Friday, October 14, 2016

യുകോണ്‍ പുഴ കടന്ന് ഡവ്സണില്‍

നിറഞ്ഞൊഴുകുന്ന പുഴയുടെ കുഞ്ഞോളങ്ങള്‍ കരയെ മുത്തമിട്ട് തിടുക്കത്തില്‍ പായുന്നു. നോക്കിയിരിക്കുന്നവരെ പോലും കൊതിപ്പിക്കുന്ന സൗഹൃദം! ബ്രിട്ടീഷ്‌ കോളംബിയയിലെ തീരപ്രദേശ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിച്ച്, യുകോണും, അലാസ്കയും കടന്ന് ബെറിംഗ് കടലില്‍ ചെന്നവസാനിക്കുന്ന യുകോണ്‍ നദി കാനഡയുടെ വടക്കുപടിഞ്ഞാറേ ടെറിട്ടറിയായ യുകോണിലേയും തൊട്ടപ്പുറത്തെ അലാസ്കയിലേയും ഏറ്റവും നീളംകൂടിയ പുഴയാണ്. വടക്കേ അമേരിക്കയില്‍ മൂന്നാം സ്ഥാനവും ഈ കക്ഷിക്ക് തന്നെ. 3185 കി.മി നീളമുള്ള പുഴയുടെ 1149 കി.മി ഭാഗം കാനഡയിലാണെന്നൊക്കെ ഭൂമിശാസ്ത്ര പുസ്തകങ്ങളില്‍ അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. യുകോണ്‍ എന്ന വാക്കിന് ‘വലിയ നദി’യെന്ന അര്‍ത്ഥമാണ് ഗോത്രഭാഷയില്‍. ഭാഷയും സംസ്കാരവും ആരില്‍ നിന്ന് കടംകൊണ്ടുവോ ഒടുവില്‍ അവര്‍ അപരിഷ്കൃതരും നമ്മള്‍ പരിഷ്കൃതരുമായിട്ടാണല്ലോ നടപ്പ്..


പണ്ട് കിട്ടിയ സ്വര്‍ണ്ണക്കട്ടിയുടെ ബാക്കി ഇവിടെയുണ്ടാവോ ??

ഒരു മനുഷ്യായസ്സ് മുഴുവനെടുത്ത് പഠിച്ചാലും യുകോണ്‍ നദിയുടെ കാല്‍ ഭാഗമാകില്ല. ഹിമയുഗത്തില്‍ പോലും യുകോണ്‍ നദിയില്‍ വെള്ളമുണ്ടായിരുന്നുവെത്രേ. അതായിരിക്കാം ഇതിനിത്ര പ്രതാപം. യുകോണ്‍ നദിയിലാണ് സാല്‍മണുകള്‍ മുട്ടയിടാനെത്തുന്നത്. സാല്‍മണ്‍       മത്സ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിളനിലമാണ് ഈ പുഴ. ഇതിലൂടെ കടന്നുപോകുന്നവരില്‍ പ്രധാനിയായ ചിനൂക് സാല്‍മണാണ് ഗുണമേന്മയില്‍ മുന്തിയത്. സാല്‍മണ്‍ സംരക്ഷണത്തിനായി യുകോണും അലാസ്കയും ഒപ്പിട്ട ഒരന്താരാഷ്ട്ര കരാര്‍ നിലവിലുണ്ട്. ആവേശത്തില്‍ മീന്‍ പിടിക്കാന്‍ തൊപ്പിയും കൊട്ടയുമെടുത്ത് ഇറങ്ങുമ്പോള്‍ സൂക്ഷിക്കുക.


