Wednesday, December 16, 2020

ശബ്ദസഞ്ചാരങ്ങൾ

ഉപ്പാൻ്റെ സുഹൃത്ത് ഗൾഫിൽ നിന്ന് കൊണ്ട് വന്ന നാഷണൽ പനാസോണിക്കിൽ ഞങ്ങൾ സ്വന്തം ശബ്ദം റെക്കോർഡ് ചെയ്തു കേൾക്കാൻ ഉന്തും തള്ളുമായി നിന്ന ബാല്യ കുതൂഹലങ്ങൾ എങ്ങനെ മറക്കാനാണ്. ജീവിതത്തിൻ്റെ താളക്രമങ്ങൾ റേഡിയോ ചിട്ടപ്പെടുത്തിയിരുന്നിടത്തേക്കാണ് കാസറ്റ് എന്ന അത്ഭുതമെത്തുന്നത്. ഓല വലിഞ്ഞ് പാട്ടുകളും ശബ്ദങ്ങളും ഇഴഞ്ഞിഴഞ്ഞു നിലയ്ക്കുവോളം അതിനെ വെറുതെ വിട്ടിരുന്നില്ല. ദേശങ്ങളിൽ നിന്ന് കാസറ്റുകൾ പ്രിയരുടെ ശബ്ദവും പേറി കടൽ കടന്നു വരികയും പോവുകയും ചെയ്തു. എഴുതാനും വായിക്കാനും മറ്റുള്ളവരുടെ സഹായം തേടിയിരുന്നവർക്ക് കാസറ്റുകൾ കുറച്ചൊന്നുമല്ല ആശ്വാസമായത്. അവിടെനിന്ന് നമ്മളെത്ര മുന്നോട്ട് പോയിരിക്കുന്നു. സ്മാർട്ട്ഫോണിൽ ലോകം ഒതുങ്ങിയ കാലത്ത് വളരുന്ന മക്കളോട് ഇതൊക്കെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?   


Pic Courtesy: Google Images


പനാസോണിക്കിലൂടെ എൻ്റെ ശബ്ദം തിരിച്ചു കേട്ടപ്പോൾ തോന്നിയ കോരിത്തരിപ്പ് മാത്രമായിരുന്നു ഒക്ടോബറിൽ പോഡ്കാസ്റ്റ് പരീക്ഷിക്കാനുള്ള മുതൽക്കൂട്ട്. പന്ത്രണ്ട് വർഷത്തിനുശേഷം ട്വന്റിട്വന്റിയിലാണ് ദേശാന്തര കാഴ്ചകൾ എന്ന എൻ്റെ ബ്ലോഗിനൊരു കൂടപ്പിറപ്പുണ്ടാവുന്നത്. എന്തെങ്കിലുമൊന്ന് ചെയ്യാതിരിക്കാൻ എന്തൊക്കെ കാരണങ്ങളുണ്ടോ അതെല്ലാം മനസ്സിലേക്ക് സമയാസമയങ്ങളിൽ  ഓട്ടോറിക്ഷ പിടിച്ചെത്തി കാര്യങ്ങൾ നീട്ടി കൊണ്ടുപോയി... സ്ഥിരമായി ഇംഗ്ലീഷ് പോഡ്‌കാസ്റ്റുകൾ കേൾക്കാറുണ്ടായിരുന്നെങ്കിലും മലയാളത്തിൽ ഞാനതിന് തുനിഞ്ഞത് ഇപ്പോഴാണെന്ന് മാത്രം.

