നാലു വർഷങ്ങൾക്ക് മുമ്പാണ്, 2016 Sep 30ന് മിസ്സിസ്സാഗയിലെ ഒരു പ്രാഥമിക വിദ്യാലയത്തിലേക്ക് അടിയന്തിരമായി പോലീസിനെ വിളിക്കുകയുണ്ടായി. ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് പോലീസിൻ്റെ സഹായം തേടാൻ സ്കൂൾ അധികൃതരെ നിർബന്ധിതരാക്കിയ വ്യക്തിയുടെ പ്രായമറിഞ്ഞാൽ ഞെട്ടും... ആറ് വയസ്സ്! അന്ന് രാവിലെ ആ കുഞ്ഞ്, ക്ലാസ്സിലെ രണ്ടു കുട്ടികളെ അടിക്കുകയും, അധ്യാപികയേയും, പ്രിൻസിപ്പാളിനേയും ചവിട്ടുകയും ചെയ്ത ഭീകര കുറ്റത്തിനാണ് സ്കൂളിലേക്ക് പോലീസ് കാറുകൾ ചീറിയെത്തിയത്. കുട്ടിയെ കമിഴ്ത്തി കിടത്തി കുഞ്ഞി കൈകളിൽ വിലങ്ങണിയിച്ച് തകർന്നു പോയ സമാധാനാന്തരീക്ഷം പോലീസ് നിമിഷങ്ങൾക്കകം പുനഃസ്ഥാപിച്ചു. അഭിനന്ദനാർഹം! ഇതേ സ്കൂൾ പലവട്ടമായി ഈ ആറു വയസ്സുകാരിയെ "സസ്‌പെൻഡ്" ചെയ്ത ചരിത്രവുമുണ്ട്. കുട്ടിയുടെയും മറ്റുള്ളവരുടെയും സുരക്ഷയെ കണക്കിലെടുത്താണ് സ്കൂളും പോലീസും അങ്ങനെ പെരുമാറിയതെന്ന വിശദീകരണം വിലപ്പോയില്ല. വംശീയ വിവേചനമാണ് കുട്ടിയോട് കാണിച്ചതെന്ന് അമ്മ ആരോപിച്ചു.
സ്കൂൾ അധികൃതരും പോലീസും കുട്ടിയുടെ തൊലിയുടെ നിറം നോക്കിയാണ് പെരുമാറിയതെന്ന ശക്തമായ വിമർശനങ്ങൾ ബ്ലാക്ക് കമ്മ്യൂണിറ്റിയിൽ നിന്ന് ഉയർന്നു. ആ കുഞ്ഞിനും കുടുംബത്തിനും നിയമ സഹായങ്ങളുമായി കമ്മ്യൂണിറ്റിയും മനുഷ്യാവകാശ പ്രവർത്തകരും ഒരുമിച്ചു. മനുഷ്യാവകാശ ട്രിബ്യുണൽ വംശീയ ആരോപണം ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീട് അത് ശരിവെക്കുകയായിരുന്നു. മറ്റു പലരേക്കാളും സ്കൂളിലെ അസിസ്റ്റന്റ് ടീച്ചറുടെ മൊഴികൾ വിശ്വസനീയമായിരുന്നൂവെന്ന് ട്രിബ്യുണൽ പിന്നീട് രേഖപ്പെടുത്തുകയുണ്ടായി.
2016-ലെ ഈ സംഭവം എന്നെ വളരെയധികം അസ്വസ്ഥതപ്പെടുത്തിയിരുന്നു. കാൻസർ രോഗിയായ ആ അമ്മയും മകളും അനുഭവിച്ച മാനസികസംഘർഷം ഓർത്ത് ഉറക്കം നഷ്ടപ്പെട്ടു. കേസുകൾ നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും കൂടുതൽ മനസ്സിലാക്കിയത് കനേഡിയൻ മാധ്യമപ്രവർത്തകനായ ഡെസ്മണ്ട് കോളിൻ്റെ, "The Skin We're In" എന്ന പുസ്തകത്തിൽ നിന്നാണ്. മറ്റു പല സംഭവങ്ങളെ പോലെ ഇതും മാഞ്ഞു പോകുമെന്നാണ് കരുതിയത്. എന്നാൽ പുതുവർഷത്തിൽ കേട്ട മനുഷ്യാവകാശ ട്രിബ്യുണലിൻ്റെ വിധി പ്രതീക്ഷയുണർത്തുന്നതാണ്. കുട്ടിക്കും കുടുംബത്തിനും $35,000 നഷ്ടപരിഹാരം നൽകുവാനും പന്ത്രണ്ട് വയസ്സിന് താഴെയുള്ളവരോടുള്ള പോലീസിൻ്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നുമാണ് ട്രിബ്യുണൽ വിധിച്ചത്. അധികാര സ്ഥാപനങ്ങളിലെ വംശീയതയെ വിമർശിച്ചു കൊണ്ടും അത് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ട്രിബ്യുണൽ പ്രസ്താവനയിൽ പറയുന്നുണ്ട്. ട്രിബ്യുണൽ അഡ്ജുഡിക്കേറ്ററായ ബ്രെൻഡ ബൗഡ്‌ലി ഇങ്ങനെ എഴുതി,
“[T]hat the applicant would experience anti-Black racism at such a young age is alarming: it is clear that, because of this incident, she became aware that as a Black person, she may be subject to different treatment than a white child. The full impact of this is unknown but it is now part of the applicant’s lived experience and will affect her into the future."
