Punta Arenas എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Punta Arenas എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ഏപ്രിൽ 2, വ്യാഴാഴ്‌ച

പാറ്റഗോണിയൻ കാറ്റും സാൻസയും

രാത്രിയിൽ കാറ്റ് അതിൻ്റെ വിശ്വരൂപം പുറത്തെടുത്തു. വെറുതെയല്ല ബോട്ട് സർവീസ് റദ്ദാക്കിയത്. കാതിൽ തുളച്ചു കയറുന്ന കാറ്റിൻ്റെ ഹുങ്കാരവും, മേൽക്കൂര ഇളകിയാടുന്ന ശബ്ദവും കേട്ട് കിടന്നു. എപ്പോഴെങ്കിലും അപായ മണി മുഴങ്ങിയാൽ എങ്ങോട്ട് ഇറങ്ങി പോകും, ഇനിയെങ്ങാനും ഉറങ്ങിയാൽ ആ മണിനാദം കേൾക്കാതെ പോയാലോ എന്ന ചിന്തയും കൂടി ചേർന്നപ്പോൾ ഉറങ്ങുന്നതിനേക്കാൾ നല്ലതാണല്ലോ ഉറങ്ങാതിരിക്കുന്നത് എന്ന അവസ്ഥയിലായി. വെളുപ്പാൻ കാലത്താണ് ഒന്നുറങ്ങാൻ കഴിഞ്ഞത് അതിനാൽ ഉണരാനും വൈകി. പ്രഭാതഭക്ഷണം ഹോസ്റ്റലിൽ ലഭ്യമായതിനാൽ പുറത്തെ അവസ്ഥയെന്താണെന്നറിയില്ലായിരുന്നു. ഉച്ചയ്ക്ക് കാറ്റിനു വീണ്ടും ശക്തി കൂടുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് കണ്ടതിനാൽ വേഗമൊന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു. പ്രതീക്ഷിച്ചത് പോലെ ഇന്ന് പോകാനിരുന്ന എംപറർ  പെൻഗ്വിൻ ട്രിപ്പും ക്യാൻസലായിട്ടുണ്ട്. തിരിച്ചു പോകാനുള്ള വിമാനത്തിൻ്റെ കാര്യവും പ്രകൃതിയുടെ കാരുണ്യത്തിന് വിട്ട് ഞങ്ങൾ അന്നത്തെ സാഹസങ്ങൾക്ക് ഇറങ്ങി.

Pic: Photomanz/ Google Collage

തണുത്ത കാറ്റിൽ പാറി പോകാതെ മഗല്ലൻ കടലിടുക്കും നഗരഭംഗിയും ഒന്നിച്ചു കാണാൻ കഴിയുന്ന സെറോ ലാ ക്രൂസാണ് ആദ്യ ലക്ഷ്യം. ഹോസ്റ്റലിലെ ജീവനക്കാരോട് പുറത്ത് പോകുന്ന കാര്യം പറഞ്ഞപ്പോൾ സൂക്ഷിക്കണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തിയിരുന്നു. വഴിനീളെ ചുവരുകളിലെ ജീവൻ തുളുമ്പുന്ന ചിത്രങ്ങളാണ് ഞങ്ങളെ വരവേറ്റത്. എത്ര ഭംഗിയിലും കൃത്യതയിലുമാണ് ഒരു നാടിൻ്റെ ചരിത്രം ഈ കലാകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. കാറ്റിനെ വകവെയ്ക്കാതെ ചിത്രങ്ങൾ നോക്കി നിന്ന് സമയം പോയതറിഞ്ഞില്ല. കാറ്റിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും മുഖം കാറ്റടിച്ചു നീറി തുടങ്ങിയപ്പോഴാണ് ചുവരുകളിൽ നിന്ന് കണ്ണെടുത്ത് ഹുസൈനെ തിരഞ്ഞത്. ബീച്ചിനടുത്ത് ഹുസൈൻ പക്ഷികളെ ക്യാമറയ്ക്കുള്ളിലാക്കുന്ന തിരക്കിലാണ്. റോഡ് മുറിച്ചു കടന്ന് പക്ഷിക്കൂട്ടങ്ങളുടെയും അവരുടെ ക്യാമറമാൻ്റെയും അടുത്തെത്തി.

Pic: Photomanz / Hussain Chirathodi 

കടലിലേക്ക് നീണ്ടുകിടക്കുന്ന മരപാലത്തിൽ ഇപീരിയൽ കോർമോറാൻ്റ (നീർ കാക്ക) പക്ഷികളുടെ സംസ്ഥാന സമ്മേളനമാണെന്ന് തോന്നുന്നു. വെള്ളത്തിലേക്ക് ഊളിയിട്ടും ആകാശത്ത് പാറിപറന്നും അവർ ആർമാദ്ദിക്കുകയാണ്. തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ ബീച്ചിലെ നടപാതയിൽ നിന്നാൽ പെൻഗ്വിനുകളെ കാണാനാകുമെന്ന് ടൂറിസം ഓഫീസിൽ നിന്ന് പറഞ്ഞിരുന്നു. അതാണ് കാറ്റുണ്ടായിട്ടും ഇങ്ങോട്ട് തന്നെ വന്നത്. പക്ഷെ ഇന്ന് ഒട്ടും തെളിമയില്ലാത്ത അവസ്ഥയാണ് കൂടാതെ തിര ശക്തിയായി അടിക്കുന്നുമുണ്ട്. അതിനാൽ നീർകാക്കകളുടെ ഉല്ലാസ തിമിർപ്പിനോട് വേഗം വിട പറഞ്ഞ് ഞങ്ങൾ ചത്വരത്തിലേക്ക് നടന്നു. ഇവിടെ ഞങ്ങൾക്ക് കാണാൻ ഒരിടം കൂടെ ബാക്കിയുണ്ട്. അതിന്നലെ കാണാൻ സാധിക്കാതെ പോയ ചത്വരത്തിനടുത്തുള്ള മഗിയോറിനോ ബോർഗറ്റെല്ലോ മ്യുസിയമാണ്.

