2026 ജനുവരി 17, ശനിയാഴ്‌ച

ചരിത്രമുറങ്ങുന്ന ചത്വര കാഴ്ചകൾ!

ഫ്യുണിക്കുലർ മുത്തശ്ശിയുടെ മടിയിൽ നിന്നിറങ്ങി ഞങ്ങൾ പോയത് നഗരത്തുടിപ്പിലേക്കായിരുന്നു. ചരിത്രവും വർത്തമാനവും ഇഴചേർന്നു നിൽക്കുകയാണ്  സാന്റിയാഗോയുടെ ഹൃദയമായ പ്ലാസ ഡി അർമാസിൽ. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങളും, തെരുവ് ഗായകരും കച്ചവടക്കാരും സഞ്ചാരികളും ജനങ്ങളും ചേർന്ന് നഗരഹൃദയത്തെ ജീവസുറ്റതാക്കുന്നുണ്ട്.

സാൻ്റിയാഗോനഗരം സ്ഥാപിതമായ 1541 മുതൽ ഈ സ്ഥലം ചിലിയുടെ സാംസ്കാരിക കേന്ദ്രമാണ്. അവിടെ എത്തുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് ഉയർന്നു നിൽക്കുന്ന ചിലിയൻ വൈൻ പനകളാണ്. Jubaea chilensis എന്ന ഔദ്യോഗിക നാമമുള്ള ഈ പനകൾ വളരെ പതിയെ വളരുന്നവയാണ്. മൂപ്പെത്താൻ മുപ്പത് വർഷമോ അതിലധികമോ ആവുമെന്നതിനാൽ  വരും തലമുറയ്ക്ക് വേണ്ടി ഇന്നേ നട്ട് നനയ്ക്കണം. ചുറ്റിലുമുള്ള മനോഹരങ്ങളായ കെട്ടിടങ്ങളുടെ കാവൽ ചുമതല ഇവർക്കാണെന്ന മട്ടിലാണ് നിൽപ്പ്! അതിനിടയിൽ വരുന്നവരെയും പോകുന്നവരെയും കേൾക്കുകയും വേണം... പല മനുഷ്യരെ കാണുകയും പല ഭാഷകൾ  കേൾക്കുകയും ചെയ്യുന്ന ഇവർക്ക് നൂറായിരം കഥകൾ പരസ്പരം പങ്കുവെയ്ക്കാനുണ്ടാവും.   

Plaza De Armas Pic: Hussain Chirathodi (Photomanz)

ചത്വരത്തിൽ ഫ്രീഡം ഓഫ് അമേരിക്ക (Monumento a la Libertad Americana)യെന്നറിയപ്പെടുന്നൊരു സ്മാരകമുണ്ട്. ചിലിയുടെ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ ആദിമവംശജരുടെ സ്വാതന്ത്ര്യത്തിൻ്റെ പ്രതീകം കൂടിയാണീ ശില്പം. അതിനു ചുറ്റുമാണ് ജാലവിദ്യക്കാരും, മറ്റു കലാകാരന്മാരും അവരവരുടെ പ്രകടനങ്ങൾ കൊണ്ട് രംഗം കൊഴുപ്പിക്കുന്നത്. പാട്ടിനൊപ്പം തലകുലുക്കിയും കാപ്പിയും ശീതളപാനീയങ്ങളും കുടിച്ചു ചതുരംഗ കളിയിൽ മുഴുകിയിരിക്കുന്ന പ്രായമായവരാകട്ടെ യുവജനങ്ങളുടെ വൈബിന് മാറ്റു കൂട്ടുന്നുമുണ്ട്.

തലസ്ഥാനമായ സാൻ്റിയാഗോയുടെ ചരിത്രവും സംസ്കാരവും ആത്മീയതയും ഒത്തുചേരുന്ന ഒരിടമുണ്ടെങ്കിൽ അത് 'പ്ലാസ ഡി അർമാസ്' തന്നെയാണ്. വന്നുചേരുന്നവർക്കെല്ലാം പ്രിയപ്പെട്ടതാകുന്ന ഈ ചത്വരത്തിലാണ് ദൂരം കണക്കാക്കുന്ന ചിലിയുടെ 'കിലോമീറ്റർ സീറോ'(Kilometer Zero) ഫലകമുള്ളത്. കാനഡയിൽ പല ഭാഗങ്ങളിലായി കിലോമീറ്റർ സീറോ ഫലകങ്ങൾ കണ്ടിട്ടുണ്ട്. 1541ൽ പെഡ്രോ ഡി വാൽഡിവിയ എന്ന സ്പാനിഷ് കമാൻഡറാണ് സാൻ്റിയാഗോ നഗരം സ്ഥാപിച്ചത്. നഗരത്തിൻ്റെ  സിരാകേന്ദ്രമായി വാൽഡിവിയ തിരഞ്ഞെടുത്തത്തത് പ്ലാസ ഡി അർമാസായിരുന്നു. 'ആയുധങ്ങളുടെ ചത്വര'മെന്നാണീ പേരിനർത്ഥം. 

