രാവിലെ ഞങ്ങള്‍ പതിവ് സമയത്ത് ഉണര്‍ന്നെങ്കിലും പുറത്ത് രാത്രിയാണ്. നേരം വെളുക്കാന്‍ ഇവിടെ പത്ത് മണിയെങ്കിലുമാകും. ശൈത്യകാലം
സൂര്യഭഗവാന്‍റെ വിശ്രമ സമയമാണല്ലോ. നേരത്തെ ഉറങ്ങി വൈകി എണീക്ക്യ... വേനലാണെങ്കില്‍
ഉറക്കമേയില്ല! നമ്മളും അതുപോലെയായാല്‍ കാര്യങ്ങള്‍ തകിടം മറിയും. സുപ്രഭാതം പൊട്ടിവിടര്‍ന്ന് വെളിച്ചം വീഴാന്‍ കാത്തു നിന്നാല്‍ ശരിയാവില്ല. അതിനാല്‍
ഏഴരയോടെ ഞങ്ങള്‍ ഹോട്ടലില്‍ നിന്നിറങ്ങി. ഇരുട്ടാണെങ്കിലും നഗരത്തില്‍ തിരക്ക് തുടങ്ങിയിരുന്നു. എട്ടരമണിയായപ്പോഴേക്കും തിരക്കുകളില്‍ നിന്ന് അകന്ന് ഞങ്ങള്‍ ജോര്‍ജ്ജ് പാര്‍ക്ക്സ് ഹൈവേയിലേക്ക് കയറിയിരുന്നു. അങ്ങ് ദൂരെ തൂവെള്ള പുതപ്പും പുതച്ച് തിളങ്ങുന്ന സൗന്ദര്യത്തോടെ നില്‍ക്കുന്ന ഡനാലിയെ ചെറുതായി കണ്ടു തുടങ്ങി.
ഇടയ്ക്ക് വാഹനം നിര്‍ത്തി ഡനാലിയെ പകര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍
ഹുസൈന്‍ നിരാശയോടെ പറയും, “ആ സൗന്ദര്യം ക്യാമറയില്‍ ഒതുങ്ങില്ല,
അതാവും.” അത് തന്നെയാണ് ഡനാലി! വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ പര്‍വ്വതം.
സ്വര്‍ണ്ണ നിക്ഷേപം തേടിയെത്തിയ വില്യം ഡിക്കിയാണ് ഡനാലിയെ Mount McKinleyയെന്ന പേര് വിളിച്ചത്. മലയടിവാരത്തില്‍ കാലങ്ങളായി താമസിക്കുന്നവരുണ്ടെന്നും, അവരുടെ ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഘടകമായ പര്‍വ്വതനിരകള്‍ക്ക് അവര്‍ നല്‍കിയ പേരുണ്ടായിരുന്നെന്നു പോലും ഡിക്കി ഗൗനിച്ചില്ല. സ്വന്തം പേര് തിരിച്ചു കിട്ടാന്‍ ഡനാലിക്ക് വേണ്ടി പ്രകൃതിസ്നേഹികളും തദ്ദേശിയരും പോരാടാനുറച്ചു. അങ്ങിനെ 2015 ല്‍ പ്രസിഡന്റ്
ബരാക് ഒബാമയുടെ സമ്മത പ്രകാരം പര്‍വ്വതത്തിന്‍റെ പേര് ഔദ്യോഗികമായി ഡനാലിയെന്നാക്കി. ഡനാലിയുടെ
വടക്കേ അറ്റത്തുള്ള ഗോത്രവംശര്‍ അവരുടെ ഭാഷയില്‍ പര്‍വ്വതത്തെ “ഡനാലീ”ന്ന് പണ്ടുമുതലേ നീട്ടി വിളിച്ചിരുന്നതാണ്. ഇതാണ് പുറമെന്ന് വന്ന ഡിക്കി ചേട്ടന്‍ മാറ്റി മറിച്ചത്.
എന്തായാലും ഇപ്പോള്‍ സ്വന്തം പേര് തിരിച്ചു കിട്ടിയ സന്തോഷം ഡനാലിക്കുമുണ്ടാകും.