ഒരാറു വയസ്സുകാരിയെ ഓടിച്ചിട്ട് പിടിക്കുകയും കൈയിലും കാലിലും വിലങ്ങണിയിച്ച് മുപ്പത് മിനിറ്റോളം കൊടും കുറ്റവാളികളെ പോലെ കമിഴ്ത്തി കിടത്തിയത് എന്തിനായിരിക്കും? നിറത്തിൻ്റെ പേരിൽ കാണിച്ച ക്രൂരത, ആ കുഞ്ഞു മനസ്സിൽ ഏൽപ്പിച്ച പോറലുകൾ കുറെ ഡോളറുകൾ കൊണ്ട് തീർക്കാൻ പറ്റില്ല. ഈ സംഭവം വിവാദമായതോടെ സ്കൂൾ ബോർഡ് ടീച്ചർമാർക്ക് anti-racism ട്രെയിനിങ് കൊടുക്കാൻ തീരുമാനിക്കുകയുണ്ടായി. എത്ര പഠിച്ചാലും വായിച്ചാലും മനസ്സിൽ അടിഞ്ഞു കൂടിയ കറ മായുമെന്ന് തോന്നുന്നില്ല. ഇതു പോലെ പുറത്തറിയുന്ന സംഭവങ്ങൾ വളരെ കുറവാണ്. അല്ലാത്തത് എത്രയെണ്ണമുണ്ടാവും? ബ്ലാക്ക് കമ്മ്യൂണിറ്റിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുമായി CBC (Canadian Broadcasting Corporation) Toronto നടത്തിയ അഭിമുഖത്തിൽ Jahmal Smith തൻ്റെ തോന്നലുകൾ പങ്കുവെക്കുന്നുണ്ട്. "ചില കോഴ്സുകൾ എടുക്കുമ്പോൾ ടീച്ചർമാരും ഗൈഡൻസ് കൗൺസിലർമാരും അതൊന്നും നിനക്ക് പറ്റില്ലെന്ന് പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്തും. അതേസമയം മറ്റ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായും കണ്ടിട്ടുണ്ട്." തൊലിയുടെ നിറം തന്നെയാണ് അധ്യാപകരെ കൊണ്ട് അങ്ങനെ പറയിച്ചിരിക്കുക എന്നാണ് സ്മിത്ത് മനസ്സിലാക്കിയിരിക്കുന്നത്.
ഇന്ന് അമേരിക്കയിൽ നടക്കുന്ന സംഭവവികാസങ്ങൾ ലോകം മുഴുവൻ ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ എത്തിയവരെ കണ്ടെത്തുന്ന ജോലിയിലാണ് അധികാരികൾ. പ്രക്ഷോഭകാരികളുടെ വിവരങ്ങൾ നൽകി സഹായിക്കുന്നവരുടെ കൂട്ടത്തിൽ കുട്ടികളുമുണ്ട്. അമ്മയേയും, അമ്മാവനെയും, അമ്മായിയേയും വീഡിയോകളിൽ നിന്ന് തിരിച്ചറിഞ്ഞ്, അവരുടെ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയിട്ടുണ്ട് ഹെലേനയെന്ന പതിനെട്ടുകാരി. BLM റാലികളിൽ പങ്കെടുത്തതിന് അമ്മയിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഹെലേന നേരിട്ടുണ്ട്. അമ്മയുടെ നിലപാടുകളോടും ആശയങ്ങളോടും യോജിക്കാത്ത ഹെലേന 'ഞാൻ ശരിയായ കാര്യം ചെയ്യുന്നൂ' എന്നാണ് CBC റേഡിയോ അഭിമുഖത്തിൽ പറഞ്ഞത്.
