Photomanz (Hussain Chirathodi -Pic Courtesy) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Photomanz (Hussain Chirathodi -Pic Courtesy) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ജനുവരി 24, ശനിയാഴ്‌ച

ചിലിയിലെ മഞ്ഞുരുകാത്ത വസന്തം!

ചിലിയിലെ പാറ്റഗോണിയൻ മേഖലയിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങുകയാണ്. Dec 8ന്  രാവിലെ 4.30ക്കായിരുന്നു പുണ്ട അരെനാസി(Punta Arenas)ലേക്കുള്ള LATAM എയർലൈൻസിൻ്റെ  വിമാനം സാന്റിയാഗോയിൽ നിന്ന് പുറപ്പെട്ടത്. നാലു മണിക്കൂറിനിടയിൽ ഒരു സ്റ്റോപ്പിൽ നിർത്തി ആളെയിറക്കാനും കയറ്റാനുമുണ്ട്. വിമാനത്തിലേക്ക് കയറുമ്പോൾ ഫ്ലൈറ്റ് അറ്റെൻഡന്റ് മരിയയുടെ  കൈയിലെ നോട്ടു പുസ്തകമാണ് ഞാൻ ശ്രദ്ധിച്ചത്.  ഓരോ യാത്രക്കാരുടെയും അടുത്ത് ചെന്ന് "ഞാൻ മരിയ, എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയണം" എന്ന് കുശലം പറയുന്ന അവരെ പലരും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. യാത്രക്കാർ പല രാജ്യക്കാരാണ്  ഇത്ര കൃത്യതയോടെ പേരുകൾ ഓർമ്മിക്കുന്നത് എങ്ങിനെയെന്ന അത്ഭുതമാണ് പലർക്കും. തൻ്റെ  നോട്ടുപുസ്തകത്തിൽ അന്നത്തെ യാത്രക്കാരുടെ പേരെഴുതിവെച്ച് അത് പഠിച്ചിട്ടാണ്  ഓരോരുത്തരുടെയും അടുത്തെത്തുമ്പോൾ പേര് വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്ത് മരിയ സംസാരിക്കുന്നതും ഭക്ഷണം നല്കുന്നതും. 

യാത്രാവിമാനത്തിലാണോ അതോ മരിയയുടെ വീട്ടിലാണോന്നുള്ള സംശയം തോന്നും വിധമാണ് അവരുടെ പെരുമാറ്റം. ഞാനുറങ്ങുന്നത് കണ്ട് ഹുസൈനോട് "അവരുറങ്ങുകയാണല്ലോ, ഉണർത്താൻ തോന്നുന്നില്ല ഒന്നും  കഴിച്ചില്ലല്ലോന്ന്" വളരെ വിഷമത്തിൽ പറഞ്ഞത് കേട്ട് മൂപ്പരെന്നെ വിളിച്ചുണർത്തി. മരിയയുടെ സഹപ്രവത്തകർ പോലും അവരുടെ പ്രവർത്തികൾ സാകൂതം നോക്കി നിൽക്കുന്നുണ്ടായിരുന്നു. എൻ്റെ സഹയാത്രികക്ക് ഇംഗ്ലീഷ് വശമില്ല. വിൻഡോ സീറ്റിൽ അവരായിരുന്നതിനാൽ പർവ്വത നിരകൾ കണ്ടു തുടങ്ങിയപ്പോൾ എന്നെ വിളിച്ചു കാണിച്ചു തരികയും എൻ്റെ ഫോൺ വാങ്ങി കുറെ ഫോട്ടോകൾ എടുക്കുകയും ചെയ്തു. പരസ്പരം സംവദിക്കാൻ ഞങ്ങൾക്ക് ഭാഷ ഒരു തടസ്സമായില്ല. മരിയയും കൂഫിയ ധരിച്ച സഹയാത്രികയും മലയാളിയായ ഞാനും ഈ യാത്രയിൽ സ്നേഹത്തിൻ്റെ ഭാഷയിൽ ബന്ധിതരായവരാണ്.

