2021 ഫെബ്രുവരി 18, വ്യാഴാഴ്‌ച

കളിയും കാര്യവും...

ബാലരമയിലും പൂമ്പാറ്റയിലും മുയലിന് വീട്ടിലേക്കുള്ള വഴികാണിച്ചു കൊടുക്കുവാനും, മറഞ്ഞിരിക്കുന്ന കൂട്ടുകാരനെ കണ്ടെത്താനുമുള്ള കളികളുണ്ടായിരുന്നു. പുസ്തകം കിട്ടിയാലുടൻ കഥകളെല്ലാം വായിച്ചു തീർത്ത് അടുത്തതിനുള്ള കാത്തിരിപ്പിനിടയിൽ മാത്രമേ ഈ കളികളിലേക്ക് ശ്രദ്ധ പതിയൂ. ഉത്തരം കണ്ടെത്തനുള്ള വ്യഗ്രതയിൽ അക്കങ്ങൾ മാറി പോകും, വഴി തെറ്റും അങ്ങനെ പല വീഴ്ചകളും പറ്റാറുണ്ട്. എവിടെയെങ്കിലും പിഴച്ചാലോ അഥവാ ഉത്തരം കിട്ടാതെയായാലോ സഹായത്തിനായി മുതിർന്നവരുടെ അടുക്കലേക്കോടിയാൽ "ശ്രദ്ധിച്ചു വായിച്ചൂടെ" എന്നുള്ള സ്ഥിരം ഡയലോഗിനോടൊപ്പം  ഉടനെ കിട്ടും തലയ്ക്കൊരു കിഴുക്ക്...  'ഒന്നെടുത്താൽ ഒന്ന് ഫ്രീ' ഓഫർ പോലെയാണത്.



Pic Courtesy: Google Images


ഭാവിയിലേക്കുള്ള പരിശീലന കളരിയായിരുന്നിരിക്കണം അന്നത്തെ ആ കുഞ്ഞു കളികൾ. ഒരിക്കൽ അസുഖം ബാധിച്ച് കാനഡയിൽ ആശുപത്രി വാസം വേണ്ടി വന്നു. നാട്ടിലെ പോലെ ഇഷ്ടമുള്ള ഡോക്ടർമാരെ തിരഞ്ഞെടുക്കാനൊന്നും ഇവിടെ സാധിക്കില്ല. കുടുംബ ഡോക്ടർ രോഗനിർണ്ണയം നടത്തി സ്പെഷ്യലിസ്റ്റിനെ കാണേണ്ടതാണെങ്കിൽ മാത്രം നമ്മളെ അങ്ങോട്ട് റഫർ ചെയ്യും. ആ ചടങ്ങൊക്കെ കഴിഞ്ഞാണ് ആശുപത്രിയിലേക്ക് എത്തിയത്. സർജറിക്ക്‌ മുമ്പ് നേഴ്സ് എന്നോട് രോഗത്തെ കുറിച്ചും, ഡോക്ടർ എന്താണ് ചെയ്യാൻ പോകുന്നതെന്നും, നൽകുന്ന മരുന്നുകളും, മരുന്നുകളുടെ ഗുണവും ദോഷവും, അങ്ങനെയെല്ലാം വിശദമായി പറയുകയും വളരെ ക്ഷമയോടെ എൻ്റെ സംശയങ്ങൾക്ക് മറുപടി നൽകിയതായും ഓർക്കുന്നു. ഇതിൽ എന്നെ ചിന്തിപ്പിച്ചത്, മാസങ്ങളായി കഴിക്കുന്ന മരുന്നിൻ്റെ ലേബലിൽ അപ്രധാന്യമെന്ന് കരുതി ഞാൻ വായിക്കാതെ വിട്ടു കളഞ്ഞ ഭാഗങ്ങൾ പോലും അവർ ഗൗരവത്തോടെയും വളരെ പ്രാധാന്യത്തോടെയും വിവരിച്ചു തന്നതാണ്. ആശുപത്രിയിൽ നിന്ന് പോരുമ്പോൾ, എന്തിൻ്റെയും ഏതിൻ്റെയും കൂടെ കിട്ടുന്ന കുഞ്ഞനുറുമ്പോളം പോന്ന വലിപ്പത്തിൽ എഴുതി കൂട്ടിയതെല്ലാം കണ്ണ് തിരുമ്മി വായിച്ചെടുക്കുന്ന അസുഖവും ഒപ്പം കൂടി. 