Pic: Photomanz / Google Collage 

ഞങ്ങൾ എത്തിയപ്പോഴേക്കും മ്യുസിയം തുറന്നിരുന്നു. ഒരാൾക്ക് 7.00 യുഎസ് ഡോളറാണ് ടിക്കറ്റ് വില. ബാക്ക്പാക്കുകൾ ലോക്കറിൽ വെച്ച് ടിക്കറ്റെടുത്ത് ഞങ്ങൾ മ്യുസിയത്തിലേക്ക് കയറി. പലതും കണ്ടു പോകുന്നതിനിടയിൽ ഏറെ വിചിത്രമായി തോന്നിയത് സാൻസ(Tzanza)യെന്ന പ്രദർശനവസ്തുവായിരുന്നു. ചുങ്ങിയ തലകളെന്നും (Shrunken Heads) വിളിക്കാമെന്നൊക്കെ വായിച്ചത് വിശ്വസിക്കാനാവാതെ അതു തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാണ് ഹുസൈൻ ശ്രദ്ധിച്ചത്. തെക്കേ അമേരിക്കയിലെ ആമസോൺ വനാതിർത്തി പ്രദേശങ്ങളായ പെറു ഇക്വഡോർ ഭാഗങ്ങളിൽ ജീവിക്കുന്ന ഗോത്രവംശജരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്നൊരു പുരാതന ആചാരമാണ്. യുദ്ധത്തിൽ കൊല്ലപ്പെട്ട ശത്രുക്കളുടെ തലകൾ ഒരു പ്രത്യേക രീതിയിലൂടെ വലിപ്പം കുറച്ച് സൂക്ഷിക്കുന്നതാണ് 'സാൻസ' എന്ന് ചുരുക്കി പറയാം. വളരെ സങ്കീർണ്ണമായ പ്രക്രിയയിലൂടെ തല ഒരു ചെറിയ പന്തിൻ്റെ വലിപ്പത്തിലേക്ക് ചുരുങ്ങുമെത്രേ! മഗിയോറിനോ ബോർഗറ്റെല്ലോ മ്യൂസിയത്തിൽ പ്രദശിപ്പിച്ചിരിക്കുന്ന സാൻസ പാറ്റഗോണിയൻ മേഖലയിലെ മിഷനറിമാർക്ക് കിട്ടിയതാണ്. നരവംശശാസ്ത്രജ്ഞർക്ക് ആമസോൺ ഗോത്രവംശജരുടെ ഇത്തരം ആചാരരീതികളെയും സംസ്കാരത്തെയും കുറിച്ച് പഠിക്കാനും മറ്റുമായി ഇതിവിടെ സൂക്ഷിച്ചിരിക്കുകയാണ്. സാൻസ കണ്ട ക്ഷീണം മാറ്റാൻ ഞങ്ങൾ ചത്വരത്തിലെ ടാബിസ് എന്ന കാപ്പി കടയിലേക്ക് കയറി.

Pic: Mobile Click 

വൈകുന്നേരം ആറ് മണിയോടെ സാന്റിയാഗോയിലേക്ക് പറക്കണം. കറങ്ങി നടക്കാനിനി അധിക സമയമില്ലാത്തതിനാൽ കാപ്പിക്കടയിൽ നിന്ന് വേഗം ഞങ്ങളിറങ്ങി. പിറ്റേന്ന് സാന്റിയാഗോയിൽ നിന്നാണ് യുഎസ് വഴി കാനഡയിലേക്ക് മടങ്ങുന്നത്. ഹോസ്റ്റലിൽ തിരിച്ചെത്തി ബാക്ക്പാക്കുകൾ അടുക്കിപെറുക്കി ഞങ്ങൾ യാത്രയ്‌ക്കൊരുങ്ങി. LATAM എയർവെയ്‌സിലാണ് തിരിച്ചുള്ള യാത്രയും. "തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി.." എന്ന പാട്ടിലെ വരികൾ ഓർത്ത് വിമാനത്താവളത്തിലെ ഗേറ്റിലേക്ക് നടക്കുമ്പോഴാണ് ചുവരിലെ ഡിജിറ്റൽ പുസ്തകങ്ങളുടെ ലിസ്റ്റ് കണ്ടത്.

ഡിജിറ്റൽ വായന ലഭ്യമാകുന്ന സൈറ്റിൻ്റെ QR കോഡും നൽകിയിട്ടുണ്ട്. പ്രവചനാതീതമായ കാലാവസ്ഥയിൽ യാത്ര മുടങ്ങിയാൽ സമയം പോകാൻ പുസ്തകപ്രേമികൾക്ക് ഇതൊരാശ്വാസമാകും. LATAMനെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയ മരിയയെ കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫ്ലൈറ്റിൽ അവരില്ലായിരുന്നു. രാത്രി പതിനൊന്ന് മണിക്ക് സാന്റിയാഗോയിൽ ഇറങ്ങി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. നാളെ ചിലിയിലെ രാഷ്ട്രീയ ഭാവി തീരുമാനമാകുന്ന സുദിനമാണ്. പുണ്ട അരെനാസിലെ ചത്വരത്തിൽ തെക്കുവടക്ക് നടക്കുന്നതിനിടയിൽ ഒരു പാർട്ടിയുടെ ഇലക്ഷൻ റാലിയും അതിലെ നേതാക്കളുടെ ആവേശപ്രസംഗവും കേൾക്കണ്ടായി. ഇതൊക്കെ നമ്മളെത്ര കണ്ടതാണെന്ന മട്ടിൽ ഞങ്ങളും പങ്കെടുത്ത് വിജയിപ്പിച്ചു. നാളെയിവിടെ എന്തൊക്കെ നടക്കുമെന്നത് കാലാവസ്ഥ പോലെ ആശങ്കാജനകമാണ്.

Pic: Photomanz / Google Collage 

അതിരാവിലെയെണീറ്റ് ഞങ്ങൾ സാൻ്റിയാഗോയ്ക്ക് സമീപമുള്ള തീരദേശനഗരമായ വാൽപാറൈസോ കാണാനിറങ്ങി. പെട്ടെന്ന് തിരിച്ചെത്തണമെന്നതിനാലും സ്ഥലം അത്ര പന്തിയല്ലാത്തതിനാലും ഞങ്ങൾ ബസ് യാത്ര ഒഴിവാക്കിയതാണ്. ഉബർ ഡ്രൈവർക്ക് ഇംഗ്ലീഷ് വശമുള്ളതിനാൽ ദൂരയാത്ര വിരസമായില്ല. വാൽപാറൈസോ തെരുവുകലകൾക്ക് പേരുകേട്ടതാണ്. സഞ്ചാരികൾക്ക് ഇവിടമൊരു അപകടമേഖലയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നിട്ടും അവിടേയ്ക്ക് ഞങ്ങൾ പോയത് ഇൻറ്റി, ലൊറോ കൊയിറോൺ എന്നീ കലാകാരന്മാരുടെ സൃഷ്ടികൾ കാണാനുള്ള മോഹംകൊണ്ടാണ്. പല കുന്നുകളിലായി വ്യാപിച്ചുകിടക്കുന്ന നഗരത്തിലെ തെരുവുകളിലാണ് വർണ്ണാഭമായ ചുവർചിത്രങ്ങളുള്ളത്. 1970ലെ പിനോഷെ ഭരണകാലത്ത് രാഷ്ട്രീയ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഇവിടെ മ്യൂറൽ ആർട്ട് സജീവമാകുന്നത്. ആ പാരമ്പര്യം പിന്തുടർന്ന് ചരിത്രം, പ്രാദേശിക ജീവിതം, പ്രകൃതി, രാഷ്ട്രീയം, നാടോടിക്കഥകൾ എന്നിവയൊക്കെയാണ് ഇപ്പോഴത്തെ പ്രധാന പ്രമേയങ്ങൾ.