Pic: Photomanz (Hussain Chirathodi) / Canva Design

9.30 മണിയോടടുത്ത് പുണ്ട അരെനാസിൽ വിമാനമിറങ്ങി. ഈച്ച പൊതിയുന്നത് പോലെ ടാക്സിക്കാർ സഞ്ചാരികളെ പൊതിയുന്നുണ്ട്. വേണ്ടായെന്ന് പറഞ്ഞാലും അവർ വീണ്ടുമെത്തും. പ്യൂർട്ടോ നതാലെസി(Puerto Natalas)ലേക്കാണ് ഞങ്ങൾക്ക് പോകേണ്ടിയിരുന്നത്. ടിക്കറ്റ് ആദ്യമേ ബസ്ബഡ് ആപ്പ് വഴി എടുത്തുവെച്ചിരുന്നു. 10.00 മണിയാണ് ടിക്കറ്റിൽ സമയം രേഖപ്പെടുത്തിയിരുന്നത്. പത്തായപ്പോൾ വളവ് തിരിഞ്ഞ് ഫെർണാണ്ടസ് വരുന്നതു കണ്ട് സന്തോഷിച്ചെങ്കിലും യാത്രക്കാരുടെ ലിസ്റ്റിൽ ഞങ്ങളുടെ പേരില്ലായിരുന്നതിനാൽ ആ ശകടത്തിൽ ഞങ്ങളെ കയറ്റിയില്ല.

ഏകദേശം 11.00 മണിയായപ്പോഴുണ്ട് ആടിയുലഞ്ഞു കൊണ്ട് "ബസ് സുർ" വരുന്നു. ടിക്കറ്റിലെ പേരും നാളുമൊക്കെ നോക്കി തിട്ടപ്പെടുത്തി ഡ്രൈവർ ഞങ്ങളെ ബസ്സിൽ കയറാൻ അനുവദിച്ചു. അപ്പോഴേക്കും കാറ്റും മഴയും തുടികൊട്ടി തുടങ്ങിയിരുന്നു. ബസ് നീങ്ങിയപ്പോൾ വീണ്ടും ടിക്കറ്റ് പരിശോധിക്കാൻ കിളിയെത്തി. മഴകാരണം ജാലകത്തിലൂടെ  പുറത്തെ കാഴ്ചകൾ ഒന്നും വ്യക്തമായിരുന്നില്ല. ഇടയ്ക്ക് ഒന്ന് തെളിഞ്ഞപ്പോൾ കണ്ടത് നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന പുൽമേടുകളും അതിൽ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടങ്ങളെയുമാണ്. കുതിരപ്പുറത്തിരിക്കുന്ന ആട്ടിടയൻ്റെ ജോലിയെടുക്കുന്നത് അയാളുടെ കാവൽ നായ്ക്കളാണ്. അവരാണ് ഓടിനടന്ന് ഈ ആടുകളെയൊക്കെ മേയ്ക്കുന്നത്.

നാട്ടിലെ പോലെ നേർച്ചപെട്ടികളും കുഞ്ഞു ആരാധനാലയങ്ങളും വഴി നീളെയുണ്ട്. മൂന്ന് മണിക്കൂർ യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ പാറ്റഗോണിയൻ മേഖലയിലുള്ള പ്യൂർട്ടോ നതാലെസിലെ ബസ് സ്റ്റേഷനിൽ ഇറങ്ങി. വായിച്ച് സ്വപ്നം കണ്ട പ്രദേശത്താണ് എത്തിയിരിക്കുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല! പ്രകൃതി സൗന്ദര്യവും ചരിത്രവും ഇഴചേർന്നുകിടക്കുന്ന പ്യൂർട്ടോ നതാലെസിനോട് ഒറ്റനോട്ടത്തിൽ തന്നെ ആരും പ്രണയത്തിലാകും. പർവതങ്ങളും കടലിടുക്കുകളും ചുറ്റിലുമുള്ള ഈ കുഞ്ഞു പ്രദേശത്തിൻ്റെ ശാന്തതയും വൈവിധ്യവും വാക്കുകൾ കൊണ്ട് വരച്ചിട്ട ബ്രൂസിന് മനസ്സാ നന്ദി പറഞ്ഞു. താമസസ്ഥലമായ ഹോട്ടൽ ബിഗ് സുറിലേക്ക്  കുറച്ചു ദൂരമുണ്ടായിരുന്നതിനാൽ സ്റ്റേഷനിൽ നിന്നൊരു  ഊബർ വിളിച്ചു.