പഴയ പേരിപ്പോള്‍ ആരും ഉപയോഗിക്കാറില്ല. ഒരിക്കല്‍ പോലും അലാസ്കയിലോ, തന്‍റെ
പേരിലറിയപ്പെട്ടിരുന്ന പര്‍വ്വത പരിസരങ്ങളിലോ കാലു കുത്താത്ത President
William McKinley യോടുള്ള പ്രതിഷേധം കൂടിയാവാം പേര് മാറ്റമെന്നും എഴുതാപ്പുറം വായിക്കാട്ടോ.
എവിടെ തിരിഞ്ഞാലും പ്രശാന്തമായ ഡനാലിയുടെ ഏതെങ്കിലും ഒരറ്റം കാണാം. പക്ഷെ ഹുസൈന് അത് പോരാ... "ന്നാ മ്മക്ക് അതിന്‍റെ പിന്നാലെ പോയാലോ"ന്ന് കേട്ടതും ക്യാമറാമാന്‍ ഹൈവേയില്‍ നിന്നിറങ്ങി. ഡനാലിക്ക് മുകളിലൂടെ ഹെലികോപ്റ്റര്‍ ട്രിപ്പ് ചെയ്യാനായിരുന്നു പദ്ധതി. പക്ഷെ അന്ന് ശക്തമായ കാറ്റുള്ളതിനാല്‍ പറന്ന് കാണല്‍ നടക്കില്ലാന്ന് ടൂര്‍ കമ്പനിക്കാരുടെ അറിയിപ്പ് ഞങ്ങളെ സങ്കടപ്പെടുത്തിയിരുന്നു. ആ വിഷമമാണ് Talkeetna Spur Road Drive തീര്‍ത്തു തന്നത്. 25കി.മീറ്ററോളം ഞങ്ങള്‍ സഞ്ചരിച്ചത് വെറുതെയായില്ല. വെയിലേറ്റ് തിളങ്ങുന്ന ഡനാലിയും, കാടും, മഞ്ഞും, കാറ്റും, മഞ്ഞു പാതയിലെ ബംമ്പുകളും എല്ലാം ചേര്‍ന്ന് യാത്ര നിറവുള്ളതാക്കി. അധികമാരുടെയും ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ലാത്ത പൊടി പിടിച്ചു കിടക്കുന്നൊരു ചെറിയ ഗ്രാമമാണ് Talkeetna. എന്നാല്‍ 60 കി.മിറ്റര്‍ അകലെയുള്ള ഡനാലിയുടെ സാമീപ്യം ഏറ്റവുമടുത്ത് അനുഭവപ്പെടുന്നത് ഇവിടുന്നാണ്. അതായിരിക്കും ഡനാലി കയറാന്‍ പോകുന്ന പര്‍വ്വതാരോഹകരുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഓഫീസുകളും, എയര്‍ ടാക്സികളും കൂടുതലായി തല്‍കീത്നയിലുള്ളത്.