Courtesy: Google Image

അക്കരെക്ക് പോയ ഫെറി ഇക്കരയടുത്തു.പുഴയോട് കിന്നരിച്ചു കൊണ്ടിരുന്ന ഞാനും ഫോട്ടോക്കായി താഴെയും മേലേയും നോക്കി നടന്നിരുന്ന ഹുസൈനും കാറിനടുത്തെത്തി. ഞങ്ങള്‍ കാറിലേക്ക് കയറുമ്പോഴും ഞങ്ങളുടെ സുഹൃത്ത് പുഴയുടെ തീരത്ത് ചിക്കിചികഞ്ഞിരിക്കുന്നുണ്ടായിരുന്നു. ഫെറിയില്‍ നിന്ന് ആളുകളും വാഹനങ്ങളും  ഇറങ്ങി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് കയറാനുള്ള അനുവാദം കിട്ടി. വാഹനങ്ങളില്‍ ഇരിക്കുന്നവര്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ്. മറ്റുള്ളവര്‍ക്ക് ഇരിക്കാന്‍ ഫെറി ബോട്ടിന്‍റെ ഒരു വശത്ത് ഇരിപ്പിടമുണ്ട്. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും അതിനുള്ളില്‍ സജ്ജമാണ്. എണ്ണത്തില്‍ കൂടതല്‍ ആളുകളെയോ വാഹനങ്ങളെയോ ബോട്ടില്‍ കയറ്റുന്നില്ല. വേനലില്‍ 24 മണിക്കൂറും ഫെറിയുടെ സേവനം ലഭ്യവുമാണ്. യുകോണിന് കുറുകെ ഫെറി നീങ്ങി തുടങ്ങിയിട്ടുണ്ട്. ഫെറിയെടുത്ത് ഡവ്സണ്‍ നഗരത്തിലേക്ക് കടക്കുന്നതൊക്കെ ഞങ്ങള്‍ക്ക് പറഞ്ഞ് തന്നത് ജാക്കാണ്. ഈ യാത്രയില്‍ ഞങ്ങള്‍ ആദ്യം കണ്ട സുഹൃത്ത്.


Yukon River & Ferry Boat

ക്ലോണ്ടിക് സുവര്‍ണ്ണ കാലം മുതല്‍ 1950 വരെ വേനല്‍ക്കാലത്ത് ഏറ്റവും തിരക്കേറിയ ജലഗതാഗത മാര്‍ഗ്ഗമായിരുന്നു യുകോണ്‍ നദി. ആവിക്കപ്പലുകളിലും, തോണികളിലും, ചങ്ങാടങ്ങളിലും, അവരെക്കാള്‍ ഭാരമുള്ള സ്വപ്നങ്ങളുമായി എത്രയോപേര്‍ ഈ പുഴ കടന്നിരിക്കാം. ഇന്നും ഇവിടേയ്ക്ക് കനകം തിരഞ്ഞു വരുന്നവരുണ്ടാവുമോ? പണ്ടൊക്കെ കുത്തനെയുള്ള ചില്‍കൂട്ട് ട്രെയിലും വൈറ്റ് പാസ്സും കയറി അവശരായി എത്തുന്നവര്‍ മഞ്ഞു കാലം കഴിയുന്നത്‌ വരെ യുകോണ്‍ പുഴയുടെ തീരത്ത് തമ്പടിക്കും. വേനല്‍ക്കാലത്ത് ഐസ് ഉരുകി പുഴയില്‍ വെള്ളത്തിന്‍റെ ഒഴുക്ക് തുടങ്ങുമ്പോഴാണ് അവര്‍ ജലമാര്‍ഗ്ഗം ഉപയോഗിക്കുന്നത്. തണുപ്പും വിശപ്പും കാഴ്ച്ച മറച്ചൊരു ദിവസം ഖനിത്തൊഴിലാളിയുടെ ഉണക്കാനിട്ട സോക്സ്‌ ഭക്ഷിച്ച നാനിയെ കുറിച്ചെഴുതിയൊരു റിപ്പോര്‍ട്ട് വായിച്ചതോര്‍ക്കുന്നു. കനകം കൊയ്തെടുത്ത് സമ്പന്നമായവര്‍ ചുരുക്കമാണെങ്കിലും സ്വര്‍ണ്ണഖനിക്കാരെ ഖനനം ചെയ്ത് സമ്പന്നരായവരുടെ കഥകളേറെയുണ്ട്. പ്രതാപകാലം കഴിഞ്ഞു പോയിട്ടും പുഴയിലെ കാറ്റും, ഓളങ്ങളും, ഇവരെയൊന്നും മറന്നിട്ടുണ്ടാവില്ല.