ടിക് ടോക്ക് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ അടുത്തിടെ വൈറലായ ഒരു വീഡിയോ കാണാനിടയായി. ടെസ്സിക്ക ബ്രൗൺ ജനുവരിയിൽ പോസ്റ്റ് ചെയ്ത വീഡിയോ മുപ്പത് മില്യൺ ആളുകളിലേക്കെത്തിയിരുന്നു. വീഡിയോയിലൂടെ അവർ സഹായം അഭ്യർത്ഥിക്കുകയാണ്. എന്തിനാണെന്നോ? ആ കഥ പറയാം. ഒരു പരിപാടിയിൽ പങ്കെടുക്കാനായി തിരക്കിട്ട് ഒരുങ്ങുമ്പോഴാണ് തലയിൽ സാധാരണയായി ഉപയോഗിക്കാറുള്ള ഹെയർ സ്പ്രേ തീർന്ന കാര്യം ടെസ്സിക്ക ഓർത്തത്. ഹെയർ സ്പ്രേയ്ക്ക് പകരമായി അവർ വീട്ടിലുണ്ടായിരുന്ന ഗോറില്ല ഗ്ലു എന്ന permanent spray ഉപയോഗിച്ചു. രാത്രി തിരിച്ചെത്തിയതിനു ശേഷം, തലയിൽ തേച്ചു പിടിപ്പിച്ചത് കഴുകി കളയാൻ നോക്കിയപ്പോഴാണ് സംഗതി പാളി പോയിരിക്കുന്നുവെന്ന് മനസ്സിലായത്. തലമുടിയിലൂടെ വിരലോടിക്കാനോ, ചീകാനോ, ചൊറിയാനോ പറ്റാത്ത വിധത്തിൽ മുടിയിഴകൾ തലയോട്ടിയിൽ നന്നായി ഒട്ടി പിടിച്ചിരുന്നു. ടെസ്സിക്കയ്ക്ക് അബദ്ധം പിണഞ്ഞതാണെന്ന് ഗോറില്ല ഗ്ലുവിനറിയില്ലല്ലോ. ഇതിനൊരു പരിഹാരമാണ് അവർ സോഷ്യൽ മീഡിയ വഴി അന്വേഷിച്ചത്. 

ഗോറില്ല ഗ്ലു കമ്പനിയുടെ പ്രതികരണം ഉടനെയുണ്ടായി. "ടെസ്സിക്കയുടെ അവസ്ഥയിൽ ഖേദിക്കുന്നു. പശയുടെ ലേബലിലുണ്ട്, ഇത് വിഴുങ്ങാനോ, കണ്ണിലോ, തൊലിയിലോ വസ്ത്രത്തിലോ പറ്റരുതെന്ന്..." ശരിയാണ് അവരുടെ ഭാഗത്ത് തെറ്റില്ല. ലേബൽ ശ്രദ്ധിച്ചു വായിക്കാതെ സാധനം ഉപയോഗിച്ചത് ടെസ്സിക്കയുടെ തെറ്റ് തന്നെയാണ്, അതവർ വീഡിയോയിൽ പറയുന്നുണ്ട്. ആളുകൾ അവരെ കുറ്റപ്പെടുത്തിയും പരിഹസിച്ചും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനിടയിൽ ഒരു ഡോക്ടർ സഹായിക്കാമെന്നേറ്റു. അങ്ങനെ ഒരു മാസമായി തുടരുന്ന ഒട്ടിപ്പോ പ്രശ്‌നത്തിന് പരിഹാരമായി. ശ്രദ്ധിച്ച് വായിച്ചൂടെ എന്ന് പറഞ്ഞതിനൊപ്പം കിട്ടുന്ന കിഴുക്കിൻ്റെ  പ്രായോഗികത നല്ല പോലെ മനസ്സിലാകുന്നത് ഇതുപോലെയുള്ള വാർത്തകൾ കാണുമ്പോഴാണ്. 

