Wednesday, September 14, 2016

പരിമളം പരത്തും ലാവണ്ടര്‍

ചെറുപ്പത്തില്‍ ഇളം നീലയും വെള്ളയും നിറത്തിലുള്ള യാര്‍ഡ്‌ലിയുടെ ലാവണ്ടര്‍ പൌഡർ ഞങ്ങളുടെ വീട്ടിലെത്തുന്നത് ഗള്‍ഫിൽ നിന്ന് വരുന്നവർ തരുന്ന സമ്മാനമായിട്ടാണ്. ആ അമൂല്യ വസ്തു മാസങ്ങളോളം അലമാരിക്കുള്ളില്‍ ഇരുന്ന് ഞങ്ങളെ നോക്കി ചിരിക്കും. മണത്തിനായി യാര്‍ഡ്‌ലി കടലാസ്സിൽ കുടഞ്ഞ്‌ മടക്കി വെച്ച എന്‍റെ ഉടുപ്പുകൾക്കിടയിൽ വെക്കാറുണ്ടായിരുന്നു. അങ്ങിനെ വിദേശിയായ യാര്‍ഡ്‌ലിയെ തികച്ചും കണ്‍ട്രിയായ ഞാൻ ആരാധനയോടെ വാസനിച്ചു നടന്നു. ഈ ആരാധന ഇടയ്ക്കൊന്ന് മുരടിച്ചെങ്കിലും ചെറുകരയില്‍ എത്തിയപ്പോൾ വീണ്ടും തളിര്‍ത്തു. ഞാന്‍ ചെല്ലുമ്പോൾ വീട്ടിലെ അറയില്‍ ബ്രുട്ടും യാര്‍ഡ്‌ലിയും അവരുടെ സ്ഥാനങ്ങള്‍ക്ക് മത്സരിക്കുന്നതാണ് കണ്ടത്. ആരാരാ മുമ്പനെന്ന മട്ടില്‍ രണ്ടു കൂട്ടരും പരസ്പരം പോര് വിളിച്ചു അറയിലെ അലമാരയിൽ തെക്കോട്ടും വടക്കോട്ടും മുഖം തിരിച്ചിരിന്നു എന്നെ ചിരിപ്പിച്ചു. യാര്‍ഡ്‌ലിക്ക് ഞങ്ങള്‍ക്കിടയിൽ കിട്ടിയിരുന്ന അംഗീകാരം ഉമ്മയിൽ നിന്ന് ലഭിച്ചിരുന്നോന്ന് സംശയമാണ്. മറ്റെന്തിനേക്കാളും ബ്രുട്ടിനോടായിരുന്നു ഉമ്മാക്ക് താല്പര്യം. അത് തന്നെയായിരുന്നു അവർ തമ്മിലുള്ള മത്സരത്തിനുള്ള ഹേതുവും.

Image Courtesy: Google 

വിലയിലും മണത്തിലും മുന്തിയ യാര്‍ഡ്‌ലിയുടെ നീല നിറത്തിലുള്ള ലാവണ്ടർ പൌഡർ ടിനൊന്ന് സ്വന്തമാക്കുന്നത് സൗദിയിലെത്തിയിട്ടാണ്. എത്ര ഉപയോഗിച്ചിട്ടും തീരാതെ കുറേക്കാലം അതെന്‍റെ കൂടെയുണ്ടായിരുന്നു. നാട്ടിലേക്കുള്ള അവധിക്കാല യാത്രകളിൽ പെട്ടിയിൽ എപ്പോഴും സോപ്പായും പൌഡറായും യാര്‍ഡ്‌ലിയും കയറി കൂടി. പലയിടത്തേക്കും പറിച്ച് നട്ട് ഒടുവില്‍ ഇവിടെയെത്തിയപ്പോഴാണ് ലാവണ്ടർ യാര്‍ഡ്‌ലിയുടെ നീല ടിന്നിൽ നിന്ന് പുറത്ത് ചാടി അതിന്‍റെ ശരിക്കുമുള്ള പരിമളം പരത്തി തുടങ്ങിയത്. വേദ പുസ്തകത്തിലും, ഈജിപ്ത്തിലെ മമ്മികളിലും, ക്ലിയോപാട്രയുടെ പ്രണയ കഥകളിലും മാത്രമായി ഒതുങ്ങാതെ ആ പരിമളം ‘ലാവണ്ടർ ബ്ലൂ’ എന്ന പഴയ നെഴ്‌സറി പാട്ടിലൂടെ പരന്നൊഴുകി ഇന്ന് ചിക്കനിലും, പിസ്സയിലും, ഐസ് ക്രീമിലും ഒളിച്ചിരുന്ന് നമ്മുടെ ആമാശയത്തിലുമെത്തുന്നു.