അസാമാന്യമായ ധൈര്യവും, ദൃഢനിശ്ചയമുള്ളവരും, സാഹസീകരും, സാമൂഹിക ഭര്‍ത്സനങ്ങളെ എതിര്‍ക്കാന്‍ കെല്‍പ്പുള്ളവരുമായിരുന്നു സ്വര്‍ണ്ണഖനിക്കാരോടൊപ്പം അലാസ്കയിലെത്തിയ സ്ത്രീകള്‍. എല്ലാതരക്കാരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. യുകോണിലെ പ്രഥമ വനിതയെന്നറിയപ്പെടുന്ന മാര്‍ത്താ പേര്‍ഡി ബ്ലാക്കിന്‍റെയും, ലണ്ടന്‍ ടൈംസിന്‍റെ കറസ്പോണ്ടന്റായിരുന്ന ഫ്ലോറാ ഷായുടെയും പേരുകള്‍ നമുക്കറിയാമെങ്കിലും പേരു പോലും ബാക്കി വെക്കാതെ മാഞ്ഞുപോയവര്‍ എത്രയുണ്ടാവും? 


Cover Photo: Hussain Chirathodi / Designed by: Alif Shaah
ഖനനതൊഴിലാളികളുടെ ഭാര്യമാര്‍, കുടുംബം കൂടെയില്ലാതെ വന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്തും, തുണി അലക്കി കൊടുത്തും ജീവിത മാര്‍ഗം കണ്ടെത്തിയവര്‍, ഡാന്‍സ് ബാറിലെ പെണ്‍കുട്ടികള്‍, നേഴ്സുമാര്‍ അങ്ങിനെ കുറെ ജന്മങ്ങളുടെ വിയര്‍പ്പും, കണ്ണീരും, സ്വപ്നങ്ങളും അലിഞ്ഞുചേര്‍ന്നതാണ് യുകോണിലേയും അലാസ്കയിലേയും മണ്ണ്. ക്ലോണ്ടിക് ഗോള്‍ഡ്‌ റഷ് കാലത്തെ അനുഭവങ്ങള്‍ അക്ഷരങ്ങളാക്കിയവരില്‍ “ദി കോള്‍ ഓഫ് ദി വൈല്‍ഡ്‌” എഴുതിയ ജാക്ക് ലണ്ടനും ഉള്‍പ്പെടുന്നു. സ്വര്‍ണ്ണം അരിച്ചെടുത്ത് പണക്കാരനാകാന്‍ കൊതിച്ചു കാലിഫോര്‍ണിയയില്‍ നിന്ന് യുകോണിലെത്തിയ ജാക്കിന് ക്ലോണ്ടിക് യാത്ര മറ്റുള്ളവരെ പോലെ തന്നെ ദുരിത പൂര്‍ണ്ണമായിരുന്നു. തണുപ്പില്‍ പല്ലുകള്‍ കൊഴിഞ്ഞ് പോവുകയും മറ്റ് രോഗങ്ങള്‍ പിടിപ്പെടുകയും ചെയ്തതല്ലാതെ യുകോണ്‍ ജാക്കിനൊന്നും നല്‍കിയില്ല. പട്ടിണിയും പരിവട്ടവുമായി തിരിച്ചു കാലിഫോര്‍ണിയയില്‍ എത്തിയ ജാക്ക് ക്ലോണ്ടിക് അനുഭവ കഥകളെഴുതി പ്രശസ്തനായി. “കോള്‍ ഓഫ് ദി വൈല്‍ഡും, വൈറ്റ് ഫാന്ഗു"മാണ് ഇതില്‍ ഏറെ വായിക്കപ്പെട്ടത്‌.


