Sunday, October 30, 2016

വൈറ്റ്ഹോര്‍സ്

ഭാഗ്യാന്വേഷികള്‍ വഴിനടന്ന വടക്കേ ക്ലോണ്ടിക് ഹൈവേയിലൂടെയാണ് ഞങ്ങള്‍ വൈറ്റ്ഹോര്‍സിലേക്ക് മടങ്ങുന്നത്. മറ്റ് റൂട്ടുകളെ പോലെ ഈ ഹൈവേയും ഗോള്‍ഡ്‌ റഷ് കാലത്ത് ആളുകളുടെ സഞ്ചാരപഥത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവിടെയുള്ള സ്ഥലങ്ങളില്‍ ചിലതിന് ചരിത്ര പ്രധാന്യമേറെയുണ്ട്. യുകോണ്‍ പാസ്പോര്‍ട്ട്‌ തിരിച്ചും മറിച്ചും നോക്കി ഇനിയും കാണാന്‍ ബാക്കിയുള്ള സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചും ഇതുവരെ കണ്ടതിന്‍റെ അവലോകനവുമായി ഞങ്ങളുടെ യാത്ര പുരോഗമിക്കുകയാണ്.ടോപ്‌ ഓഫ് ദി വേള്‍ഡും, ഡംപ്സ്റ്റര്‍ ഹൈവേയിലൂടെയും പോയി വന്നത് കൊണ്ടാവും, ഹുസൈന്‍റെ മുഖത്ത് ‘ഇതൊക്കെയെന്തു” എന്നൊരു ഭാവമില്ലേന്നൊരു സംശയം...ആറേഴ് മണിക്കൂര്‍ ഡ്രൈവുണ്ട് വെള്ള കുതിരകളുടെ കുഞ്ചിരോമങ്ങളെ പോലെ പായുന്ന യുകോണ്‍ നദിയോഴുകുന്ന നാട്ടിലേക്ക്.


Whitehorse in Winter/ Photographed by James Paul & ; Robins Thomas, Yukon
രണ്ട് മണിക്കൂര്‍ ഡ്രൈവ് കഴിഞ്ഞിട്ട് ഞങ്ങള്‍ വിശ്രമിക്കാന്‍ നിര്‍ത്തിയത് മൂസ് ക്രീക്ക് ലോഡ്ജിലാണ്. 2016ല്‍ നിന്ന് കാലം ഞങ്ങളെയെടുത്തു ഏതോരു നൂറ്റാണ്ടിലേക്കെറിഞ്ഞത് പോലെയായി അവിടെയിറങ്ങിയപ്പോള്‍. ഫോണ്‍ ചെയ്യാന്‍ മരം കയറണം. ഒരു കോണിയൊക്കെ വച്ചിട്ടുണ്ട്. “റേഞ്ച് കിട്ടാന്‍ തെങ്ങില്‍ കയറണ”മെന്ന മൊബൈല്‍ ഫോണ്‍ ഇറങ്ങിയ കാലത്തെ തമാശയെ ഓര്‍മ്മിക്കും പോലെ കറുത്ത ഫോണ്‍ മരത്തിന്‍റെ മുകളിലിരുന്നെനെ നോക്കുന്നുണ്ട്. താഴെ വീണാല്‍ അവിടെത്തന്നെ കിടക്കേണ്ടി വരുമെന്ന ഭീഷണിയൊക്കെ നിഷ്ക്കരുണം അവഗണിച്ച് ഞാന്‍ കോണിയില്‍ അള്ളിപ്പിടിച്ച് കയറി. ട്യൂണി($2.00 coin)യിട്ട് ഫോണ്‍ തിരിച്ചപ്പോളൊരു വലിച്ചു നീട്ടിയ ശബ്ദം കേട്ടതോടെ മനസ്സിലായി ഇത് അലങ്കാരത്തിന് വച്ചതല്ലെന്ന്. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് ഫോണ്‍ ചെയ്ത ആഹ്ളാദത്തില്‍ ഞാന്‍ കോണിയിറങ്ങി. നിലത്ത് കാല് കുത്തിയപ്പോള്‍ പിന്നില്‍നിന്ന് “ഹാവൂ...” ന്നുള്ള ദീര്‍ഘനിശ്വാസമുതിര്‍ന്നത് ആ ഫോണില്‍ കേട്ട ശബ്ദത്തേക്കാള്‍ പരിതാപകരമായിരുന്നു.




മരം കയറ്റം കഴിഞ്ഞാണ് ഞങ്ങള്‍ ലോഡ്ജിനുള്ളിലേക്ക് കയറിയത്. മരം കൊണ്ട് നിര്‍മ്മിച്ച കെട്ടിടത്തിന് ചുറ്റിലും വച്ചിരിക്കുന്ന പലതരം ശില്‍പങ്ങള്‍ തദേശിയരായ ആര്‍ട്ടിസ്റ്റുകളുണ്ടാക്കിയതാണ്. ഉടമസ്ഥരുടെ കലാബോധം സമ്മതിക്കണം. നമ്മള്‍ ആക്രിക്കച്ചവടക്കാര്‍ക്ക് തൂക്കി കൊടുക്കുന്ന സാധനങ്ങളാണ് അവിടെ അലങ്കരിച്ച് കൂട്ടിയിരിക്കുന്നത്. കൂട്ടത്തില്‍ മൂസിന്‍റെ കൊമ്പും, കരിബൂന്‍റെ തോലും കൊമ്പും ഒക്കെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊതുകിന്‍റെ മരം കൊണ്ടുള്ള ശില്‍പ്പമുണ്ടാക്കി വച്ചിട്ടുണ്ട് ലോഡ്ജിന്‍റെ മുന്നില്‍ തന്നെ. മറ്റൊരു കാര്യം പറയാന്‍ വിട്ടു പോയത് ഈ സ്ഥലങ്ങളിലെല്ലാം ഉപയോഗത്തിനുള്ള സാധനങ്ങള്‍ വൈറ്റ്ഹോര്‍സില്‍ നിന്ന് കൊണ്ടുവരേണ്ടതിനാല്‍ വില കൂടുതല്‍ നല്‍കണം. ഒന്നും പാഴാക്കി കളയരുതെന്ന ബോര്‍ഡുകള്‍ ലോഡ്ജില്‍ മിക്കയിടത്തും കാണാം. കാപ്പിയും ഒരു ആപ്പിള്‍ അപ്പവും ഓര്‍ഡര്‍ ചെയ്തു ഞങ്ങള്‍ ലോഡ്ജിലെ ഒഴിഞ്ഞ ക്യബിനിന്‍റെ വരാന്തയിലിരുന്നു.




കാപ്പി കുടി കഴിഞ്ഞ് അവിടെന്നിറങ്ങിയാല്‍ ഇനി പെല്ലി ക്രോസ്സിങ്ങിലെ നിര്‍ത്തൂ. പെല്ലി നദിയുടെ അടുത്തുള്ള ഈ സ്ഥലത്തെ ജനസംഖ്യ 300 പേരാണ്. സെല്‍കിര്‍ക്ക് ഫസ്റ്റ് നേഷന്‍സ് കമ്മ്യൂണിറ്റിയിലുള്ള ആളുകളാണ്. യുകോണ്‍ ക്വസ്റ്റ് മത്സരത്തിലെ ഒരു പ്രധാന ചെക്ക്‌ പോയിന്റാണ് പെല്ലി ക്രോസിംഗ്. ഡവ്സണിന്‍റെയും വൈറ്റ് ഹോര്‍സിന്‍റെയും നടുവിലായി കിടക്കുന്ന പെല്ലി ക്രോസിംഗ്, ഹൈവേ നിര്‍മ്മാണവേളയിലെ നിര്‍മ്മാണ തൊഴിലാളികളുടെ ക്യാമ്പ്‌ സൈറ്റായിരുന്നു. മൂസ് ക്രീക്കില്‍ നിന്ന് ഞങ്ങള്‍ പെല്ലി ക്രോസിംഗിലെത്തുമ്പോഴേക്കും ആപ്പിളപ്പത്തിന്‍റെ ഊര്‍ജ്ജം തീര്‍ന്നിരുന്നു. അവിടെയാകെയുളൊരു സര്‍വീസ് സ്റ്റേഷന്‍ നടത്തുന്നത് രണ്ടു കൌമാരക്കാരാണ്. അലസതയൊന്നുമില്ല, ചുറുച്ചുറുക്കോടെ ജോലി ചെയ്യുന്ന തിരക്കിലാണ്. പെട്രോള്‍ അടിച്ചതിന്‍റെ പൈസ കൊടുത്ത് പോരുമ്പോള്‍ ഒരാള്‍ ഓടി വന്ന്, കോഫിയോ / പോപ്പ്കോണോ എടുത്തോളൂ ഫ്രീയാണെന്ന് പറഞ്ഞിട്ട് പോയി. കുട്ടികള്‍ തന്നൊരു പായ്ക്ക് ചൂടുള്ള പോപ്പ്കോണുമായി ഞങ്ങള്‍ സന്തോഷത്തോടെ അവിടെന്ന് പോന്നു.



യുകോണ്‍ നദി അഞ്ച് നീര്‍ച്ചാലുകളായി ഒഴുകുന്ന സ്ഥലമാണ് “ഫൈവ് ഫിംഗര്‍ റാപ്പിഡ്സ്.” വെള്ളം ശക്തമായി തന്നെയാണ് നീര്‍ച്ചാലുകളിലൂടെ ഒഴുകുന്നതെങ്കിലും കിഴക്കേയറ്റത്തേത് മാത്രമാണ് സഞ്ചാരയോഗ്യം. മറ്റേതെല്ലാം ആളെ കൊല്ലികളാണ്. ഇതറിയാതെ ഗോള്‍ഡ്‌ റഷിന്‍റെ സമയത്ത് ഇതിലൂടെ തോണികളിലും, ചങ്ങാടങ്ങളിലും, പോയവര്‍ മാത്രമല്ല വലിയ ബോട്ടും ആവിക്കപ്പലുമൊക്കെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. റാപ്പിഡ്സിനെ കുറിച്ച് ജാക്ക് ലണ്ടന്‍ തന്‍റെ പുസ്തകമായ "കാള്‍ ഓഫ് ദി വൈല്‍ഡി"ല്‍ പരാമര്‍ശിക്കുന്നുണ്ട്. 1927 ആയപ്പോഴേക്കും അഞ്ച് നീര്‍ച്ചാലുകള്‍ക്കിടയിലെ ഏറ്റവും അപകടകാരിയായ പാറ പൊട്ടിച്ച് സഞ്ചാരപാതയിലെ വീതി ഇരുപതടി കൂട്ടിയിട്ടുണ്ട്. കാണാന്‍ ഭംഗിയൊക്കെയുണ്ടെങ്കിലും ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് “ഫൈവ് ഫിംഗര്‍ റാപ്പിഡ്സ്” അത്രയ്ക്കങ്ങോട്ട് വിശ്വസിക്കാന്‍ വയ്യ. റാപ്പിഡ്സിന്‍റെ വ്യൂ പോയിന്റിനരികില്‍ വണ്ടി നിര്‍ത്തി ഫോട്ടോയെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് സൈക്കിള്‍ സവാരിക്കാരായ ദമ്പതികള്‍ ഞങ്ങള്‍ക്കരികിലെത്തിയത്.