"നിങ്ങൾ ഇതുവരെ സന്ദർശിച്ച സ്ഥലങ്ങൾ പോലെ സുരക്ഷിതമല്ല. കൂട്ടമായെ നടക്കാവൂ, ഫോണിൽ സംസാരിച്ചു നടക്കരുത്, സുരക്ഷിതമെന്ന് തോന്നിയാൽ മാത്രം ചിത്രങ്ങൾ എടുക്കുക. അധിക സമയം അവിടെ നില്കാതെ പെട്ടെന്ന് തന്നെ തിരിച്ചു പോരണം". നഗരത്തിനടുത്ത്‌ എത്താറായപ്പോൾ ഡ്രൈവർ ഞങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് കേട്ടതോടെ കയ്ച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാന്നുള്ള അവസ്ഥയിലായി. സിറ്റി ടൂറാണ് ബുക്ക് ചെയ്തിരുന്നത്. ആ ഓഫീസിനടുത്തു ഞങ്ങളെ ഇറക്കിയിട്ട് ആശംസകൾ നേർന്ന് ഉബർ ചേട്ടൻ പോയി. ടൂർ ഓഫീസിലേക്കുള്ള പടികൾ കയറി വാതിൽക്കൽ എത്തിയപ്പോഴാണ് അത് അടഞ്ഞു കിടക്കുകയാണെന്ന കാര്യം ശ്രദ്ധിച്ചത്. തെരുവിൽ അവിടെവിടെയായി നിൽക്കുന്ന ഒന്നോരണ്ടോ പേരൊഴിച്ചാൽ തെരുവും വിജനമാണ്. പോലീസ് വാഹനങ്ങൾ റോഡിൽ അങ്ങിങ്ങായി നിർത്തിയിട്ടിട്ടുണ്ട്. അതൊക്കെ വീക്ഷിച്ച് നിൽക്കുമ്പോഴാണ് ഹുസൈന് ടൂർ ക്യാൻസൽ ചെയ്ത സന്ദേശമെത്തുന്നത്.

അധികസമയം ഒറ്റയ്ക്ക് അവിടെ കറങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയപ്പോൾ ഞങ്ങൾ ബസ്‌സ്റ്റാന്ഡിലേക്കു നടന്നു. വാൽപാറൈസോയിൽ നിന്ന് ഉബർ വിളിക്കാതെ ബസ്സിൽ തിരിച്ചു പോകുന്നതായിരിക്കും സുരക്ഷിതമെന്ന് തോന്നിയിരുന്നു. ബസ്സ്റ്റാൻഡിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആളുകളെ കണ്ടാലൊരു ഗുണ്ടാസംവിധാന വ്യവസ്ഥയിൽ നടന്നു പോകുന്ന സ്ഥലമാണെന്നേ തോന്നൂ. ബസ് വന്നപാടെ അതിൽ കയറിയിരുന്നു. സത്യത്തിൽ അപ്പോഴാണ് കുറച്ചൊരാശ്വാസം തോന്നിയത്. ഉച്ചയോടെ ഹോട്ടലിൽ തിരിച്ചെത്തിയ ഞങ്ങൾ കുളിച്ച് ഭക്ഷണം കഴിച്ചു വിമാനത്താവളത്തിലേക്ക് പാഞ്ഞു. സെക്യൂരിറ്റി, ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയപ്പോഴാണ് ഇലക്ഷൻ റിസൾട്ട് പുറത്ത് വരുന്നത്. പിനോഷെ കാലത്തിന് ശേഷം തീവ്രവലതു പക്ഷക്കാരനായ ഹോസെ അന്റോണിയോ കാസറ്റെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിലിയിൽ ഇറങ്ങിയപ്പോൾ കണ്ട 'കാരണം കൊണ്ടോ, ബലപ്രയോഗം കൊണ്ടോ' (Por la razón o la fuerza "By reason or by force) എന്ന മുദ്രാവാക്യം വീണ്ടും ഓർമ്മിച്ച് സംഭവബഹുലമായ അന്നത്തെ ദിവസമോർത്ത് ഞങ്ങളൊന്ന് ദീർഘമായി നിശ്വസിച്ചു...

Pic: Hussain Chirathodi 


"Pack it in, Pack it out. Leave no trace - Preserve  and  Respect ”


                                                                                                                            (അവസാനിച്ചു )


2026 മാർച്ച് 29, ഞായറാഴ്‌ച

ഒരിടത്തുമല്ലാത്ത ഒരിടത്ത്…

പ്യൂർട്ടോ നതാലസ്സിൽ നിന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു ചിലിയിലെ മഗല്ലൻസ് മേഖലയുടെ തലസ്ഥാനമായ പുണ്ട അരെനാസ്സിലേക്കുള്ള ശകടം. ഭൂമിയിൽ ഒരിടത്തുമല്ലാത്ത ഒരിടമെന്നാണ് ചിലിക്കാർ ആ നഗരത്തെ വിശേഷിപ്പിക്കുന്നത്. അങ്ങനെയൊരു വിശേഷണം കേട്ടതോണ്ടാവും എവിടെയെങ്കിലും ഇതെത്തുമോ എന്നൊരു സംശയം മുളപൊട്ടിയത്. 1848ൽ ആ വഴി പോയ ഒരു ഇംഗ്ലീഷ് നാവികൻ  നഗരത്തിന് സാൻഡി പോയിന്റ് എന്ന പേര് നൽകിയെങ്കിലും പിന്നീട് സ്പാനിഷിൽ അതെ അർത്ഥം വരുന്ന  പുണ്ട അരെനസ് എന്ന് മാറ്റിയത് അധിനിവേശകാലത്തായിരിക്കണം.