പര്‍വ്വതത്തിന്‍റെ അടിയില്‍ നിന്ന് കൊടുമുടിയിലേക്കുള്ള ഉയരം 18,000 അടിയാണ്. അങ്ങിനെ നോക്കുമ്പോള്‍ ഏവറസ്റ്റിനേക്കാളും ഉയരുമുണ്ട് ഡനാലിക്ക്. ഒരിക്കല്‍ അളന്നാല്‍ മതിയാകുന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ എല്ലാ കൊല്ലവും കോംപ്ലാന്‍ പരസ്യത്തിലെ കുട്ടിയെ പോലെ ഡനാലിയുടെ നീളം അളക്കുന്നുണ്ടത്രെ. 1മില്ലിമീറ്റര്‍ നീളത്തില്‍ ഡനാലി വളരുന്നുണ്ടെന്നാണ് നാസ പറയുന്നത്. എന്താവോ? നൂറ് വയസ്സ് തികഞ്ഞിരിക്കുന്ന പര്‍വ്വത മുത്തശ്ശിയുടെ മുകള്‍ഭാഗം സ്ഥിരമായി മഞ്ഞു മൂടി കിടക്കുകയാണ്. അത് കൂടാതെ കുറെയേറെ ഹിമാനികളുമുണ്ട്. സ്വന്തമായ കാലാവസ്ഥ വ്യവസ്ഥിതിയാണ് മുത്തശ്ശിക്ക്. ഡനാലിയിലെ കൂടിയ തണുപ്പ് -60°C ആണെങ്കില്‍, കാറ്റിനെയും കൂടെ കൂട്ടിയാല്‍ അത് -83°C ആവും. ഒറ്റയടിക്ക് ഫ്രീസാക്കി തരും മുത്തശ്ശി! വര്‍ഷത്തില്‍ 600 ചെറിയ ഭൂകമ്പങ്ങള്‍ സ്വകാര്യമായി മുത്തശ്ശിയുടെ മടിത്തട്ടിലുണ്ടാകാറുണ്ട്. ഇതൊക്കെ കൊണ്ടാവും ഡനാലിക്ക് മാത്രമായൊരു കാലാവസ്ഥ നിരീക്ഷണകേന്ദ്രമുള്ളത്. യാത്ര കഴിഞ്ഞെത്തിയതിനു ശേഷമാണ് കിം സിമര്‍മാന്‍ ലൈഫ് സയന്‍സ് ജേര്‍ണലില്‍ എഴുതിയ മുത്തശ്ശിയുടെ ജീവചരിത്രം വായിച്ചത്. ആദ്യമേ ഞാനിതൊക്കെ അറിഞ്ഞിരുന്നെങ്കില്‍ ആലോചിച്ച് ഫ്രീസായി പോയേനെ.. ഇതിന്‍റെ നെറുകിലേക്കാണ് അതിശൈത്യത്തില്‍ ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങാന്‍ തുനിഞ്ഞത്. ആ മോഹം കാറ്റ് കൊണ്ടു പോയത് നന്നായി!
Mt. Denali view from Trapper Creek (60 km away) |
പര്‍വ്വതത്തിന്‍റെ അടിയില്‍ നിന്ന് കൊടുമുടിയിലേക്കുള്ള ഉയരം 18,000 അടിയാണ്. അങ്ങിനെ നോക്കുമ്പോള്‍ ഏവറസ്റ്റിനേക്കാളും ഉയരുമുണ്ട് ഡനാലിക്ക്. ഒരിക്കല്‍ അളന്നാല്‍ മതിയാകുന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ എല്ലാ കൊല്ലവും കോംപ്ലാന്‍ പരസ്യത്തിലെ കുട്ടിയെ പോലെ ഡനാലിയുടെ നീളം അളക്കുന്നുണ്ടത്രെ. 1മില്ലിമീറ്റര്‍ നീളത്തില്‍ ഡനാലി വളരുന്നുണ്ടെന്നാണ് നാസ പറയുന്നത്. എന്താവോ? നൂറ് വയസ്സ് തികഞ്ഞിരിക്കുന്ന പര്‍വ്വത മുത്തശ്ശിയുടെ മുകള്‍ഭാഗം സ്ഥിരമായി മഞ്ഞു മൂടി കിടക്കുകയാണ്. അത് കൂടാതെ കുറെയേറെ ഹിമാനികളുമുണ്ട്. സ്വന്തമായ കാലാവസ്ഥ വ്യവസ്ഥിതിയാണ് മുത്തശ്ശിക്ക്. ഡനാലിയിലെ കൂടിയ തണുപ്പ് -60°C ആണെങ്കില്‍, കാറ്റിനെയും കൂടെ കൂട്ടിയാല്‍ അത് -83°C ആവും. ഒറ്റയടിക്ക് ഫ്രീസാക്കി തരും മുത്തശ്ശി! വര്‍ഷത്തില്‍ 600 ചെറിയ ഭൂകമ്പങ്ങള്‍ സ്വകാര്യമായി മുത്തശ്ശിയുടെ മടിത്തട്ടിലുണ്ടാകാറുണ്ട്. ഇതൊക്കെ കൊണ്ടാവും ഡനാലിക്ക് മാത്രമായൊരു കാലാവസ്ഥ നിരീക്ഷണകേന്ദ്രമുള്ളത്. യാത്ര കഴിഞ്ഞെത്തിയതിനു ശേഷമാണ് കിം സിമര്‍മാന്‍ ലൈഫ് സയന്‍സ് ജേര്‍ണലില്‍ എഴുതിയ മുത്തശ്ശിയുടെ ജീവചരിത്രം വായിച്ചത്. ആദ്യമേ ഞാനിതൊക്കെ അറിഞ്ഞിരുന്നെങ്കില്‍ ആലോചിച്ച് ഫ്രീസായി പോയേനെ.. ഇതിന്‍റെ നെറുകിലേക്കാണ് അതിശൈത്യത്തില്‍ ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങാന്‍ തുനിഞ്ഞത്. ആ മോഹം കാറ്റ് കൊണ്ടു പോയത് നന്നായി!