അര്‍ജന്റീന ലക്‌ഷ്യം വെച്ച് 2016 ജൂണില്‍ ടെക്സാസില്‍ നിന്ന് സൈക്കിളുമെടുത്തിറങ്ങിയതാണ് ജെന്നിയും കേര്‍ട്ടിസും. യുകോണ്‍ നദിയുടെ പശ്ചാത്തലത്തില്‍ അവരുടെ ഫോട്ടോയെടുത്ത് കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ ക്യാമറാമാന് സന്തോഷമായി. അവരുടെ ഫോണില്‍ ഹുസൈനെടുത്ത ഫോട്ടോ ജെന്നിയുടെ July 18ലെ ബ്ലോഗ് പോസ്റ്റിലുണ്ട്. പരസ്പരം യാത്ര പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. സൈക്കിളില്‍ അലാസ്ക ഹൈവേയിലൂടെ ദ്രുവും, ക്ലോണ്ടിക് ഹൈവേയിലൂടെ ജെന്നിയും കേര്‍ട്ടിസും വൈറ്റ്ഹോര്‍സില്‍ വച്ച് ആഗസ്റ്റ്‌ ഇരുപതാം തിയതി കണ്ടുമുട്ടുകയും, 400 കി.മിറ്ററോളം പിന്നീട് ഒന്നിച്ച് യാത്ര ചെയ്യുകയും ചെയ്തിരിക്കുന്നു. വിവിധ ദിശകളില്‍ നിന്ന് പല വഴികളിലൂടെ സഞ്ചരിച്ച മൂന്നു കൂട്ടര്‍ യാത്രയുടെ ഏതോ ഘട്ടങ്ങളില്‍ വച്ച് കണ്ടതും പരിചയപ്പെട്ടതും യാദൃശ്ചികമാകാം...


Carmacks Coalmine Cabin

കാര്‍മാക്സാണ് അടുത്ത ലക്‌ഷ്യം. ചീസ് സാന്റ്_വിച്ച് പോലെ സ്വര്‍ണ്ണം കണ്ടൂന്ന് പറഞ്ഞ അതെ കാര്‍മാക്കിന്‍റെ പേരാണ് കല്‍ക്കരിഖനനത്തിലൂടെ പ്രശസ്തമായ ഈ സ്ഥലത്തിന് ഇട്ടിരിക്കുന്നത്. ഇവിടെ രണ്ടു കല്‍ക്കരി ഖനികള്‍ കണ്ടുപിടിച്ചിട്ടാണ്
 1896ല്‍ കാര്‍മാക്ക് ബോണാന്‍സ ക്രീക്കില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയത്. കാര്‍മാക്സിലെ കോള്‍ മൈന്‍ ക്യാമ്പ്‌ഗ്രൗണ്ടില്‍ തിരക്കായിരുന്നു. കാര്‍മാക് നിര്‍മ്മിച്ച ക്യാബിനിപ്പോളൊരു കോഫി ഷോപ്പാണ്. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന സാധനങ്ങളും സൂക്ഷിച്ചിട്ടുണ്ട്. അതില്‍ പഴയ അമേരിക്കന്‍ ശാസ്ത്ര ജേര്‍ണലുകളുടെ കോപ്പികളും കാണാം. ആ കോഫി ഷോപ്പിലെ ബര്‍ഗറിനെ കുറിച്ചേറെ കേട്ടിരുന്നു. അതൊരെണ്ണം ഓര്‍ഡര്‍ ചെയ്ത് ഞങ്ങള്‍ “സൈക്കോ പാത്തെ”ന്ന് പേരിട്ടിരിക്കുന്ന ചവിട്ടുപടികളിറങ്ങി യുകോണ്‍ നദി തീരത്തേക്ക് നടന്നു. പുരാവസ്തു ഗവേഷകര്‍ക്ക്‌ ഇവിടെന്ന് അവസാന ഹിമയുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ അസ്ഥിപഞ്‌ജരങ്ങള്‍ കിട്ടിയിട്ടുണ്ടത്രെ. സൈക്കോ പാത്തിലൂടെ തിരിച്ചു കയറി ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ബര്‍ഗറും വാങ്ങിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.




സാധനൊക്കെ നന്നു, പാത്തൂന് മാണ്ടാ...
കാര്‍മാക്സില്‍ ഇറങ്ങിയതിന് ശേഷം വൈറ്റ്ഹോര്‍സെത്തുന്നത് വരെ മഴ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. സാധാരണയായി മഴയാത്രകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്, എന്നാലിത് അത്തരത്തിലൊന്നായില്ല. ഇന്നും പെയ്തു തോരാത്ത ആ മഴ ഏഷ്യാനെറ്റിന്‍റെ ‘ദേശാന്തര’ത്തില്‍ പ്രസിദ്ധീകരിച്ചതാണ്, അതിനാല്‍ ഇവിടെ ചേര്‍ക്കുന്നില്ല. കരടി തിന്നുന്ന സോപ്പ് ബെറി പറിച്ചു തിന്നത് വയറു കേടുവരുത്തിയെങ്കിലും വലിയ കോലാഹലമൊന്നുമില്ലാതെ വൈകുന്നേരം അഞ്ചരക്ക് ഞങ്ങള്‍ വൈറ്റ്ഹോര്‍സ് സിറ്റിയിലെത്തി. അന്ന് രാത്രി താങ്ങാനുള്ള ഹോട്ടലില്‍ ചെക്കിന്‍ ചെയ്തു. റിസപ്ഷനില്‍ നില്‍ക്കുന്ന സ്ത്രീയുടെ കൂടെ അവരുടെ ഹസ്ക്കിയുമുണ്ട്. ഡോഗ് സ്ലെഡിംഗ് മത്സരങ്ങളില്‍ മുഷറാകുന്ന ചെക്ക് റിപ്പബ്ലിക്കന്‍ സുന്ദരി ഞങ്ങള്‍ക്ക് വൈറ്റ്ഹോര്‍സില്‍ നടന്നു പോയി കാണാവുന്ന സ്ഥലങ്ങളെ കുറിച്ച് പറഞ്ഞു തന്നു.

ആറു മണിക്ക് ഞങ്ങള്‍ വൈറ്റ്ഹോര്‍സ് സിറ്റിയിലൂടെ നടക്കാനിറങ്ങി. കഴിക്കാന്‍ ബര്‍ഗറും ഉരുളക്കിഴങ്ങ് പൊരിച്ചതും വാങ്ങിച്ച് പാര്‍ക്കിലെ ബെഞ്ചില്‍ ഇരുന്നതും ഒരുത്തനുണ്ട് സൈക്കിളില്‍ ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞു വരുന്നു. പെങ്ങളെ അന്വേഷിച്ചു നടക്കാണെന്നും വീട്ടിലെത്തിയിട്ട്‌ പാകം ചെയ്യാനായി സ്റ്റീക്സ്‌ വാങ്ങിയതുമെല്ലാം ഞങ്ങളെ കാണിച്ച് അവന്‍ നിര്‍ത്താതെ സംസാരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ ജെയ്സന്‍റെ പെങ്ങളെത്തി. കൂട്ടുകാരോടൊപ്പം ചേര്‍ന്ന് മദ്യപിക്കുന്നതിന് അവളെ വഴക്ക് പറയുന്നതിനിടക്ക് ഞങ്ങളെ പരിചയപ്പെടുത്തി കൊടുക്കുന്നുമുണ്ട്‌. എന്തായാലും അവരില്‍ നിന്ന് ഒരുവിധത്തില്‍ തടിയൂരി ഞങ്ങള്‍ യുകോണ്‍ നദിക്കരയിലുള്ള വാട്ടര്‍ഫ്രണ്ട് വാര്‍ഫിലേക്ക് നടന്നു. 



Healing Totem Pole, Whitehorse 

പഴയ ഫയര്‍ഹൗസും റയില്‍വേ സ്റ്റേഷനും, റോട്ടറി പാര്‍ക്കും ഉള്‍പ്പെടുന്ന ഈ സ്ഥലത്ത് തിരക്കുണ്ട്‌. വൈറ്റ് പാസ്സ് ബില്‍ഡിംഗിനടുത്തുള്ള ടോറ്റം പോളിന് മുന്നിലെത്തി. പതിനൊന്ന് മീറ്റര്‍ നീളമുള്ള ഈ ടോറ്റം പോള്‍ 2012 ല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ജീവിതം പണയപ്പെടുത്തിയ ഗോത്രവംശരുടെ ഓര്‍മ്മക്കായി സ്ഥാപിച്ചതാണ്. ചായങ്ങളില്‍ വെളുപ്പും, കറുപ്പും, ചുവപ്പും നിറങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. വെള്ള നിറം വിശുദ്ധിയും സമാധാനവും, കറുപ്പ് അധികാരവും, ചുവപ്പ് യുദ്ധവും രക്തവുമാണ് പ്രതിപാദിക്കുന്നത്. 20 ശില്പചിത്രകാരന്മാര്‍ ഇരുപത് ആഴ്ച കൊണ്ട് കൊത്തിയെടുത്ത ടോറ്റംപോള്‍ പണിയുമ്പോള്‍ വീണ മരച്ചീളുകള്‍ ശേഖരിച്ച് ആചാരപരമായി കത്തിച്ചതിന് ശേഷം ആ ചാരവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഇന്ന് മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ട അവരുടെ തലമുറയെ രക്ഷിക്കാനും കൂടിയാണിതെന്ന കാര്യമറിഞ്ഞോ അറിയാതെയോ അതിനടുത്ത ബെഞ്ചില്‍ ഒരാള്‍ കിടക്കുന്നുണ്ട്. ജെയ്സണും പെങ്ങളും വഴക്കിട്ട് പോയതും ഇതിലെ തന്നെ...


Totem Pole
യുകോണ്‍ നദിയില്‍ തോണി തുഴഞ്ഞ് പരിശീലിക്കുന്ന കുട്ടികളെ നോക്കി നേരം പോയതറിഞ്ഞില്ല. പരിശീലനത്തിനിടയില്‍ ഒരാളുടെ തോണി മറിഞ്ഞു. അവരെ നോക്കി നില്‍ക്കുന്ന എനിക്കുള്ള വെപ്രാളം ആ കുട്ടിക്കോ അവന്‍റെ പരിശീലകനോയില്ല. പുഴയുമായി നല്ല ചങ്ങാത്തത്തിലാണെന്ന് കുട്ടിയെന്ന് തോന്നി. അതിനടുത്തുള്ള  1900 ല്‍ നിര്‍മ്മിച്ച യുകോണ്‍ വൈറ്റ്പാസ്സ് റെയില്‍വേ റൂട്ടിന്നും പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റേഷന് മുന്നില്‍ യുകോണ്‍ ക്വസ്റ്റിന്‍റെ വലിയൊരു ചിത്രത്തില്‍ ഹസ്ക്കികളുടെ അടുത്ത് ചിരിച്ചു നില്‍ക്കുന്നുണ്ട് ബ്രെന്‍റ് സാസ്. ഹുസൈന്‍റെ ഹീറോയാണ്. 2017 ഫെബ്രുവരിയില്‍ തുടങ്ങുന്ന യുകോണ്‍ ക്വസ്റ്റിന് ബ്രെന്‍റ് സാസിനോടൊപ്പം പോകുന്നതൊക്കെയാണ് മൂപ്പരുടെ കുഞ്ഞു സ്വപ്നം!


Kayak Training in Yukon River

വൈറ്റ്ഹോര്‍സില്‍ കാണണമെന്ന് കരുതിയിരുന്ന ഹിമയുഗ ചരിത്രം പറയുന്ന ബെറിംഗിയ സെന്‍ററും, സാല്‍മണുകള്‍ മുട്ടയിടാന്‍ പോകുന്നത്(Salmon Run)കാണുന്നതിനുള്ള ഫിഷ്‌ ലാഡറും അടുത്ത വരവിലേക്ക് മാറ്റിവെക്കേണ്ടി വന്നു. ഡാമിനടുത്ത് കരടിയെ കണ്ടിരുന്നു ഇപ്പോള്‍ അങ്ങോട്ട്‌ പോകേണ്ടെന്ന് ജെയ്സന്‍ മുന്നറിയിപ്പ് തന്നതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു. യുകോണിന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ഡവ്സണില്‍ നിന്ന് വന്നതിനാലാവണം ഇപ്പോഴത്തെ തലസ്ഥാനമായ വൈറ്റ്ഹോര്‍സുമായി ഇണങ്ങാന്‍ ഞങ്ങള്‍ പ്രയാസപ്പെടുന്നത് പോലെ. നഗരത്തിലെ തിരക്ക് കുറഞ്ഞിട്ടില്ല, അധികം കറങ്ങി നടക്കാതെ ഞങ്ങള്‍ ഹോട്ടല്‍ മുറിയിലെത്തി. നാളെ വീണ്ടും അതിര്‍ത്തി കടന്ന് അലാസ്ക്കയിലെ ചില സ്ഥലങ്ങളിലേക്ക്....                                                              (തുടരും)                        

Wednesday, October 26, 2016

ചാര്‍ളിയും ജെനിയും കണ്ട ഇന്ത്യ

ഡവ്സണ്‍- Easy to Love & Difficult to Leave, തെരുവുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞുതിരിഞ്ഞു നടക്കുമ്പോളെനിക്കും തോന്നി കേട്ടത് ശരിയാണെന്ന്. ഹാന്‍ ഭാഷ സംസാരിക്കുന്നവരുടെ പിന്‍ഗാമികളാണ് യുകോണിലെ ഗോത്രവംശര്‍. സ്വര്‍ണ്ണ കമ്പം തീര്‍ന്ന ആശ്വാസത്തോടെ ഇവിടേയ്ക്ക് തിരിച്ചു വന്നവരും, കലാകാരന്മാരും, ഡവ്സണെ മാത്രം സ്നേഹിച്ചിവിടെ കൂടിയവരുടെയും നാടാണിത്.