ആനപ്പുറത്ത് കയറാൻ നാലണയാണെങ്കിൽ ഇറങ്ങാൻ എട്ടണയാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. ജനുവരി ആറിന് Capitol പരിസരത്ത് കാറ്റ് കൊള്ളാൻ പോയതാണെങ്കിലും രക്ഷയില്ലാത്ത സ്ഥിതിയാണ്. തിരിച്ചറിഞ്ഞ അട്ടിമറിക്കാരെ "No Fly List" ൽ ഉൾപ്പെടുത്തി വിമാനത്താവളങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കുന്ന വീഡിയോ ചിത്രങ്ങളിൽ നിലവിളികളും പതംപറച്ചിലുകളും കേൾക്കാം. യാത്രാവിലക്ക്, തൊഴിൽ നഷ്ടം, തീവ്രവാദി പതക്കം, ജയിൽ വാസം, കോടതി, പിഴ... അങ്ങനെ കുറെയേറെ പാരിദോഷികങ്ങളാണ് രാജ്യത്തെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയവർക്ക് അമേരിക്ക നൽകുന്നത്. ഒരാളെ നിലത്തു കിടത്തി വിലങ്ങണിയിക്കുന്ന വീഡിയോയിൽ പോലീസ് ഓഫീസറോട് അയാൾ ചോദിക്കുന്നത്, "നിങ്ങളെന്താണ് കറുത്തവരോടെന്ന പോലെ എന്നോട് പെരുമാറുന്നതെന്നാണ്." ഒട്ടും അതിശയമില്ല... ഉള്ളിലെ ഇരുൾ പരസ്യമായി വെളിച്ചത്ത് വന്നതാണ്. ഇത്രയും കാലം കണ്ടതും ജീവിച്ചതും പ്രവർത്തിച്ചതും നിറത്തിൻ്റെ ആനുകൂല്യത്തിലായിരുന്നു. മറ്റുള്ളവരുടെ അനുഭവങ്ങൾ ഒന്നും കെട്ടുകഥകളല്ല എന്ന ബോധ്യമെങ്കിലും ഉണ്ടായാൽ നന്ന്.
The Princess & the Frog എന്ന ഡിസ്നി സിനിമയിലൂടെ കറുത്ത രാജകുമാരിയായ ടിയാനയെ സൃഷ്ടിക്കാൻ ഡിസ്‌നിയ്ക്ക് 72 വർഷങ്ങൾ വേണ്ടി വന്നു. "കറുപ്പിന് ഏഴഴകാണെന്നൊക്കെ" പാടി നടക്കുമെങ്കിലും സൗന്ദര്യത്തിൻ്റെ അവകാശം തീർപ്പില്ലാത്ത വിധം വെളുപ്പിന് ചാർത്തി കൊടുത്തവരാണ് നമ്മൾ. പബ്ലിക് ട്രാൻസിറ്റുകളിൽ കറുത്തവരോടൊപ്പം സീറ്റ് പങ്കിടാൻ മടിക്കുന്ന, കറുത്തവനെ പ്രണയിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുന്ന മാതാപിതാക്കളുള്ള സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റികളുണ്ട്. വിവരവും വിദ്യാഭ്യാസവും രണ്ടും രണ്ടാണല്ലോ... അതിനാൽ ഇതൊക്കെ ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും മാറുമെന്ന വിശ്വാസം അസ്ഥാനത്താണ്.
എത്ര കൊട്ടിഘോഷിച്ചാലും , ഈ പുതിയ നൂറ്റാണ്ടിലും പണ്ടത്തെ ചങ്കരൻ തെങ്ങുമ്മ തന്നെ എന്നു പറയാവുന്ന രീതിയിൽ എത്രയെത്ര തരത്തിലുള്ള മാനവ വിവേചനങ്ങളാണ് ഇപ്പോഴും നമ്പർ വൺ രാജ്യങ്ങളിലും നാം അനുഭവിക്ച്ചും/കണ്ടും/കേട്ടുമൊക്കെ ഇരിക്കുന്നത് ..!
ReplyDeleteഅതെ മുരളിയേട്ടാ... പ്രതികരണങ്ങളും പ്രതിഷേധങ്ങളും മാറ്റം വരുത്തുമെന്ന് കരുതാം.
Delete"വെളിച്ചം ദുഃഖമാണുണ്ണീ,തമസ്സല്ലോ സുഖപ്രദം.."അക്കിത്തത്തിന്‍റെ ഈ വരികളാണ് ഈ അനുഭവം വായിച്ചു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ഓടിയെത്തിയത്.വായിച്ചു കൊണ്ടിരിക്കെ അഭിപ്രായങ്ങള്‍ പലതും മനസ്സില്‍ മിന്നിമറഞ്ഞിരുന്നു.മനുഷ്യന്‍ എന്ന അത്യുത്തമ സൃഷ്ടി, ധരയില്‍ എന്തെല്ലാം വൈരുദ്ധ്യ ധാരകളിലൂടെയാണ് സഞ്ചരിച്ചുകൊണ്ടേയിക്കുന്നത് ....!! ജാതി -വര്‍ണ-കുല -തൊലിപ്പുറക്കാഴ്ചകളില്‍
ReplyDeleteസ്വയം മറക്കുന്ന,രമിക്കുന്ന 'ഭീകര ജന്തു'വെന്നല്ലാതെ എന്തു വിളിക്കാം ?!
