ഉമ്മയെന്ന വൻവൃക്ഷത്തിൻ്റെ തണൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് മാർച്ച് 29 നാണ്. ദൂരെയിരുന്ന് സലാം ചൊല്ലി പിരിയുമ്പോഴും മാനസ്സീകമായി ആ വിയോഗവുമായി പൊരുത്തപ്പെട്ടിരുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഗ്രീഫ് കൗൺസലിങ്ങും, സുഹൃത്തുക്കളുടെ സാന്ത്വന ശ്രമങ്ങളും ആശ്വാസമായിരുന്നെങ്കിലും ചില നേരങ്ങളിലകപ്പെട്ടു പോകുന്ന കയങ്ങളിൽ നിന്ന് മുകതമാവാത്ത മനസ്സുമായി വേനലും ശിശിരവും കടന്നു പോയി. വർത്തമാനങ്ങൾ, കളിചിരികൾ, മണവും രുചിയും യാത്രകൾ, ബന്ധങ്ങൾ വായനകൾ എഴുത്തുകൾ... അങ്ങനെയെന്തെല്ലാമോ നിലച്ചു പോയിരിക്കുന്നു.
ഉമ്മയെ താത്തയെന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. മൂത്ത മകളായ ഞാൻ തന്നെയായിരിക്കുമല്ലോ ആ വിളി തുടങ്ങിയിട്ടുണ്ടാവുക, അത് തന്നെ താഴെയുള്ളവരും തുടർന്നു. അനിയൻ്റെ കൂട്ടുകാരി അവളുടെ ഉമ്മാനെ വിളിച്ചിരുന്നത് പോലെ ഇന്നമ്മാന്ന് തന്നെ വിളിച്ചു. മഞ്ചുവിൻ്റെ ഇന്നമ്മ വിളികൾ വീട്ടിൽ ആദ്യമേ കേട്ടിരുന്നത് കൊണ്ട് അവളുടെ വിളികൾ അപരിചിതമായിരുന്നില്ല. പേരക്കുട്ടികളിൽ മൂത്തവരെല്ലാം മിന്നിമ്മാന്ന് വിളിച്ചെങ്കിലും ചെറിയവൾക്ക് മാത്രം താത്തയായിരുന്നു. താത്താനെ ഖദീജായെന്ന് അക്ഷരസ്ഫുടതയോടെ വിളിച്ചു കൊണ്ട് കയറിവരുന്ന ഒരാളെ എനിക്കോർമ്മയുണ്ട്. അവർ മാത്രമാണ് ആ പേര് വിളിച്ചിരുന്നതും... കുയിൻത്താത്ത, വല്യാത്ത, ബീമാ, ബീമോൾ, മൈനി അങ്ങനെ പല പേരുകളിൽ പലർക്കും പലതുമായി ആ ജീവിതം.
എഴുതി പഠിക്കണമെന്ന് താത്ത എപ്പോഴും ഞങ്ങളോട് ശഠിച്ചിരുന്നു. വീണ് ആശുപത്രിയിലാകുംവരെ താത്ത ഇത് പ്രവർത്തീകമാക്കിയിരുന്നുവെന്ന് എഴുതിയ കുറിപ്പുകൾ ഞങ്ങളെ ഓർമ്മപ്പെടുത്തുന്നു. കേട്ടതും വായിച്ചതും പകർത്തി എഴുതിയതുമായ കവിതകൾ, പഠനങ്ങൾ ചിന്തകൾ അങ്ങനെ ഒട്ടേറെ എഴുത്തുകൾ... മഞ്ഞ നിറം പടർന്ന കടലാസ്സിലെ നീല മഷി പുരണ്ട അക്ഷരങ്ങൾ മരണത്തിനുമപ്പുറം ഞങ്ങളോട് സംവദിക്കുന്നു. ബ്ലോഗ് പോസ്റ്റുകൾ സ്മാർട്ട് ഫോണിലോ കമ്പ്യൂട്ടറിലോ വായിക്കാൻ ഇഷ്ടമില്ലാതെ പ്രിന്റ് എടുപ്പിച്ചാണ് വായിച്ചിരുന്നത്. അതെല്ലാം ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുമുണ്ടായിരുന്നു. സാധനങ്ങൾ കാണുന്നില്ലെന്ന് താത്ത പരിഭവിക്കുമ്പോൾ ഞങ്ങൾ കളിയായി പറഞ്ഞിരുന്നു, "സൂക്ഷിച്ചു വെച്ചതാണെങ്കിൽ അത് പോയീട്ടോ..."A place for everything, everything in its place.(Benjamin Franklin)" താത്തൻ്റെ ഇഷ്ട ഉദ്ധരണികളിലൊന്നാണ്. അതുപോലെ തന്നെയായിരുന്നു വീട്ടിലെ ഓരോ വസ്തുവിൻ്റെയും സ്ഥാനം. വഴക്കുകളിൽ പ്രഥമസ്ഥാനം അലങ്കരിച്ചത് "ഒരു സാധനം എടുത്താൽ എടുത്തിടത്ത് തിരിച്ചു വെക്കില്ല..." എന്നത് തന്നെയായിരുന്നു. പെന്നും പെൻസിലും, നോട്ട്പാഡും മക്കൾക്കൊപ്പം നടക്കുമ്പോൾ ഞാനും ഇതുതന്നെ ആവർത്തിക്കുന്നുണ്ട്.
