Monday, December 14, 2020

ട്വന്റിട്വന്റി - നോട്ട് ഔട്ട്

ലോകത്താകമാനമുള്ള മനുഷ്യരോട് ഒരാത്മപരിശോധനക്ക് നേരമായിരിക്കുന്നു എന്ന അറിയിപ്പോടെ ഈ വർഷമെത്തിയപ്പോൾ ആർക്കുമതിനോട് പൊരുത്തപ്പെടാനായില്ല. ഞാൻ തന്നെയാണ് മുന്തിയതെന്ന തോന്നലുമായി നടക്കുമ്പോഴാണ് ട്വന്റി-ട്വന്റി കണ്ണുരുട്ടിയത്. ഉരുട്ടി ചുകപ്പിച്ച കണ്ണ് അടുത്തകാലത്തൊന്നും ചിമ്മുന്ന ലക്ഷണവുമില്ല. "എന്നാ പിന്നെ നന്നായേക്കാ"മെന്ന് കരുതിയവരുടെ കൂട്ടത്തിൽ ഞാനും കൂടി. വായനയുടെ  ഒരു വർഷാവസാന കണക്കെടുപ്പ് നടത്തി, അടുത്ത കൊല്ലത്തേക്കുള്ള യമണ്ടൻ തീരുമാനങ്ങളുമായി പുതുവർഷത്തെ ഞെട്ടിക്കുന്ന എൻ്റെ പതിവ് രീതിയൊന്ന് മാറ്റുകയാണ്. എണ്ണിയാൽ തീരാത്ത നഷ്ടങ്ങളെ കുറിച്ചെഴുതി പരാതി പറയുന്നതിനേക്കാൾ നല്ലത് "സൂക്ഷിച്ച് നോക്കിയേ, എന്തെങ്കിലും മാറ്റമുണ്ടോ?" ന്ന് ചോദിക്കുന്നതാണ്. ഉത്തരമെന്തായാലും ഒന്നെഴുതി നോക്കിയാലോ...

ഒക്ടോബർ മുതൽ ശീതകാലനിദ്രയിലായ കമ്പനി ഇനി 2021 ലെ ഉണരൂ. അതുവരെ വായിച്ചും, ഉറങ്ങിയും വിശ്രമിക്കാനുള്ള തീരുമാനം തുടക്കത്തിലേ പാളി. കോവിഡ് അപ്ഡേറ്റുകളുമായി എത്തുന്ന കമ്പനി സന്ദേശങ്ങളുടെ കൂട്ടത്തിലാണ് ചില കോഴ്സുകൾ ചെയ്യണമെന്ന നിർദ്ദേശമുണ്ടായത്. Diversity & Inclusion, Communication, Wellness, Social Media, Privacy എന്നീ വിഷയങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. സാധാരണയായി കമ്പനി തന്നെയാണ് ഓരോ കോഴ്സുകൾ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് നടത്തിയിരുന്നത്.  സഹപ്രവർത്തകരോടൊന്നിച്ച് ചർച്ച ചെയ്തും ഇടയ്ക്ക് കോഫിയും കുക്കീസുമൊക്കെയായി ഒരാഘോഷമായിരുന്നു. അതൊക്കെയൊരു കാലമെന്നോർത്തു നെടുവീർപ്പിട്ട് കോഴ്‌സുകൾ പരതി. ട്വന്റി-ട്വന്റി പഴയ ശീലമൊക്കെ കണ്ണുരുട്ടി പറപറത്തിയിരിക്കുകയല്ലേ?  