എന്നാൽ പരിഹരിക്കാൻ പറ്റാത്ത വിധം ചില അബദ്ധങ്ങൾ നമുക്ക് പറ്റാറുണ്ട്. അല്ല, പറ്റി കൊണ്ടേയിരിക്കുന്നു. അതിലൊന്നാണ് അശ്രദ്ധ മൂലം നമ്മൾ കൊടുക്കുന്ന 'Yes or No' ഉത്തരത്തോടൊപ്പം നഷ്ടപ്പെടുത്തുന്ന സ്വകാര്യത. വാട്ട്സാപ്പിൻ്റെ മുന്നറിയിപ്പ്  കിട്ടിയപ്പോഴാണ് സ്വകാര്യത ഏറ്റവും കൂടുതൽ സംസാരവിഷയമായത്. പലയിടത്തും വാട്ട്സാപ്പിൻ്റെ സ്വകര്യതാ നയങ്ങളെ കുറിച്ച് നിയമയുദ്ധങ്ങൾ തുടങ്ങിയപ്പോഴാണ് എല്ലാവരെയും ഒന്നറിയിച്ചിട്ട് മുന്നോട്ട് പോകാമെന്ന തീരുമാനം കമ്പനി എടുത്തതെന്ന് തോന്നുന്നു. നാലഞ്ച് പേജുകളിൽ വരുന്ന പ്രൈവസി പോളിസികൾ ആര് വായിക്കാനാണ്? മാറുന്ന സാഹചര്യങ്ങളിൽ ഇതുപോലെയുള്ള വായനകൾ ശീലമാക്കണമെന്ന് വാട്ട്സാപ്പ് നമ്മളെ പഠിപ്പിച്ചു. ഉപഭോക്താക്കളുടെ ഒഴിഞ്ഞു പോക്കിനെ തുടർന്ന് വാട്ട്സാപ്പ് സ്വകാര്യത സംരക്ഷിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതെല്ലാം എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. 


Pic Courtesy: Google Images


സൗജന്യ ആപ്പുകളാണ് മറ്റൊരു കൂട്ടർ. അവയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് എന്തെന്ന് അതുണ്ടാക്കിയവർക്ക്‌ തന്നെ നിശ്ചയമുണ്ടോയെന്നറിയില്ല. നമ്മുടെ കൈയിലുള്ള സ്മാർട്ട്ഫോൺ ഓൾ ഇൻ വണാകുമ്പോൾ ആപ്പുകൾക്ക് പഞ്ഞമുണ്ടാവില്ലല്ലോ. വെറുതെ കിട്ടുന്നതല്ലേ... ഉപയോഗിച്ചാലും ഇല്ലെങ്കിലും നമ്മൾ അതെല്ലാം കൊണ്ട് നടക്കാറുമുണ്ട്. ഇവയെല്ലാം ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആപ്പുകൾക്കനുവദിച്ചു കൊടുക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ ആപ്പിലാകും. ചില ആപ്പുകൾക്ക് ഫോണിലെ ക്യാമറ, മീഡിയ ഫയലുകൾ, കോൺടാക്ട് ലിസ്റ്റ്, ഫോൺ ഐഡി, സ്‌റ്റോറേജ്, ലൊക്കേഷൻ എന്നിവയിലേക്കുള്ള പ്രവേശനാനുമതി നൽകിയാലേ അതുപയോഗിക്കാൻ നമുക്ക് കഴിയൂ. എന്തെങ്കിലുമൊന്ന് ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുന്നോടിയായി സമയമെടുത്ത് ‌ആപ്പുകളുടെ വിവരങ്ങൾ മനസ്സിരുത്തി വായിക്കുന്നത് നന്നായിരിക്കും. ആളുകളുടെ സ്വകാര്യത ദുരുപയോഗം ചെയ്യുന്ന പ്രവണത ഇന്ന് വളരെ കൂടുതലാണ്. സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്ന കളികളിൽ മറഞ്ഞിരിക്കുന്ന വലിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സൂക്ഷിച്ചാൽ... അതെന്നെ! 

