വിയന്നയിൽ പ്രസിദ്ധീകരിച്ച കുർബാൻ സൈദിൻ്റെ ജർമൻ നോവലാണ് അലി ആൻഡ് നിനോ(1937). കാസ്പിയൻ കടലിനടുത്തുള്ള അസർബൈജാനിലെ തുറമുഖനഗരിയായ ബാക്കുവിൽ 1918-20നുമിടയിൽ നടന്ന സുന്ദരമായൊരു പ്രണയമാണ് നോവലിനാധാരം. റഷ്യയിലെ സർ ചക്രവർത്തിയുടെ നിയന്ത്രണത്തിലായിരുന്ന ബാക്കുവിലെ പ്രശസ്തമായൊരു മുസ്ലിം കുടുംബത്തിലാണ് അലിഖാൻ ശിർവാൻഷിർ ജനിച്ചു വളർന്നത്. ഇടുങ്ങിയ ഗല്ലികളും, നിറംമങ്ങിയ വീടുകളും, പൊടി പാറുന്ന വഴികളുമുള്ള പുരാതനമായ ഇച്ചേരി ഷെഹറിലാണ് അലിയുടെ വീട്. വീട്ടിലെ മട്ടുപ്പാവിൽ നിന്ന് നോക്കിയാൽ കാസ്പിയൻ കടലും അതിനടുത്തുള്ള മരുപ്രദേശങ്ങളും കാണാം. ആ കാഴ്ചയുടെ വശ്യതയിൽ അവിടെയിരുന്നു ലാറ്റിനും കെമിസ്ട്രിയും പഠിക്കുന്നത് വ്യർത്ഥമാണെന്ന് ചിന്തിക്കുന്നുണ്ടെങ്കിലും സ്കൂൾ പരീക്ഷകളെല്ലാം അലി പാസ്സാവുന്നുണ്ട്. തൻ്റെ മകൻ പാശ്ചാത്യ വിദ്യാഭ്യാസം നേടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന അലിയുടെ പിതാവൊരു തീവ്ര പൗരസ്ത്യ വിശ്വാസിയാണ്.
Ali & Nino- Book Cover (Mississauga Library) |
ക്രിസ്ത്യൻ മതവിശ്വാസത്തിലും പടിഞ്ഞാറൻ സംസ്കാരത്തിലും വളരുന്ന നിനോയുമായുള്ള അലിയുടെ ബാല്യകാല സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയാണ്. ഓപ്പറയും ഡാൻസും കണ്ട് നിക്കോളായ് തെരുവിലും, കാസ്പിയൻ തീരത്തും കൈകോർത്ത് പ്രണയിച്ചു നടക്കുന്ന അലിയും നീനോയും എതിർപ്പുകളൊന്നും നേരിടുന്നില്ല. ഇതിന് വിരുദ്ധമാണ് അലിയുടെ വീട്ടിലെ രീതികൾ. പേർഷ്യയിൽ നിന്ന് വരുന്ന അമ്മാവൻ്റെ നാലു ഭാര്യമാർ മുഖംമറച്ചും, ആണുങ്ങൾക്ക് പിറകെ മൗനത്തിലാണ്ട്, മുഖം കുനിച്ചു നടക്കുകയും ചെയ്യുന്നു. അവരോട് കുശലം ചോദിക്കുന്നത് പോലും മാന്യതയായി അലി കരുതുന്നില്ല. അന്തഃപുരങ്ങളിൽ (Harem) യുനക്കുകളുടെ (Eunuch) മേൽനോട്ടത്തിൽ കഴിയുന്നവരാണ് അലിയുടെ വീട്ടിലെ സ്ത്രീകൾ. എന്നാൽ, "ഞാൻ നിങ്ങളുടെ പെണ്ണുങ്ങളെ പോലെ മുഖം മറക്കില്ല, മതം മാറില്ല, അന്തഃപുരത്തിൽ യുനക്കുകൾക്കൊപ്പം നിൽക്കില്ല" എന്നുള്ള നീനോയുടെ ആവശ്യങ്ങൾ അലി അംഗീകരിക്കുന്നുണ്ട്. തൻ്റെ വിശ്വാസങ്ങൾക്ക് എതിരാണെങ്കിലും അലിയുടെ പിതാവ് പോലും വിവാഹത്തിന് സമ്മതം മൂളുന്നു.