Pic: Photomanz/Hussain Chirathodi 

ലോകത്തിൻ്റെ തെക്കേ അറ്റത്ത് മഗല്ലൻ കടലിടുക്കിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് പുണ്ട അരെനാസ്. ഇവിടെ നിന്നാണ് അന്റാർട്ടിക്കയിലേക്കുള്ള മിക്ക യാത്രകളുടെയും തുടക്കം. തൊട്ടടുത്തായത്  കൊണ്ടാവും ചിലിക്ക് മാത്രമാണ് അന്റാർട്ടിക്കയിൽ സ്ഥിരമായൊരു സൈനിക താവളമുള്ളത്. നഗരത്തിൽ ഞങ്ങളെത്തുമ്പോൾ 2.30 മണിയായിരുന്നു. നഗരമധ്യത്തിലെ വലിയ തണൽ മരങ്ങളിലെ ഇലകൾ കാറ്റിനോട് താളമിട്ട് ഇളകിയാടുന്നുണ്ട്. അവിടെയടുത്തുള്ള  ഹോസ്റ്റൽ കോർഡിലോറയിലാണ് താമസം ബുക്ക് ചെയ്തിരുന്നത്. ബസ്സിറങ്ങി ഗൂഗിളിനോട് വഴിചോദിച്ചു പോകാമെന്ന് കരുതിയെങ്കിലും ആ തീരുമാനം മാറ്റി ഉബർ വിളിച്ചു. ഡ്രൈവർ ഞങ്ങളെ ഒരിടത്തിറക്കിയിട്ട് ഇവിടെ തന്നെയാണെന്ന് പറഞ്ഞെങ്കിലും തെരുവിലെ കുഞ്ഞു വീടുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഹോസ്റ്റൽ കണ്ടു പിടിക്കാൻ കുറച്ചു പണിപ്പെട്ടു. എന്നാലും അവിടെ കയറിയപ്പോൾ സ്വന്തം വീടിൻ്റെ ഊഷമളതയാണ് അനുഭവപ്പെട്ടത്. ഇംഗ്ലീഷ് വശമില്ലാത്തതിനാൽ സ്പാനിഷ് ഭാഷയിലാണ് ഹോസ്റ്റൽ നടത്തിപ്പുകാർ സംവദിക്കുന്നത്. ഭക്ഷണമുറി കടന്ന് വരാന്തയിലൂടെ മുറ്റത്തേക്കിറങ്ങിയാൽ കാണുന്ന അങ്ങേയറ്റത്തെ ഒരു  ബെഡ്‌റൂം വീടാണ് ഞങ്ങൾക്ക് കിട്ടിയത്. ഹോസ്റ്റലുമായി പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലാത്ത പാരഡൈസ്!

ഒന്ന് വിശ്രമിച്ചതിന് ശേഷം ഞങ്ങൾ നഗരം ചുറ്റാനിറങ്ങി. 1848ലൊരു  ചെറിയ സൈനിക താവളമായി സ്ഥാപിതമായതാണിത്. പനാമ കനാലിൻ്റെ നിർമ്മാണത്തിന് മുമ്പ്, അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ശാന്ത സമുദ്രത്തിലേക്ക് പോകുന്ന കപ്പലുകളുടെ പ്രധാന ഇടത്താവളമായിരുന്നു പുണ്ട അരെനാസ്. അതാവും തെരുവിൽ ഇപ്പോഴും പഴയ കാലത്തെ ആ തിരുശേഷിപ്പുകൾ കാണുന്നത്. ഇന്ന് അന്റാർട്ടിക്കയിലേക്ക് പോകുന്ന ചില ശാസ്ത്രപര്യവേക്ഷണ സംഘങ്ങൾ നഗരത്തെ താവളമാക്കാറുണ്ടെങ്കിലും പഴയത് പോലെ കപ്പൽ തിരക്കുകളില്ല. നഗരത്തെ സ്വാധീനിച്ച കുടിയേറ്റത്തിൻ്റെ ലക്ഷണങ്ങൾ കെട്ടിടങ്ങളിൽ ദൃശ്യമാണ്. ഫ്രഞ്ച്-സ്പാനിഷ്-യൂറോപ്പ്യൻ വാസ്തുവിദ്യ വിളിച്ചോതുന്ന കൊട്ടാരങ്ങളും പള്ളികളും നഗരത്തിലെ പ്രധാന ചത്വരത്തിന് ചുറ്റിലുമുണ്ട്.

ചിലിയിലെ ഏറ്റവുമുയർന്ന ജീവിതനിലവാരമുള്ള നഗരങ്ങളിലൊന്നാണിത്. ഇവിടെയുള്ളവരുടെ അഭിപ്രായത്തിൽ ചിലിയിലാണെങ്കിലും എല്ലാം കൊണ്ടും ചിലിയിൽ നിന്ന് വളരെ അകന്നവരാണെന്നാണ്. ആട് വളർത്തലും, മത്സ്യബന്ധനവും ടൂറിസവുമാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗങ്ങൾ. അതിലേറ്റവും പ്രാധാന്യം ആടു വളർത്തലിന് തന്നെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പുണ്ട അരെനാസിനെയൊരു സാമ്പത്തിക ശക്തിയാക്കി മാറ്റിയത് ആടുകളാണെന്നാണ് പറയുന്നത്. വെളുത്ത സ്വർണ്ണം എന്ന പേരിലാണ് ഇവരുടെ കമ്പിളി ലോകമെങ്ങും അറിയപ്പെടുന്നത്. ഈ സ്വർണ്ണത്തിന് തൊട്ടാൽ പൊള്ളുന്ന വിലയാണ്!

Pic: Photomanz/Canva Design 

തെരുവുകളിലെ മ്യൂറലുകളിൽ ചരിത്ര കഥകൾ നമുക്ക് വായിച്ചെടുക്കാം. ഒരു സ്‌കൂൾ മതിലിലെ മ്യൂറലിൽ തദ്ദേശീയരുടെ ജീവിതശൈലിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. നടന്ന് നടന്നൊടുവിൽ  ബസ്സിൽ വെച്ച് കണ്ട പാർക്കിനടുത്തെത്തി. സായാഹ്‌ന നടത്തത്തിനിറങ്ങിയ ചില ആളുകളെ പിന്തുടർന്ന് ഞങ്ങളെത്തിയത് മുനിസിപ്പൽ സെമിത്തേരിയിലാണ്. ഒരു ശ്മശാനം വിനോദസഞ്ചാര കേന്ദ്രമാകുന്നത് അല്പം അത്ഭുതകരമായി തോന്നിയതിനാൽ ഗൂഗിളിനോട് ചോദിച്ചുറപ്പിച്ചു. CNN ഉൾപ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങൾ ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് സെമിത്തേരികളിലൊന്നായി ഇതിനെ തിരഞ്ഞെടുത്തിട്ടുണ്ടെത്രെ. എന്നാൽ പിന്നെ അവിടെ കയറി ഇത്ര സുന്ദരമായ സ്ഥലത്തുറങ്ങുന്നവരെ ഒന്ന് കാണാതെ പോരുന്നത് ശരിയല്ലല്ലോ. സെമിത്തേരിയുടെ വീതിയുള്ള പ്രധാന കവാടം, അടച്ചിരിക്കുന്നു. സന്ദർശകർ അതിനടുത്തുള്ള ചെറിയൊരു ഗേറ്റിലൂടെയാണ് അകത്തേക്ക് കടക്കുന്നത്. സന്ദർശന സമയം തീർന്നതായിരിക്കുമെന്നാണ് കരുതിയതെങ്കിലും അതല്ലെന്ന്  അതിനകത്തു കയറിയപ്പോഴാണ് അറിഞ്ഞത്! 