View of Dawson City and Yukon River from Midnight Dome
വിശപ്പ്‌ സഹിക്കാന്‍ വയ്യാതെയായപ്പോള്‍ ഡവ്സണ്‍ പള്ളിയുടെ അടുത്ത് കണ്ട ഒരു ചൈനീസ്‌ ഭക്ഷണശാലയിലേക്ക് കയറി. പച്ചക്കറി ചോറും, കോണ്‍ സൂപ്പും ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് കുശലം പറയാനായി ചാര്‍ളിയെത്തി. ഞങ്ങള്‍ രണ്ടു കൂട്ടര്‍ മാത്രമേ ഭക്ഷണശാലയിലുള്ളൂ. ലോകത്തിലെ പല സ്ഥലങ്ങളിലും കറങ്ങി നടന്ന് ഒടുവില്‍ താമസിക്കാന്‍ ചാര്‍ളി തിരഞ്ഞെടുത്തത് ഡവ്സണ്‍ സിറ്റിയാണ്. ചാര്‍ളിയോട് പരിഭവമില്ലാതെ ഭാര്യയും മക്കളും ടോറോന്റോയിലും കഴിയുന്നു. എഴുപതുകളിലാണ് ചാര്‍ളി ഇന്ത്യയിലെത്തുന്നത്. സ്വന്തം നാടിനെ കുറിച്ച് മറ്റൊരാളില്‍നിന്ന് കേള്‍ക്കുന്നത് എപ്പോഴും കൌതുകമാണ്. അവരെങ്ങിനെയാണ് നമ്മളെ കാണുന്നതെന്നറിയാന്‍... നിങ്ങളുടെ നാട്ടിലെല്ലാമുണ്ട് സാംസ്‌കാരിക വൈവിധ്യം, സമ്പത്ത് അത് പോലെ ദാരിദ്ര്യവും കഷ്ടപ്പാടും. എല്ലാംകൂടെ ഒന്നിച്ചു കാണണമെങ്കില്‍ കുറച്ചുകാലം ബോംബെയില്‍ താമസിച്ചാല്‍ മതിയെന്നാണ് ചാര്‍ളിയുടെ കണ്ടുപിടുത്തം. വര്‍ത്തമാനത്തില്‍നിന്ന്‌ അയാള്‍ക്ക്‌ ബോംബെയോട് ഒരിഷ്ടകൂടുതലുണ്ടെന്ന് തോന്നി. ചാര്‍ളി കണ്ട ഇന്ത്യയിലെ ഏക വില്ലന്‍ കൊതുകാണ്. കുറേക്കാലമായില്ലേ യുകോണില്‍ വന്നിട്ട്, നിങ്ങള്‍ക്ക് സ്വര്‍ണ്ണം കിട്ടിയോന്ന് ചോദിച്ചപ്പോള്‍, എന്‍റെ കഴുത്തില്‍ കിടക്കുന്ന മാല ചൂണ്ടിക്കാട്ടി "ഇപ്പോള്‍ ഇന്ത്യക്കാരുടെ കൈവശമല്ലേ കൂടുതല്‍ സ്വര്‍ണ്ണമുള്ള"തെന്നായിരുന്നു ഉത്തരം. തര്‍ക്കിക്കാനൊന്നും നിന്നില്ല...


Couldn't see inside... Don't know much about 'Masonic Temple'

ഞങ്ങള്‍ക്കുള്ള സൂപ്പും കൊണ്ട് വന്നത്
ഭക്ഷണശാലയിലേ ജോലിക്കാരിയായ ജെനിയാണ്. ഇന്ത്യാന്ന് കേട്ടതോടെ ന്യൂഫൌണ്ട്ലാന്‍ഡ്ക്കാരിയായ ജെനിക്ക് ആവേശമായി. "കേരള"ത്തില്‍ നിന്നാണെന്നു കൂടി പറഞ്ഞപ്പോള്‍ ജെനിയുടെ ആവേശം പിടിവിട്ടു. കണ്ണുകള്‍ വിടര്‍ത്തി "കൊച്ചിയിലെ ബാബുവിനെ അറിയോ?"ന്നുള്ള ചോദ്യത്തിനെന്ത് മറുപടി പറയണമെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. 2015ല്‍ ഇന്ത്യയില്‍ പോയി മൂന്നു മാസം നിന്നിരുന്നു. ഹൈദരാബാദില്‍ ഒരു സുഹൃത്തിനോടൊപ്പമാണ് താമസിച്ചത്. അവരുടെ കൂടെയാണ് കൊച്ചിയിലെ ബാബുവിന്‍റെ വീട്ടിലെത്തിയത്. മറ്റെന്തിനെക്കാളും ജെനിയുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ബാബുവിന്‍റെയോ അതല്ലെങ്കില്‍ അവരുടെ ബന്ധുവിന്‍റെയോ കല്യാണത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങളാണ്. കഴുത്തിലും, കൈയിലും നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച്, തിളങ്ങുന്ന പട്ടു സാരിയുടുത്ത, തലയില്‍ മുല്ലപ്പൂ ചൂടിയ പെണ്ണുങ്ങളെയും വാഴയിലയില്‍ കഴിച്ച സദ്യയും പറഞ്ഞിട്ടും പറഞ്ഞിട്ടും ജെനിക്ക് മതിവരുന്നില്ല. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ തന്നെ വയറുനിറഞ്ഞു. പിറ്റേന്ന് ഞങ്ങള്‍ ഡവ്സണില്‍ നിന്ന് മടങ്ങുകയാണ്. അത് കേട്ടതും ചാര്‍ളിയും ജെനിയും ഉറപ്പിച്ചു പറഞ്ഞു, "നിങ്ങളുടെ മനസ്സിവിടെയാണ് തീര്‍ച്ചയായും തിരിച്ചു വരും..." 

Midnight Photo from Midnight Dome

രാത്രി പതിനൊന്ന് മണിക്ക് വെയിലാറിയപ്പോഴാണ് ഞങ്ങള്‍ കുന്ന് കയറി മിഡ്നൈറ്റ്‌ ഡോമി(
Midnight Dome)ലെത്തുന്നത്. 2911 അടി മുകളില്‍ നില്‍ക്കുന്ന ഒരു മെറ്റമോര്‍ഫിക്ക് പാറയാണ്‌ ഡോം. ഡവ്സണ്‍ നഗരത്തില്‍ നിന്ന് തന്നെയാണ് കുന്നിലേക്കുള്ള വഴി. നടന്നിട്ടോ, വാഹനത്തിലോ കുന്ന് കയറാം. 1899ല്‍ ഒരു കൂട്ടം ആളുകള്‍ ക്യാപ്റ്റന്‍ ജാക്കിന്‍റെ നേതൃത്വത്തില്‍ പന്ത്രണ്ട് മണിക്ക് സൂര്യന്‍ അസ്തമിക്കുന്നത് കാണാന്‍ കയറി പാറപ്പുറത്ത് കാത്തിരുന്നൂത്രേ. പക്ഷെ അന്ന് സൂര്യന്‍ അരമണിക്കൂര്‍ മുന്നേ അസ്തമിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഉദിച്ച് ആളുകളെ പറ്റിച്ചു. എങ്കിലും നിരാശരാകതെ അവര്‍ കവിത ചൊല്ലിയും, പാട്ട് പാടിയും തിന്നും കുടിച്ചും കാണാതെ പോയ അസ്തമയം നന്നായിട്ടാഘോഷിച്ചു. 

1925 ലാണ് ടൂറിസ്റ്റുകള്‍ക്കായി റോഡ്‌ വെട്ടിയത്. കുന്നുംപുറത്ത് എത്തിയാല്‍ ഡവ്സണ്‍ സിറ്റിയും അതിനിടയിലൂടെ ഒഴുകുന്ന യുകോണ്‍ നദിയും ഒന്നിച്ചു കാണാം. പച്ച പുതച്ച് അലസമായി കിടക്കുന്ന നഗരവും അതിനടുത്ത് തിളങ്ങുന്ന വെള്ളിയരഞ്ഞാണം പോലെ യുകോണ്‍ നദിയും! വാഹനവുമായി കുന്നു കയറിയ ഒരാള്‍ക്ക്‌ ഇടതും വലതും മാറിപ്പോയി. പാറയെ ചുറ്റി വേണം വാഹനം താഴേക്കിറക്കാന്‍, യാത്രികരെ സഹായിച്ച് ഹുസൈന്‍ തിരിച്ചെത്തി പടം പിടിത്തം തുടങ്ങി. ഞാന്‍ പരിസരം വീക്ഷിച്ച് പാറയുടെ അടുത്തായിട്ടിരിക്കുന്ന മരത്തിന്‍റെ ബെഞ്ചിലിരിന്നു. അതില്‍ “Top of the Life എന്ന് കൊത്തിവെച്ചിട്ടുണ്ട്. അവിടെയിവിടെയായി ഏതോ കമിതാക്കളുടെ തീവ്രമായ പ്രണയ സന്ദേശങ്ങളുമുണ്ട്. 




പാറയുടെ മുകളില്‍ നിന്ന് യുകോണ്‍ നദിയെ കണ്ടപ്പോള്‍, "If you are not close to the river you are lost."ന്ന് എവിടെയോ വായിച്ച ഗോത്രവംശ മൊഴിയാണ് ഓര്‍ത്തത്‌. ഒറ്റവാചകത്തില്‍ നദീതടസംസ്കാരത്തെ എത്ര ആഴത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കുന്നില്‍ നിന്ന് സ്റ്റെപ്പുകള്‍ വഴി കുറച്ചു ദൂരമിറങ്ങിയാലൊരു വ്യൂ പോയിന്റ്‌ ഉണ്ട്. മുകളില്‍ നിന്ന് കാണുന്നത് പോലെ അത്ര ആകര്‍ഷകമല്ല താഴെ നിന്ന് നോക്കുമ്പോള്‍. അത് കൂടാതെ പാരാഗ്ലൈഡിംഗ് ചെയ്യുന്നവരുടെ ലോഞ്ചിംഗ് സ്ഥലവും കൂടിയാണത്രേ ഈ പാതിരാഡോം. മാനത്ത് മഴക്കോള് കണ്ടപ്പോള്‍ ഞങ്ങള്‍ കുന്നിറങ്ങി. അപ്പോഴും സൂര്യന്‍ വിശ്രമിക്കാന്‍ ഒരുങ്ങിയിട്ടില്ല. 