ഞങ്ങള്‍ക്ക് ചുറ്റും മഞ്ഞിനേക്കാള്‍
കനത്തില്‍ ചൂഴ്ന്ന് നില്‍ക്കുകയാണ് അലാസ്കന്‍ നിശബ്ദത. ചിലപ്പോള്‍ കൊതിപ്പിച്ചും,
മറ്റു ചിലപ്പോള്‍ കാറ്റിന്‍റെ അകമ്പടിയോടെ ഭീതി പരത്തിയും അതങ്ങിനെ കൂടെ
തന്നെയുണ്ടായിരുന്നു. മഞ്ഞിന്‍റെ ഭാരം താങ്ങാനാവാതെ വന്മരങ്ങളായ പൈനിന്‍റെയും
സ്പ്രൂസിന്‍റെയും ചില്ലകള്‍ ഭൂമിയിലേക്ക് താഴ്ന്നു തുടങ്ങിയിരുന്നു. പെട്ടെന്ന്
കണ്ടാല്‍ ഡനാലിക്ക് മുന്നില്‍ വെള്ളയുടുപ്പിട്ട മരങ്ങള്‍
തലകുമ്പിട്ട് പ്രാര്‍ത്ഥിക്കുകയാണെന്നേ തോന്നൂ. മരങ്ങള്‍ക്കിടയില്‍ നിന്ന്
ഇടയ്ക്കിടയ്ക്ക് എത്തി നോക്കുന്നുണ്ട് ഭൂമിയുടെ അവകാശികളായ മൂസുകള്‍. 500 കിലോയിലധികം തൂക്കമുണ്ടാവും വലിയ മൂസുകള്‍ക്ക്. കാനഡയില്‍ കണ്ടെതിനേക്കാള്‍ വലിപ്പമുണ്ട് അലാസ്കന്‍ മൂസുകള്‍ക്ക്. ആണ്‍ മൂസുകളുടെ തലയില്‍ പരന്ന വലിയ കൊമ്പുകളുണ്ടാവും. ശൈത്യകാലത്ത് കൊമ്പുകള്‍ പൊഴിഞ്ഞുവീണാലും വീണ്ടും വളരും. ഒറ്റയ്ക്കും കൂട്ടമായുമൊക്കെ മൂസുകള്‍ ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തി. അതൊരു പ്രശ്നമാണ്. നാണം കുണുങ്ങികളാണെങ്കിലും ഏത് നേരത്താണ് വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടുകാന്ന് അറിയില്ല. ആദ്യത്തെ കൌതുകം മാറിയപ്പോള്‍ കാണുന്നവയുടെ കണക്കെടുപ്പ് തുടങ്ങി. അഞ്ഞൂറ്റി എണ്‍പത് കി.മീറ്റര്‍ ദൂരം താണ്ടി ഫെയര്‍ബാങ്ക്സില്‍
എത്തിയപ്പോഴേക്കും 13 മൂസുകളെയാണ് കണ്ടത്! അത്രയും മനുഷ്യരെ ആ വഴിയില്‍ ഞാന്‍ കണ്ടില്ല...