ജന്മസ്ഥലം മെഡിറ്ററേനിയനിലായിരുന്നുവെങ്കിലും റോമക്കാർ വഴി ലാവണ്ടര്‍ ചെടികൾ യുറോപ്പിലെത്തി. കുടിയേറ്റ പ്രശന്ങ്ങളൊക്കെ ഇവരും മറികടന്ന് വേരോടിയ ഇടത്തിലെല്ലാം സുഗന്ധപൂരിതമാക്കി പൂത്തുലഞ്ഞു. റോമാക്കാർ കുളിക്കാനുള്ള വെള്ളത്തിൽ ലാവണ്ടർ പൂക്കള്‍ വിതറിയിരുന്നുവെത്രേ. അത് കൊണ്ടായിരിക്കാം ‘കഴുകുക’ എന്നര്‍ത്ഥം വരുന്ന ലാറ്റിൻ വാക്കായ ‘ലാവെറിൽ’ നിന്നും ലാവണ്ടറെന്ന പേരുണ്ടായത്. സുഗന്ധദ്രവ്യമായി ഇത് ഉപയോഗിച്ചിരുന്നവർ ഈജിപ്ത്തുകാരും, അറബികളുമാണ്. പ്രത്യേകിച്ചും മരിച്ചവരെ മറവു ചെയ്യുമ്പോള്‍ ലാവണ്ടർ നീരിൽ മുക്കി പിഴിഞ്ഞ തുണിയിലാണ് പൊതിഞ്ഞിരുന്നതെന്നൊക്കെ ലാവണ്ടര്‍ പുഷ്പങ്ങളുടെ ചരിത്രം അന്വേഷിച്ചു പോയപ്പോൾ കിട്ടിയ അറിവാണ്. ബോട്ടണി ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കണമെന്ന വിവേകവും ഇപ്പോഴാണ് ഉദിച്ചത്.

തുണികള്‍ അലക്കുന്ന സ്ത്രീകളെ ലാവണ്ടര്‍സ് എന്ന് വിളിച്ചിരുന്നു. എന്ത് നല്ല പേര്... ആ വിളിയിലെ സുഗന്ധം മാത്രംമതി എത്ര തുണികള്‍ വേണമെങ്കിലും അലക്കി വിരിച്ചിടാൻ! ലാവണ്ടര്‍ കലക്കിയ വെള്ളത്തിൽ തുണികള്‍ അലക്കി, ഉണങ്ങിയതിന് ശേഷം ലാവണ്ടർ പൂക്കൾ ഇടയ്ക്ക് വിതറിയിട്ടാണ് അവർ മടക്കി വെച്ചിരുന്നതെങ്കിൽ ഞാൻ യാര്‍ഡ്‌ലി പൌഡറാണ് ഉടുപ്പുകൾക്കിടയിൽ വിതറിയത്. പ്രാണികളെ അകറ്റാനും ലാവണ്ടര്‍ ചെടിയുടെ തണ്ടും പൂക്കളും പണ്ടുള്ളവർ ഉപയോഗിച്ചിരുന്നു.  യൂറോപ്പില്‍ പ്ലേഗ് പടര്‍ന്നപ്പോൾ കൈത്തണ്ടയിൽ ലാവണ്ടർ തണ്ടുകൾ ആളുകള്‍ വെച്ചു കെട്ടിയാണ് നടന്നിരുന്നത്. ക്ലിയോപാട്ര കഥകളിൽ നിന്നാവും പ്രണയ സുഗന്ധത്തിന് ഒരു ലാവണ്ടർ നിറം കലര്‍ന്നത്. സീസറെയും മാര്‍ക്ക് ആന്റണിയെയും വശീകരിക്കാൻ ലാവണ്ടർ എണ്ണ കൈകളില്‍ ക്ലിയോ സുന്ദരി തേച്ചു പിടിപ്പിച്ചിരുന്നുവെത്രേ. ലാവണ്ടര്‍ ചെടികൾ അവർ പ്രത്യേകം നട്ട് വളർത്തിയിരുന്നുവെന്നും അങ്ങിനെ ഒരിക്കൽ പൂ പറിക്കാൻ പോയപ്പോൾ പാമ്പ് കടിയേറ്റു മരിച്ചതാണെന്നും സ്ഥിതികരിക്കാത്ത റിപ്പോര്‍ട്ടുകൾ കാണാനിടയായി.