പഠിക്കാൻ ആവശ്യപ്പെട്ട വിഷയങ്ങൾ കണ്ടത്തിയത് Coursera യിലാണ്. ഓരോ വർഷവും പുതിയ എന്തെങ്കിലും വിഷയങ്ങൾ പഠിക്കുമെന്ന ഇമ്മിണി വലിയ തീരുമാനങ്ങളെടുക്കാൻ ഞാൻ ബഹുമിടുക്കിയാണ്. നാളെ നാളെ നീളെ നീളെ... എന്ന് സ്വയം പറ്റിച്ച്, പഠിക്കാതിരിക്കാനുള്ള മുടന്തൻ ന്യായങ്ങളിൽ ആശ്വസിക്കുന്ന ആളാണ് മനസ്സില്ലാമനസ്സോടെ സ്കൂളിൽ ചേർന്നത്. ഒറ്റയ്ക്ക് തുടങ്ങിയ പഠനത്തിലേക്ക് ജപ്പാൻ, ഫ്രാൻസ്, വാൻകൂവർ എന്നിവിടങ്ങളിൽ നിന്ന് സഹപ്രവർത്തകർ കൂടി ചേർന്നതോടെ സംഗതി കൊഴുത്തു. ആദ്യം കൈവെച്ചത് Diversity & Inclusion in Workplace  എന്ന വിഷയത്തിലാണ്. സഹപ്രവർത്തകരായതിനാൽ വീഴ്ചകൾ ശരിയായി വിശകലനം ചെയ്യാൻ സാധിച്ചു. ഓഫീസിലുണ്ടായ ഓരോ സംഭവങ്ങളെ മുൻനിർത്തിയായിരുന്നു ഞങ്ങളുടെ പഠനം. അതുകൊണ്ട് ഭാവിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്ക് കൂടുതൽ വ്യക്തതയുണ്ടായി. ഒന്ന് രണ്ട് വിഷയങ്ങൾ മാത്രം ചെയ്ത് പരിപാടി അവസാനിപ്പിക്കണമെന്ന തീരുമാനം വളരെ പെട്ടെന്ന് തന്നെ മാറ്റി. Courseraയിലൂടെ ഇഷ്ടമുള്ള വിഷയങ്ങൾ ലോകോത്തര യൂണിവേഴ്സിറ്റികളിൽ നിന്ന് ഓൺലൈനായി തികച്ചും സൗജന്യമായി പഠിക്കാം. ചില കോഴ്സുകളുടെ പരീക്ഷകൾ മൂല്യനിർണ്ണയത്തിനായി യൂണിവേഴ്സിറ്റി സ്വീകരിക്കണമെങ്കിൽ  ഫീസടച്ച് അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഇങ്ങനെയുള്ളവയുടെ ക്ലാസുകൾ നമുക്ക് ലഭിക്കുമെങ്കിലും കോഴ്സ് മുഴുവനാകില്ല.

മമ്പാട് കോളേജിൽ ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് പഠിച്ചിരുന്ന ഹുസൈൻ ഇക്‌ണോമിക്‌സ് വിദ്യാർത്ഥികൾക്കുള്ള സെമിനാറിൽ പോയിരിക്കുമ്പോൾ പ്രൊഫ. അപ്പുക്കുട്ടൻ സാർ പറയുമായിരുന്നു, "ഞാനിവിടെ മാക്രോ/മൈക്രോ എന്നൊക്കെ പറയുമ്പോൾ ചിലർക്കത് തവള കരയുന്നത് പോലെ തോന്നുമെന്ന്‌". അപ്പുക്കുട്ടൻ മാഷ് പറഞ്ഞത് പോലെ, Python (Programming Language) എന്ന് കേട്ടാൽ പെരുമ്പാമ്പിനെ മാത്രമേ എനിക്കോർമ്മ വരൂ. പഠിച്ചതല്ലേ പാടൂ... Courseraയുടെ വരാന്തയിൽ കൂടി നടന്നപ്പോൾ അവിടെ പെരുമ്പാമ്പും, കോഡിങ്ങും, സൈബർ സെക്യൂരിറ്റിയും, സൈക്കോളജിയും, എക്കണോമിക്‌സും മാത്രമല്ല പാട്ട് ടീച്ചർ വരെ സ്നേഹത്തോടെ ക്ലാസുകളിലേക്ക് ക്ഷണിക്കുന്നു. തുടങ്ങാനായിരുന്നു പ്രയാസം.. പഠിക്കാനും അറിയാനും താൽപ്പര്യമുള്ള ഒരുപാട് വിഷയങ്ങളുണ്ട്. മോനോടൊപ്പം പഠിച്ചതാണ് Psychological First Aid കോഴ്സ്. അവസാന പരീക്ഷ ഞാൻ തോറ്റെങ്കിലും സപ്ലി എഴുതി പാസ്സായി.  