ഭൂമിയാകെ കനത്തൊരു വെള്ള കുപ്പായത്തിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്. മലനിരകളും, കാടും, തടാകങ്ങളുമെല്ലാം... അതിനിടയിലൂടെയുള്ള
റോഡും വെളുത്ത് പോയിരിക്കുന്നു. റോഡിനരികില്‍ കാണുന്ന പല ആകൃതിയിലുള്ള തപാല്‍പ്പെട്ടികള്‍
മാത്രമാണ് അടുത്തെവിടെയോ ആള്‍പ്പാര്‍പ്പിന്‍റെ സൂചനകള്‍ നല്‍കുന്നത്. മഞ്ഞിനുള്ളില്‍ നിന്ന് കടന്നുപോകുന്ന വാഹനങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പെട്ടികള്‍. സ്നേഹവും, പ്രണയവും, വിരഹവുമെല്ലാം പരസ്പരം കലമ്പാതെ അതിനുള്ളില്‍ കിടപ്പുണ്ടാവും...ഏതെങ്കിലുമൊരു തപാല്‍പ്പെട്ടിയില്‍ ഒരു കുറിപ്പെഴുതിയിടാന്‍ എനിക്ക് കൊതിയായി. "ഓറഞ്ചു ബോര്‍ഡ് നോക്ക്"ന്ന് കേട്ടപ്പോഴാണ് കത്തുകളുടെ ലോകത്ത് നിന്ന് ഞാന്‍ തിരിച്ചെത്തിയത്. “Bumps”
എന്നെഴുതിയ ഓറഞ്ചു നിറമുള്ള അപായ ബോര്‍ഡുകളെയാണ് ഹുസൈന്‍ ഉദ്ദേശിക്കുന്നത്. അത് കണ്ടാലുറപ്പിക്കാം വഴിയില്‍ ഐസ് ഹീവ്സുണ്ടെന്ന്. സാധാരണയായി ഗതാഗത നിയന്ത്രണത്തിനാണ് ഹംമ്പുകള്‍ റോഡിലുണ്ടാക്കിയിടുന്നത്. ഇവിടെ കാണുന്ന ബംമ്പുകള്‍ തനിയെ ഉണ്ടാവുന്നതാണ്. റോഡിനടിയില്‍ നിന്ന് ഐസ് പൊങ്ങി വരും. അപ്പോള്‍ റോഡില്‍ കുഴികളും ഐസ് കുന്നുകളുമൊക്കെയുണ്ടാവും. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം സംഭവിക്കും. സൂര്യാസ്തമയം
അടുത്തതോടെ ഡനാലിയുടെ നിറം മാറ്റം ആരംഭിച്ചു. ചായങ്ങള്‍
കോരിയൊഴിച്ച് ഹോളി ആഘോഷിക്കുന്ന പ്രകൃതിയെ നോക്കി നിന്നാല്‍ സമയം നമ്മളെ പറ്റിച്ചു കടന്നു പോകും. അതിനാല്‍, 'നിങ്ങള്‍ കളിക്ക്... ഞങ്ങളിത് എത്ര കണ്ടതാ'ന്നുള്ള പോലെ മുന്നോട്ടു പോയി. ഹെയര്‍പിന്‍ വളവുകളും, ബംമ്പുകള്‍, പിന്നെ വഴുക്കലും
കൂട്ടിന് ഇരുട്ടും, മൂസുകളും... അലാസ്കയുടെ ഉള്‍പ്രദേശങ്ങളുടെ ചിത്രം കൂടുതല്‍ വ്യക്തമാവുകയായിരുന്നു.
ഇതിലേറെ അത്ഭുതകരമായി തോന്നിയത് താപനിലയിലെ കയറ്റിറക്കങ്ങളായിരുന്നു. അറുന്നൂറ് കി.മീറ്ററിനുള്ളില്‍ -20°C, -5°C, -35°C, -4°C എന്നിങ്ങിനെ
ഒറ്റയും ഇരട്ടയുമായി കാറിനുള്ളിലെ യന്ത്രത്തില്‍ പ്രകൃതിയുടെ കളി പ്രകടമായിരുന്നു.