ലാവണ്ടറിന് രാജകീയ പരിവേഷം കൊടുത്തത് ബ്രിട്ടീഷ്‌ രാജകുടുംബമാണെന്ന് തോന്നുന്നു. വിക്ടോറിയ രാജ്ഞിയാണ് അതിന് തുടക്കം കുറിച്ചത്. കൊട്ടാരത്തിലെ തൂണിലും തുരുമ്പിലും രാജ്ഞി കുടിച്ചിരുന്ന ചായയിലും ലാവണ്ടര്‍ പരിമളമായി. ഉറക്കകുറവിനും, ടെന്‍ഷനും, ഇടയ്ക്കിടെ രാജ്ഞിയെ അലട്ടിയിരുന്ന ചെന്നികുത്തിന് വരെ ലാവണ്ടര്‍ തന്നെ. രാജ്ഞി ഉപയോഗിക്കുന്നതായതിനാൽ പ്രജകളായ സ്ത്രീകൾ സദസ്സുകളിൽ നിലയും വിലയും കൈവരിക്കാൻ ലാവണ്ടർ മണത്തിൽ മുങ്ങി നിവരാൻ തുടങ്ങി. ടുസ്സീ മുസ്സീ ബൊക്കെയും കൊണ്ടാണ് അന്ന് പെണ്ണുങ്ങളൊക്കെ വിരുന്നിനെത്തിയിരുന്നത്. ഇലയും പൂവും ഒന്നിച്ചുള്ള ലാവണ്ടർ തണ്ടുകളും, മറ്റു സുഗന്ധം പരത്തുന്ന ചെടികളുടെ തണ്ടും ചേര്‍ത്ത് കെട്ടിയുണ്ടാക്കുന്ന ബൊക്കെയാണ് ടുസ്സീ മൂസ്സീ. ദിവസവും വാടാത്ത ഒരു കെട്ടു ലാവണ്ടർ പുഷ്പങ്ങൾ കൊട്ടാരത്തിലെത്തണമെന്ന രാജകല്പന ഇറങ്ങിയതിനാൽ  ഇംഗ്ലണ്ടില്‍ വ്യാപകമായി ലാവണ്ടർ കൃഷി തുടങ്ങി. ലാവണ്ടര്‍ കര്‍ഷകർ തെരുവിൽ അതിരാവിലെ ചെടികളുടെ കെട്ടുമായി കച്ചവടത്തിനെത്തുമായിരുന്നത്രേ. പാട്ടുകള്‍ പാടിയാണ് അവർ ആളുകളെ ആകര്‍ഷിച്ചിരുന്നത്. ഈ വായ്പാട്ടുകള്‍ “ദി ക്രയ്സ് ഓഫ് ലണ്ടൻ” എന്ന പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെയോക്കെയായിരിക്കും വെറും ലാവണ്ടർ ഇംഗ്ലീഷ് ലാവണ്ടറായത്.

ഷേക്കേര്‍സ് എന്ന് വിളിക്കുന്ന ക്രിസ്ത്യൻ മതവിഭാഗത്തിന്‍റെ കൂടെയാണ് ലാവണ്ടറുകൾ വടക്കേ അമേരിക്കയിൽ എത്തിയത്. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ രൂപംകൊണ്ടതാണ് ഈ വിഭാഗമെന്ന് വിക്കി പറയുന്നു. ആരാധനാ കര്‍മ്മങ്ങളിലെ പ്രത്യേകതകൾ കൊണ്ട് അവരെ  ഷേക്കിംഗ് ക്വാക്കേര്‍സ് എന്നും പറയുന്നു. മറ്റു പല ഔഷധ സസ്യങ്ങളുടെ കൂടെ ഇവർ ലാവണ്ടറും കൃഷി ചെയ്തു. മരുന്നിനായാണ് ലാവണ്ടർ അന്ന് ഉപയോഗിച്ചിരുന്നത്. പൊള്ളലേക്കുന്നവര്‍ക്ക് ഷേക്കേര്‍സ് ലാവണ്ടർ എണ്ണ തേച്ചു കൊടുത്തിരുന്നു. അങ്ങിനെ നാട്ടു വൈദ്യത്തിലെ പ്രധാന കണ്ണിയായിട്ടാണ് വടക്കേ അമേരിക്കയില്‍ ലാവണ്ടറുകൾ എത്തിയത്. ഇന്നിപ്പോള്‍ കാനഡയിൽ എല്ലായിടത്തും വിവിധയിനം ലാവണ്ടറുകള്‍ കൃഷി ചെയ്യുന്നുണ്ട്. ജൂണ്‍ അവസാനം ലാവണ്ടർ വിരിഞ്ഞു തുടങ്ങും. ജൂലായ്‌ രണ്ടാം വാരത്തില്‍ സീസണാവും.