10 അഭിപ്രായങ്ങൾ:

  1. ബാലരമ മുതൽ ടിക്ക് ടോക്ക് വരെ എത്തിനിൽക്കുന്ന അബദ്ധങ്ങൾ... ബാലരമയിൽ വഴി കാണിച്ചു കൊടുക്കുന്നത് തെറ്റുമ്പോൾ തന്നെ വല്ലാതെ പോലെയായിരുന്നു. വഴിയെല്ലാം നോക്കി വെക്കും പക്ഷെ പെൻസിൽ കൊണ്ട് വര വരയ്ക്കുമ്പോൾ മിക്കപ്പോഴും തെറ്റിപ്പോവും. ഈ ശ്രദ്ധ എന്ന് പറയുന്ന സാധനം കുറവാണേ..അന്നും ഇന്നും..ഹിഹിഹി  
    അപ്പോൾ എല്ലാവരും കാണുന്ന ടിക്ക് ടോക്ക്  അബദ്ധത്തിന്റെ ആഴം വളരെ വലുതായിരിക്കും. എനിക്ക് ടിക്ക് ടോക്ക് ഒന്നും ഇല്ലാത്തതുകൊണ്ട് ഇതൊന്നും അറിയാൻ പാടില്ല. ഇങ്ങനെയുള്ള ഇന്റർനാഷണൽ കാര്യങ്ങൾ അറിയണമെങ്കിൽ മുബിയുടെ ബ്ലോഗിൽ തന്നെ വരണം. 

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷൈജു, കുട്ടികളുടെ കൂടെ കളിക്കുമ്പോൾ ഇപ്പോഴും എനിക്ക് വഴി തെറ്റും... വായനയിൽ സന്തോഷം :)

      ഇല്ലാതാക്കൂ
  2. കുട്ടി പ്രസിദ്ധീകരങ്ങള്‍,കുട്ടിക്കുറുമ്പ്....മരുന്നുകളെക്കുറിച്ച 'വിവരങ്ങള്‍'...Social Media Secrecy -എലാം രസകരമായിട്ടുണ്ട്. WhatsAppഉം fb-യുവൊന്നും എനിക്കത്ര വിശ്വാസമില്ല....ആശംസകള്‍ മുബീ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ മാഷേ, ഉപയോഗിക്കുന്നവർ സൂക്ഷിക്കുക അത്രേ പറയാൻ പറ്റൂ... നന്ദി :)

      ഇല്ലാതാക്കൂ
  3. വിവിധ വിഷയങ്ങൾ പരാമർശിച്ച് എഴുതിയ ഈ കുറിപ്പ്, വായിക്കാൻ വളരെ രസകരമായിരുന്നു. കാനഡയിലെ ആശുപത്രിയിൽ നടപ്പുള്ള മരുന്നുകളെ പരിചയപ്പെടുത്തുന്ന ആ ശീലം നമ്മുടെ രാജ്യത്തും വേണമായിരുന്നു എന്ന് ആഗ്രിക്കുന്നു.. എല്ലാം കൗതുകകരമായ വിഷയങ്ങൾ.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. വെറും മണ്ടനായതോണ്ട് ഇത്തരം എത്രയെത്ര അപ്പുകളിൽ പെട്ട് കിടക്കുകയാണ് ഞാനും - അപ്പോൾ ആരെങ്കിലും വന്ന് മണ്ടയിൽ കിഴുക്കുവാൻ മെനക്കെടാത്തതോണ്ട് കൂടിയാണ് ഇത്തരം അബദ്ധങ്ങൾ പറ്റുന്നതും ,പറ്റിക്കൊണ്ടിരിക്കുന്നതും കേട്ടോ മുബി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാവരും അങ്ങനെയാണ്. ശ്രദ്ധിക്കണമെന്ന് പറഞ്ഞാലും ചിലപ്പോ ദേ വീണ്ടും വീണിട്ടുണ്ടാവും! സ്നേഹം മുരളിയേട്ടാ :)

      ഇല്ലാതാക്കൂ
  5. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിൽ വളരെ പിശുക്കനായതിനാൽ ആപ്പിലാവാൻ സാധ്യത കുറവാണെന്നറിഞ്ഞതിൽ സന്തോഷം

    മറുപടിഇല്ലാതാക്കൂ