Pic: Hussain Chirathodi (Photomanz)

1557 ലാണ് സ്പാനിഷ് നാവികനായ യുവാൻ ലാഡ്രില്ലെറോസ് (Juan Ladrilleros) തെക്കേയമേരിക്കയുടെ അറ്റത്ത് മഞ്ഞുമലകൾ അതിരിടുന്ന ഈ തുറമുഖനഗരത്തെ കണ്ടെത്തുന്നത്.  'അവസാനത്തെ പ്രതീക്ഷ' എന്നർത്ഥം വരുന്ന 'അൾട്ടിമ എസ്പെരാൻസ'(Última Esperanza) എന്ന് പേരിടുകയും ചെയ്തു. എന്നാൽ 1911-ലാണ് പ്യൂർട്ടോ നതാലെസ് നഗരം ഔദ്യോഗികമായി സ്ഥാപിതമായത്അക്കാലത്ത് ആടുവളർത്തലും കമ്പിളവ്യവസായവുമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം. പിന്നീട് ലോകപ്രസിദ്ധമായ 'ടോറസ് ഡെൽ പൈൻനാഷണൽപാർക്കിലേക്കുള്ള പ്രധാന പാതയായി പ്യൂർട്ടോ നതാലെസ് മാറിയതോടെയാണ് വിനോദസഞ്ചാര ഭൂപടത്തിൽ ഈ പ്രദേശം ശ്രദ്ധ നേടുന്നത്. 

തദ്ദേശീയരായ 'കാവേസ്കർ(Kawésqar) ജനതയുടെയും തെഹുവൽചെ (Tehuelche വിഭാഗക്കാരുടെയും പൈതൃക ഭൂമിയാണ്യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാർ ഇവിടെ എത്തിയതോടെ പരമ്പരാഗതരീതികളിലും  സംസ്കാരത്തിലും ഏറെ മാറ്റങ്ങളുണ്ടായി. എന്നാൽ പാറ്റഗോണിയൻ സംസ്കാരത്തിൻ്റെ അടയാളമായ കുതിരസവാരിയും 'ഗൗച്ചോ' (Gaucho) ജീവിതരീതിയും അതുപോലെ ഇന്നും  പിന്തുടരുന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ഒന്നുറങ്ങി വിശ്രമിച്ചതിന് ശേഷം ഞങ്ങൾ കടൽ തീരത്തേക്ക് നടന്നു. പാതയുടെ ഇരുവശത്തുമായി നഗരസത്വത്തെ വിളിച്ചോതുന്ന കുറെ  ശില്പങ്ങളുണ്ട്.


Pic: Hussain Chirathodi (Photomanz)



റോഡ് മുറിച്ചു കടന്നാൽ ആദ്യമെതിരേൽക്കുക കാറ്റിൻ്റെ സ്മാരകമെന്ന(Monumento al Viento) പ്രശസ്തമായ ശില്പമാണ്. നിക്കോസ് കസാന്ത്സാകിസിൻ്റെ സോർബയെയാണ് അതെന്നെ ഓർമ്മപ്പെടുത്തിയത്. പാറ്റഗോണിയയിലെ കാറ്റ് കുപ്രസിദ്ധിയാർജ്ജിച്ചതാണെന്ന് തുടക്കത്തിൽ എഴുതിയിരുന്നല്ലോ. പ്രകൃതിയുടെ പ്രതിബന്ധങ്ങളെ അതിജീവിക്കുന്ന ജനതയുടെ പ്രതീകം പോലൊരു സ്ത്രീയും പുരുഷനുമാണ് ശില്പത്തിൽ. അതിനടുത്ത് എത്തുന്നവരെല്ലാം ആ തൂണിൽ പിടിച്ചു കാറ്റിലാടാൻ ശ്രമിക്കുന്നുണ്ട്.

അടുത്തത് മണ്ണിൽ നിന്നുയർന്ന് നിൽക്കുന്ന ഒരു കൂറ്റൻ കൈപ്പത്തിയുടെ 'മനോ ഡി ദേസീർട്ടൊ(Mano de Desierto)' എന്ന ശില്പമാണ്. എന്തോ പിടിക്കാനെന്നവണം മണ്ണിനടിയിൽ നിന്ന് ഉയർന്നു വരുന്ന കൈയുടെ രൂപമാണ്.  പിന്നെയുള്ളത് പാറ്റഗോണിയയുടെ പുരാതന കാവൽക്കാരനായ മിലോഡോൺ എന്ന കൂറ്റൻ സ്ലോത്തിൻ്റെ പ്രതിമയാണ്. ഇതിൻ്റെ അവശിഷ്ടങ്ങൾ ഒരു ഗുഹയിൽ നിന്ന് ലഭിച്ചിട്ടുണ്ടത്രെ. അവിടെയുമുണ്ട് ഇത് പോലെ ഒരു കൂറ്റൻ പ്രതിമ. അതിനെ കുറിച്ച് പിന്നെയെഴുതാം.