Lavender Fields - Niagara

നയാഗ്രയിൽ നടക്കുന്ന ലാവണ്ടർ ഫെസ്റ്റ് കാണാൻ പോകുന്നതിനു മുന്‍പേ ഇത്രയും ഞാന്‍ പഠിച്ചു. നാലേക്കറിലാണ് ലാവണ്ടർ കൃഷി. നേരത്തേയെത്തിയതിനാല്‍ അവരുടെ കടയിൽ നിന്ന് ലാവണ്ടർ ഉല്‍പ്പന്നങ്ങളെ കുറിച്ച് വിശദമായി അറിയാനായി. സൗന്ദര്യവര്‍ദ്ധക വസ്തുകൾ തന്നെയാണ് അധികവും. സോപ്പ്, എണ്ണ, പെര്‍ഫ്യും, ക്രീമുകൾ അങ്ങിനെ എല്ലാമുണ്ട്. കൂടാതെ ലാവണ്ടർ തേനും, ബിസ്ക്കറ്റുകളും, ചായ മിശ്രിതവും കണ്ടു. നാട്ടില്‍ സുലഭമായി ഉപയോഗിക്കുന്ന പുല്‍തൈലത്തിന്‍റെ സാമഗ്രികൾ വെള്ളയും നീലയും കുപ്പികളിൽ എന്തൊരു അന്തസ്സോടെയാണ് അവിടെയിരിക്കുന്നത്. എനിക്കാകെ അറിയാവുന്നത് ഇംഗ്ലീഷ് ലാവണ്ടറിനെ മാത്രമാണ്. കുറച്ച് വലിയ കുടുംബാണെന്ന് തോന്നുന്നു. കടയിലുള്ള സ്ത്രീ വേറെ ചിലരെയും എനിക്ക് പരിചയപ്പെടുത്തി തന്നു. ഫ്രഞ്ച് ലാവണ്ടര്‍, ആല്‍ബ, ഗ്രോസ്സോ, സ്വീറ്റ് ലാവണ്ടർ, സീല്‍... അങ്ങിനെയങ്ങിനെ. സ്വീറ്റ് ലാവണ്ടറാണ് ഇറച്ചി വിഭവങ്ങളില്‍ ചേര്‍ക്കുന്നതെന്നറിഞ്ഞപ്പോൾ എനിക്കും തോന്നി ഒന്ന് പരീക്ഷിച്ചാലോന്ന്. പത്തിരിക്കുള്ള കോഴിക്കറിയിൽ കുറച്ച് സ്വീറ്റ് ലാവണ്ടർ പൊടിച്ചു ചേര്‍ത്താൽ ഉരുത്തിരിഞ്ഞു വരുന്ന ചെറുകര-കനേഡിയന്‍ സ്പെഷ്യൽ വിഭവത്തെ കുറിച്ച് മനസ്സിൽ വിചാരിച്ചതും മറ്റൊരാള്‍ അത് മാനത്ത് കണ്ടു. അതോടെ സംഗതി മുളയിലെ കരിഞ്ഞു പോയി!