പോഡ്‌കാസ്റ്റുകളുമായി ചങ്ങാത്തത്തിലായത് കണ്ണ് ഡോക്ടർ വായന മതിയാക്കാൻ പറഞ്ഞപ്പോഴായിരുന്നു. 'രണ്ടക്ഷരം വായിച്ചൂടെ' എന്ന ചോദ്യം മാത്രം കേട്ട് തഴമ്പിച്ച ചെവിയിൽ പതുക്കെ പല്ലിറുമ്മി കൊണ്ട് ഡോക്ടർ പറഞ്ഞു, "ഒരക്ഷരം വായിക്കരുത്, രണ്ടാഴ്ച കണ്ണിന് പരിപൂർണ്ണ വിശ്രമം". ഞാൻ തളർന്നത് കണ്ടപ്പോൾ ഡോക്ടർ കൂടുതൽ ഉഷാറായി. പുസ്തക വായനയും സ്ക്രീൻ ടൈമും കുറച്ച്, ഓഡിയോ പുസ്തകങ്ങളും, പോഡ്‌കാസ്റ്റുകളും കേൾക്കൂ. കണ്ണുകൾക്ക് വിശ്രമം കൊടുക്കണം... എല്ലാം സമ്മതിച്ചു അണുനാശിനിയിൽ മുങ്ങി നിവർന്ന് ഡോക്ടറുടെ ഓഫീസിൽ നിന്ന് പുറത്തു കടന്നു. 2020  ജൂണിലെ രണ്ടാഴ്ച കാലം ഞാനൊരു മുഴുവൻ സമയ കേൾവിക്കാരിയായി.  

Vintage Collections in London, UK 

1980 കളിൽ തുടക്കം കുറിച്ചെങ്കിലും പോഡ്കാസ്റ്റ് വേരുപിടിച്ചത് 2004 ലാണെന്ന് വിക്കിയിലെ ചരിത്രം പറയുന്നു. വിരലിലെണ്ണാവുന്ന ഇംഗ്ലീഷ് പോഡ്‌കാസ്റ്റുകൾ മാത്രമാണ് ഞാൻ കേട്ടിരുന്നത്.  TED Talks Daily,  6 minute English(BBC), Word of the Day, Oprah's Super Soul Conversations  എന്നിവയായിരുന്നു പ്രിയം. പിന്നെയാണ് പുസ്തകങ്ങളെ സംബന്ധിച്ച പോഡ്‌കാസ്റ്റുകളിലേക്കും, മാതൃഭൂമിയിലും മറ്റും വരുന്ന കഥകളുടെയും കവിതകളുടെയും ഓഡിയോ ക്ലിപ്പുകളിലേക്കും കേൾവി പുരോഗമിച്ചത്. അവസാനമായി നാട്ടിൽ  നിന്ന് പുസ്തകങ്ങളെത്തിയത് ഫെബ്രുവരിയിലാണ്. അതിനുശേഷം കിൻഡിലുമായി നടക്കുമ്പോഴാണ് ഡോക്ടർ ചുകന്ന കൊടി വീശിയത്. അങ്ങനെ വായനയും കേൾവിയിലേക്ക് വഴിമാറി. ഇന്ത്യൻ ഭാഷകളിൽ ഓഡിയോ പുസ്തകങ്ങൾ ലഭിക്കുന്ന സ്റ്റോറി ടെലിൽ ഞാൻ കയറി കൂടി.  പേജുകൾ മണക്കണം, മറിക്കണം, തൊടണം എന്നൊക്കെയുള്ള ശീലങ്ങളോട് ശാരീരിക അകലംപാലിച്ചു. വായനക്ക് പോയ പ്രിയപ്പെട്ട പുസ്തകങ്ങൾ കൂടണയുമോ എന്നാർത്തുള്ള ആധിക്ക്  നല്ല ശമനമുണ്ട്. പിന്നെ, Listening Skill മൊത്തത്തിലൊന്ന് മെച്ചപ്പെട്ടതായും തോന്നുന്നു.

ബ്ലോഗ് പോസ്റ്റുകൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കണമെന്ന ആഗ്രഹം ശക്തമായി തോന്നി തുടങ്ങിയിരുന്നെങ്കിലും എങ്ങനെ വേണമെന്ന കാര്യത്തിൽ ഒരു രൂപവുമുണ്ടായിരുന്നില്ല. പണ്ടൊരിക്കൽ ഗൂഗിളിൽ മലയാളം പോഡ്കാസ്റ്റ് തിരഞ്ഞപ്പോൾ കാര്യമായൊന്നും തടയാതിരുന്നതിനാൽ ആ വാതിൽ അടഞ്ഞു തന്നെ കിടന്നു. ദോശ മറിച്ചിടുന്നത് പോലെ ദിവസങ്ങൾ അതിൻ്റെ വഴിക്ക് പോകുന്നതിനിടക്കാണ് ഡൽഹിയിലുള്ള മാധ്യമപ്രവർത്തകനായ എസ് ഗോപാലകൃഷ്ണൻ്റെ Dilli Dali യെന്ന പോഡ്‌കാസ്റ്റിൽ വി. മുസഫർ അഹമ്മദിൻ്റെ മലപ്പുറം മാനിഫെസ്റ്റോ  കേൾക്കാനിടയായത്. 'ഇത് കൊള്ളാലോ' എന്ന് തോന്നിയെങ്കിലും ഞാൻ അനങ്ങിയില്ല. രഹസ്യമായെങ്കിലും പണ്ടത്തെ കാസ്സറ്റുകളിലേക്ക് തന്നെ മനസ്സ് പാഞ്ഞു കൊണ്ടിരുന്നു.  