Dawson City Fire Station

കുന്നിറങ്ങി ഞങ്ങളെത്തിയത് അഗ്നിബാധയേറ്റൊരു കെട്ടിടത്തിന് മുന്നിലായിരുന്നു. കത്തികയറിയത് പോലെ കത്തി നശിക്കുകയായിരുന്നോ ഡവ്സണ്‍? 1898, 1899, 1900 എന്നീ വര്‍ഷങ്ങളിലുണ്ടായ അഗ്നിബാധ ഡവ്സണെ തളര്‍ത്തിയിരുന്നു. ആദ്യത്തെ അഗ്നിബാധയുണ്ടായതൊരു ഡാന്‍സ് ബാറിലാണ്. അറിഞ്ഞോ അറിയാതെയോ ആദ്യത്തെയും രണ്ടാമത്തെയും അഗ്നിബാധയുടെ കാരണക്കാരി ഒരേ വ്യക്തിയായിരുന്നത്രേ. രണ്ട് അത്യാഹിതത്തില്‍ നിന്നും അവര്‍ രക്ഷപ്പെട്ടുവെന്നാണറിഞ്ഞത്. പ്രകൃതി തന്നെ നടത്തിയൊരു ശുദ്ധി കലശമായിരിക്കുമോ? പരിഷ്കാരങ്ങള്‍ പുഴ കടന്നെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഗോത്രവംശരുടെ സ്വസ്ഥതയുടെ അടിത്തറയിളകി. ചിലരെല്ലാം അവിടം വിട്ടു പോയി. നാടുവിട്ടുപോകാത്തവരാകട്ടെ സ്വന്തം നാട്ടില്‍ രണ്ടാംതര പൗരന്മാരായി കഴിയേണ്ടി വന്നു. 

കാനഡയുടെ ചരിത്രത്തില്‍ കറുത്ത അടയാളമായി രേഖപ്പെടുത്തിയ “റെസിഡന്‍ഷ്യല്‍ സ്കൂള്‍ ” സംഭവുമായി ക്ലോണ്ടിക് ഗോള്‍ഡ്‌ റഷിനെന്തെങ്കിലും ബന്ധമുണ്ടോന്നറിയില്ല. പാര്‍ക്കുകളിലും നടപാതകള്‍ക്കരികിലും അന്ന് ചെയ്ത പോയ തെറ്റിനുള്ള സര്‍ക്കാരിന്‍റെ മാപ്പപേക്ഷയും ആളുകളുടെ ഓര്‍മ്മക്കുറിപ്പുകളും കൊത്തിവെച്ചിരിക്കുന്ന ഫലകങ്ങള്‍ കുറെയേറെയുണ്ട്. “കള്‍ച്ചറല്‍ ജെനോസൈഡ്(Cultural Genocide)” എന്ന പ്രയോഗത്തിലൂടെയാണ് ഇതിനെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുമ്പോള്‍ വിശേഷിപ്പിച്ചത്‌. പലര്‍ക്കും അതത്ര ദഹിച്ചില്ലെങ്കിലും അദ്ദേഹം അതില്‍ തന്നെ ഉറച്ചുനിന്നു. 

ഗോത്രവംശരുടെ കുട്ടികളെ പിടിച്ചു കൊണ്ട് പോയി അവരെ പരിഷ്കാരികളാക്കാന്‍ ചര്‍ച്ചും, സര്‍ക്കാരും ചേര്‍ന്ന് ചെയ്ത കൊടും ക്രൂരത. നാലായിരത്തിലധികം കുട്ടികള്‍ മരണപ്പെട്ടു. ശാരീരികമായും മാനസീകമായും കുട്ടികളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും തമ്മിലകറ്റിയും, പുതിയ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിച്ചും പരിഷ്കൃത സമൂഹം ചെയ്ത ക്രൂരതകള്‍ക്ക് കൈയും കണക്കുമില്ല. മാതൃഭാഷ സംസാരിക്കാതിരിക്കാന്‍ കുട്ടികളെ അതിക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയിട്ടുണ്ട്. ജീവനോടെ ബാക്കിയായവരുടെ സാക്ഷ്യപ്പെടുത്തലുകള്‍ ഉള്‍പ്പെടുന്ന ഡോക്യുമെന്റ്രിയുടെ ലിങ്കും ഇതിനോടൊപ്പം ചേര്‍ക്കുന്നു. 

ഒരു തലമുറയെ ബാധിച്ച ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാനാവാതെ ഇന്നും ഗോത്രസമൂഹം സത്വം മറന്ന് വഴി തെറ്റിയലയുകയാണ്. 1966ല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് വിശപ്പും തണുപ്പും സഹിക്കാതെ മരിച്ച ചാര്‍ളിയുടെ വാര്‍ത്തയാണ് ഗോത്രവംശക്കാരുടെ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ അന്വേഷിക്കാന്‍ വഴിത്തിരിവായത്‌. പുതിയ തലമുറയിലെ ചിലരെ ഞങ്ങളുടെ യാത്രക്കിടയില്‍ കണ്ടിരുന്നു. ഉത്സാഹവും ഉണര്‍വ്വുമുള്ള മുഖങ്ങള്‍ക്കൊപ്പം നിരാശയും ദാരിദ്ര്യവും കൊണ്ട് ലഹരിയില്‍ അഭയംതേടി ഇരുണ്ടവരുമുണ്ട്.


അരിച്ചരിച്ച്  പാത്തൂനും കിട്ടി രണ്ട് തരി പൊന്ന്..
പിറ്റേന്ന് രാവിലെ ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍ തുറക്കുന്ന സമയത്ത് തന്നെ അവിടെയെത്തണമെന്ന് നിശ്ചയിച്ചിരുന്നു. എപ്പോള്‍ ചെന്നാലും അത് അടഞ്ഞ് കിടക്കുന്നതാണ് കണ്ടിട്ടുള്ളത്. താമസസ്ഥലത്ത് നിന്ന് ചെക്ക് ഔട്ട്‌ ചെയ്തു ഞങ്ങള്‍ സെന്‍ററിലെത്തി. പുറമേ നിന്ന് നോക്കിയപ്പോള്‍ തുറന്ന ലക്ഷണമൊന്നും കണ്ടില്ല. മുട്ടുവിന്‍ തുറക്കപ്പെടുമെന്നല്ലേ... വെറുതെ മുട്ടി നോക്കി. അത് തുറന്നിരിക്ക്യായിരുന്നു. കയറിയത് വെറുതെയായില്ല. എനിക്കൊരു "യുകോണ്‍ പാസ്പോര്‍ട്ട്" കിട്ടി. ക്ലോണ്ടിക് ലൂപ്പില്‍ ഞങ്ങള്‍ വിട്ടുപോയ കുറെ സ്ഥലങ്ങളും സ്ഥാപനങ്ങളും അതിലുണ്ടായിരുന്നു. ഇനി പോകുന്ന സ്ഥലങ്ങളിലെ ഇന്‍ഫോര്‍മേഷന്‍ സെന്‍ററില്‍ നിന്ന് മുദ്രവെപ്പിച്ച് അങ്ങിനെ അതില്‍ കൊടുത്തിരിക്കുന്ന എല്ലാ സ്ഥലങ്ങളും പൂര്‍ത്തിയായാല്‍ തിരിച്ചു കൊണ്ട് വന്നു കൊടുക്കണം. സമ്മാനമുണ്ടത്രേ... ടൂറിസം ഇങ്ങിനെയും പ്രചരിപ്പിക്കാമെന്ന് മനസ്സിലായി.


Things available in a grocery store, Dawson City during 1941

പണ്ടത്തെ സ്വര്‍ണ്ണഖനനത്തിന്‍റെയും, സ്വര്‍ണ്ണം  അരിച്ചെടുക്കുന്നതിന്‍റെയും ഡെമോ ഒരു പെണ്‍കുട്ടി കാണിച്ചു തന്നു. മണ്ണുമാന്തിയെന്ത്രങ്ങളെ ക്രീക്കുകളിലെ രാക്ഷസന്മാരെന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. ഭൂമിതുരന്നു അരിച്ചെടുത്ത്‌ യന്ത്രങ്ങള്‍ തുപ്പിയ മണ്ണിന്‍റെ അവശിഷ്ടങ്ങള്‍ നഗരത്തില്‍ പുഴുക്കളെ പോലെ കിടക്കുന്നുണ്ട്. ഡോമിന്‍റെ മുകളില്‍ നിന്ന് നോക്കുമ്പോഴാണ് ശരിക്കുമങ്ങിനെ തോന്നുക. ഡെമോ കഴിഞ്ഞപ്പോള്‍ ഞാന്‍  അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ കാണാന്‍ ചുറ്റി നടന്നു. ചെറിയ ചെറിയ കണ്ണാടി കൂടുകളില്‍ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നതില്‍ അന്നവിടെ കിട്ടിയിരുന്നതെല്ലാമുണ്ട്. പത്രങ്ങള്‍, കലണ്ടറുകള്‍, ലെഡ്ജെറുകള്‍, അവശ്യ സാധനങ്ങളുടെ വില വിവരപട്ടിക, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, പലതരം ടിന്‍ ഫുഡുകള്‍, വിളക്കുകള്‍ അങ്ങിനെ കുറെയേറെ വസ്തുവകകള്‍...



വടക്കിലെ പാരീസ് എന്ന് വിളിച്ചിരുന്ന ഡവ്സണില്‍ അന്ന് ലഭ്യമായിരുന്ന പല സാധനങ്ങളും ഞാനൊക്കെ കാണുന്നത് അടുത്ത കാലത്താണ്. കപ്പല്‍ മാര്‍ഗ്ഗമായിരിക്കാം മിക്കതും ഇവിടെ എത്തിയിരിക്കുക അതല്ലെങ്കില്‍ ആളുകള്‍ ചുമന്നുകൊണ്ടു വന്നതുമാകാം. വാമൊഴികളെക്കാള്‍ കത്തുകളിലാണ് പുറംലോകത്തെ ജീവിതങ്ങള്‍ അടയാളപ്പെടുത്തപ്പെട്ടത്. അങ്ങിനെയൊരു കത്ത് ഞങ്ങള്‍ അവിടെ കണ്ടു. 1897 ല്‍ എഴുതിയതാണ്. അതില്‍ എല്ലാമുണ്ട്. ജീവിതം, മരണം, സ്നേഹം, വിരഹം.... ഭാഷയില്‍ വ്യത്യാസമുണ്ടെങ്കിലും  അതിലെ വരികള്‍ ഏറെ സുപരിചിതമാണ്. ഉപേക്ഷിച്ചില്ല, പടമെടുത്ത് കൂടെ കൂട്ടി... അവിടെന്ന് ഇറങ്ങുമ്പോള്‍ മനസ്സ് കനംവെച്ചിരുന്നു. ഇനിയുമറിയാനും, കേള്‍ക്കാനും ബാക്കിയുണ്ടെന്ന തോന്നലാകാം. വിരുന്നുവന്നവരെല്ലാം ഉപേക്ഷിച്ചു പോകുമ്പോള്‍ യാത്രയാക്കിയ അതെ നിസ്സംഗതയോടെ നില്‍ക്കുന്ന ഡവ്സണ്‍ നഗരത്തെ വിട്ട് ഞങ്ങള്‍ ക്ലോണ്ടിക് ഹൈവേയിലൂടെ തിരിച്ചു പോവുകയാണ് വൈറ്റ്ഹോര്‍സിലേക്ക്...                                                                                (തുടരും...)                                                                                                            

ആരാണാവോ കോഴികൂട് തുറന്നിട്ട്‌ പോയത്???






 
       
 



Friday, October 21, 2016

രുചിക്കാന്‍ കാല്‍വിരല്‍ കോക്ക്‌ടെയിലും!


ഡംപ്സ്റ്റര്‍ ഹൈവേയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ആരോ ശക്തമായി പിന്നിലേക്ക്‌ പിടിച്ചു വലിക്കുന്നത് പോലെയായിരുന്നു ഞങ്ങള്‍ക്ക്. ടോംബ്സ്റ്റോൺ പാര്‍ക്കിലെ ഗ്രിസ്‌ലി ലെയ്ക് ട്രെയിലില്‍ രണ്ടുദിവസത്തെ ഹൈക്കിംഗ് സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്. പിന്നെ ഉത്തരധ്രുവവും... കണ്ടെതെല്ലാം സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോന്ന് തീര്‍ച്ചയില്ലാതെ അനുഭവിച്ചതിന്‍റെ ലഹരിയില്‍ വാക്കുകള്‍ നഷ്ടപ്പെട്ട് ഞങ്ങളിരുന്നു. ഹൈവേയില്‍ നിന്ന് പുറത്തെത്തിയ ഉടനെ അടുത്തുള്ള സര്‍വീസ് സ്റ്റേഷനില്‍ കയറി വണ്ടിയെ പരിശോധിച്ചു. കാര്യമായ പരിക്കൊന്നും കാണാനില്ലായിരുന്നു. പക്ഷെ വെളുത്ത കാറ് ചേറിലും ചളിയിലും മുങ്ങി ഒരുമാതിരിപ്പെട്ട കോലമായിട്ടുണ്ട്. അത് കണ്ടാല്‍ കാറ് തന്ന മുതലാളിയുടെ നിറം മാറും. മൂന്ന് വട്ടം പവര്‍ വാഷ് ചെയ്ത് അതിനെ സുന്ദരനാക്കി താമസസ്ഥലത്തെ പാര്‍ക്കിങ്ങില്‍ കൊണ്ടിട്ടു. കുറച്ചു നേരം വിശ്രമിച്ച് വൈകുന്നേരം ഏഴു മണിയോടെയാണ് ഡവ്‌സണ്‍ കാണാന്‍ ഇറങ്ങിയത്‌. 