കടയിലേക്ക് വരുന്നവരെ ലാവണ്ടർ ബിസ്ക്കറ്റും, ലാവണ്ടര്‍ ചേര്‍ത്ത നാരങ്ങാവെള്ളവും കൊടുത്താണ് സ്വീകരിക്കുന്നത്. പതിനൊന്ന് മണിക്ക് ഫാമിലേക്ക് പോയി. പാടത്ത് വെളുത്ത ലാവണ്ടറും, കടുത്ത പര്‍പ്പിൾ നിറമുള്ള ലാവണ്ടറും ഇടവിട്ട്‌ ഇടവിട്ടാണ് നട്ടിരിക്കുന്നത്. ധാരാളം സൂര്യ വെളിച്ചവും കുറച്ച് നനയും മതിയെത്രേ. ഓരോ വരമ്പിനുമിടയില്‍ ഇഷ്ടം പോലെ സ്ഥലം വിട്ടിട്ടുണ്ട്. പൂക്കളേക്കാള്‍ മൊട്ടുകളാണ് കൊയ്തെടുത്ത് ഉണക്കുന്നത്. മൊട്ടുകളിലെ എണ്ണയിലാണ് ലാവണ്ടര്‍ സുഗന്ധം കൂടുതലുള്ളത്. എന്തായാലും ഇലയും തണ്ടും പൂവും ഒന്നും വെറുതെ കളയുന്നില്ല. എല്ലാം ഇടിച്ചു പിഴിഞ്ഞ് നീരാക്കുന്ന യന്ത്രങ്ങള്‍ക്കും അവരുടെതായ പണിയുണ്ട്. പാടത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന തേനീച്ചകളും, പിന്നെ അവരെ കാണാൻ വന്ന ഞങ്ങളും മാത്രമായി. ഓരോ ഫെസ്റ്റിനും പുതിയ എന്തെങ്കിലും ലാവണ്ടര്‍ വിഭവം ആളുകളെ പരിചയപ്പെടുത്തുകയെന്നതാണ് സംഘാടകരുടെ ലക്‌ഷ്യം. പുല്‍തൈലം-ക്രാന്‍ബെറി പോപ്പ്കോൺ, ചോക്ലേറ്റ്, പിസ്സ, ഐസ് ക്രീം, ലാവണ്ടര്‍ റൂട്ട് ബിയറും, നാരങ്ങാവെള്ളവുമൊക്കെ അങ്ങിനെയെത്തിയതാണ്. ഹും! ഭാഗ്യമുണ്ടായിരുന്നെങ്കില്‍ എന്‍റെ കോഴിക്കറിയും ആ മേശപ്പുറത്തിരുന്നേനെ...

ഇവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ലാവണ്ടറിന്‍റെ ഗുണവും മണവുമുണ്ട്. ഓരോ വര്‍ഷവും ഫെസ്റ്റ് നടക്കുമ്പോൾ സന്ദര്‍ശകര്‍ക്ക് ലാവണ്ടര്‍ തൈകൾ നല്‍കുന്നു. ഇവിടെന്ന് കൊടുക്കുന്ന തൈകള്‍ അവരവരുടെ വീടുകളില്‍ നട്ട് നനച്ച് പരിപാലിച്ച് പൂക്കാറാകുമ്പോൾ ഇവര്‍ക്ക് തന്നെ തിരികെ കൊടുക്കാം. നിര്‍ബന്ധമില്ല. ആളുകള്‍ എത്തിക്കുന്ന ചെടികള്‍ കൊണ്ട് ചില ഉല്‍പ്പന്നങ്ങൾ ഉണ്ടാക്കുകയും അത് വിറ്റ് കിട്ടുന്ന പണം മുഴുവനായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നു. ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക്... കൊട്ടാരങ്ങളിൽ നിന്ന് കുടിലുകളിലേക്ക് നന്മയുടെയുടെയും വിശുദ്ധിയുടെയും ലാവണ്ടർ സുഗന്ധങ്ങള്‍ പരന്നൊഴുകുകയാണ്...



15 comments:

  1. 2016 സെപ്റ്റംബര്‍ ഇ-മഷിയില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്‌.

    ReplyDelete
  2. 'ലാവണ്ടർ ചരിതം' അടിപൊളി...