വിനോദ് നാരായണൻ (ബല്ലാത്ത പഹയൻ) International Podcast ദിനത്തിൽ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിലൂടെയാണ് മലയാളത്തിലെ പോഡ്കാസ്റ്റ് പ്രവണത തിരിച്ചറിയാനായത്.  എന്നോടൊപ്പം, ആശയങ്ങളുടെ വർത്തമാനങ്ങളുമായി എത്തുന്ന Intuition Talk, കേക്കടോ(kaecawdo), Pahayan's Malayalam Podcast, Podcasts by Arabind Chandresekhar, Tent Podcast, Bookaholics, Lifeline, Monkeyfied  തുടങ്ങി നിരവധി പ്രഗത്ഭരുണ്ട്. ടെലിഗ്രാമിലും, ഇൻസ്റ്റാഗ്രാമിലും മലയാളം പോഡ്കാസ്റ്റ് ചാനലും കമ്മ്യൂണിറ്റിയുമുണ്ട്. ഇതിനിടയിലേക്കാണ് ഞാൻ...

ദേശാന്തര കാഴ്ചകളുടെ ആസ്വാദകർക്ക് പരിചയമുള്ള പേരാണ് ചിൽകൂട്ട്. അലാസ്കയിലെ ദിയയിൽ നിന്ന് തുടങ്ങി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രോവിൻസിൽ അവസാനിക്കുന്നതാണ് ചരിത്രപ്രസിദ്ധമായ ചിൽകൂട്ട് ട്രെയിൽ. 33 മൈൽ ദൈർഘ്യമേറിയ ഈ ട്രെയിൽ മുഴവനായി  നടന്നെത്താൻ ഒരാഴ്ചയെങ്കിലും വേണം. ഞങ്ങളാണെങ്കിൽ അതിൻ്റെ അരികിലെത്തിയതുമാണ്. ബക്കറ്റിൽ തന്നെ കിടക്കുന്ന ആ മോഹമാണ് പോഡ്‌കാസ്റ്റിന് പേരായി നൽകിയത്. പേരിടൽ ഒക്ടോബർ ആദ്യവാരത്തിൽ കഴിഞ്ഞെങ്കിലും ആദ്യ എപ്പിസോഡ് Anchor Platformലൂടെ പുറത്തിറങ്ങിയത് October 17 നാണ്. ഇതുവരെ ഞാൻ ചെയ്ത എപ്പിസോഡുകൾ Chilkoot Podcast എന്ന ബ്ലോഗ് പേജിലുണ്ട്. 

ചിൽകൂട്ടിലേക്കായി പുതിയ വിഷയങ്ങളൊന്നും ഇപ്പോൾ ചെയ്യുന്നില്ല. ബ്ലോഗ് പോസ്റ്റുകൾ  തന്നെ പത്ത് മിനിറ്റിനുള്ളിൽ ഒതുങ്ങുന്ന തരത്തിലേക്ക് മാറ്റുകയാണ്. പോഡ്കാസ്റ്റ് കേട്ട്, വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇവിടെക്ക് സ്വാഗതം. ഓരോ എപ്പിസോഡിനുമുള്ള കമന്റുകൾ ആങ്കറിൽ ശബ്ദസന്ദേശമായോ സോഷ്യൽ മീഡിയ വഴിയോ കേൾവിക്കാർക്ക് അറിയിക്കാം. മറ്റ് സാങ്കേതികവിദ്യകൾ ഞാനും പഠിക്കുന്നതേയുള്ളൂ. ആരെങ്കിലും കേൾക്കുമോ എന്ന ചോദ്യത്തിനുത്തരം ഇതേയുള്ളൂ എനിക്ക് പറയാൻ, ബ്ലോഗിലെഴുതാൻ ഇഷ്ടമുള്ളവർ ഇവിടെയുണ്ടാവും അവരെ വായിക്കുന്നവരും. ബ്ലോഗ് പോലെ മറ്റൊരു മാധ്യമമാണ് പോഡ്‌കാസ്റ്റും!