ഏതു ചാക്കോ മാഷാവോ ഇങ്ങിനെ കണക്ക് പഠിപ്പിക്കാന്‍ അവിടെയെത്തിയത്? ഫെയര്‍ബാങ്ക്സില്‍ എത്താറായപ്പോഴേക്കും മുപ്പതില്‍(-30°C) തീരുമാനമായി. “നമുക്കിഷ്ടപ്പെട്ടിട്ട് കാര്യമില്ല, അലാസ്കക്ക് ഇഷ്ടമാവണം...” വഴിയില്‍ കണ്ടവരും സംസാരിച്ചവരും പറഞ്ഞതാണ്. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യമാണെങ്കിലും
അതനുഭവിക്കാന്‍ പൊരുതുക തന്നെ വേണം. ചേര്‍ത്തു നിര്‍ത്തില്ല, പുറന്തള്ളാനെ
നോക്കൂ... അത്രയും ദുഷ്കരമാണ് അലാസ്കന്‍ പ്രകൃതി”. കാറ്റിന്‍റെ ഇരുമ്പല്‍ സഹിക്കാതെ വിറയ്ക്കുന്ന
കൈകളോടെ ചെവി പൊത്തുന്നത് കണ്ടപ്പോള്‍ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരിയുടെ സാന്ത്വനപ്പെടുത്തുന്ന വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞു.
രാത്രി
ഏഴര മണിയോടെ ഞങ്ങള്‍ അലാസ്കയുടെ സുവര്‍ണ്ണഹൃദയ നഗരിയെന്നു വിളിക്കുന്ന ഫെയര്‍ബാങ്ക്സിലെത്തി. ആങ്കറെജിലെ തിരക്കിന്‍റെ ഒരംശം പോലും
അവിടെയില്ല. നഗരവെളിച്ചം ആശ്വാസമായെങ്കിലും താമസസ്ഥലത്തേക്ക് പിന്നെയും
പോകേണ്ടിയിരുന്നു. വഴികാട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം പ്രധാനവഴിയില്‍ നിന്ന്
തിരിഞ്ഞത് മഞ്ഞുമൂടിയ ഇടവഴിയിലേക്കായിരുന്നു. ഞങ്ങള്‍ പരസ്‌പരവും പിന്നെ
ജി.പി.എസിനെയും ദയനീയമായി നോക്കി. പേരിനു പോലും ഒരു വഴിവിളക്കില്ല. കണ്ണുകള്‍
നിലാവെളിച്ചവുമായി ഇണങ്ങുവാന്‍ കുറച്ചു സമയമെടുത്തു. മഞ്ഞിന്‍റെ ഭാരം താങ്ങാനാവാതെ
തലകുമ്പിട്ട് നില്‍ക്കുന്ന മരങ്ങളാണ് വഴിയരികില്‍. കുറച്ചു ദൂരം പോയപ്പോള്‍ ഹോട്ടലിന്‍റെ വെളിച്ചം
കാണാറായി. അകലെയുള്ള ചെറുവെട്ടം ആശ്വാസമേകിയ നിമിഷങ്ങള്‍... ആ വെട്ടമാണ് മുഖത്ത് ചിരിയുടെ നിലാവ് പരത്തിയത്. ജീപ്പില്‍ നിന്ന് സാധനങ്ങളെടുത്ത് വച്ചപ്പോഴേക്കും കൈ വിരലുകളില്‍ തണുപ്പിന്‍റെ വേദനയറിയാന്‍ തുടങ്ങിയിരുന്നു. വാഹനം ഹോട്ടലിന് പുറകില്‍ നിര്‍ത്തി എഞ്ചിന്‍ ചൂടാക്കാനുള്ള കേബിളിനെ വൈദ്യുതസോക്കറ്റും ജീപ്പുമായി ബന്ധിപ്പിച്ചു. ഇങ്ങിനെ ചെയ്തില്ലെങ്കില്‍ തണുപ്പ് സഹിക്കാനാവാതെ നേരം വെളുക്കുമ്പോഴേക്കും അത് പണിമുടക്കും. അന്ന് രാത്രി ആ ഹോട്ടലില്‍ തിരക്കായിരുന്നു, അതിന് കാരണവുമുണ്ട്. നാളെ നാടും നഗരവും ഒരുങ്ങുകയാണ്...