ക്ലോണ്ടിക് പുഴയുടെ പോഷക നദിയായ ബോണാന്‍സാ ക്രീക്കില്‍ 1896ല്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ അങ്ങോട്ട്‌ പാലായനം തുടങ്ങി. ബോണാന്‍സാ ക്രീക്കിനടുത്തുള്ള ചതുപ്പ് പ്രദേശമായിരുന്ന ഡവ്സണില്‍ അന്ന് വെറും 2000 ആളുകളെ ഉണ്ടായിരുന്നുള്ളൂ. ഗോത്രവംശരും പിന്നെ കനേഡിയന്‍ നിയമ പാലകരായ  മൌണ്ടീസും. ഇവരുടെ ഈ കൊച്ച് സ്വര്‍ഗ്ഗത്തിലേക്കാണ് സ്വര്‍ണ്ണഖനിക്കാരുടെ വരവ്. രണ്ടു വര്ഷം കൊണ്ട് ഡവ്സണിലെ ജനസംഖ്യ 30,000 മുതല്‍ 40,000 വരെയായി. യുകോണിന്‍റെ തലസ്ഥാനവും ഡവ്സണായി. വാങ്കുവറിനേക്കാളും തിരക്കുള്ള നഗരം! പുറത്ത് നിന്ന് വരുന്നവര്‍ ഡവ്സണിനെ വടക്കിലെ പാരീസെന്ന് വിശേഷിപ്പിച്ചു. പുതിയ ആളുകളോടൊപ്പം പുതിയ സംസ്കാരങ്ങളും, ശീലങ്ങളും, സാധനങ്ങളും  ഡവ്സണില്‍ കപ്പലിറങ്ങി. അതോടെ അവിടെയുണ്ടായിരുന്ന ഗോത്രവംശരില്‍ ചിലരൊക്കെ നാട് വിട്ട് പോവുകയും ചെയ്തു. രണ്ട് വര്‍ഷത്തെ തിക്കും തിരക്കും പെട്ടെന്ന് അസ്തമിച്ചു. 1899 ല്‍ അലാസ്ക്കയിലെ കേപ് നോമില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയ വാര്‍ത്ത ഡവ്സണിലെത്തിയതോടെയാണ് വടക്കിലെ പാരീസിന്‍റെ സുവര്‍ണ്ണ കാലത്തിന്‍റെ അസ്തമനം തുടങ്ങിയത്. ഇന്ന് ഡവ്സണിലെ ജനസംഖ്യ 2000ത്തില്‍ താഴെയാണ്. ആവിക്കപ്പലുകളും, ബോട്ടുകളും, ചങ്ങാടങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന യുകോണ്‍ പുഴയും ഇപ്പോള്‍ ശാന്തമാണ്.



Dawson City Street View 

ഞങ്ങള്‍ ഡവ്സണില്‍ എത്തുമ്പോള്‍ രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ചെറിയ നഗരം, പഴയ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്ന പൊടി പിടിച്ച് കിടക്കുന്ന ചില കെട്ടിടങ്ങള്‍. പിടിച്ചു നിര്‍ത്തിയ പോലെ കാലമിവിടെ നിശ്ചലമായിരിക്കുന്നു. ഓണ്‍ലൈന്‍ വഴി കണ്ടെത്തിയ താമസസ്ഥലത്തെത്തിയപ്പോള്‍ ചെറിയൊരു പ്രശ്നം. ഞങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമുള്ള മുറി പരസ്യം ചെയ്ത വിലയില്‍ തരാന്‍ പറ്റില്ലെന്ന് അവിടെയുള്ള പയ്യന്‍ കുറെ കടലാസുകള്‍ നിരത്തി വച്ച് ഞങ്ങളോട് വാദിച്ചു. വേറെയെവിടെയും കിട്ടിയില്ലെങ്കില്‍ ആലോചിക്കാമെന്നും പറഞ്ഞ് ഞങ്ങളവിടെന്ന് പോന്നു. ഡവ്സണ്‍ സിറ്റി മാപ്പില്‍ താമസസ്ഥലങ്ങളും ക്യാമ്പ്‌ഗ്രൗണ്ടുകളും  അടയാളപ്പെടുത്തി ഞങ്ങള്‍ വീണ്ടും പെരുവഴിയിലേക്കിറങ്ങി.