മഗല്ലൻ കടലിടുക്കിന് സമീപത്ത് 1894ൽ സ്ഥാപിതമായ ഈ സെമിത്തേരി ഇന്ന് ചിലിയുടെ ദേശീയ സ്മാരകമാണ്. ഇതിനെ ഓപ്പൺ എയർ മ്യൂസിയം എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. മനോഹരമായി വെട്ടി ഒതുക്കിയ സൈപ്രസ് മരങ്ങൾ നിറഞ്ഞു നിൽക്കുന്ന സെമിത്തേരിയിൽ നഗര വളർച്ചയ്ക്ക് കാരണക്കാരായ വലിയ പ്രമാണിമാരുടെയും, യൂറോപ്യൻ കുടിയേറ്റക്കാരുടെയും  പ്രൗഢിയേറിയ കല്ലറകൾ കാണാം. എടുപ്പിലും മട്ടിലും ഓരോ കല്ലറയും വാസ്തുവിദ്യയുടെ അത്ഭുത സൗധങ്ങളാണ്. മാർബിളിലും കല്ലിലും കൊത്തിയെടുത്ത കൊട്ടാരതുല്യമായ ശവകുടീരങ്ങൾ അന്നത്തെ കുടുംബങ്ങളുടെ പ്രാമാണിത്തം എടുത്തു കാണിക്കുന്നുണ്ട്. സൈപ്രസ് മരങ്ങൾക്കിടയിലെ കുഞ്ഞു കൊട്ടാരങ്ങളിൽ ഉറങ്ങുന്ന ചില പ്രതാപികളുടെ കൊട്ടാരവാതിലിന് പുറത്ത് വിളക്ക് തെളിയിച്ചിട്ടുണ്ട്.

Pic: Photomanz /Canva Design 

ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രമുഖരിൽ ഒരാളാണ് സംരംഭകയും ജീവകാരുണ്യപ്രവർത്തകയും ധനികയുമായ സാറാ ബ്രൗൺ. നഗരത്തിലെ  പല കെട്ടിടങ്ങൾക്കും റോഡുകൾക്കും ഇവരുടെ പേരാണ്. 1895ൽ പണിത നഗരചത്വരതിനടുത്തുള്ള ആഡംബരപൂർണ്ണമായ സാറാ ബ്രൗൺ കൊട്ടാരം ദേശീയസ്മാരകവും യൂണിയൻ ക്ലബ് ആസ്ഥാനവുമായി പ്രവർത്തിക്കുന്നു. സാറയാണ്  സെമിത്തേരിയുടെ പ്രധാന കാവാടം പണിയാൻ വലിയൊരു തുക നൽകിയത്. എന്നാലൊരു നിബന്ധനയുണ്ടായിരുന്നു. അല്ലെങ്കിലും പണമൊക്കെ വെറുതെ എടുത്തു കൊടുക്കാൻ പറ്റോ? സാറയുടെ മരണശേഷം അവരുടെ ശവമഞ്ചം സെമിത്തേരിയുടെ ഉള്ളിലേക്ക് കടന്നാൽ പ്രധാന കവാടം അടച്ചിടണമെന്നും പിന്നീട് അത് തുറക്കരുതെന്നുമായിരുന്നു കല്പന. സാറയുടെ മോഹമാണ് ആ ഗേറ്റ് അടവിന് പിന്നിൽ. നഗരത്തിൻ്റെ  കണ്ണിലുണ്ണിയായ സാറയുടെ ബിസിനസ് സംരഭങ്ങൾക്ക് അവിടുത്തെ തദ്ദേശീയരായ സെൽക്നാം വംശജരെ കൊന്നൊടുക്കിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായി പറയപ്പെടുന്നു. 

ബ്രൂസ് ചാറ്റ്‌വിനെ സ്വാധീനിച്ച നാവികനായ ചാൾസ് ആംഹെർസ്റ്റ് മിൽവാർഡ്  വിശ്രമിക്കുന്നതും ഇവിടെയാണ്. കുറച്ചു നേരം അതിനകത്തൂടെ നടന്ന് ഞങ്ങൾ പുറത്തിറങ്ങി. തണുത്ത കാറ്റ് ശക്തിയായി വീശി തുടങ്ങിയിരുന്നു. പിറ്റേന്ന് ടെറാ ഡെൽ ഫ്യൂഗോയിലേക്ക് കിംഗ് പെൻഗ്വിൻ കോളനി കാണാനുള്ള ക്രൂയിസിന് ബുക്ക് ചെയ്തതാണ്. അതിൻ്റെ ഓഫീസിൽ പോയി വിവരങ്ങൾ അന്വേഷിക്കണമെന്ന് തോന്നിയത് നന്നായി. അവരുടെ ഓഫീസിലേക്ക് കയറിയപ്പോഴേ മനസ്സിലായി നാളെത്തെ ക്രൂയിസ് പരിപാടി ക്യാൻസലായെന്ന്. ഫോണുകൾ നിർത്താതെ മണിയടിക്കുന്നതും ഇടതടവില്ലാതെ സോറിയെന്ന്  കേൾക്കുന്നതുമാണ് ലക്ഷണം. അന്റാർട്ടിക്കയ്ക്ക് പുറത്ത് കിംഗ് പെൻഗ്വിനുകളെ കാണാൻ കഴിയുന്ന തെക്കേ അമേരിക്കയിലെ ഏക കോളനിയാണിത്. ഹുസൈൻ്റെ ബക്കറ്റ് ലിസ്റ്റിൽ ഒന്നാമതായിരുന്നു ഇത്. അതിശക്തമായ തിരമാലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച മഗല്ലൻ കടലിടുക്കിലൂടെ ബോട്ടിൽ വേണം അങ്ങോട്ട് പോകാൻ. കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇനിയുള്ള രണ്ടു ദിവസം അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ ബോട്ടുകൾ ഇറക്കാൻ അനുവാദമില്ല. ടിക്കറ്റ് റീഫണ്ട് ചെയ്തു തരാമെന്നും ഇനിയെപ്പോഴാണ് സർവീസ് പുനരാംഭിക്കുകയെന്നറിയില്ലെന്നും  പറഞ്ഞപ്പോൾ അവരോട് അടുത്ത തവണ വരുമ്പോൾ കാണാമെന്ന് പറഞ്ഞിറങ്ങി. കാറ്റിനോട് മത്സരിക്കാൻ നമ്മളാരാണ്! ഈ നഗരത്തിലെ ഓരോ അരിമണിയും അരിച്ചു പെറുക്കാനാണ് ഈ യാത്രയിലെ നിയോഗം എന്നോർത്ത് അടുത്തുള്ള കോഫി ഷോപ്പിലേക്ക് കയറി.