Colourful Dawson City

'Time is pickled in Dawson..'എന്ന് ഡവ്‌സണെ കുറിച്ച് കേട്ടത് ശരിയായിരുന്നു. കണ്ണില്‍ സ്വപ്നം നിറച്ച് പൊന്ന് വിളഞ്ഞ നാടിന്‍റെ ഓര്‍മ്മയില്‍ നടക്കുന്നവരെ വഴി നീളെ കാണാം. തിരക്ക് കുറഞ്ഞ തെരുവുകള്‍ക്കിരുവശത്തും പഴയ മട്ടിലുള്ള കടകളാണ്. അതില്‍ തുന്നല്‍ക്കടകള്‍, ഡാന്‍സ്ബാറുകള്‍, മദ്യശാലകള്‍, പത്രമോഫീസുകള്‍, ബാങ്കുകള്‍, വസ്ത്രാലയങ്ങള്‍, സ്വര്‍ണ്ണ കടകള്‍, പലചരക്കുകടകള്‍ വീടുകള്‍ എല്ലാമുണ്ട്. ഇന്ന് വിജനമായി കിടക്കുന്നുണ്ടെങ്കിലും പണ്ട് ഈ തെരുവുകളിലെ തിരക്ക് ഓര്‍ത്തുപോയി. ഒരായിരം കഥകളുടെ ഭാരവും താങ്ങി നില്‍ക്കുകയാണ് ഓരോ കെട്ടിടവും. ഒന്നും പൊളിച്ച് കളഞ്ഞിട്ടില്ല, സന്ദര്‍ശര്‍കരുടെ കാല്‍പ്പെരുമാറ്റങ്ങള്‍ മാത്രമാണ് ഇന്ന് ഡവ്‌സണ്‍ തെരുവുകളെ ജീവസ്സുറ്റതാക്കുന്നത്. സുവര്‍ണ്ണകാലം വീണ്ടും തിരികെയെത്തുമെന്ന പ്രതീക്ഷയോടെ നില്‍ക്കുകയാണ് മനുഷ്യരെ പോലെ ഈ കെട്ടിടങ്ങളുമെന്ന് തോന്നും.



Old is Gold

1922ല്‍ നിര്‍മ്മിച്ച്‌ അരനൂറ്റാണ്ടോളം യുകോണ്‍ നദിയിലൂടെ ഓടിത്തിമിര്‍ത്ത എസ്. എസ് കെനോയെന്ന ആവിക്കപ്പല്‍ തിരക്കൊഴിഞ്ഞ് കരയില്‍ നങ്കൂരമിട്ട് വിശ്രമ ജീവിതം നയിക്കുകയാണ്. അന്ന് കെനോയുടെ പോക്കുവരവുകള്‍ക്കനുസരിച്ചായിരുന്നു ഡവ്സണിലെ ആളുകളുടെ ജീവിതം. ഇന്ന് സന്ദര്‍ശകര്‍ കാണാന്‍ കയറുമ്പോള്‍ മാത്രമാണ് അതിലാളനക്കമുണ്ടാവുന്നത്. ചരിത്ര സ്മാരകമായി കെനോയെ നിലനിര്‍ത്തിയിരിക്കുകയാണ്. കെനോക്ക് ചുറ്റുമുള്ള പുല്‍ത്തകിടിയില്‍ ചരിത്രത്തിന്‍റെ പല കുറിപ്പുകളും ആളുകള്‍ക്ക് വായിച്ചറിയാന്‍ പാകത്തില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. വായനക്കിടയില്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ അതുവരെ വായിച്ച കാലവും ചരിത്രവുമെന്നില്‍ നിന്നടര്‍ത്തിയെടുത്ത് കുസൃതി ചിരിയോടെ യുകോണ്‍ നദിയൊഴുകുന്നു... 



S.S. Keno
'If you are not close to the river you are lost...'നേറ്റീവ് ഇന്ത്യക്കാര്‍ നദികളെ കുറിച്ച് പറയുന്നതാണിത്. നദിതടസംസ്കാരങ്ങളെ എത്ര ഭംഗിയായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഇതൊക്കെ ചിന്തിച്ചു കൂട്ടുമ്പോഴാണ് റോഡിന് എതിര്‍വശത്തുള്ള പഴകിയൊരു കെട്ടിടം ദൃഷ്ടിയില്‍ പതിഞ്ഞത്. ങേ! എനിക്കെന്തോ പറ്റിയതായിരിക്കുമെന്ന് കരുതി കണ്ണ് തിരുമ്മി തിരുമ്മി നോക്കി...ആ കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍നിന്ന് ഒരു പെണ്ണ് എന്നെ മാടി വിളിക്കുന്നു. സത്യായിട്ടും എന്‍റെ കണ്ണോണ്ട് കാണുന്നതല്ലേ, തെറ്റൂല. സംശയം തീര്‍ക്കാന്‍ യുകോണ്‍ നദീനെ ഫോട്ടോയെടുത്ത് ഉപദ്രവിക്കുന്ന ഹുസൈനെ വിളിച്ചോണ്ട് വന്ന് കാണിച്ചുകൊടുത്തു. ആദ്യം മൂപ്പരും ഒന്ന് പകച്ചു, പിന്നെ പറഞ്ഞു, "ഏതായാലും വിളിച്ചതല്ലേ പോയി നോക്കാ"ന്ന്. റോഡ്‌ മുറിച്ചു കടക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് സംഗതി മനസ്സിലായി. ജാലകവിരികള്‍ക്കിടയില്‍ വച്ചിരിക്കുന്ന പ്രതിമയാണ്. പാലമരത്തിലെ യക്ഷിയെ പരിചയമുണ്ട്, എന്നാല്‍ ഇവിടെയൊന്നിനെ പ്രതീക്ഷിച്ചില്ല! 


ദേ വിളിക്കുന്നു...   

കണ്ണടച്ചു തുറക്കുമ്പോഴേക്കും ദാരിദ്യ്രത്തില്‍നിന്നു സമൃദ്ധിയിലേക്ക് എടുത്തെറിയപ്പെട്ട ജീവിത കഥകളാണ് ആദ്യകാലത്ത് ഡവ്സണില്‍ നിന്ന് പുറത്തു വന്നത്. സ്വര്‍ണ്ണക്കട്ടികള്‍ പോക്കെറ്റിലിട്ട് അതെങ്ങിനെ ചിലവഴിക്കണമെന്ന് അറിയാതെ ഒയ്സ്റ്ററും, കാവിയെറും, ഷാംപെയിനും തീന്മേശയില്‍ ദിവസവും വിളമ്പിയിരുന്നവരെ പറ്റി നിറം പിടിപ്പിച്ച കഥകള്‍ പത്രപംക്തികളില്‍ നിറഞ്ഞു. വെറും ബീന്‍സ് മാത്രം മൂന്ന് നേരം കഴിച്ച് കിടന്നുറങ്ങുന്നവരുടെ കാര്യങ്ങള്‍ ആരുമെവിടെയും എഴുതിയില്ല, ഇനി അഥവാ എഴുതിയെങ്കില്‍ തന്നെ ആരും വിശ്വസിച്ചില്ല. ഫാഷന്‍ ലോകത്തെ അവസാന വാക്കായ പാരീസില്‍ നിന്ന് 1500 ഡോളര്‍ വിലയുള്ള വസ്ത്രങ്ങള്‍ ഡവ്സണില്‍ എത്തിച്ച്  അതണിഞ്ഞു നടക്കുന്ന ഡാന്‍സ് ബാറുകളിലെ പെണ്‍കൊടികള്‍ തെരുവിന് പുത്തരിയല്ലാതെയായി. അല്ലറചില്ലറ പ്രശ്നങ്ങളല്ലാതെ വലിയ കുറ്റകൃത്യങ്ങളോ കൊലപാതകങ്ങളോ ഗോള്‍ഡ്‌ റഷ് കാലത്ത് ഡവ്സണിലുണ്ടായിട്ടില്ല. അതിന് കാരണക്കാരായ ഡവ്സണിലെ നിയമപാലകരുടെ അന്നത്തെ ദിവസവേതനം $1.25 ആയിരുന്നുവെത്രേ.



Gambling Hall & Dance Bar

സ്വര്‍ണ്ണഖനികളെക്കാളും ആളുകളുടെ ഭാഗ്യവും നിര്‍ഭാഗ്യവും നിശ്ചയിച്ചത് ചൂതാട്ടകേന്ദ്രങ്ങളും വ്യഭിചാരശാലകളുമായിരുന്നു. ഇന്നും സ്ഥിതിയില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു. ചൂതാട്ടകേന്ദ്രങ്ങളിലെ രാത്രി ജീവിതം ആസ്വദിക്കാന്‍ മാത്രമായി ഡവ്‌സണിലെത്തുന്നവരുണ്ട്. അലാസ്കയിലെ വൈല്‍ഡ്‌ലൈഫ് റെഫ്യുജിലെ സ്റ്റാഫ് ഞങ്ങള്‍ ഡവ്സണിലേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഹുസൈനോട് പേഴ്സിലെ പൈസ സൂക്ഷിച്ചോളൂന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഡൈമണ്ട് ടൂത്ത് ഗേര്‍ട്ടീസിലെ ഗാംബ്ലിംഗ് ഹാളിലെ നൈറ്റ്‌ ഷോ ദേശവാസികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും ഒരു പോലെ ഹരമാണ്. കാനഡ നാഷണല്‍ ഫിലിം ബോര്‍ഡിന്‍റെ ഷോര്‍ട്ട് ഫിലിമായ "സിറ്റി ഓഫ് ഗോള്‍ഡി"ല്‍ ഡവ്സണിന്‍റെ സുവര്‍ണ്ണ കാലം വളരെ നന്നായി പ്രതിപാദിച്ചിട്ടുണ്ട്. 


Newspaper Office

മറ്റു പല സ്ഥലങ്ങളെയും പിന്തള്ളി ഡവ്‌സണ്‍ പരിഷ്കാരങ്ങളില്‍ മുന്‍പന്തിയിലെത്തി. ജീവിതം ആസ്വദിക്കാനും, നരകിക്കാനുമുള്ളതെല്ലാം ഡവ്സണില്‍ പല നിലയിലും ലഭ്യമായി. അങ്ങിനെയൊന്നിലേക്കായി എന്‍റെ കണ്ണ്. ബോംബെ പെഗ്ഗി! നാടുമായി എന്ത് ബന്ധമാണ് ഡവ്സണിലെ ഈ പഴകിയ കെട്ടിടത്തിനുള്ളതെന്നറിയാന്‍ ആകാംഷയായിരുന്നു. നൂറ് വര്ഷം പഴക്കമുള്ള ബോംബെ പെഗ്ഗിക്ക് പല മുഖങ്ങളാണ്‌. മൈനിംഗ് ഓഫീസായും, വീടായും, വേശ്യാലയമായും, സത്രമായും അതിന്‍റെ കര്‍മ്മങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു.