Pic: Photomanz (Hussain Chirathodi)/Canva Design

തീരത്തെ ബെഞ്ചിലിരുന്ന് വെള്ളത്തിൽ നീന്തി തുടിക്കുന്ന അരയനങ്ങളെ നോക്കിയിരിക്കുമ്പോഴാണ് പണ്ട് കപ്പലുകൾ അടുപ്പിച്ചിരുന്ന പഴയ മരത്തൂണുകൾ കണ്ടത്. കടലിലേക്ക് നീണ്ട് കിടക്കുന്ന അവയുടെ പഴയ  പ്രതാപകാലത്തെ കുറിച്ച് വെറുതെ ഒന്നോർത്തു. ഇന്റർനെറ്റിനെ ആശ്രയിക്കാനാവാത്തതിനാൽ ഹുസൈൻ ഭൂപടം പഠിക്കുന്ന തിരക്കിലായി. വേനൽക്കാലമാണെങ്കിലും പ്രവചനാതീതമായ കാലാവസ്ഥയാണ്. എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നതിനാലാവും ആളുകൾ ധൃതിയിൽ നടന്നു പോകുന്നത്. തെരുവിലെ ഭക്ഷണശാലകളിൽ തിരക്കേറി തുടങ്ങിയിരുന്നു. വിറക്കടുപ്പിനു മുകളിൽവെച്ച് സാവധാനം ചുട്ടെടുക്കുന്ന പാറ്റഗോണിയൻ ആട്ടിറച്ചിയുടെ കൊതിപ്പിക്കുന്ന മണം ഞങ്ങളെയും കീഴടക്കി. 

കാറ്റുണ്ടെങ്കിലും ശക്തി കുറവായതിനാലാവും ചിലരെല്ലാം ഭക്ഷണവുമായി പുറത്തെ ബെഞ്ചുകളിൽ ഇരിക്കുന്നുണ്ട്. പലതരം സമുദ്രവിഭവങ്ങളുടെയും  ഇറച്ചിവിഭവങ്ങളുടെയും സമ്മിശ്രഗന്ധം അന്തരീക്ഷത്തിൽ ലയിച്ചിരുന്നു.. വെള്ളത്തിലെ അണുബാധ കാരണം സഞ്ചാരികൾ സമുദ്രവിഭവങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതരുടെ  മുന്നറിയിപ്പ് ഭക്ഷണശാലകളിൽ പതിച്ചിട്ടുണ്ട്. അത് വായിച്ചതോടെ എൻ്റെ മീൻ കൊതി ശമിച്ചു! കാറ്റും തണുപ്പും കൂടിയപ്പോൾ ഞങ്ങൾ നന്തൂസിലേക്ക് കയറി. താമസിക്കുന്ന ഹോട്ടലിൽ നിന്ന് നന്തൂസിലെ ഭക്ഷണത്തിനൊരു കൂപ്പൺ തന്നിരുന്നതിനാലാണ് അവിടേക്ക് തന്നെ പോയത്. പുറത്തെ കാഴ്ചകൾ കണ്ട് പിറ്റേന്നത്തെ കാലാവസ്ഥയുടെയും തയ്യാറെടുപ്പിൻ്റെയും ചർച്ചക്കിടയിൽ ഭക്ഷണം മുന്നിലെത്തിയത് അറിഞ്ഞില്ല... നാളത്തെ കാര്യം നാളെയ്ക്ക് വിട്ട് വിശപ്പിനെ ശമിപ്പിക്കാനായി ഞങ്ങൾ കത്തിയും മുള്ളും കൈയിലെടുത്തു...                                                                                                                                    (തുടരും)

                  
Pic: Photomanz (Canva Design)

 
                                                                                                                                                                                           

 "Pack it in, Pack it out. Leave no trace - Preserve  and  Respect ”








2026 ജനുവരി 17, ശനിയാഴ്‌ച

ചരിത്രമുറങ്ങുന്ന ചത്വര കാഴ്ചകൾ!