മറ്റെന്തിനേക്കാളും താത്താക്കിഷ്ടം തുന്നലിനോടായിരുന്നു. കുട്ടികൾക്ക് ഉടുപ്പുകൾ തുന്നുന്നത് പോലെ തന്നെ ഉപയോഗശൂന്യമായ വസ്ത്രങ്ങളും, കട്ട് പീസുകളും ഉപയോഗിച്ച് വീട്ടിലേക്ക് പലതും ഉണ്ടാക്കിവെച്ചിരുന്നു. ബ്ലൗസുകൾ സ്വന്തമായി തന്നെയാണ് താത്ത തയ്ച്ചിരുന്നത്. വാങ്ങുന്ന വസ്ത്രങ്ങൾക്കും പ്രത്യേകതകളുണ്ടായിരുന്നു. എല്ലാമൊന്നും ഉപയോഗിച്ചിരുന്നില്ല. ഇതിൻ്റെയൊക്കെ നേർവിപരീത ശീലങ്ങളുമായി ഞങ്ങൾ മൂന്ന് പെണ്മക്കൾ! നേരത്തിനും കാലത്തിനും കുളിക്കാത്തതിന്, വീട്ടിൽ കോലം കെട്ട് നടക്കുന്നതിന്, സാധനങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കാത്തതിനെല്ലാം വഴക്കുകൾ പതിവായിരുന്നു. താത്താൻ്റെ രുചിയോർമ്മകൾ നാവിൻ തുമ്പിലെത്തുമ്പോൾ പാചക കൂട്ടുകൾക്കായി വിളിക്കും. സാധനങ്ങളുടെ പേരുകൾ കേൾക്കുമ്പോഴേ ഞാൻ പാതി തളർന്നിട്ടുണ്ടാവും... ഇത്രയും സാധനങ്ങൾ വേണോന്നുള്ള ചോദ്യം കേൾക്കുമ്പോഴേ താത്ത പറയും, "നിനക്കറിയുന്ന രുചിയിൽ അത് കഴിക്കണമെങ്കിൽ കുറച്ചൊക്കെ മെനക്കെടണം..എന്തൊരു മടിച്ചിയാണ്.." എന്ന പറച്ചിലിൽ ഫോൺ വിളിയും എൻ്റെ പാചക പരീക്ഷണവും അവസാനിച്ചിരിക്കും. ശ്വാസംമുട്ടലും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളുള്ളപ്പോഴും തുന്നാനുള്ള ആവേശത്തിന് കുറവുണ്ടായിരുന്നില്ല. അതാണ് ഒരിക്കൽ ഉപ്പാനോട് ലേസ് വേണമെന്ന ആവശ്യം പറഞ്ഞത്. ഉച്ചയ്ക്ക് ഉപ്പ വരുമ്പോൾ ലേസു കൊണ്ടുവരികയും ചെയ്തു. തുണിയിൽ വെച്ച് പിടിപ്പിക്കാനുള്ള ലേസ്സാണ് താത്ത ഉദ്ദേശിച്ചതെങ്കിൽ ഉപ്പ കൊണ്ടുവന്നത് 10 പാക്കറ്റ് ലെയ്സ് പൊട്ടറ്റോ ചിപ്സാണ്! തുന്നിയില്ലെങ്കിലും പപ്പടത്തിന് പകരം ചോറിനൊപ്പം കഴിക്കാമെന്നായി...