'ജാതി-വര്‍ണ-കുല-തൊലിപ്പുറക്കാഴ്ചകളില്‍' ഭ്രമിക്കുന്നവരോട് എന്ത് പറയാനാണ് മാഷേ. ചിന്താ ശേഷി പോലും മരവിച്ചു പോയോന്ന് തോന്നും ചിലതെല്ലാം കാണുമ്പോൾ...
Deleteതലക്കെട്ട് വായിച്ചപ്പോൾ ശരിക്കും കരുതിയത് വല്ല ക്യാമറ ആൻഡ് ഫോട്ടോഗ്രാഫിയെ കുറിച്ച് പറയുവാൻ ആയിരിക്കും പോകുന്നത് എന്നാണു. അതും ഇഷ്ട്ടമുള്ള വിഷയമാണ്. പക്ഷെ കാലങ്ങൾ പഴകിയ ആ കാൻസർ രോഗത്തെ കുറിച്ചാണ് എന്നത് വായിച്ചു തുടങ്ങിയപ്പോൾ ആണ് മനസ്സിലായത്. കറുപ്പ് വെളുപ്പ് വിവേചനം (colour discrimination ) ഇപ്പോഴും തുടരുന്നു എന്നതിൽ വളരെ ദുഃഖകരവും ഉൽക്കണ്ഠപരവുമാണ്. വളർത്തു മൃഗങ്ങളോട് സൗമ്യമായി പെരുമാറുന്നവർ തന്റെ സഹജീവികളോട് തൊലിയുടെ നിറത്തിന്റെ പേരിൽ എന്ത് ക്രൂരതയും ചെയ്യുവാൻ തയ്യാറാവുന്നു. ജാതിവെറിയും നിറവേറിയും മനുഷ്യൻ ഭൂമിയിൽ വസിക്കുവോളം തുടരും.
ReplyDeleteകൂട്ടത്തിൽ പറഞ്ഞോട്ടെ, വെളുത്തവനു കറുത്തവനെക്കാൾ ഒരു മികവും സ്ഥാനവും ഇസ്ലാമിൽ നൽകുന്നില്ല.അതിനു ബിലാൽ (റ) നെ മുഹമ്മദ് നബി (സ) തിരഞ്ഞെടുത്തത് എക്കാലത്തും ഇസ്ലാമിൽ അങ്ങനെ ഒരു വിവേചനം മനുഷ്യ മനസ്സുകളിൽ നിന്ന് പാടെ തുടച്ചുമാറ്റുവാൻ സാധിച്ചു എന്നത് മഹത്വമേറിയ കാര്യമാണ്. നീട്ടുന്നില്ല, വർണ്ണ വെറിയുള്ളവർക്കു നാൽക്കാലിയുടെ ബുദ്ധിയെങ്കിലും ഉണ്ടാവട്ടെ എന്ന് പാർത്ഥിച്ചു കൊണ്ട് ...അഭിനന്ദനങ്ങൾ...മുബി
വിവേചനങ്ങളില്ലാത്ത ലോകം ഒരു സ്വപ്നം മാത്രമാണ്... എന്നാലും ആശിച്ചു പോവുകയാണ് അങ്ങനെയൊന്നുണ്ടായെങ്കിൽ എന്ന്! നന്ദി ഷൈജു... സ്നേഹം
Deleteഏളുപ്പമല്ല ഈ വിവേചനം... തുടരാതിരിക്കട്ടെയെന്ന് മനസ്സ് തൊട്ട് ആ ഗ്രഹിക്കുന്നു... നല്ല എഴുത്ത്...
ReplyDeleteതെറ്റുകൾ ആവർത്തിക്കുകയില്ലെന്ന് പ്രതീക്ഷിക്കാം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി... സന്തോഷം :)
Deleteവർണ്ണ വെറിയന്മാർ ഇന്നും ഈ ലോകത്ത് വിലസുന്നു എന്നുള്ളത് വിശ്വസിക്കാൻ സാധിക്കുന്നില്ല. ആ കുഞ്ഞ് മാനസം എത്ര അധികം വേദനിച്ചിട്ടുണ്ടാകും എന്ന് തിട്ടപ്പെടുത്താൻ ആർക്കാ സാധിക്കാ ? കഷ്ടം.
ReplyDeleteഎല്ലാം ഇപ്പോഴുമുണ്ട് മാഷേ... ചിന്താഗതികൾക്ക് മാറ്റം വരണ്ടേ?
Deleteനന്നായി എഴുതി ❣️
ReplyDeleteനന്ദി... :)
Delete