"You just need one person to listen, get your message, and pass it on to someone else. And you've doubled your audience." - Robert Gerrish

 
                                                                                                                                    

17 comments:

  1. ഇതുവരെ ഞാൻ ചെയ്ത എപ്പിസോഡുകൾ Chilkoot Podcast എന്ന ബ്ലോഗ് പേജിലുണ്ട്. https://mubidaily.blogspot.com/p/chilkoot-podcast.html

    ReplyDelete
  2. ചേച്ചീ എനിക്ക് പോഡ്കാസ്റ്റിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.ഓഡിയോ ബുക്ക്സ് ചിലതൊക്കെ ട്രൈ ചെയ്തിരുന്നു എന്നത് വിട്ട് ഇങ്ങനൊരു സംഭവം ഉള്ളതായി ഇപ്പഴാ മനസിലായത്.കണ്ണിന് വേഗം സുഖാവട്ടെ.പോഡ്കാസ്റ്റിൻറെ ലിങ്കിൽ പോയി നോക്കിട്ടാ.കേട്ടിട്ട് ബാക്കി പറയാം

    ReplyDelete
    Replies
    1. നോക്കൂ... ഇഷ്ടമുള്ള വിഷയങ്ങളുണ്ടാവും തീർച്ചയാണ്. സന്തോഷം മാധവൻ  :)

      Delete
  3. മുബിക്കു ഒരു Blog ഉള്ളത് ഇന്നാണ് അറിയുന്നത്, നല്ല ഒഴുക്കുള്ള ഭാഷ. ഒറ്റയിരുപ്പിന് വായിച്ചു... ബ്ലോഗിലെ പോസ്റ്റുകൾ podcast ആയി കേൾക്കുവാൻ കാത്തിരിക്കുന്നു 😊 എന്നോടൊപ്പം mention ചെയ്തതിനു ഒരു special thanks 🥰

    ReplyDelete
    Replies
    1. എനിക്ക് പ്രിയപ്പെട്ട ഇടമാണ് ബ്ലോഗ് :) 'എന്നോടൊപ്പം' ഇവിടെ കൂടിയതിൽ ഒത്തിരി നന്ദി... സ്നേഹം 

      Delete
  4. മുബൈയുടെ പോസ്റ്റുകൾ ഒക്കെ എണ്ണം പറഞ്ഞവയാണ്
    വരികളിൽ കൂടി സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത്

    ReplyDelete
  5. കാണാത്തത് കാണുവാനും, കേൾക്കാത്തത് കേൾക്കുവാനും, അറിയാത്തത് അറിയുവാനും ഒരേ ഒരാശ്രയം mubidaily. ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു... 

    ReplyDelete
    Replies
    1. നന്ദി ഷൈജു... വായിക്കുന്നുണ്ടെന്നറിയാം. പോഡ്കാസ്റ്റ് ഒന്ന് കേട്ട് നോക്കൂട്ടൊ :) ഇഷ്ടായാൽ ബ്ലോഗിലെ കവിതകൾ ചൊല്ലിയിടാൻ ഒരു പോഡ്കാസ്റ്റ് തുടങ്ങാം.

      Delete
  6. Hi Mubi,
    What a pleasant surprise.
    Pleasant memories of olden days.
    Cassette recorder and the wonderful records of olden times. Nostalgia!

    Still remember those golden days when we use to record the conversation of our parents and other family members and as a surprise we play it in front of them that really surprised them and we all enjoyed together.
    This post helped me to travel to that olden days.
    Good to hear your podcast too. Subscribed.
    Great Going. All the best.
    Philip
    Philpscom Views
    Hyderabad.

