാണ്. ആംഗേലയത്തിൽ മാത്രം അച്ചടിച്ച ക്ഷണക്കത്തിൽ അവരുടെ ഭാഷയിലെന്നും അതു കൊണ്ട് ആ കല്യാണം നടക്കാൻ സാധ്യതയില്ലെന്നും വോങ്ങ് മകളോട് പറയുന്നൊരു കഥയുണ്ട് പുസ്തകത്തിൽ. ഉപേക്ഷിക്കാനാവാതെ കൂടെ പോന്ന വിശ്വാസങ്ങളുടെ അമിതഭാരവും പേറി ജീവിക്കുന്ന കുടിയേറ്റക്കാരെ സൗവാങ്കം കൃത്യമായി വോങ്ങിലൂടെ വരച്ച്‌ കാട്ടുന്നുണ്ട്. How to Pronounce Knife എന്ന പുസ്തകത്തിൽ എഴുത്തും ജീവിതവും പരസ്പരം ഇഴചേർന്ന് പോകുന്നതായാണ് എൻ്റെ വായനയിൽ അനുഭവപ്പെട്ടത്. അതു തന്നെയാവണം സൗവാങ്കം തമ്മാവോങ്‌സിൻ്റെ എഴുത്തുകൾ വീണ്ടും വീണ്ടും ചർച്ചയാവുന്നതും...  

Screenshot Image from Scotiabank Giller Prize official website

12 comments:

  1. പ്രസിദ്ധരായ  എഴുത്തുകാരെയും  പുസ്തകങ്ങളെയും അറിയണമെങ്കിൽ മുബിയുടെ ബ്ലോഗ് സന്ദർശിച്ചല്ലേ കഴിയൂ. ഒരായിരം അഭിനന്ദനങ്ങൾ..ആശംസകളോടെ....

    ReplyDelete
  2. മുബീ
    ഉച്ചയ്ക്ക് വായിച്ചതാണെങ്കിലും ഇപ്പോഴാണ് കമന്റ് ചെയ്യാൻ സാധിച്ചത്
    അസാധ്യ എഴുത്ത്
    എടുത്ത് പറയേണ്ടത് വിഷയത്തിൻറെ ഗൗരവം തന്നെ
    അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. സ്നേഹം... സന്തോഷം അബൂതി :) 

      Delete
  3. കുഞ്ഞുനാളിൽ ഉച്ചരിക്കാൻ കഴിയാത്ത ഒരു പദത്തിന്റെ പേരിൽ വലുതായപ്പോൾ കഥ എഴുതണമെങ്കിൽ ആ സംഭവം മനസ്സിൽ എത്രത്തോളം വേരോടിയിട്ടുണ്ടാവും എന്നാണ് ഞാൻ ചിന്തിച്ചത്. നല്ല പുസ്തകങ്ങൾ ഇനിയും പരിചയപ്പെടുത്തുക. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. ശ്രമിക്കാം മാഷേ... നന്ദി :)

      Delete
  4. Landscape Literature നിന്നും വളരെ
    വിഭിന്നമായി എഴുതുന്ന സൗവാങ്കത്തിൻ്റെ
    സൃഷ്ടികൾ ലോകസാഹിത്യത്തിൽ ഇടം പിടിക്കട്ടെ ...!

    നല്ലൊരു പുസ്തക പരിചയം മാത്രമല്ല ,കുടിയേറ്റം നടത്തി
    ജീവിതവിജയം നേടിയ ഒരു ഏഷ്യൻ വംശജയായ ഒരു എഴുത്തുകാരിയെയാണ് ഇത്തവണ അതിമനോഹരമായി മുബി ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത് ...
    അഭിനന്ദനങ്ങൾ ...

    ReplyDelete
    Replies
    1. സൗവാങ്കത്തിൻ്റെ എഴുത്തുകളിൽ പ്രത്യേകതയുണ്ട്, അതാണ് അവരെ ശ്രദ്ധിക്കാൻ കാരണവും. നന്ദി മുരളിയേട്ടാ... 

      Delete
  5. എന്‍റെ Blog-ല്‍ വന്നത്തിനു ഒരുപാട് നന്ദി..ഇവിടെ നന്നായി വായിക്കണമെന്നുണ്ട്..പിന്നീടു വരാം Insha Allah...

    ReplyDelete
    Replies
    1. ഒഴിവുപോലെ വരൂ... സ്നേഹം :)

      Delete
  6. മുബി എഴുത്തു മുഴുവനും വായിച്ചു നല്ലൊരു പരിചയപ്പെടുത്തൽ കഥയിൽ പല സംഭവങ്ങളും എടുത്തു പറഞ്ഞത് മടുപ്പില്ലാതെ വായിക്കാൻ കാരണമായി ഇനിയും പ്രതീക്ഷിക്കുന്നു എല്ലാ ആശംസകളും നേരുന്നു. പുതിയ പോസ്റ്റിന്റെ ലിങ്ക് അയക്കാൻ മറക്കരുത്

    ReplyDelete
    Replies
    1. നന്ദി, വീണ്ടും ഇവിടെ വന്നതിൽ ഒരുപാട് സന്തോഷം... 

      Delete