പള്ളിയും സെമിത്തേരിയും കടന്നൊരു ചെറിയ മണ്‍ വഴിയിലൂടെ ഞങ്ങള്‍ മാപ്പില്‍ കണ്ടുവെച്ച ആദ്യത്തെ സ്ഥലത്തെത്തി. കുഞ്ഞ് ദുനിയവായ ഡവ്സണില്‍ വഴി തെറ്റാനുള്ള സാധ്യത വളരെ കുറവാണ്. എങ്ങിനെ പോയാലും അവസാനം കടവത്തെത്തും. എന്തായാലും JJJ ഹോട്ടലിന്‍റെ കാബിനില്‍ രണ്ടു ദിവസം തങ്ങാനുള്ള മുറി ശരിയായി. അതേതായാലും ഞങ്ങളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്‌. അത്യാവശ്യ സാധനങ്ങളുമായി മുറിയിലെത്തി ഞങ്ങളൊന്ന് കുളിച്ച് ഫ്രെഷായി. ഹുസൈന്‍ അതുവരെ എടുത്ത ഫോട്ടോകള്‍ ക്യാമറയില്‍ നിന്ന് ലാപ്ടോപ്പിലേക്ക് മാറ്റുന്ന ജോലിയിലായപ്പോള്‍ ഞാന്‍ മുറിയിലുള്ള കെറ്റിലില്‍ കാപ്പിയുണ്ടാക്കാനുള്ള പുറപ്പാടിലായി. പാര്‍ലേ ജി ബിസ്ക്കറ്റായിരുന്നു യാത്രയില്‍ പ്രധാന ഭക്ഷണം. അതിന്‍റെ ഫലമായി ഭാവിയില്‍ ഞാനൊരു  ജീനിയസാകാനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. രണ്ട് കപ്പ്‌ കാപ്പിയും, ബിസ്ക്കറ്റും, പീനട്ട്‌ ബട്ടര്‍ തേച്ചുമിനുക്കിയെടുത്ത നാല് കഷണം ബ്രഡുമായി അന്നത്തെ അത്താഴം സുഭിക്ഷമായി. പാതിരാവായിട്ടും അസ്തമിക്കാതെ ‘നിങ്ങള്‍ പുറത്തേക്കിറങ്ങി വരൂ’ന്നുള്ള വമ്പന്‍ പ്രലോഭനവുമായി ചിരിച്ച് നില്‍ക്കുന്ന സൂര്യനെ ജാലകവിരികള്‍ കൊണ്ട് മറച്ച് ഞാനുറങ്ങാന്‍ കിടന്നു.


Dawson City Street View

കഴിഞ്ഞ വര്‍ഷമൊരു യാത്രക്കിടയിലാണ് അവിചാരിതമായി ഞങ്ങള്‍ ഇമ്മാനുവേലെന്ന അദ്ധ്യാപകനെ പരിചയപ്പെടുന്നത്. ഹുസൈന്‍റെ സ്വപ്നമായ ഡംപ്സ്റ്റര്‍ ഹൈവേയിലൂടെ യാത്ര ചെയ്ത വ്യക്തിയെന്ന നിലയില്‍ ഞങ്ങള്‍ ഇമ്മാനുവേലിനെ പിന്തുടരുകയായിരുന്നോ അതോ അയാള്‍ ഞങ്ങളെ പിന്തുടരുകയായിരുന്നോ അറിയാത്ത ക്യാമ്പ്‌ ദിനങ്ങള്‍ ഓര്‍മ്മയിലുണ്ട്. ഡംപ്സ്റ്റര്‍ ഹൈവേ അത്രമേല്‍ ഞങ്ങള്‍ക്ക് ഇമ്മാനുവേലുമായി ബന്ധപ്പെട്ട് കിടക്കുന്നു. രാവിലെ എണീറ്റപ്പോള്‍ ഡംപ്സ്റ്റര്‍ ഹൈവേന്നും പറഞ്ഞ് തിരക്ക് കൂട്ടുന്ന ഹുസൈനെയാണ് കണ്ടത്. ഡവ്സണില്‍ വെറുതെ അലഞ്ഞുതിരിയാനായിരുന്നു എന്‍റെ പ്ലാന്‍. ഇമ്മാനുവേലിന്‍റെ സ്വപ്നദര്‍ശനമെങ്ങാനും ഉണ്ടായോ ആവോ? എനിക്കാകെ പരിഭ്രമമായി.  ഞങ്ങളെടുത്തിരിക്കുന്ന കാറുമായി ഡംപ്സ്റ്റര്‍ ഹൈവേയിലൂടെ പോകുന്നത് സാഹസമാണ്. പറ്റുന്നത് വരെ പോകാമെന്ന വാശിയിലാണ് ഹുസൈന്‍, ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല, അങ്ങിനെ ആദ്യം ഡംപ്സ്റ്റര്‍ ഹൈവേയിലേക്ക്. അപകടം പിടിച്ചതും എന്നാല്‍ മിക്ക സഞ്ചാരികളുടെയും സ്വപ്നമാണ് ഈ ഹൈവേയിലൂടെയൊരു യാത്ര.                       (തുടരും...)