    ReplyDelete
    Replies
    1. നന്ദി സംഗീത്... ആദ്യ വായനക്കും കമന്റിനും :)

      Delete
  3. ടാൽകം പൗഡർ ഉപയോഗിക്കാറില്ലാത്തതുകൊണ്ട് യാഡ്‌ലിയുടെ വൈകാരികതലം അന്യമാണ്... :P

    വൈധ്യമുള്ള വിഷയങ്ങളും അതിലേക്കുള്ള അന്വേഷണങ്ങളും പ്രചോദിപ്പിക്കുന്നതാണ്. ഇത്തരം വിഷയങ്ങൾ എഴുതുമ്പോൾ എന്നതുപോലെ തന്നെ വായിക്കുമ്പോഴും ആഹ്ലാദം തോന്നാറുണ്ട്. മുഖ്യധാരാ മടുപ്പിക്കുമ്പോൾ, എത്ര ചെറുതാണെങ്കിലും, അതിനുപുറത്ത്, ഓക്സിജനുള്ള സമാന്തര എഴുത്തുലോകമുണ്ട് എന്ന സന്തോഷം...

    തുടരുക...

    ReplyDelete
    Replies
    1. സ്നേഹം ലാസ്സര്‍. നല്ല എഴുത്തുകള്‍ മുഖ്യധാരക്ക് പുറത്തുമുണ്ട്. ചില വായനകള്‍ അതിശയിപ്പിക്കുന്നതാണ്, ചര്‍ച്ച ചെയ്യപ്പെടാറില്ലെങ്കിലും...

      Delete
  4. ഇത്ത പറഞ്ഞപ്പോഴാ ഓർത്തത്‌ ഞങ്ങളും ചെറുപ്പത്തിൽ പൗഡർ പേപ്പറിൽ പൊതിഞ്ഞു വെക്കുമായിരുന്നു... ഓർമ്മകളിലെ സുഗന്ധം...

    ഈ ലാവണ്ടറിനു ഇത്രയും ഉപയോഗം ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്‌.. നന്ദി നല്ല ഒരു അറിവു സമ്മാനിച്ചതിനു... 💞

    ReplyDelete
    Replies
    1. ഹഹഹ എല്ലാവര്‍ക്കുമുണ്ടല്ലേ ഇത് പോലെയുള്ള കലാപരിപാടികള്‍... നന്ദി കാര്‍ത്തൂ.

      Delete
  5. അപ്പോള്‍ ഇതാണ് നമ്മുടെ ഡ്രെസ്സിങ്ങ് ടേബിളുകളെ അലങ്കരിക്കുന്ന യാഡ്‌ലി...

    ഓരോ‍ വട്ടവും പുതിയ അറിവുകളുമായി എത്തുന്ന മുബിക്ക് അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. അവന്‍ തന്നെ ഇവന്‍... ആളെ മനസ്സിലായില്ലേ വിനുവേട്ടാ, എന്തൊരു ഗമയാണല്ലേ?

      Delete
  6. ലാവൻഡർ - ഇതിനിത്ര ചരിത്രവും പകിട്ടും ഉണ്ടെന്നറിഞ്ഞിരുന്നില്ല. ദാ എന്റെ പിന്നിൽ ഞാനിതു വായിക്കുന്നതറിയാതെ ഇരിപ്പുണ്ട്‌ ഒരു യാഡ്ലി.

    ReplyDelete
    Replies
    1. അതെന്നെ... ഇനിയൊന്നു സൂക്ഷിച്ചു നോക്കിയേ, പുള്ളിടെ മുഖത്തൊരു ഗൌരവമൊക്കെ കാണും.

      Delete
  7. ഇവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ലാവണ്ടറിന്‍റെ ഗുണവും മണവുമുണ്ട്.
    ഈ എഴുത്തുകൾക്കും ഒപ്പമുള്ള കാഴ്ച്ചവട്ടങ്ങൾക്കും അതെ ഗുണവും മണവുO തന്നെ ..!

    ReplyDelete
    Replies
    1. മുരളിയേട്ടാ... സ്നേഹം :)

      Delete
  8. ലാവണ്ടര്‍ പോലെ മനോഹരമായ പോസ്റ്റ്.ചിത്രങ്ങളും സുന്ദരം.
    പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ വെച്ച് ദുബായ്ക്കാരുടെ മക്കളുടെ കയ്യില്‍ ഈ പൌഡര്‍ കണ്ട് പണ്ട് കുറെ കൊതിച്ചിട്ടുണ്ട്.

    ReplyDelete
    Replies
    1. ദുബായില്‍ നിന്നാണ് ഞങ്ങളുടെ വീട്ടിലും ലാവണ്ടര്‍ എത്തിയിരുന്നത്. സൂക്ഷിച്ചാണ് ഉപയോഗിക്ക്യ.. :) നന്ദി റോസിലി

      Delete