Pic: Hussain Chirathodi

കാപ്പുച്ചിനോയും, ഹോട്ട് ചോക്ലേറ്റും അവിടുത്തെ പ്രത്യേകതയായ മധുരം നിറച്ച ഫ്രഞ്ച് റോളിനും ഓർഡർ കൊടുത്ത് ജാലകത്തിനരികിലെ  ഇരിപ്പിടത്തിലിരുന്നു നഗരകാഴച്ചകളിലേക്ക് കാണുംനട്ടിരുന്നു. ഇന്നും പുണ്ട അരേനാസിനെ ഓർക്കുമ്പോൾ വായിൽ ആ ഫ്രഞ്ച് റോളിൻ്റെ രുചി നിറയും! കാപ്പി കടയിൽ നിന്ന് ഞങ്ങൾ നഗരചത്വരമായ പ്ലാസ ഡി അർമാസിലേക്കാണ് നടന്നത്. നഗരത്തിലെ പ്രധാന ആഘോഷങ്ങളും ചടങ്ങുകളും ഇവിടെയാണ് നടക്കുന്നത്. കൂടാതെ, തദ്ദേശീയരായ കലാകാരന്മാരുടെ കൈവേലകൾ വിൽക്കുന്ന ചെറിയ കടകൾ, ഗായകർ, സഞ്ചാരികൾ, സമ്മേളനങ്ങൾ, ഫോട്ടോഗ്രാഫർമാർ അങ്ങനെ സാമൂഹിക ജീവിതത്തിൻ്റെ ജീവനാഡിയാണ് ഈ ചത്വരം. നഗരത്തിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഇവിടെനിന്ന് പെട്ടെന്ന് നടന്നെത്താം. 1901ൽ നിർമ്മിച്ച സേക്രഡ്‌ ഹാർട്ട് കത്തീഡ്രൽ തലയെടുപ്പോടെ ഒരുവശത്ത് നിൽക്കുന്നുണ്ട്. 


Pic: Photomanz / Canva Design

ചത്വരത്തിൻ്റെ ഒത്തനടുവിൽ 1920ൽ മഗല്ലൻ കടലിടുക്ക് കണ്ടെത്തിയ നാവികനായ ഫെർഡിനാൻഡ് മഗല്ലൻ്റെ കൂറ്റനൊരു വെങ്കലപ്രതിമയുണ്ട്. പ്രശസ്ത ശില്പി ഗില്ലെർമോ കോർഡോവ രൂപകല്പന ചെയ്ത ഈ പ്രതിമ കടലിടുക്ക് കണ്ടെത്തിയതിൻ്റെ നാന്നൂറാം വാർഷികത്തോടനുബന്ധിച്ച്‌ സ്ഥാപിച്ചതാണ്. ഇതിന് താഴെയായി തദ്ദേശീയ വംശജരായ സെൽക്നാം നിവാസിയായ ഒരാളുടെ രൂപവുമുണ്ട്. അതിൻ്റെ കാൽപാദത്തിൽ തൊടുകയോ ഉമ്മവെയ്ക്കുകയോ ചെയ്‌താൽ നമുക്ക് ഭാഗ്യമുണ്ടാവുമെന്നും വീണ്ടും പുണ്ട അരെനാസിലേക്ക് വരുമെന്നും വിശ്വസിക്കുന്നവരുണ്ട്. വിശ്വാസം അതല്ലേ എല്ലാം... അതുകൊണ്ടാണോ എന്നറിയില്ല, അവിടെ സഞ്ചാരികളുടെ തിക്കുംതിരക്കുമായിരുന്നു. ഹുസൈന് നല്ലൊരു ഫോട്ടോ കിട്ടാത്തതതിനാൽ പിന്നെയാകട്ടെയെന്ന് കരുതി ഞങ്ങൾ ഹോസ്റ്റലിലേക്ക് മടങ്ങി. അടുത്ത പോസ്റ്റോട് കൂടി പാറ്റഗോണിയൻ വിശേഷങ്ങൾ അവസാനിക്കുകയാണ്…

 

Pic: Photomanz/ Canva Design


  "Pack it in, Pack it out. Leave no trace - Preserve  and  Respect ”




2026 ജനുവരി 24, ശനിയാഴ്‌ച

ചിലിയിലെ മഞ്ഞുരുകാത്ത വസന്തം!

ചിലിയിലെ പാറ്റഗോണിയൻ മേഖലയിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങുകയാണ്. Dec 8ന്  രാവിലെ 4.30ക്കായിരുന്നു പുണ്ട അരെനാസി(Punta Arenas)ലേക്കുള്ള LATAM എയർലൈൻസിൻ്റെ  വിമാനം സാന്റിയാഗോയിൽ നിന്ന് പുറപ്പെട്ടത്. നാലു മണിക്കൂറിനിടയിൽ ഒരു സ്റ്റോപ്പിൽ നിർത്തി ആളെയിറക്കാനും കയറ്റാനുമുണ്ട്. വിമാനത്തിലേക്ക് കയറുമ്പോൾ ഫ്ലൈറ്റ് അറ്റെൻഡന്റ് മരിയയുടെ  കൈയിലെ നോട്ടു പുസ്തകമാണ് ഞാൻ ശ്രദ്ധിച്ചത്.  ഓരോ യാത്രക്കാരുടെയും അടുത്ത് ചെന്ന് "ഞാൻ മരിയ, എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയണം" എന്ന് കുശലം പറയുന്ന അവരെ പലരും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. യാത്രക്കാർ പല രാജ്യക്കാരാണ്  ഇത്ര കൃത്യതയോടെ പേരുകൾ ഓർമ്മിക്കുന്നത് എങ്ങിനെയെന്ന അത്ഭുതമാണ് പലർക്കും. തൻ്റെ  നോട്ടുപുസ്തകത്തിൽ അന്നത്തെ യാത്രക്കാരുടെ പേരെഴുതിവെച്ച് അത് പഠിച്ചിട്ടാണ്  ഓരോരുത്തരുടെയും അടുത്തെത്തുമ്പോൾ പേര് വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്ത് മരിയ സംസാരിക്കുന്നതും ഭക്ഷണം നല്കുന്നതും. 

യാത്രാവിമാനത്തിലാണോ അതോ മരിയയുടെ വീട്ടിലാണോന്നുള്ള സംശയം തോന്നും വിധമാണ് അവരുടെ പെരുമാറ്റം. ഞാനുറങ്ങുന്നത് കണ്ട് ഹുസൈനോട് "അവരുറങ്ങുകയാണല്ലോ, ഉണർത്താൻ തോന്നുന്നില്ല ഒന്നും  കഴിച്ചില്ലല്ലോന്ന്" വളരെ വിഷമത്തിൽ പറഞ്ഞത് കേട്ട് മൂപ്പരെന്നെ വിളിച്ചുണർത്തി. മരിയയുടെ സഹപ്രവത്തകർ പോലും അവരുടെ പ്രവർത്തികൾ സാകൂതം നോക്കി നിൽക്കുന്നുണ്ടായിരുന്നു. എൻ്റെ സഹയാത്രികക്ക് ഇംഗ്ലീഷ് വശമില്ല. വിൻഡോ സീറ്റിൽ അവരായിരുന്നതിനാൽ പർവ്വത നിരകൾ കണ്ടു തുടങ്ങിയപ്പോൾ എന്നെ വിളിച്ചു കാണിച്ചു തരികയും എൻ്റെ ഫോൺ വാങ്ങി കുറെ ഫോട്ടോകൾ എടുക്കുകയും ചെയ്തു. പരസ്പരം സംവദിക്കാൻ ഞങ്ങൾക്ക് ഭാഷ ഒരു തടസ്സമായില്ല. മരിയയും കൂഫിയ ധരിച്ച സഹയാത്രികയും മലയാളിയായ ഞാനും ഈ യാത്രയിൽ സ്നേഹത്തിൻ്റെ ഭാഷയിൽ ബന്ധിതരായവരാണ്.