റഷ്യൻ വിപ്ലവവും അതിനെ തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ബാക്കുവിനെയും ബാധിക്കുന്നുണ്ട്. ഇതിനിടയിൽ വിശ്വസ്തനായ അർമേനിയൻ സുഹൃത്ത് നിനോയെ തട്ടിക്കൊണ്ടുപോകുന്നതോടെ കഥാഗതി മാറുകയാണ്. അലി സുഹൃത്തിനെ കൊല്ലുകയും അന്നേറെ പ്രാബല്യത്തിലുണ്ടായിരുന്ന അഭിമാനഹത്യക്ക് മുതിരാതെ നിനോയെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനുള്ള ഏർപ്പാടുകളാണ് ചെയ്യുന്നത്. അർമേനിയക്കാരുടെ പ്രതികാരം ഭയന്ന് അലിയൊരു മലയോരഗ്രാമത്തിലേക്ക് ഒളിച്ചു കടക്കുന്നു. കുതിരപ്പുറത്തെ യാത്രയിൽ അലി കാണുന്ന മരുഭൂ കാഴ്ചകൾ വളരെ മനോഹരമായി വർണ്ണിച്ചിട്ടുണ്ട്. കുറച്ചു മാസങ്ങൾക്കു ശേഷം അലിയെ തിരഞ്ഞു നിനോയും ദാഗിസ്താനിൽ (Daghestan) എത്തുന്നു. സുഹൃത്തും മുല്ലയുമായ സെയ്ദ് മുസ്തഫയുടെയും രണ്ടു സാക്ഷികളുടെയും സാന്നിധ്യത്തിൽ നിനോയും അലിയും വിവാഹകരാറിൽ ഒപ്പുവെയ്ക്കുന്നു. ലൗ ജിഹാദുകളുടെ മുറവിളി ഉയരുന്ന ഈ കാലഘട്ടത്തിൽ വിവാഹകാരാറിൽ മുദ്ര ചാർത്തുന്നതിന് മുമ്പായി മുല്ല നിനോയോട് ചോദിച്ച ചില ചോദ്യങ്ങൾ പ്രസക്തമാണ്.
"എന്താണ് നിങ്ങളുടെ മതം? നിനോ - ഗ്രീക്ക് ഓർത്തഡോക്സ്
എന്താണ് നിങ്ങളുടെ ആഗ്രഹം? നിനോ- ഈ മനുഷ്യൻ്റെ ഭാര്യയാവുകയെന്നതാണ്
നിങ്ങൾ നിങ്ങളുടെ മതം പിന്തുടരുന്നുണ്ടോ അതോ ഭർത്താവിൻ്റെ മതത്തിലേക്ക് മാറുന്നുവോ? നിനോ - ഞാൻ എൻ്റെ മതം പിന്തുടരാൻ ആഗ്രഹിക്കുന്നു.... "
ദാഗിസ്താനിലെ ജീവിതം ദുരിതപൂർണ്ണമായിരുന്നെങ്കിലും നിനോ അതുമായി പൊരുത്തപ്പെട്ടിരുന്നു. ബാക്കുവിലെ രാഷ്ട്രീയാന്തരീക്ഷം ഇതിനകം കലുഷിതമായി. ഓട്ടോമൻ സാമ്രാജ്യം ചുവന്ന പട്ടാളത്തെ തുരത്താനായി ബാക്കുവിലേക്ക് നീങ്ങുന്നതറിഞ്ഞ് നാട്ടിലേക്ക് പോവുകയാണ് അലിയും നീനോയും. കണക്കുകൂട്ടലുകൾ തെറ്റിച്ച് റഷ്യൻ പട്ടാളം ബാക്കു തിരിച്ചു പിടിച്ചപ്പോൾ അലിയും നിനോയും പേർഷ്യയിലേക്ക് നാടുവിടുന്നു. പേർഷ്യയിലെ ജീവിതം അലിക്ക് സ്വീകാര്യമായെങ്കിലും നിനോയ്ക്ക് ഒട്ടും ഇഷ്ടമായില്ല. പുറത്തിറങ്ങുമ്പോൾ മൂടുപടം അണിയുന്നതും, അന്തഃപുര ജീവിതവും, യുനക്കിൻ്റെ നിർദ്ദേശങ്ങളും ശാസനകളും, ഷിയാ ആചാര പ്രകാരം അലി സ്വയം മുറിവേൽപ്പിച്ചതും, പേർഷ്യൻ കവികളും നിനോയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവിടെ നിന്ന് യൂറോപ്പിലേക്ക് പോകാമെന്ന് ഗർഭിണിയായ നിനോയുടെ ആവശ്യം അലി നിരാകരിക്കുന്നു. അവസാനം "ഇവിടെ ജീവിച്ചാൽ ഞാൻ നിന്നെ വെറുക്കുമെന്ന്" ദുഃഖം നിഴലിക്കുന്ന കണ്ണുകളോടെ അവൾ പറഞ്ഞപ്പോൾ അലിയും പിതാവും ബാക്കുവിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചു.