ഫ്യുണിക്കുലർ മുത്തശ്ശിയുടെ മടിയിൽ നിന്നിറങ്ങി ഞങ്ങൾ പോയത് നഗരത്തുടിപ്പിലേക്കായിരുന്നു. ചരിത്രവും വർത്തമാനവും ഇഴചേർന്നു നിൽക്കുകയാണ്  സാന്റിയാഗോയുടെ ഹൃദയമായ പ്ലാസ ഡി അർമാസിൽ. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങളും, തെരുവ് ഗായകരും കച്ചവടക്കാരും സഞ്ചാരികളും ജനങ്ങളും ചേർന്ന് നഗരഹൃദയത്തെ ജീവസുറ്റതാക്കുന്നുണ്ട്.

സാൻ്റിയാഗോനഗരം സ്ഥാപിതമായ 1541 മുതൽ ഈ സ്ഥലം ചിലിയുടെ സാംസ്കാരിക കേന്ദ്രമാണ്. അവിടെ എത്തുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് ഉയർന്നു നിൽക്കുന്ന ചിലിയൻ വൈൻ പനകളാണ്. Jubaea chilensis എന്ന ഔദ്യോഗിക നാമമുള്ള ഈ പനകൾ വളരെ പതിയെ വളരുന്നവയാണ്. മൂപ്പെത്താൻ മുപ്പത് വർഷമോ അതിലധികമോ ആവുമെന്നതിനാൽ  വരും തലമുറയ്ക്ക് വേണ്ടി ഇന്നേ നട്ട് നനയ്ക്കണം. ചുറ്റിലുമുള്ള മനോഹരങ്ങളായ കെട്ടിടങ്ങളുടെ കാവൽ ചുമതല ഇവർക്കാണെന്ന മട്ടിലാണ് നിൽപ്പ്! അതിനിടയിൽ വരുന്നവരെയും പോകുന്നവരെയും കേൾക്കുകയും വേണം... പല മനുഷ്യരെ കാണുകയും പല ഭാഷകൾ  കേൾക്കുകയും ചെയ്യുന്ന ഇവർക്ക് നൂറായിരം കഥകൾ പരസ്പരം പങ്കുവെയ്ക്കാനുണ്ടാവും.   

Plaza De Armas Pic: Hussain Chirathodi (Photomanz)

ചത്വരത്തിൽ ഫ്രീഡം ഓഫ് അമേരിക്ക (Monumento a la Libertad Americana)യെന്നറിയപ്പെടുന്നൊരു സ്മാരകമുണ്ട്. ചിലിയുടെ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ ആദിമവംശജരുടെ സ്വാതന്ത്ര്യത്തിൻ്റെ പ്രതീകം കൂടിയാണീ ശില്പം. അതിനു ചുറ്റുമാണ് ജാലവിദ്യക്കാരും, മറ്റു കലാകാരന്മാരും അവരവരുടെ പ്രകടനങ്ങൾ കൊണ്ട് രംഗം കൊഴുപ്പിക്കുന്നത്. പാട്ടിനൊപ്പം തലകുലുക്കിയും കാപ്പിയും ശീതളപാനീയങ്ങളും കുടിച്ചു ചതുരംഗ കളിയിൽ മുഴുകിയിരിക്കുന്ന പ്രായമായവരാകട്ടെ യുവജനങ്ങളുടെ വൈബിന് മാറ്റു കൂട്ടുന്നുമുണ്ട്.