മലയാളം കൂടാതെ തമിഴും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്തിരുന്നു. പെൺകുട്ടികൾ പഠിക്കണമെന്നും ജോലി ചെയ്യണമെന്നതും വളരെ കർക്കശമായി താത്ത ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഞങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നില്ല. പഠിച്ചിട്ടും ജോലിക്ക് പോകാനാവാത്തതിൻ്റെ വിഷമം മരണംവരെ താത്താക്കുണ്ടായിരുന്നു. മറ്റെന്തൊക്കെ മറന്നാലും കുട്ടികളുടെ പഠനവിഷയങ്ങളും, പ്ലേസ്‌മെന്റുകളും കൃത്യമായി ഓർത്തിരുന്നു. പുറംനാടുകളിൽ വളരുന്ന പേരക്കുട്ടികളുടെ സങ്കരഭാഷ താത്താക്കൊരു പ്രശ്‌നമേയല്ലായിരുന്നു. അവരുദ്ദേശിക്കുന്ന വൈറ്റ് നൂഡിൽസും (നൂൽപ്പുട്ട്), ഡോണട്ടും (അരീരപ്പം), ചന്ദ്രികയും(ചന്ദനത്തിരി) ഞങ്ങളെക്കാൾ വേഗത്തിൽ മനസ്സിലാക്കിയതും അവരുടെ മിന്നിമ്മയാണ്.
എത്ര കാലത്തിന് ശേഷമാണെങ്കിലും ഉമ്മയില്ലാത്ത വീട്ടിലേക്ക് കയറിയാൽ മരണത്തിൻ്റെ തണുപ്പ് ദേഹമാസകലം അരിച്ചു കയറും. വീട് പോലും ആ നിശ്ചലാവസ്ഥയിലേക്കും തണുപ്പിലേക്കും കൂപ്പുകുത്തിയിട്ടുണ്ടാവും. തലോടലുകൾ നഷ്ടപ്പെട്ട മക്കളെ പോലെ അതും തേങ്ങലുകളൊതുക്കി നിർവികാരതയോടെ നമ്മളെ നോക്കും. നഷ്ടങ്ങളുടെ ശൂന്യതയാവും ഓർമ്മകൾക്ക് മൂർച്ചയും തിളക്കവും നൽകുന്നത്. "ഒരച്ഛൻ്റെ ഓർമ്മക്കുറിപ്പുകൾ" ഞാൻ വായിക്കുമ്പോഴാണ് അന്നത്തെ പത്രവാർത്തകൾ ശ്രദ്ധയോടെ വായിച്ചിരുന്ന ഉമ്മയെ മകൻ ഓർത്തെടുത്തത്. ഞാനാ പുസ്തകം വായിച്ചവസാനിപ്പിക്കുന്നതുവരെ ഹുസൈൻ പലയാവർത്തി ആ ഓർമ്മകളിലേക്ക് പോയി. "Grief is a cruel kind of education. You learn how much grief is about language, the failure of language and the grasping of language.." Chimamanda Ngozi Adichieയുടെ നോട്ട്സ് ഓൺ ഗ്രീഫ് എന്ന പുസ്തകത്തിലെ വരികളാണ്. പിതാവിൻ്റെ മരണാനന്തരം അവരെഴുതിയ ചെറിയ കുറിപ്പുകളാണ് ആ പുസ്തകത്തിലുള്ളത്. അർത്ഥം നഷ്ടപ്പെട്ട വാക്കുകളുമായി ഞാനിപ്പോഴും ഓർമ്മവഴിയിൽ ശബ്ദമിടറി നിൽക്കുകയാണല്ലോ...
ഉമ്മയെ താത്ത എന്ന് വിളിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. നല്ല ഒരു ഓർമ്മക്കുറിപ്പ്. നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
ReplyDelete