റഷ്യൻ സൈനികർ നശിപ്പിച്ച ബാക്കുവിലെ വീട് നീനോയുടെ ഇഷ്ടത്തിനനുസരിച്ചു പാശ്ചാത്യൻ മാതൃകയിലാണ് പുതുക്കുന്നത്. കട്ടിലും കിടക്കയും, തീൻമേശയും കസേരകളും, ഇളം നിറത്തിലുള്ള പരവതാനികളും, യുറോപ്പിയൻ സന്ദർശകർക്കായി മദ്യവും, വെള്ള വിരികളുമായി വീടിൻ്റെ കോലം മാറുന്നു. എങ്കിലും അലിക്കായി അവൾ കാസ്പിയൻ കടലും മരുഭൂമിയും കാണാവുന്ന മട്ടുപ്പാവ് അതുപോലെ നിലനിർത്തുന്നുണ്ട്. നിനോയുടെ പ്രസവശേഷം അലിയുടെ പിതാവ് പേർഷ്യയിലേക്ക് തന്നെ തിരിച്ചു പോകുന്നു. ബ്രിട്ടീഷ് സാമ്രാജ്യവുമായി ചേർന്ന് കുറച്ചു കാലത്തേക്ക് മാത്രം കിട്ടിയ Azerbaijan Democratic Republic എന്ന സ്വപ്നം തകർത്തു കൊണ്ട് റഷ്യൻ സൈന്യം വീണ്ടും ബാക്കുവിലെത്തി. Tiflis(Tblisi)ലേക്ക് പോകുന്ന അവസാനത്തെ ട്രെയിനിൽ നിനോയേയും കുട്ടിയേയും കയറ്റി വിട്ട് അലി റഷ്യൻ പട്ടാളത്തെ തുരത്താനായി ആയുധമെടുക്കുകയാണ്. കുടുംബത്തിലെ ആണുങ്ങൾ പൊരുതി മരിക്കുന്നതാണ് അഭിമാനമെന്ന് വിശ്വസിച്ച പിതാവിൻ്റെ ആഗ്രഹം നിറവേറ്റുക കൂടിയായിരുന്നു അലി. കാടിനെയും മരങ്ങളെയും സ്നേഹിക്കുന്ന നിനോയോട് കാട്ടിലെ ഇരുട്ടെന്നെ ഭയപ്പെടുത്തുമെന്നാണ് അലി പറയുന്നത്. മരുഭൂമിയിലെ വരണ്ട മണൽക്കാറ്റും വിശാലമായ ഭൂപ്രദേശവും ഒരു വാഗ്‌ദാനവും നൽകില്ല, ഒന്നും ആവശ്യപ്പെടുകയുമില്ല... ചോദ്യങ്ങളും ഉത്തരങ്ങളുമില്ല... അവിടെ ഒരു മുഖമേയുള്ളൂ ഒരു സത്യമേയുള്ളൂ... മരുഭൂമിയുടെ പുത്രനായിരുന്നു അലി! അവനവിടം വിട്ടു പോകാൻ ഒരിക്കലും കഴിഞ്ഞില്ല.
കഥയേക്കാൾ വലിയ കഥയാണ് പുസ്തകത്തിൻ്റെത്. രണ്ടാംലോകമഹായുദ്ധത്തിൽ ലോകം കലങ്ങി മറിഞ്ഞ സമയത്ത് ആദ്യ പ്രസിദ്ധീകരണത്തിന് ശേഷം വിസ്‌മൃതിയിലാണ്ടു പോയ പുസ്തകമാണ് അലി ആൻഡ് നിനോ. യുദ്ധാനന്തര ബെർലിനിലെ ഒരു സെക്കൻഡ് ഹാൻഡ് പുസ്തകശാലയിൽ നിന്ന് Jenia Gramenന് ജർമൻ ഭാഷയിൽ പ്രസിദ്ധീകരിച്ച കൃതിയുടെ കോപ്പി ലഭിക്കുകയായിരുന്നു. കഥയുടെ ആകർഷണീയതയും, അതെഴുതിയ കാലഘട്ടത്തിൻ്റെ പ്രത്യേകതയും കാരണം ജെനിയ അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു. ആദ്യം ബ്രിട്ടണിലും പിന്നീട് ന്യൂയോർക്കിലുമായി പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പുകൾ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ഇതൊക്കെയായിട്ടും നോവലെഴുതിയ കുർബാൻ സൈദിനെ കണ്ടെത്താനായില്ല. ദശാബ്ദങ്ങൾക്ക് ശേഷം കുർബാൻ സൈദ് എന്നത് രണ്ടു വ്യക്തികളെ മറയ്ക്കുന്ന ഒരു തൂലികാനാമമാണെന്നാണ് പ്രബലമായ നിഗമനം. ഓസ്ട്രിയക്കാരിയായ Baroness Elfriede Ehrenfels എന്ന എഴുത്തുകാരിയുടെയും ജൂതമതവിശ്വാസിയായി ബാക്കുവിൽ ജനിച്ച് പിന്നീട് ഇസ്ലാം മതത്തിലേക്ക് മാറിയ Lev Nussimbaum (Essad Bay) എന്ന എഴുത്തുകാരൻ്റെയും ജീവിതവും സൗഹൃദവുമായിരിക്കും കഥയുടെ പിന്നിലെ കഥയും തൂലിക നാമവുമെന്നാണ് പുസ്തകത്തിൻ്റെ പുറംചട്ടയിലുള്ള Dr. Heinz Barazon (Vienna, 1999)ൻ്റെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടു വ്യക്തികളുടെ പ്രണയത്തിനുമപ്പുറം പലതുമുണ്ട് ഈ നോവലിൽ. വൈവിധ്യമാർന്ന രണ്ടു സംസ്കാരങ്ങളുടെ ഇരുളും വെളിച്ചവും, യാത്രകൾ, ദേശങ്ങളിലെ മനുഷ്യജീവിതങ്ങൾ, വിശ്വാസങ്ങൾ, സൗഹൃദങ്ങൾ, ഭക്ഷണരീതികൾ, ചന്തകൾ, നാടോടിക്കഥകൾ, ദർവീഷുകൾ, യുദ്ധങ്ങൾ അങ്ങനെയെല്ലാം ചേർന്ന് നല്ലൊരു വായനാനുഭവമായിരുന്നു.
Pic - Ali and Nino - Page 12 *** Eunuch: a castrated man placed in charge of a harem or employed as a chamberlain in a palace |
വളരെ നല്ല വായാനാനുഭവം നല്കി. പ്രണയങ്ങളുടെ തീവ്രതക്കു മുമ്പിൽ നിഷ്‌പ്രഭമാവുന്ന വംശ ദേശാന്തരങ്ങൾ..വളരെ ഹൃദ്യമായ രീതിയിൽ ചുരുക്കി കഥയുടെ അന്തഃസത്ത ചോർന്നു പോകാതെ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ മുബി. കാലങ്ങളിൽ മുങ്ങിപ്പോയ കഥയും സാഹിത്യവും ചരിത്രവും വീണ്ടും ദേശാന്തര കാഴ്‌ചകളിൽ തെളിയുമെന്ന വിശ്വാസത്തോടെ...ആശംസകളോടെ..
ReplyDeleteനന്ദി ഷൈജു... :)
Deleteമിക്ക യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും നിഴലിൽ ഒരു പ്രണയ കഥയും ഉണ്ടാകാറുണ്ട്. എന്താ അതിന്റെ ഒരു ഗുട്ടൻസ് എന്ന് പിടി കിട്ടുന്നില്ല. പുസ്തക പരിചയം ഹൃദ്യമായി
ReplyDeleteനന്ദി മാഷേ...
Deleteആണ് ,പെണ്ണ് ,സമൂഹം ,വർഗ്ഗം , ദേശം മുതലായവയിൽ നിന്ന് വെറുപ്പും എതിർപ്പും ഉണ്ടാകുന്നു ,അപ്പോൾ പിന്നീട് അതെ യുദ്ധവും പ്രണയവും പെരുകുന്നു ഇതൊന്നും ഇല്ലാത്ത കഥയില്ല എന്നാണ് പറയുന്നത് .
ReplyDeleteകുർബാൻ സൈദിൻ്റെ ജർമൻ നോവലായ അലി ആൻഡ് നിനോയിൽ ഇതെല്ലാമുണ്ട്
വളരെ നന്നായി പരിചയപ്പെടുത്തിയിരിക്കുന്നു മുബി
മുരളിയേട്ടാ... സ്നേഹം :)
Deleteഈ പുസ്തകം പരിചയപ്പെടുത്തിയതിനു വളരെ നന്ദി
ReplyDeleteനന്ദി... സന്തോഷം :)
Deleteഎന്ത് പറ്റി മുബി? കുറെ ആയല്ലോ പുതിയ എഴുത്തുകൾ എല്ലാം കണ്ടിട്ട് .
ReplyDeleteകുടുംബവുമായി സുഖമായി കഴിയുന്നു എന്ന് വിശ്വസിക്കുന്നു. അടുത്ത് തന്നെ
വ്യത്യസ്തമായ ഒരു പ്രമേയവുമായി വരുമെന്ന് കരുതുന്നു.
സസ്നേഹം..