Bombay Peggy's Inn 

രണ്ടാംലോക മഹായുദ്ധ കാലത്ത് മരണമടഞ്ഞതാണെന്നു വിശ്വസിക്കുന്ന ഒരു ബ്രിട്ടീഷ്‌ പൌരന്‍റെ ഭാര്യയായിരുന്നുവെത്രേ ഇന്ത്യക്കാരിയായ പെഗ്ഗി ഡോര്‍വെല്‍. അവരെങ്ങിനെ യുകോണിലെത്തിയെന്നതിനൊക്കെ പല കഥകളുമുണ്ട്. 1957 ലാണ് പെഗ്ഗി ഡവ്സണിലെ ഈ വീട് വാങ്ങുന്നത്. കുട്ടികള്‍ക്ക് മിഠായി കൊടുക്കുകയും, സുഹൃത്തുക്കളെ കൈയയച്ച് സഹായിക്കുകയും ചെയ്തിരുന്ന സമ്പന്നയായ പെഗ്ഗി വീട്ടില്‍ വേശ്യാലയം നടത്തിയിരുന്നുവെന്നാണ് നാട്ടുകാരുടെ അറിവ്. നിഗൂഢമായിരുന്നു അവരുടെ ജീവിതം. എന്തായാലും 1980 ആയപ്പോഴേക്കും ആരോഗ്യവും പ്രതാപവും മങ്ങിയപ്പോള്‍ അവര്‍ വാങ്കൂവറിലേക്ക് പോയെന്നും അവിടെവെച്ച് മരണപ്പെട്ടുവെന്നും പെഗ്ഗിയുടെ അടുത്ത സുഹൃത്തുക്കള്‍ അവകാശപ്പെടുന്നു.

പുതിയ ഉടമസ്ഥര്‍ പെഗ്ഗിയുടെ പേര് തന്നെയാണ് അവരുടെ ബിസിനസ്സിനും ഉപയോഗിച്ചിരിക്കുന്നത്. അത്രമേല്‍ പെഗ്ഗിക്ക് ആ നാട്ടില്‍ സ്വാധീനമുണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. വിക്ടോറിയന്‍ മാതൃകയില്‍ നവീകരിച്ച ഒന്‍പത് കിടപ്പു മുറികളുള്ള  ഈ കെട്ടിടം പെഗ്ഗിക്ക് പോലും തിരിച്ചറിയാത്തവണ്ണം മാറ്റിയിരിക്കുന്നു. 
മൂന്ന് മണിക്ക് ശേഷം തുറക്കുന്ന പബ്ബും ഇപ്പോള്‍ അവിടെയുണ്ട്. പബ്ബിനകത്ത് പെഗ്ഗിയുടെ വലിയൊരു ചിത്രം പുതിയ നടത്തിപ്പുക്കാര്‍ വച്ചിട്ടുണ്ടത്രേ. പെഗ്ഗിയുടെ കെട്ടിടം കണ്ടുപിടിക്കാന്‍ കുറച്ചു പ്രയാസപ്പെട്ടു. പുറത്തുള്ള ഫലകത്തില്‍ "ബോംബെ പെഗ്ഗി"യെന്നു വളരെ ചെറുതായിട്ടാണ് എഴുതിയിരിക്കുന്നത്. "Inn" എന്ന് വലിയ അക്ഷരത്തില്‍ കൊടുത്തിട്ടുണ്ട്‌. പ്രധാന വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പുറമേ നിന്ന് ഇതെല്ലാം കണ്ട്, കുറച്ച് ചിത്രങ്ങളുമെടുത്ത് ഞങ്ങള്‍ അവിടെന്ന് പോന്നു. 




മറ്റൊരു വിശേഷപ്പെട്ട സാധനം ഡവ്സണില്‍ കിട്ടും. Sourtoe Cocktail!! ഒന്ന് നില്‍ക്കൂ, കേട്ടപാതി ഓടാന്‍ നില്‍ക്കണ്ട. ഓടി ചെന്ന് ചോദിച്ചാലൊന്നും അത് കിട്ടൂല. അതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ടേ.. 1973 ല്‍ സ്ഥാപിതമായൊരു ഡവ്സണ്‍ ചടങ്ങ്. ഡൌണ്‍ടൌണ്‍ ഹോട്ടലിലാണ് മദ്യത്തില്‍ മുറിഞ്ഞ കാല്‍വിരലിട്ടു സല്‍ക്കരിക്കുന്നത്. പോകുന്നവര്‍ കാലിലെ വിരലൊക്കെ സൂക്ഷിക്കുന്നത് നല്ലതാണ്. 100,000 അധികം ആളുകളുള്ള ഒരു ക്ലബ്ബില്‍ അംഗമാവുകയാണ് കാല്‍വിരല്‍ സ്പെഷ്യല്‍ മദ്യം രുചിക്കാന്‍ ആദ്യം ചെയ്യേണ്ടത്. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്‍റെ നേരെ എതിര്‍വശത്തുള്ള ഡൌണ്‍ടൌണ്‍ ഹോട്ടലിലാണ് ഈ മദ്യ സല്‍ക്കാരം. ആ കാല്‍വിരല്‍ അറിയാതെ വിഴുങ്ങിയാല്‍ $500 ഫൈന്‍ അടക്കണം. അതുകൊണ്ട് മദ്യപ്രേമികള്‍ സൂക്ഷിക്കുക. അവിടെത്തെ പ്രധാന നിയമം ഇതാണ്, You can drink it fast, you can drink it slow, but your lips have gotta touch the toe.”

മദ്യത്തിന്‍റെ റെസിപ്പിയോ,അതിനിങ്ങിനെയും...

1 ഔണ്‍സ്(മിനിമം)മദ്യവും, 1 നിര്‍ജ്ജലീകരിച്ച പെരുവിരലും


അതിനകത്തേക്ക് മദ്യം കഴിക്കാന്‍ കൂട്ടുകാരെ വെല്ലുവിളിച്ച് കയറി പോകുന്ന ധീരരെ നോക്കി ഞങ്ങള്‍ ഹോട്ടല്‍ ലോബിയില്‍ കോഫിയും കുടിച്ചിരുന്നു. ഇതെങ്ങിനെ ഒരു ചടങ്ങായിയെന്നല്ലേ? 


ഇവിടെ കിട്ടും...

1920 ല്‍ മദ്യം ഒളിച്ചു കടത്തുന്ന രണ്ടു സഹോദരന്മാര്‍  മഞ്ഞുകാലത്ത് സ്ലെഡില്‍ സാധനം കടത്തുന്നതിനിടയില്‍ പോലീസുകാരെ പേടിച്ചു കുറെ സമയം മഞ്ഞത്ത് ട്രെയിലില്‍ ചിലവഴിച്ചുത്രേ. തണുപ്പ് കയറി ഒരാളുടെ കാലിലെ പെരുവിരല്‍ മരവിച്ചു പോയി. വല്ല ആവശ്യവുമുണ്ടായിരുന്നോ? ചീഞ്ഞഴുകുന്ന അവസ്ഥ ഒഴിവാക്കാനായി കൈയിലുണ്ടായിരുന്ന മഴു കൊണ്ട് അനിയന്‍ ചേട്ടന്‍റെ വിരല്‍ മുറിച്ചു. അണുബാധയുണ്ടാകാതിരിക്കാന്‍ മുറിഭാഗം റം ഉപയോഗിച്ച് കഴുകിയെത്രേ. എന്ത് കാര്യത്തിനാണെന്ന് അറിയില്ല മുറിച്ചെടുത്ത ആ പെരുവിരല്‍ അവര്‍ മദ്യത്തില്‍ സൂക്ഷിച്ചു വച്ചു. ഈ സഹോദരന്മാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. മൌണ്ടി പോലീസ് പിടിച്ചിരിക്കാമെന്നാണ് പൊതുവിലുള്ള വിശ്വാസം.

പിന്നീട് കുറെക്കാലം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടൊരു 
ക്യാബിന്‍ വൃത്തിയാക്കുമ്പോള്‍ ക്യാപ്റ്റന്‍ ഡിക്കിന് കുപ്പിയില്‍ സൂക്ഷിച്ചു വച്ച ഈ അമൂല്യ വസ്തു കിട്ടിയതോടെ അതിന് പണിയായി. സുഹൃത്തുക്കളുമായി ആലോചിച്ച് ക്യാപ്റ്റനാണ് ക്ലബ്‌ തുടങ്ങിയതും നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതും. എന്തെല്ലാം തരം മനുഷ്യരാണ്! ഇതുവരെ ക്ലബിന് പത്ത് വിരലുകള്‍ പലരില്‍ നിന്ന് സംഭാവനയായി ലഭിച്ചിട്ടുണ്ടത്രേ. വായിച്ചപ്പോള്‍ നിങ്ങളും കാലിലെ വിരല്‍ നോക്കിയില്ലേ? സാരല്യ ഞാനവിടെന്ന് പോരുന്നതുവരെ ഷൂസ് ഊരിയിട്ടില്ല...                                       (തുടരും)

Wednesday, October 19, 2016

പാതി കണ്ട കിനാവ്‌..

കരമാര്‍ഗ്ഗം ആര്‍ട്ടിക് സര്‍ക്കിള്‍ കടന്ന് ആര്‍ട്ടിക് സമുദ്രത്തിനടുത്തെത്താന്‍ കാനഡയില്‍ നിന്ന് ആകെയൊരു വഴിയേയുള്ളൂ. ആ വഴിയിലൂടെ ഒരു യാത്ര... അതൊരു സ്വപ്നമായിരുന്നു. രണ്ടേരണ്ട് വാക്കിലൊതുങ്ങുന്ന ആ സ്വപ്നമാണ് ഞങ്ങളുടെ മുന്നില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നത്. ഡംപ്സ്റ്റര്‍ ഹൈവേ!!ആര്‍ക്ക് മുന്നിലും അത്ര പെട്ടെന്ന് കീഴടങ്ങാത്ത പരുക്കന്‍ പ്രകൃതം. "Rough and Tough". തേച്ചുമിനുക്കിയ ഇവിടുത്തെ സാധാരണ റോഡുകളില്‍ നിന്ന് വ്യത്യസ്തമായി മുഖംമിനുക്കാത്ത ചരല്‍ റോഡാണ് ഡംപ്സ്റ്റര്‍ ഹൈവേയില്‍. ഇമ്മാനുവേല്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു, Be respectful to the D.Hwy..."  


Road to the Arctic- Dempster Hwy
ഡവ്സണിലെ ക്ലോണ്ടിക് ഹൈവേയില്‍ നിന്ന് ഇനുവിക്ക് വരെയുള്ള 737.5കി.മി ദൂരത്തില്‍ ഈ ഹൈവേയിലെ ഏറ്റവും അടുത്ത സര്‍വീസ് സ്റ്റേഷന്‍ 370കി.മി അകലെയാണ്. അതാണ്‌ ഈഗിള്‍ പ്ലേയ്ന്‍. അത് വരെ എത്തിയാല്‍ എവ്ലിന്‍ നടത്തുന്ന മോട്ടലും, ഗ്യാസ് സ്റ്റേഷനും, എയര്‍സ്ട്രിപ്പും ആര്‍. വി ക്യാമ്പ്‌സൈറ്റും, വാര്‍ത്താവിനിമയ സൗകര്യങ്ങളും യാത്രികര്‍ക്ക് ലഭ്യമാണ്. എന്നാല്‍ അവിടെയെത്തുന്നത് വരെ വഴി തീര്‍ത്തും വിജനമാണ്. വന്യമായ കാടും, റോഡിലേക്ക് കയറി വരുന്ന ഗ്രിസിലി കരടികളും, മൂസുകളും, മാനുകളും മാത്രമേ തുണയുണ്ടാവൂ. എട്ടടിയോളം നീളവും എഴുന്നൂറ് പൗണ്ടിലധികം തൂക്കവുമുള്ള ഗ്രിസിലി കരടികള്‍ വേനലില്‍ സ്വൈരവിഹാരം നടത്തുന്ന ഹൈവേയാണ്. വര്‍ഷത്തിലെ ആദ്യത്തെ മഞ്ഞ് വീഴ്ച കഴിഞ്ഞാലുടനെ റെയിന്‍ ഡിയറുകള്‍ (Caribou) കൂട്ടത്തോടെ ഡംപ്സ്റ്റര്‍ ഹൈവേയിലൂടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകും. ഹൈവേ ഈ സമയത്തൊരു കരിബൂ കടലായി മാറും... 