    ReplyDelete
  7. Hi Philip,

    Glad to see you again here. It's been a long time. Yes, the cassette player excitement for us still overshadows any new changes of modern life. Thank you for sharing your memories. It was a great trip down memory lane! Once again, thanks for subscribing my podcast.

    Love & wishes,

    ReplyDelete
  8. കുറച്ചു കാലമായി ബ്ലോഗ് തുറക്കാറില്ല. അതുകൊണ്ട് പോസ്റ്റുകളൊന്നും കണ്ണിൽപ്പെട്ടില്ല. പോഡ്കാസ്റ്റ്‌ ഒരു ഇഷ്ട വിഷയം തന്നെയാണ്.പോസ്റ്റ് വളരെ പുതുമായുള്ളതായി തോന്നിയതും അതുകൊണ്ടാണ്. പോഡ്കാസ്റ്റിൽ മറ്റു ചിലരുടെ സൃഷ്ടികൾ ഒക്കെ കേട്ടിട്ടുണ്ട്..മലയാളത്തിലും അത് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

    ReplyDelete
    Replies
    1. ഇക്കാ, ഒരുപാട് നാളായി. ഞാൻ FB യിൽ കയറുന്നത് വളരെ കുറവാണ്. ബ്ലോഗിൽ സ്ഥിരമായുണ്ടാവും. പോഡ്കാസ്റ്റ് കേൾക്കൂ... അഭിപ്രായമറിയിച്ചാൽ സന്തോഷം :) 

      Delete
  9. വിജ്ഞാനപ്രദം ...

    പോഡ്കാസ്റ്റ് പ്രാബല്യത്തിൽ വരുന്നതിന് മുന്നേ ഇവിടത്തെ ലൈബ്രറിയിൽ 'ലിസണിങ് ബുക്ക്‌സ്' ആവശ്യക്കാർക്ക് അവിടെയിരുന്ന് കേൾക്കാവുന്ന സൗകര്യങ്ങൾ കണ്ടിരുന്നു ...

    നാലഞ്ചുകൊല്ലം മുമ്പ് മുതലാണ് ഇവിടെ ചില പോഡ്കാസ്റ്റ് കമ്യൂണിറ്റികൾ ഉടലെടുത്തത് , കൂടുതലും സാഹിത്യമായിരുന്നു ...

    2018 മുതൽ cctv കൺട്രോൾ റൂമിൽ പോഡ്കാസ്റ്റുകൾ കേൾക്കുവാൻ അനുവദിച്ചപ്പോൾ മുതൽ ചില ആംഗലേയ പോഡ്കാസ്റ്റുകൾ ഞാൻ കേട്ടിരുന്നു .

    ലോക്ക് ഡൗൺ പീരിയഡിലാണ് ഫോർവേർഡ് ചെയ്യപ്പെട്ട ചില മലയാളം ശബ്ദശകലങ്ങൾ കേട്ടുതുടങ്ങിയത് ..

    എന്നാലും മുബി ഇവിടെ കുത്തിമറിയുന്നുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് കേട്ടോ

    ReplyDelete
    Replies
    1. മൂന്ന് മാസമേ ആയിട്ടുള്ളൂ മുരളിയേട്ടാ...  ആരോഗ്യപ്രവർത്തകരായ അനിയത്തിക്കും എൻ്റെ മകനും വലിയൊരു ആശ്വാസമാണ് എന്നറിയാവുന്നത് കൊണ്ട് തുടരണമെന്നാണ് ആഗ്രഹം :) കുറെ നല്ല മലയാളം പോഡ്‌കാസ്റ്റേഴ്‌സ് ഉണ്ട്, കേട്ട് നോക്കൂ... ഇഷ്ടാവും.

      Delete
  10. Congrats... അറിയാൻ വൈകിപ്പോയി. വ്ലോഗ് പോലെ ഒന്ന് ശ്രമിക്കട്ടെ. മുമ്പ് ഡി പ്രദീപ്കുമാർ എല്ലാ ബ്ലോഗ് ശില്പശാലയിലും പോഡ്കാസ്റ്റ് പരിചയപ്പെടുത്താറുണ്ടായിരുന്നു.

    ReplyDelete
  11. നന്ദി മാഷേ... പോഡ്കാസ്റ്റ് തുടങ്ങിയാൽ അറിയിക്കണം..

    ReplyDelete