സ്കൂളിൽ പോകാൻ എനിക്ക് മടിയായിരുന്നൂന്ന് ഉമ്മ പറയാറുണ്ട്. അലറൽ, കീരി പല്ലുകൾ കൊണ്ട് കടിക്കുക, മാന്തുക തുടങ്ങിയ ആയോധനകലകളിലെ  പ്രാവീണ്യം കൂട്ട് വരുന്നവരിൽ പ്രയോഗിക്കാൻ വളരെ മിടുക്കിയുമായിരുന്നു... അത്രയ്ക്ക് നല്ല കുട്ടിയാണ് Coursera യിൽ മാത്രമല്ല Duolingo യിൽ നിന്ന് ഫ്രഞ്ചും പഠിക്കുന്നത്. ഹുസൈൻ സ്പാനിഷ് ക്ലാസ്സിലാണ്. എല്ലാ ആഴ്ചയും Duolingo യിലെ പച്ച കുപ്പായക്കാരൻ പ്രോഗ്രസ്സ് റിപ്പോർട്ട് അയക്കും. ഒറ്റ ദിവസം പോലും ക്ലാസ് കട്ട് ചെയ്യാൻ സമ്മതിക്കൂല. നെല്ലിക്ക തിന്നുന്ന പോലെയാണ്, ചവർപ്പും മധുരവും! മക്കളുടെ പഠന കാര്യങ്ങളിൽ വലിയ തോതിലൊന്നും ഞങ്ങൾ ഇടപ്പെട്ടിട്ടില്ല. പക്ഷെ ഇപ്പോൾ അവരാണ് ഞങ്ങളുടെ പഠന കാര്യങ്ങൾ അന്വേഷിക്കുന്നത്. ഉഴപ്പി കളിയൊന്നും പറ്റില്ല, രണ്ടുപേരും വളരെ ഗൗരവത്തിലാവും. ഈ ആഴ്ചത്തെ പ്രോഗ്രസ്സ് റിപ്പോർട്ടിൽ തൃപ്‌തരായി Rosetta Stone എന്ന പുതിയൊരു സ്കൂളിലും ഞങ്ങളെ കൊണ്ട് ചേർത്തിട്ടുണ്ട്. പഠനങ്ങളുടെയും അറിവുകളുടെയും വാതായനങ്ങൾ  തുറക്കാൻ കഴിഞ്ഞതിന് ട്വന്റി-ട്വന്റിയോട്  നന്ദി പറയേണ്ടതുണ്ട്.   

ആദ്യമായാണ് മറ്റൊരാളുടെ ബ്ലോഗ് പോസ്റ്റിന് തുടർച്ചയായി ഞാനൊരു പോസ്റ്റിടുന്നത്. ബ്ലോഗുലകത്തിലെ കാരണവരായ അരീക്കോടൻ മാഷിന് വാക്ക് കൊടുത്തതാണ്. മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിൽ അരീക്കോടൻ മാഷ്  Coursera യെ കുറിച്ചെഴുതിയത് വിശ്വവിഖ്യാതമായ MOOCകൾ -1 വായിക്കാം. മാഷിൻ്റെ പഠനങ്ങളെ കുറിച്ച് അറിയാനായതിൽ ഏറെ സന്തോഷമുണ്ട്. ഒരേ കോളേജിൽ പഠിച്ചതാണെങ്കിലും എന്നെ പോലെയല്ല, തിരക്കിനോട് തിരക്കി നിന്ന് മാഷ് പഠിച്ചു കൊണ്ടേയിരിക്കും. Coursera മുഴുവൻ അരച്ച് കലക്കി കുടിക്കാൻ വലിയ താമസമുണ്ടാവില്ല  അരീക്കോടൻ മാഷ്ക്ക്!