It's a wild dream
കാണാന്‍ ഓമനത്തമുണ്ടെങ്കിലും ഗ്രിസിലികളുടെ സ്വഭാവം അത്ര നന്നല്ലാട്ടോ. ചില നേരത്ത് വളരെ ശാന്തരായി നടക്കുമെങ്കിലും മിക്കപ്പോഴും അതിന്‍റെ സ്വഭാവം അതിന് തന്നെ പിടിക്കാത്ത പോലെയാണ്. പ്രത്യേകിച്ച് ഇഷ്ട വിഭവമായ സോപ്പ് ബെറിയൊക്കെ കായ്ച്ച് നിക്കണ സമയത്തും, അമ്മയും മക്കളും നടക്കാനിറങ്ങുമ്പോഴുമൊക്കെ ഗ്രിസിലികള്‍ അക്രമാസക്തരാകും. അതോണ്ട് ഈ ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ മൂപ്പരെ വഴിയില്‍ വച്ച് കണ്ടാല്‍ ഭക്ഷണം കൊടുത്ത് ഓമനിക്കാന്‍ നില്‍ക്കരുത്... ഈ ഭാഗങ്ങളില്‍ ഹൈക്കിങ്ങിന് പോകുമ്പോള്‍ പെപ്പര്‍ സ്പ്ര, വിസില്‍, വടി തുടങ്ങിയ ആയുധങ്ങള്‍ കൈയില്‍ കരുതണമെത്രേ. സമയമായില്ലെന്ന് തോന്നുന്നു,ഞങ്ങളിതുവരെ തമ്മില്‍ കണ്ടിട്ടില്ല. എന്നാല്‍ ഇതേ സമയത്ത് ഞങ്ങളുടെ ചെറിയ മകന്‍ കുട്ടികള്‍ക്കുള്ള ആര്‍മി കേഡറ്റ് ട്രെയിനിംഗിന്‍റെ ഭാഗമായി ആല്‍ബര്‍ട്ടയിലെ വൈപാറൌസ് (Waiparous Village, Alberta)വില്ലേജിലായിരുന്നു താമസിച്ചിരുന്നത്. കുട്ടികളുടെ ബേസ് ക്യാമ്പില്‍ ഗ്രിസിലി വിവരമന്വേഷിക്കാന്‍ ചെന്നിരുന്നൂത്രേ! അങ്ങോട്ട്‌ പോകേണ്ട വല്ല കാര്യവുമുണ്ടോ അതിന്? 


Yaseen on the trail- Banff National Park (Molar Pass), Alberta 
ഡംപ്സ്റ്റര്‍ ഹൈവേയിലേക്ക് കയറുന്നതിന് മുന്നേ കുറച്ച് കാര്യങ്ങള്‍ കൂടി അറിയുന്നത് നല്ലതാണ്. അവിടെ വച്ച് അപകടമുണ്ടായാല്‍ എമര്‍ജെന്‍സി സര്‍വിസുകള്‍ ലഭ്യമാകാന്‍ മണിക്കൂറുകളോ, ദിവസങ്ങളോ എടുക്കും.  ഡംപ്സ്റ്റര്‍ ഹൈവേയുടെ പ്രധാന ഭക്ഷണം വാഹനങ്ങളുടെ ടയറാണ്. അതിലൂടെ പോകുന്നെങ്കില്‍ സ്റ്റെപ്പിനി കൂടാതെ ഒന്നോ രണ്ടോ ടയറുകള്‍ അധികമായി കരുതണം. വിശപ്പും ദാഹവും ഹൈവേയാണെങ്കിലും ഉണ്ടാവും. അപ്പോള്‍ ടയര്‍ മാത്രം പോരാ, ഇന്ധനവും കൂടുതല്‍ വേണം. ഇത് രണ്ടും നിര്‍ബന്ധമായും വേണ്ടതാണ്. റെന്റ്-എ-കാര്‍ എടുക്കുമ്പോള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഞങ്ങള്‍ക്ക് കിട്ടിയ വാഹനത്തില്‍ എക്സ്ട്രാ ടയറില്ലായിരുന്നു. പിന്നെ ഡംപ്സ്റ്റര്‍ ഹൈവേയിലേക്ക് പോകുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഈവക പ്രശനങ്ങളൊക്കെ കൂട്ടിയും കിഴിച്ചുമൊടുവില്‍ ഞങ്ങള്‍ തീരുമാനത്തിലെത്തി. നനഞ്ഞ സ്ഥിതിക്ക് ഇനി...


Dominik from Belgium - Hero!
ഡവ്സൺ സിറ്റിയില്‍ നിന്ന് ഡംപ്സ്റ്റര്‍ ഹൈവേയിലേക്ക് തിരിയുന്ന റോഡിലെ അവസാനത്തെ പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് ഡൊമിനിക്കിനെ കണ്ടത്. ആളില്ലാത്ത പെട്രോള്‍ സ്റ്റേഷനായിരുന്നു. അവിടെ ഇന്ധനം നിറക്കാന്‍ കഴിയാതെ നില്‍ക്കുകയാണ്‌ കക്ഷി. ആവശ്യം നമുക്കാണല്ലോ, ചെറിയ സ്പാനറും വലിയ സ്പാനറും ഒക്കെ എടുത്ത് ഹുസൈന്‍ ഇറങ്ങി. അവര്‍ പെട്രോള്‍ ഫില്ലിംഗിന്‍റെ ലോക്ക് ശരിയാക്കുമ്പോള്‍ ഞാന്‍ ഡൊമിനിക്കിന്‍റെ ബൈക്കിനെ വലംവെക്കുകയായിരുന്നു. ബെല്‍ജിയമാണ് ഡൊമിനിക്കിന്‍റെ സ്വദേശം. അവിടെന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്‌ ഇറങ്ങിയതാണ്. അര്‍ജന്റീനയില്‍ പോയി വടക്കേ അമേരിക്കയുടെ വെസ്റ്റ്-കോസ്റ്റ് ഒക്കെ കറങ്ങി അലാസ്കയിലൂടെ ആര്‍ട്ടിക്കില്‍ പോയിട്ടുള്ള വരവാണ്. തിരിച്ച് അര്‍ജന്റീനയിലേക്കാണ്, അതിനിടക്ക് ഞങ്ങളെ കാണുകയെന്ന നിയോഗം കൂടെ ബാക്കിയുണ്ടാകും... 

കുടുകുടു ശബ്ദമുണ്ടാക്കി പാഞ്ഞ് പോകുന്ന ബൈക്ക് യാത്രികരെ ഭയം കലര്‍ന്ന ആരാധനയോടെ നോക്കുന്നെനിക്ക്‌ ഡൊമിനിക് ബൈക്ക് യാത്രയെക്കുറിച്ചും, അയാളുടെ ബൈക്കും അതിന്‍റെ അരികിലുള്ള പെട്ടികളും സാധനങ്ങളുമൊക്കെ കാണിച്ച് തന്ന് ക്ഷമയോടെ എന്‍റെ മരമണ്ടന്‍ സംശയങ്ങള്‍ തീര്‍ത്തു തന്നു. "Notorious, The Dark Roasted" എന്നൊക്കെ വിശേഷിപ്പിക്കുന്ന പനാമ-കൊളംബിയ അതിര്‍ത്തിയായ ഡാരിയന്‍ ഗാപ്‌(Darien Gap)കടന്നതൊക്കെ വിവരിച്ചത് കേട്ട് ഞാന്‍ അയാളുടെ ഫാനായി. ഭൂപടങ്ങളില്‍ യാത്രാവഴികള്‍ പരസ്പരം നോക്കി “safe drive” എന്നാശംസിച്ച്‌ ഞങ്ങള്‍ പിരിയുമ്പോള്‍ ഡൊമിനിക് ബൈക്ക് ആരാധികക്കൊരു കാര്‍ഡ്‌ ഒപ്പിട്ട് തരികയും ചെയ്തു. ഡയറിയില്‍ ബ്ലോഗ്‌ ഐഡി കുറിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടാണ് ഡൊമിനിക് അത്ഭുതപ്പെടുത്തിയത്. മലയാളത്തിലാണ് മനസ്സിലാവില്ലാന്നൊക്കെ പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. എന്തായോ എന്തോ? 


No words to explain the beauty
ഡംപ്സ്റ്റര്‍ ഹൈവേക്ക് എന്താണ് ഇത്ര പ്രത്യേകതയെന്നല്ലേ? കട്ടിയുള്ള ഐസിന് മുകളിലാണ് റോഡ്‌. മണ്ണിട്ട്‌ ഉയര്‍ത്തിയ ഐസ് റോഡില്‍ നാലടിയില്‍ കൂടുതല്‍ കട്ടിയില്‍ ചരലിട്ട് അമര്‍ത്തിയിരിക്കുകയാണ്. ഈ ചരല്‍ പാഡാണ് താഴെയുള്ള പെര്‍മാ ഫ്രോസ്റ്റിനെ സംരക്ഷിക്കുന്നത്. ഇല്ലെങ്കില്‍ ഐസ് ഉരുകി റോഡ്‌ താഴും. ഇത് പോലെയുള്ള റോഡില്‍ ടാര്‍ ചെയ്യാന്‍ പറ്റില്ല. പ്രത്യേക തരം നിര്‍മ്മിതിയാണ്‌. മഞ്ഞുകാലത്ത് റോഡിനടിയില്‍ നിന്ന് ഐസ് പൊങ്ങി വന്ന് ഹമ്പ് ഉണ്ടാക്കും. മഞ്ഞായാലും വെയിലായാലും ഹൈവേ പ്രശ്നക്കാരന്‍ തന്നെയാണ്. നിശബ്ദതക്ക് പോലും നിശബ്ദതയുണ്ടെന്ന് അതിലൂടെ യാത്ര ചെയ്‌താല്‍ മനസ്സിലാവും. 12-16 മണിക്കൂറാണ് പരിചയസമ്പന്നരുടെ ഹൈവേ ഡ്രൈവിംഗ് സമയം.

ഡവ്സണില്‍ നിന്ന് ഇനുവിക്ക് വരെയുള്ള ഹൈവേയുടെ ബാക്കി ഭാഗം 2017ല്‍ കാനഡയുടെ 150 പിറന്നാളിന് തുറക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ഇനുവിക്കിലെത്തിയാല്‍ മെക്കെന്‍സീ നദിയിലൂടെ ആര്‍ട്ടിക് സമുദ്രത്തിന്‍റെ ഭാഗമായ ബ്യുഫോര്‍ട്ട്‌കടലിത്തീരത്തുള്ള ടുക്ക്റ്റോയാക്ടുക് ഗ്രാമത്തിലെത്തണമെങ്കില്‍ ബോട്ടുപയോഗിക്കണം. ബോട്ടില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് വിമാനമാര്‍ഗ്ഗം ടുക്കിലേക്ക് പോകാം. ഈ സൗകര്യങ്ങള്‍ വേനല്‍ക്കാലത്താണ്. ശൈത്യകാലത്ത് മെക്കെന്‍സീ നദി തണുത്തുറച്ച് ഐസായാല്‍ വാഹനത്തില്‍ തന്നെ ഐസ് റോഡിലൂടെ വണ്ടിയോടിച്ച് ടുക്കിലെത്താം. "വേനലില്‍ റോഡില്ല, മഞ്ഞു കാലത്ത് റോഡുണ്ട്" എന്ന സ്ഥിതിയാണ് ഹൈവേയുടെ പണി പൂര്‍ത്തിയാകുന്നതോടെ മാറുന്നത്. 


Cycling in Dumpster Hwy
മഞ്ഞു കാലത്ത് മാത്രമേ റോഡ്‌ പണി നടക്കൂ എന്നതിനാലാണ് 2014ല്‍ തുടങ്ങിയ പ്രൊജക്റ്റ്‌ ഇത്രയും നീണ്ടത്. 300 മില്യണ്‍ ഡോളര്‍ ചിലവില്‍ നിര്‍മ്മിക്കുന്ന ഹൈവേയുടെ സംരക്ഷണത്തിന് ഓരോ കൊല്ലവും സര്‍ക്കാര്‍ ചിലവിടുന്നത്‌ രണ്ട് മില്ല്യൺ ഡോളറിനടുത്താണ്. മണ്ണിനടിയിലെ പെര്‍മാഫ്രോസ്റ്റും, കാറ്റും കാരണം മരങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞും ചെരിഞ്ഞും കാല് നിലത്തുറക്കാത്ത തരം നില്‍പ്പാണ്. എല്ലാംകൂടി മറിഞ്ഞുകെട്ടി വീഴുമെന്ന് തോന്നും കണ്ടാല്‍. ഒഗ്ലിവീ(Oglivie), റിച്ചാര്‍ഡ്‌സണ്‍ മലനിരകള്‍ക്കിടയിലൂടെയാണ് ഹൈവേ. ഉള്ളിലേക്ക് പോകുന്തോറും മരങ്ങള്‍ കുറഞ്ഞ് ആകാശം വലുതാകും. ആല്‍പൈന്‍-ടുണ്ട്രാ ഭൂപ്രകൃതിയാണ്. വഴിയില്‍ പല നിറത്തില്‍ കാട്ടു പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നുണ്ട്. ഡ്യൂപ്ലിക്കേറ്റ്‌ ചിക്കനായ പാര്‍മിജാന്‍ അവക്കിടയിലൂടെ ഓടി നടക്കുന്നു. കാറ്റിന്‍റെ ചൂളംവിളി മാത്രമാണാകെ കേള്‍ക്കുന്നത്. വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത അനുഭവമാണ്... ഹൈവേയുടെ തുടക്കത്തിലെ ഇങ്ങിനെയാണ്‌ അപ്പോള്‍ ആര്‍ട്ടിക് സെര്‍ക്കിളില്‍ എത്തിയാലെന്തായിരിക്കും! 


ഗ്രിസ്‌ലികള്‍ ഓടി കളിക്കുന്നിടത്ത് മീന്‍ പിടിച്ചു രസിക്കുന്നു...
മുപ്പത്തിനാല് വയസ്സായ ഈ ഹൈവേക്കൊരു കഥയുണ്ട്. കാനഡയുടെ നോര്‍ത്ത്-വെസ്റ്റ് ടെറിട്ടറികളുടെ സംരക്ഷകരായ മൌണ്ടി പോലീസ് എല്ലാ വര്‍ഷവും മഞ്ഞുകാലത്ത് ഡവ്സണില്‍ നിന്ന് ഫോര്‍ട്ട്‌ മക്ഫേര്‍സണിലേക്ക് നായ്ക്കളെയും കൂട്ടി സ്ലെജില്‍ പട്രോളിംഗ് നടത്താറുണ്ട്‌. 1905 മുതലുള്ള പഴയൊരു വഴിയാണ് പിന്നീട് പുതുക്കി ഹൈവേയായത്‌. 1910 ഡിസംബറില്‍ പതിവ് പോലെയുള്ള പട്രോളിംഗിന് പോയ നാലംഗത്തിന് വഴി തെറ്റി. തണുപ്പും വിശപ്പും കൊണ്ട് തളര്‍ന്ന പോലീസുകാര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. രണ്ട് മാസം കഴിഞ്ഞിട്ടും ഇവരെ കാണാതായപ്പോള്‍ തിരഞ്ഞു പോയ സംഘത്തെ നയിച്ചത് W.J.D. Dempster എന്ന സഹസീകനായ ഇന്‍സ്പെക്ടറായിരുന്നു. ഒരു മാസത്തിനുള്ളില്‍ മരണമടഞ്ഞ സുഹൃത്തുക്കളുടെ മൃതദേഹവുമായി ഡംപ്സ്റ്റര്‍ സംഘം തിരിച്ചെത്തി. ഡംപ്സ്റ്റര്‍ സംഘത്തിന്‍റെ വഴികാട്ടിയായിരുന്ന ചാള്‍സ് സ്റ്റെവാര്‍ട്ടെന്ന ഗോത്രവംശകന്‍റെ പേരും സേവനവും പോലീസ് സേനയുടെ നേട്ടത്തിനൊപ്പം പരാമര്‍ശിക്കാതെ ഈ ചരിത്രം മുഴുവനാകില്ല.

ഉത്തരധ്രുവത്തിന്‍റെ കാവല്‍ക്കാരനെന്നു സ്വയം വിശേഷിപ്പിച്ച ഹാരി വാള്‍ഡ്രോണിനെ കുറിച്ചും പറയാം. ഖനനതൊഴിലാളിയായി യുകോണിലെത്തിയ ഹാരി പിന്നീട് റോഡ്‌ നിര്‍മ്മാണ മേഖലയിലേക്ക് മാറി. ഈഗിള്‍ പ്ലേയിനില്‍ തമ്പടിച്ച്  ഡംപ്സ്റ്റര്‍ ഹൈവേ നിരപ്പാക്കുന്ന പണിയായിരുന്നു ഹാരിക്ക് സ്ഥിരം കിട്ടിയിരുന്നത്. യുകോണിനെ സ്നേഹിച്ച പോലെ ഹാരി ഡംപ്സ്റ്റര്‍ ഹൈവേയും സ്നേഹിച്ചു. ടൂര്‍ ഗൈഡായ സുഹൃത്തിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരിക്കല്‍ കുറച്ച് ടൂറിസ്റ്റുകള്‍ക്ക് ഡംപ്സ്റ്റര്‍ കഥകള്‍ പറഞ്ഞ് കൊടുത്തതോടെ ഹാരിയുടെ ജീവിതം വഴി മാറി. 1983 മുതല്‍ 1990ല്‍ അസുഖബാധിതനായി വൈറ്റ്ഹോര്‍സിലേക്ക് പോകുന്നത് വരെ ഹാരി ആര്‍ട്ടിക് സര്‍ക്കിളിന്‍റെ കാവല്‍ക്കാരനായി. ടോപ്‌ ഹാറ്റും, കോട്ടുമണിഞ്ഞ്‌, വടിയും പിടിച്ച് ഷാംപെയിനും നുണഞ്ഞ് ആടുന്ന കസേരയിലിരിക്കുന്ന ഹാരിയെ കണ്ടവരാരും മറന്നില്ല. യുകോണ്‍ ടൂറിസം അധികൃതര്‍ ഗുഡ്-വില്‍ അംബാസഡറായി ഹാരിയെ അംഗീകരിക്കുകയുണ്ടായി. 2010ല്‍ മരണപ്പെട്ടപ്പോള്‍  ഹാരിയുടെ ചിതാഭസ്മം ആര്‍ട്ടിക് സര്‍ക്കിളില്‍ വിതറുകയാണത്രേ ചെയ്തത്.


Harry Waldron - Pic Courtesy: Google Images 

ഡംപ്സ്റ്റര്‍ ഹൈവേയുടെ അടുത്തെത്തി, ഇനി കാണാതെ പോകുന്നതെങ്ങിനെ... ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച് ഹൈവേയിലേക്ക് കയറി. റോഡും, കാടും നമുക്ക് സ്വന്തം. ഞങ്ങള്‍ക്ക് കൂട്ടായി അപ്പോള്‍ വേറെയാരുമുണ്ടായിരുന്നില്ല. ആദ്യായിട്ടല്ലേ സ്പീഡ് അറുപതിന് മുകളില്‍ കൂടരുതെന്ന തദേശവാസികളുടെ ഉപദേശമനുസരിച്ച് വളരെ പതുക്കെയാണ് പോക്ക്. രണ്ട് വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കടക്കാനുള്ള വീതിയുണ്ട്.ഹൈവേയിലൂടെ 200 കിലോമീറ്ററെ പോകൂന്നൊക്കെ പറഞ്ഞത് രണ്ടാളും മറന്നു. സാറ്റലൈറ്റ് ഫോണില്ല, ടയറില്ല, പെപ്പര്‍ സ്പ്രേയില്ല, ഇന്ധനവുമില്ല, ആകെയുള്ളത് കാറും, ഞങ്ങളും മാത്രം...


Tombstone Territorial Park, Dumpster Hwy
ഹൈവേയിലൂടെ ഒരുമണിക്കൂറിലധികം ഡ്രൈവ് ചെയ്‌താല്‍ ടോംബ്സ്റ്റോണ്‍ ടെറിട്ടോറിയല്‍ പാര്‍ക്കിലെത്തും. ഫസ്റ്റ് നേഷന്‍സിന്‍റെ പരമ്പരാഗത പ്രദേശമാണ്. അവര്‍ക്കാണ് 2200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പാര്‍ക്കിന്‍റെ സംരക്ഷണാവകാശം. പാര്‍ക്കിന്‍റെ ഓഫീസില്‍ കയറി അവിടെയുള്ള ഒരു സ്റ്റഡി ക്ലാസ്സില്‍ പങ്കെടുത്തു. മുയലിന്‍റെ കുടുംബത്തില്‍പ്പെട്ട പിക്ക/റോക്ക് റാബിറ്റിനെ കുറിച്ചും ഓഫീസര്‍ പറഞ്ഞു തന്നു. സുവോളജിക്കാരായ ഞങ്ങള്‍ക്ക് വീണ്ടും സുവോളജി ക്ലാസ്സിലിരിക്കുന്ന പ്രതീതിയായിരുന്നു. വാലില്ലാത്ത പിക്കയുടെ നിറം അവിടുത്തെ പാറകളുടെ പോലെ ഒരു ചാര നിറമാണ്. കണ്ടുകിട്ടാന്‍ പ്രയാസമുള്ള പിക്കയെ ഉപദ്രവിക്കുന്നത് ലക്ഷണക്കേടായിട്ടാണ് ഗോത്രവംശര്‍ കണക്കാക്കുന്നത്.


Pika - Rock Rabbit / Photo: Google Image

പാര്‍ക്കിലെ ഹൈക്കിംഗ് ട്രെയിലുകളുടെ പ്രത്യേകതയും, എടുക്കേണ്ട മുന്‍കരുതലുകളും കാണാന്‍ സാധ്യതയുള്ള മൃഗങ്ങളെ കുറിച്ചൊക്കെയാണ് പിന്നെ വിവരിച്ചത്. നല്ലൊരു ക്ലാസ്സായിരുന്നു. ഒരു ദിവസത്തെ ഹൈക്കിംഗായാലും, കുറച്ച് ദിവസം നീണ്ടു നില്‍ക്കുന്ന ബാക്ക് കണ്‍ട്രി ഹൈക്കിംഗായാലും പാര്‍ക്ക് ഓഫീസില്‍ പറയാതെ പോകാന്‍ പാടില്ല. എന്തെങ്കിലും പറ്റിയാല്‍ ഫോണ്‍ ചെയ്തു വിവരമറിയിക്കാനൊന്നും പറ്റില്ലല്ലോ. പാര്‍ക്കില്‍ നിന്നിറങ്ങി കുറച്ച് ദൂരം പോയപ്പോള്‍ സൈക്കിളില്‍ ഡംപ്സ്റ്റര്‍ ഹൈവേയിലൂടെ പോകുന്ന രണ്ടുപേരെ കണ്ടു. അവരെ കണ്ടതോടെ ഞങ്ങളുടെ ആവേശംമൂത്തു, പിന്നെയും നൂറു കിലോമീറ്റര്‍ ദൂരം കൂടി പോയിട്ടാണ് മനസ്സില്ലാമനസ്സോടെ തിരിച്ചു ഡവ്സണിലേക്ക് പോന്നത്. ഉത്തരധ്രുവത്തിലേക്കിനിയും ദൂരമുണ്ട്... ഹൈവേ മുഴുവനായി ആസ്വദിക്കാന്‍ രണ്ടു ദിവസം വേണമെന്നിരിക്കെ ഞങ്ങളുടെ ഈ മിന്നല്‍ പര്യടനം കൊണ്ട് ഒന്നുമായിട്ടില്ല. പാതി കണ്ട ഈ കിനാവ്‌ മനസ്സില്‍ അണയാതെ എരിയുകയാണ്...       (തുടരും..)