11 comments:

  1. ഇതിപ്പോൾ കാസ്പർ ഷുൾട്സിനെ കടത്തി വെട്ടുന്ന സസ്പെൻസായിപ്പോയി... കാത്തിരിക്കുക തന്നെ അടുത്ത ലക്കത്തിനായി...

    ReplyDelete
    Replies
    1. വിനുവേട്ടാ... ഇപ്രാവശ്യം നേരത്തെ എത്തീലോ? സസ്പെന്‍സ് ഒന്നുല്യ, പോയ വഴിയൊക്കെ ഒന്ന് കുറിച്ചിടാന്ന് വെച്ചു. അത്രേയുള്ളൂ...

      Delete
  2. വായനയ്ക്കിടയില്‍ പ്രവാസികളുടെ കാര്യങ്ങളാണ് മനസ്സില്‍ തെളിഞ്ഞുവരുന്നത്.
    മോഹങ്ങളും,സ്വപ്നങ്ങളുമായി.....
    ഹൃദ്യമായ വിവരണം
    ആശംസകള്‍

    ReplyDelete
    Replies
    1. എവിടെയാണെങ്കിലും എല്ലാ കുടിയേറ്റങ്ങളും ഒരേ പാഠമാണ് പഠിപ്പിക്കുന്നത്‌. സ്ഥല പേരുകളില്‍ മാത്രമാണ് വ്യത്യാസം!

      Delete
  3. ഡവ്സണ്‍ സിറ്റി കണ്ടിട്ട് ഹര്‍ത്താലില്‍ അടഞ്ഞ് കിടക്കുന്ന നമ്മുടെ നാട്ടിന്‍പുറം പോലെ!തെരുവ്നായ അവിടെയും ഉണ്ടോ?

    ReplyDelete
    Replies
    1. തെരുവ് നായ അല്ല, അതിന്‍റെ ഉടമസ്ഥരുടെ കൂടെയാണ് നടക്കുന്നത്... ഡവ്സണില്‍ തിരക്കൊന്നുമില്ല മാഷേ സ്വസ്ഥം സമാധാനം :)

      Delete
  4. എന്റെ ചേച്ചീ,എന്തെല്ലാം വിവരങ്ങളാ ഷെയർ ചെയ്യുന്നത്‌?ഇതിന്റെയൊക്കെ റെഫറൻസ്‌ എവിടുന്ന് ചെയ്യുന്നു??

    ReplyDelete
    Replies
    1. സുധി അടിസ്ഥാന സോര്‍സ് നാട്ടുകാരാണ്. പ്രത്യേകിച്ച് പ്രായമായ ആളുകളോട് സംസാരിച്ചാല്‍ കുറെയേറെ കാര്യങ്ങള്‍ മനസ്സിലാവും. പിന്നെ നിനക്ക് മടിയുള്ള കാര്യവും - വായന

      Delete
    2. ഹാ ഹാ ഹാ.മുബിച്ചേച്ചീീ!!!!!

      Delete
  5. എവിടെയാണെങ്കിലും എല്ലാ കുടിയേറ്റങ്ങളും
    ഒരേ പാഠമാണ് പഠിപ്പിക്കുന്നത്‌. സ്ഥല പേരുകളില്‍ മാത്രമാണ്
    വ്യത്യാസo ...ഹൃദ്യമായ വിവരണം

    ReplyDelete
    Replies
    1. സത്യാണ്, നമുക്ക് തീരെ അപരിചിതത്വം തോന്നില്ല.. സ്നേഹം മുരളിയേട്ടാ

      Delete