Mountains, snow, cold and moose - great narration Mubi
ReplyDeleteYes, it was a great trip. The Alaskan loneliness and wild will never leave my senses Rejichaya. Thank you :)
Deleteജനറൽ മോട്ടോർസിന്റെയും മറ്റും കാറുകളുടെ വകഭേദങ്ങൾക്ക് വിചിത്രമായ പേരുകൾ എങ്ങനെ ഒപ്പിച്ചെടുക്കുന്നു എന്ന് തോന്നിയിരുന്നു. 'ഡെനാലി' കണ്ടപ്പോൾ ആ സംശയം മാറി...
ReplyDeleteഎഴുത്തും ചിത്രങ്ങളും നന്ന്...!
തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...
ഒരു പേരില്‍ പലതുമുണ്ടെന്ന് യാത്രകള്‍ എന്നെ പഠിപ്പിച്ചു ലാസര്‍... ഇപ്പോള്‍ എന്തെങ്കിലും കേള്‍ക്കുമ്പോള്‍ ഒന്ന് ചികഞ്ഞു നോക്കാറുണ്ട്.
Deleteമൂസ്...മൂസയും സമൂസയും കേട്ട കേരളീയർക്ക് ആ പേരിൽ ഒരു ജന്തുവും വരുന്നു !! പശുവിന്റെ ശരീരത്തിൽ കഴുതയുടെ തല വച്ച പോലെയുണ്ട് കാണാൻ.വിവരണം ഗംഭീരം ....തുടരട്ടെ
ReplyDeleteമാന്‍ വര്‍ഗ്ഗത്തില്‍പ്പെട്ടതാണ് ഇത്... കൊമ്പുള്ളതിനെ കണ്ടിരുന്നു, പക്ഷെ ഫോട്ടോ കിട്ടിയില്ല :(
Deleteപാത്തൂ വിവരണം അസ്സലായി ! അലാസ്‌ക്ക വരെ എത്തി ല്ലേ !
ReplyDeleteകുറച്ച് ദൂരം അമ്മിണിക്കുട്ടിയെ... :) സ്നേഹംട്ടോ
Deleteഈ ദേശാന്തരക്കാഴ്ച്ചകൾ ഞങ്ങളെ ശരിക്കും വിസ്മയിപ്പിക്കുകയാണ്... എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല...
ReplyDeleteസ്നേഹം വിനുവേട്ടാ...
Deleteഭൂമിയാകെ കനത്തൊരു വെള്ള കുപ്പായത്തിനുള്ളില്‍
ReplyDeleteഒളിച്ചിരിക്കുകയാണ്. മലനിരകളും, കാടും, തടാകങ്ങളുമെല്ലാം...
അതിനിടയിലൂടെയുള്ള റോഡും വെളുത്ത് പോയിരിക്കുന്നു. റോഡിനരികില്‍
കാണുന്ന പല ആകൃതിയിലുള്ള തപാല്‍പ്പെട്ടികള്‍ മാത്രമാണ് അടുത്തെവിടെയോ
ആള്‍പ്പാര്‍പ്പിന്‍റെ സൂചനകള്‍ നല്‍കുന്നത്. മഞ്ഞിനുള്ളില്‍ നിന്ന് കടന്നുപോകുന്ന വാഹനങ്ങളെ
പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പെട്ടികള്‍. സ്നേഹവും, പ്രണയവും, വിരഹവുമെല്ലാം പരസ്പരം കലമ്പാതെ
അതിനുള്ളില്‍ കിടപ്പുണ്ടാവും...
ഏതെങ്കിലുമൊരു തപാല്‍പ്പെട്ടിയില്‍
ഒരു കുറിപ്പെഴുതിയിടാന്‍ എനിക്ക് കൊതിയായി.
ഡാനാലി പ്രണയത്തിന്റെ താഴ്‌വാരം കൂടിയാണല്ലേ .....!
സൂപ്പർ അവതരണം കേട്ടോ മുബി
സ്നേഹം മുരളിയേട്ടാ...
Delete