സ്പാനിഷ് ഭരണകാലത്ത് ശത്രുക്കളുടെ ആക്രമണമുണ്ടായാൽ ആയുധങ്ങളുമായി ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഒരിടമായിരുന്നു ഈ ചത്വരം. മാത്രവുമല്ല ജനങ്ങളെ  പരസ്യവിചാര ചെയ്യുകയും തൂക്കിലേറ്റുകയും ചെയ്തിരുന്ന സ്ഥലം കൂടിയാണിത്. അവിടെയിരുന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ ചിലിയുടെ രാഷ്ട്രീയ സാംസ്‌കാരിക പരിണാമത്തിൻ്റെ ശേഷിപ്പുകൾ നമുക്ക് കാണാനാവും. ചത്വരത്തിനടിയിൽ ഇൻക (Inca) സാമ്രാജ്യത്തിൻ്റെ അവശിഷ്ടങ്ങൾ മറഞ്ഞു കിടപ്പുന്നുണ്ടെന്നാണ് ഗവേഷകരുടെ വിശ്വാസം. സ്പാനിഷ് അധിനിവേശത്തിന് മുൻപ് തന്നെ ചിലിയിലെ ആദിമവംശജരുടെ പ്രധാന കേന്ദ്രമായിരുന്നു ഈ ചത്വരമെന്നതിൻ്റെ തെളിവുകൾ ഖനനത്തിലൂടെ ലഭിച്ചിട്ടുണ്ടെന്ന് പറയുന്നു. എന്തായാലും ഈ സ്ഥലം ഇമ്മിണി വല്യ ഒന്നാണ് എന്ന് സാരം. 

Metropolitan Church Pic: Hussain Chirathodi (Photomanz)

പ്ലാസയുടെ ഒരുവശത്ത് പ്രൗഢിയോടെ നിൽക്കുന്ന മെട്രോപൊളിറ്റൻ കത്തീഡ്രൽ ചിലിയുടെ ആത്മീയ കേന്ദ്രമാണ്. 18-ാനൂറ്റാണ്ടിൽ നിർമ്മിച്ച കത്തീഡ്രലിൻ്റെ വാസ്തുവിദ്യ ആരെയും  അതിശയിപ്പിക്കും. നഗരപിതാവായ വാൽഡിവിയയുടെ സ്ഥലവും വീടും നിന്നിടത്ത് ഇപ്പോൾ സെൻട്രൽ പോസ്റ്റ് ഓഫീസ് കെട്ടിടമാണ്. 1846വരെ ഇത് ചിലിയുടെ പ്രസിഡെൻഷ്യൽ കൊട്ടാരമായിരുന്നതിനാലാവും ഇതിനൊരു ക്ലാസിക് ശൈലി. ജനങ്ങൾക്ക് പോസ്റ്റോഫീസുമായുള്ള ബന്ധം താരതമ്യേന കുറഞ്ഞു വരുന്ന കാലഘട്ടത്തിലും പഴയ പ്രതാപത്തെ ഓർമ്മിപ്പിക്കും പോലെ തലയുയർത്തി നിൽക്കുന്നുണ്ട് ഈ തപാൽ കേന്ദ്രം.

പോസ്റ്റ് ഓഫീസും പള്ളിയും ഒക്കെ വിട്ട് ഞങ്ങൾ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെത്തി. അങ്ങോട്ട് വലത് കാൽവെച്ചു കയറിയപ്പോഴാണ് സെക്യൂരിറ്റിയുടെ സ്പാനിഷോപദേശം കിട്ടിയത്. 'മ്യൂസിയം കാണാൻ ടിക്കറ്റ് ഒന്നും എടുക്കണ്ട, ഫ്രീയാണ്." നല്ല കാര്യം എന്നോർത്തപ്പോഴേക്കും ദേ വന്നു അടുത്തത്. ഞങ്ങളെ ഒന്നുഴിഞ്ഞു നോക്കിയതിന് ശേഷം അദ്ദേഹം തുടർന്നു. കവചം പോലെ ശരീരത്തോട് ചേർന്നിരിക്കുന്ന ബാക്ക്പാക്ക്, ചൂടുകാരണം ഊരി കൈയിൽ പിടിച്ചിരിക്കുന്ന ജാക്കറ്റ് ഇതൊന്നും അകത്തേക്ക് കൊണ്ടു പോകാൻ പറ്റില്ല. ഒരു പെസോയുടെ നാണയമുണ്ടോ എന്നാൽ ലോക്കറിൻ്റെ ചാവി തരാം. ഇനി അതെവിടെന്ന് ഒപ്പിക്കുമെന്നാലോചിക്കുമ്പോൾ സ്നേഹത്തിൻ്റെ നിറകുടമായ ആ സ്നേഹിതൻ അദ്ദേഹത്തിൻ്റെ പോക്കറ്റിൽ നിന്ന് തന്നെ ഒരു പെസോയുടെ നാണയവും ലോക്കറിൻ്റെ ചാവിയും ഞങ്ങൾക്ക് നേരെ നീട്ടി. സാധനങ്ങൾ അവിടെവെച്ച് ലോക്കർ പൂട്ടി മ്യൂസിയത്തിനുള്ളിലേക്ക് കടന്നു.