Pic: Photomanz (Hussain Chirathodi) / Canva Design

9.30 മണിയോടടുത്ത് പുണ്ട അരെനാസിൽ വിമാനമിറങ്ങി. ഈച്ച പൊതിയുന്നത് പോലെ ടാക്സിക്കാർ സഞ്ചാരികളെ പൊതിയുന്നുണ്ട്. വേണ്ടായെന്ന് പറഞ്ഞാലും അവർ വീണ്ടുമെത്തും. പ്യൂർട്ടോ നതാലെസി(Puerto Natalas)ലേക്കാണ് ഞങ്ങൾക്ക് പോകേണ്ടിയിരുന്നത്. ടിക്കറ്റ് ആദ്യമേ ബസ്ബഡ് ആപ്പ് വഴി എടുത്തുവെച്ചിരുന്നു. 10.00 മണിയാണ് ടിക്കറ്റിൽ സമയം രേഖപ്പെടുത്തിയിരുന്നത്. പത്തായപ്പോൾ വളവ് തിരിഞ്ഞ് ഫെർണാണ്ടസ് വരുന്നതു കണ്ട് സന്തോഷിച്ചെങ്കിലും യാത്രക്കാരുടെ ലിസ്റ്റിൽ ഞങ്ങളുടെ പേരില്ലായിരുന്നതിനാൽ ആ ശകടത്തിൽ ഞങ്ങളെ കയറ്റിയില്ല.

ഏകദേശം 11.00 മണിയായപ്പോഴുണ്ട് ആടിയുലഞ്ഞു കൊണ്ട് "ബസ് സുർ" വരുന്നു. ടിക്കറ്റിലെ പേരും നാളുമൊക്കെ നോക്കി തിട്ടപ്പെടുത്തി ഡ്രൈവർ ഞങ്ങളെ ബസ്സിൽ കയറാൻ അനുവദിച്ചു. അപ്പോഴേക്കും കാറ്റും മഴയും തുടികൊട്ടി തുടങ്ങിയിരുന്നു. ബസ് നീങ്ങിയപ്പോൾ വീണ്ടും ടിക്കറ്റ് പരിശോധിക്കാൻ കിളിയെത്തി. മഴകാരണം ജാലകത്തിലൂടെ  പുറത്തെ കാഴ്ചകൾ ഒന്നും വ്യക്തമായിരുന്നില്ല. ഇടയ്ക്ക് ഒന്ന് തെളിഞ്ഞപ്പോൾ കണ്ടത് നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന പുൽമേടുകളും അതിൽ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടങ്ങളെയുമാണ്. കുതിരപ്പുറത്തിരിക്കുന്ന ആട്ടിടയൻ്റെ ജോലിയെടുക്കുന്നത് അയാളുടെ കാവൽ നായ്ക്കളാണ്. അവരാണ് ഓടിനടന്ന് ഈ ആടുകളെയൊക്കെ മേയ്ക്കുന്നത്.

നാട്ടിലെ പോലെ നേർച്ചപെട്ടികളും കുഞ്ഞു ആരാധനാലയങ്ങളും വഴി നീളെയുണ്ട്. മൂന്ന് മണിക്കൂർ യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ പാറ്റഗോണിയൻ മേഖലയിലുള്ള പ്യൂർട്ടോ നതാലെസിലെ ബസ് സ്റ്റേഷനിൽ ഇറങ്ങി. വായിച്ച് സ്വപ്നം കണ്ട പ്രദേശത്താണ് എത്തിയിരിക്കുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല! പ്രകൃതി സൗന്ദര്യവും ചരിത്രവും ഇഴചേർന്നുകിടക്കുന്ന പ്യൂർട്ടോ നതാലെസിനോട് ഒറ്റനോട്ടത്തിൽ തന്നെ ആരും പ്രണയത്തിലാകും. പർവതങ്ങളും കടലിടുക്കുകളും ചുറ്റിലുമുള്ള ഈ കുഞ്ഞു പ്രദേശത്തിൻ്റെ ശാന്തതയും വൈവിധ്യവും വാക്കുകൾ കൊണ്ട് വരച്ചിട്ട ബ്രൂസിന് മനസ്സാ നന്ദി പറഞ്ഞു. താമസസ്ഥലമായ ഹോട്ടൽ ബിഗ് സുറിലേക്ക്  കുറച്ചു ദൂരമുണ്ടായിരുന്നതിനാൽ സ്റ്റേഷനിൽ നിന്നൊരു  ഊബർ വിളിച്ചു.


Pic: Hussain Chirathodi (Photomanz)

1557 ലാണ് സ്പാനിഷ് നാവികനായ യുവാൻ ലാഡ്രില്ലെറോസ് (Juan Ladrilleros) തെക്കേയമേരിക്കയുടെ അറ്റത്ത് മഞ്ഞുമലകൾ അതിരിടുന്ന ഈ തുറമുഖനഗരത്തെ കണ്ടെത്തുന്നത്.  'അവസാനത്തെ പ്രതീക്ഷ' എന്നർത്ഥം വരുന്ന 'അൾട്ടിമ എസ്പെരാൻസ'(Última Esperanza) എന്ന് പേരിടുകയും ചെയ്തു. എന്നാൽ 1911-ലാണ് പ്യൂർട്ടോ നതാലെസ് നഗരം ഔദ്യോഗികമായി സ്ഥാപിതമായത്. അക്കാലത്ത് ആടുവളർത്തലും കമ്പിളവ്യവസായവുമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം. പിന്നീട് ലോകപ്രസിദ്ധമായ 'ടോറസ് ഡെൽ പൈൻ' നാഷണൽപാർക്കിലേക്കുള്ള പ്രധാന പാതയായി പ്യൂർട്ടോ നതാലെസ് മാറിയതോടെയാണ് വിനോദസഞ്ചാര ഭൂപടത്തിൽ ഈ പ്രദേശം ശ്രദ്ധ നേടുന്നത്. 