                                                                                                                                                (തുടരും )

10 comments:

  1. ആഹാ.... എനിക്കും വേണം ഫ്രഞ്ചും സ്പാനിഷും ഒക്കെ പഠിച്ച് എംബാപ്പെ , മെസ്സി,CR 7 യുമായി ഒക്കെ ഒന്ന് കൂട്ടുകൂടാൻ... ഇതാ ഞാൻ Duolingo യിൽ കയറി. പുതിയ വാതായനം തുറന്ന് തന്ന ഈ പരിചയപ്പെടുത്തലിന് നന്ദി.

    ReplyDelete
    Replies
    1. ഹഹഹ... വേണ്ടത് തന്നെ മാഷേ :)

      Delete
  2. പുതുതായിട്ടൊന്നും പഠിക്കാൻ എൻറെ മണ്ടയിൽ സ്ഥലമില്ല മുബീ
    ആകെമൊത്തം വിവരക്കേടാണ്
    പോരാത്തതിന് കുരുത്തക്കേടും...
    ഇവ രണ്ടും കൂടുന്തോറും വളർന്നു വരുന്നു.. :)
    തൻറെ എഴുത്തിൽ ഏറ്റവും ഇഷ്ടപെട്ടത് കീരിപ്പല്ലും നഖവും ഉപയോഗിച്ചുള്ള ആ ആയോധനകല തന്നെ
    ഞമ്മളും അതിൽ മിടുക്കനായിരുന്നെ
    പക്ഷെ വളർച്ച മുട്ടി ഒരു ബോൺസായ് വൃക്ഷം പോലെ പ്രൈമറി സ്‌കൂൾ മുറ്റത്ത് അലഞ്ഞുതിരിയുന്നു, മനസ്സിപ്പോഴും.
    നല്ലെഴുത്ത് മുബീ.... അസലായിരിക്കുന്നു.

    ReplyDelete
    Replies
    1. ആസാദ്, അത് തന്നെയാണ് എൻ്റെ മണ്ടയിലും... എന്ത് കേൾക്കുമ്പോഴും തവള കരയുന്നത് പോലെ തോന്നരുതല്ലോ. അപ്പോൾ പിന്നെ കിട്ടിയ കുറച്ചു സമയം എന്തെങ്കിലും നോക്കാന്ന് കരുതി. നന്ദി :)

      Delete
  3. ഇപ്പോൾ കയ്യിലുള്ള ഭാഷകൊണ്ട് തന്നെ പിടിച്ചു നിൽക്കുവാൻ പാട് പെടുവാ...DUOLINGO തുറന്നാൽ ഏതു ഭാഷ പഠിക്കണം എന്ന കൺഫ്യൂഷൻ ആയി. അല്ല, ഇനി പഠിച്ചിട്ടു ആരോട് പറയാനാ...?? മുബിയോട് പറയേണ്ടി വരും. 

    കാലങ്ങൾ ഇങ്ങനെ പോയിക്കൊണ്ടിരിക്കും പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് , എന്നാലും ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ ജീവിക്കുവാൻ ശ്രമിക്കുക. കാരണം ജീവിക്കാൻ തന്നെ പാടാണ്. 

    നല്ലൊരു പുതുവർഷം ആശംസിക്കുന്നു..

    ReplyDelete
  4. പഠനങ്ങളുടെയും അറിവുകളുടെയും വാതായനങ്ങൾ തുറക്കാൻ കഴിഞ്ഞതിന് ട്വന്റി-ട്വന്റിയോട് നന്ദി പറഞ്ഞേ മതിയാവൂ ...

    എന്തായാലും രസാവഹമായി തന്നെ കാര്യങ്ങൾ പറഞ്ഞൂട്ടാ

    ReplyDelete
    Replies
    1. സ്നേഹം... സന്തോഷം :)

      Delete