Pic: Hussain Chirathodi (Photomanz)

ചിലിയൻ ചരിത്രവും പോരാട്ടങ്ങളും സംസ്കാരവും അടുത്തറിയാൻ സഹായിക്കുന്ന ചരിത്രമ്യൂസിയം പലാസിയോ ഡി ലാ റിയൽ ഓഡിയൻസിയ(Palacio de la Real Audiencia) എന്നറിയപ്പെടുന്ന  നിയോക്ലാസിക്കൽ കെട്ടിടത്തിലാണ്. 1804-1808നുമിടയിൽ നിർമിക്കപ്പെട്ട ഈ കെട്ടിടത്തിലാണ് പണ്ട് രാജ്യത്തെ പരമോന്നത കോടതിയും മറ്റു സർക്കാർ സംവിധാനങ്ങളുമൊക്കെ  പ്രവർത്തിച്ചിരുന്നത്. 1982ലാണ് കൊട്ടാരത്തെ ഔദ്യോഗികമായി നാഷണൽ ഹിസ്റ്ററി മ്യൂസിയമാക്കുന്നത്. പതിനെട്ട് മുറികളിലായി നൂറിലേറെ പ്രദർശന ഗാലറികളുണ്ട്. ചിലിയിലെ ആദിമനിവാസികളുടെ വസ്‌തുവകകളാണ് പ്രധാനമായും കണ്ടത്. സ്പാനിഷ് ഭരണകാലത്തെ ആയുധങ്ങൾ, വസ്ത്രങ്ങൾ ഭാവനസാമഗ്രികൾ അതിനുശേഷമുള്ള കൊളോണിയൽ കാലഘട്ടത്തെ ശേഖരങ്ങൾ എന്നിവ ശ്രദ്ധേയമാണ്. 

Mobile Click: Mubi (Canva Design)

സ്വാതന്ത്ര്യസമരകാലത്തെ ചരിത്രരേഖകളും പ്രമുഖരായ നേതാക്കളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. 1970വരെയുള്ള ചിലിയുടെ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന  ചരിത്രരേഖകളും കാണാനായി. മ്യൂസിയത്തിലെ മറ്റൊരാകർഷണം അവിടുത്തെ ക്ലോക്ക് ടവറാണ്. 1884-ലാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് ക്ലോക്ക് ടവർ പുതുക്കി പണിതത്. പൊതുജനങ്ങൾക്ക് ടവറിലേക്ക് പ്രവേശനാനുമതിയുണ്ട്. അവിടെ കയറി താഴോട്ട് നോക്കിയാൽ ചത്വരവും നഗര തിരക്കുകളും കാണാം. 

മ്യൂസിയം ലൈബ്രറിയിൽ കയറാൻ കഴിഞ്ഞില്ല. അനുവദിച്ച സമയം കഴിഞ്ഞതിനാൽ ലോക്കറിൽ നിന്ന് സാധനങ്ങളുമെടുത്ത് സെക്യൂരിറ്റി ചേട്ടൻ്റെ പൈസ തിരിച്ച് നൽകി നന്ദി പറഞ്ഞിറങ്ങി. തെരുവിലൂടെ കുറച്ചുദൂരം തെക്ക് വടക്ക് നടന്ന് ഹോട്ടലിൽ തിരിച്ചെത്തി. ഉച്ചഭക്ഷണത്തിൻ്റെ സമയം കഴിഞ്ഞതിനാൽ വെെവിധ്യങ്ങളൊന്നുമില്ല. മത്തങ്ങ സൂപ്പും പാസ്തയുമാണ് കിട്ടിയത്. അതിരാവിലെ പുറപ്പെടേണ്ടിയിരുന്നതിനാൽ ഒന്നുറങ്ങണമെന്ന ചിന്തയിലാണ് ഭക്ഷണം കഴിച്ചയുടനെ റൂമിലെത്തിയത്. ഹോട്ടലിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തിൽ കല്യാണമേളം പൊടിപൊടിക്കുമ്പോൾ ഉറക്കമൊരു സ്വപ്നം മാത്രമായി! പാട്ടും ബാൻഡ് മേളവും അരങ്ങുതകർക്കുന്ന അവരുടെ സന്തോഷത്തിൽ നിശബ്ദമായി പങ്കെടുത്ത് പാതിരാക്ക്‌ തന്നെ ഞങ്ങൾ എയർപോർട്ടിലെത്തി. അവിടെവിടെയായി കിടന്നുറങ്ങുന്ന ബാക്ക്പാക്കുകൾക്കിടയിലേക്ക് ഞങ്ങളും ചേർന്നു....                                                                                                                                                                                                                                                  (തുടരും) 



Pic: Photomanz (Canva Design)


 "Pack it in, Pack it out. Leave no trace - Preserve  and  Respect ”

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