തദ്ദേശീയരായ 'കാവേസ്കർ' (Kawésqar) ജനതയുടെയും തെഹുവൽചെ (Tehuelche വിഭാഗക്കാരുടെയും പൈതൃക ഭൂമിയാണ്. യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാർ ഇവിടെ എത്തിയതോടെ പരമ്പരാഗതരീതികളിലും  സംസ്കാരത്തിലും ഏറെ മാറ്റങ്ങളുണ്ടായി. എന്നാൽ പാറ്റഗോണിയൻ സംസ്കാരത്തിൻ്റെ അടയാളമായ കുതിരസവാരിയും 'ഗൗച്ചോ' (Gaucho) ജീവിതരീതിയും അതുപോലെ ഇന്നും  പിന്തുടരുന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ഒന്നുറങ്ങി വിശ്രമിച്ചതിന് ശേഷം ഞങ്ങൾ കടൽ തീരത്തേക്ക് നടന്നു. പാതയുടെ ഇരുവശത്തുമായി നഗരസത്വത്തെ വിളിച്ചോതുന്ന കുറെ  ശില്പങ്ങളുണ്ട്.


Pic: Hussain Chirathodi (Photomanz)



റോഡ് മുറിച്ചു കടന്നാൽ ആദ്യമെതിരേൽക്കുക കാറ്റിൻ്റെ സ്മാരകമെന്ന(Monumento al Viento) പ്രശസ്തമായ ശില്പമാണ്. നിക്കോസ് കസാന്ത്സാകിസിൻ്റെ സോർബയെയാണ് അതെന്നെ ഓർമ്മപ്പെടുത്തിയത്. പാറ്റഗോണിയയിലെ കാറ്റ് കുപ്രസിദ്ധിയാർജ്ജിച്ചതാണെന്ന് തുടക്കത്തിൽ എഴുതിയിരുന്നല്ലോ. പ്രകൃതിയുടെ പ്രതിബന്ധങ്ങളെ അതിജീവിക്കുന്ന ജനതയുടെ പ്രതീകം പോലൊരു സ്ത്രീയും പുരുഷനുമാണ് ശില്പത്തിൽ. അതിനടുത്ത് എത്തുന്നവരെല്ലാം ആ തൂണിൽ പിടിച്ചു കാറ്റിലാടാൻ ശ്രമിക്കുന്നുണ്ട്.

അടുത്തത് മണ്ണിൽ നിന്നുയർന്ന് നിൽക്കുന്ന ഒരു കൂറ്റൻ കൈപ്പത്തിയുടെ 'മനോ ഡി ദേസീർട്ടൊ(Mano de Desierto)' എന്ന ശില്പമാണ്. എന്തോ പിടിക്കാനെന്നവണം മണ്ണിനടിയിൽ നിന്ന് ഉയർന്നു വരുന്ന കൈയുടെ രൂപമാണ്.  പിന്നെയുള്ളത് പാറ്റഗോണിയയുടെ പുരാതന കാവൽക്കാരനായ മിലോഡോൺ എന്ന കൂറ്റൻ സ്ലോത്തിൻ്റെ പ്രതിമയാണ്. ഇതിൻ്റെ അവശിഷ്ടങ്ങൾ ഒരു ഗുഹയിൽ നിന്ന് ലഭിച്ചിട്ടുണ്ടത്രെ. അവിടെയുമുണ്ട് ഇത് പോലെ ഒരു കൂറ്റൻ പ്രതിമ. അതിനെ കുറിച്ച് പിന്നെയെഴുതാം.

Pic: Photomanz (Hussain Chirathodi)/Canva Design

തീരത്തെ ബെഞ്ചിലിരുന്ന് വെള്ളത്തിൽ നീന്തി തുടിക്കുന്ന അരയനങ്ങളെ നോക്കിയിരിക്കുമ്പോഴാണ് പണ്ട് കപ്പലുകൾ അടുപ്പിച്ചിരുന്ന പഴയ മരത്തൂണുകൾ കണ്ടത്. കടലിലേക്ക് നീണ്ട് കിടക്കുന്ന അവയുടെ പഴയ  പ്രതാപകാലത്തെ കുറിച്ച് വെറുതെ ഒന്നോർത്തു. ഇന്റർനെറ്റിനെ ആശ്രയിക്കാനാവാത്തതിനാൽ ഹുസൈൻ ഭൂപടം പഠിക്കുന്ന തിരക്കിലായി. വേനൽക്കാലമാണെങ്കിലും പ്രവചനാതീതമായ കാലാവസ്ഥയാണ്. എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നതിനാലാവും ആളുകൾ ധൃതിയിൽ നടന്നു പോകുന്നത്. തെരുവിലെ ഭക്ഷണശാലകളിൽ തിരക്കേറി തുടങ്ങിയിരുന്നു. വിറക്കടുപ്പിനു മുകളിൽവെച്ച് സാവധാനം ചുട്ടെടുക്കുന്ന പാറ്റഗോണിയൻ ആട്ടിറച്ചിയുടെ കൊതിപ്പിക്കുന്ന മണം ഞങ്ങളെയും കീഴടക്കി. 

കാറ്റുണ്ടെങ്കിലും ശക്തി കുറവായതിനാലാവും ചിലരെല്ലാം ഭക്ഷണവുമായി പുറത്തെ ബെഞ്ചുകളിൽ ഇരിക്കുന്നുണ്ട്. പലതരം സമുദ്രവിഭവങ്ങളുടെയും  ഇറച്ചിവിഭവങ്ങളുടെയും സമ്മിശ്രഗന്ധം അന്തരീക്ഷത്തിൽ ലയിച്ചിരുന്നു.. വെള്ളത്തിലെ അണുബാധ കാരണം സഞ്ചാരികൾ സമുദ്രവിഭവങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതരുടെ  മുന്നറിയിപ്പ് ഭക്ഷണശാലകളിൽ പതിച്ചിട്ടുണ്ട്. അത് വായിച്ചതോടെ എൻ്റെ മീൻ കൊതി ശമിച്ചു! കാറ്റും തണുപ്പും കൂടിയപ്പോൾ ഞങ്ങൾ നന്തൂസിലേക്ക് കയറി. താമസിക്കുന്ന ഹോട്ടലിൽ നിന്ന് നന്തൂസിലെ ഭക്ഷണത്തിനൊരു കൂപ്പൺ തന്നിരുന്നതിനാലാണ് അവിടേക്ക് തന്നെ പോയത്. പുറത്തെ കാഴ്ചകൾ കണ്ട് പിറ്റേന്നത്തെ കാലാവസ്ഥയുടെയും തയ്യാറെടുപ്പിൻ്റെയും ചർച്ചക്കിടയിൽ ഭക്ഷണം മുന്നിലെത്തിയത് അറിഞ്ഞില്ല... നാളത്തെ കാര്യം നാളെയ്ക്ക് വിട്ട് വിശപ്പിനെ ശമിപ്പിക്കാനായി ഞങ്ങൾ കത്തിയും മുള്ളും കൈയിലെടുത്തു...                                                                                                                                    (തുടരും)

                  
Pic: Photomanz (Canva Design)

 
                                                                                                                                                                                           

 "Pack it in, Pack it out. Leave no trace - Preserve  and  Respect ”