തലസ്ഥാനമായ സാൻ്റിയാഗോയുടെ ചരിത്രവും സംസ്കാരവും ആത്മീയതയും ഒത്തുചേരുന്ന ഒരിടമുണ്ടെങ്കിൽ അത് 'പ്ലാസ ഡി അർമാസ്' തന്നെയാണ്. വന്നുചേരുന്നവർക്കെല്ലാം പ്രിയപ്പെട്ടതാകുന്ന ഈ ചത്വരത്തിലാണ് ദൂരം കണക്കാക്കുന്ന ചിലിയുടെ 'കിലോമീറ്റർ സീറോ'(Kilometer Zero) ഫലകമുള്ളത്. കാനഡയിൽ പല ഭാഗങ്ങളിലായി കിലോമീറ്റർ സീറോ ഫലകങ്ങൾ കണ്ടിട്ടുണ്ട്. 1541ൽ പെഡ്രോ ഡി വാൽഡിവിയ എന്ന സ്പാനിഷ് കമാൻഡറാണ് സാൻ്റിയാഗോ നഗരം സ്ഥാപിച്ചത്. നഗരത്തിൻ്റെ  സിരാകേന്ദ്രമായി വാൽഡിവിയ തിരഞ്ഞെടുത്തത്തത് പ്ലാസ ഡി അർമാസായിരുന്നു. 'ആയുധങ്ങളുടെ ചത്വര'മെന്നാണീ പേരിനർത്ഥം. 

സ്പാനിഷ് ഭരണകാലത്ത് ശത്രുക്കളുടെ ആക്രമണമുണ്ടായാൽ ആയുധങ്ങളുമായി ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഒരിടമായിരുന്നു ഈ ചത്വരം. മാത്രവുമല്ല ജനങ്ങളെ  പരസ്യവിചാര ചെയ്യുകയും തൂക്കിലേറ്റുകയും ചെയ്തിരുന്ന സ്ഥലം കൂടിയാണിത്. അവിടെയിരുന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ ചിലിയുടെ രാഷ്ട്രീയ സാംസ്‌കാരിക പരിണാമത്തിൻ്റെ ശേഷിപ്പുകൾ നമുക്ക് കാണാനാവും. ചത്വരത്തിനടിയിൽ ഇൻക (Inca) സാമ്രാജ്യത്തിൻ്റെ അവശിഷ്ടങ്ങൾ മറഞ്ഞു കിടപ്പുന്നുണ്ടെന്നാണ് ഗവേഷകരുടെ വിശ്വാസം. സ്പാനിഷ് അധിനിവേശത്തിന് മുൻപ് തന്നെ ചിലിയിലെ ആദിമവംശജരുടെ പ്രധാന കേന്ദ്രമായിരുന്നു ഈ ചത്വരമെന്നതിൻ്റെ തെളിവുകൾ ഖനനത്തിലൂടെ ലഭിച്ചിട്ടുണ്ടെന്ന് പറയുന്നു. എന്തായാലും ഈ സ്ഥലം ഇമ്മിണി വല്യ ഒന്നാണ് എന്ന് സാരം. 

Metropolitan Church Pic: Hussain Chirathodi (Photomanz)

പ്ലാസയുടെ ഒരുവശത്ത് പ്രൗഢിയോടെ നിൽക്കുന്ന മെട്രോപൊളിറ്റൻ കത്തീഡ്രൽ ചിലിയുടെ ആത്മീയ കേന്ദ്രമാണ്. 18-ാനൂറ്റാണ്ടിൽ നിർമ്മിച്ച കത്തീഡ്രലിൻ്റെ വാസ്തുവിദ്യ ആരെയും  അതിശയിപ്പിക്കും. നഗരപിതാവായ വാൽഡിവിയയുടെ സ്ഥലവും വീടും നിന്നിടത്ത് ഇപ്പോൾ സെൻട്രൽ പോസ്റ്റ് ഓഫീസ് കെട്ടിടമാണ്. 1846വരെ ഇത് ചിലിയുടെ പ്രസിഡെൻഷ്യൽ കൊട്ടാരമായിരുന്നതിനാലാവും ഇതിനൊരു ക്ലാസിക് ശൈലി. ജനങ്ങൾക്ക് പോസ്റ്റോഫീസുമായുള്ള ബന്ധം താരതമ്യേന കുറഞ്ഞു വരുന്ന കാലഘട്ടത്തിലും പഴയ പ്രതാപത്തെ ഓർമ്മിപ്പിക്കും പോലെ തലയുയർത്തി നിൽക്കുന്നുണ്ട് ഈ തപാൽ കേന്ദ്രം.

പോസ്റ്റ് ഓഫീസും പള്ളിയും ഒക്കെ വിട്ട് ഞങ്ങൾ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെത്തി. അങ്ങോട്ട് വലത് കാൽവെച്ചു കയറിയപ്പോഴാണ് സെക്യൂരിറ്റിയുടെ സ്പാനിഷോപദേശം കിട്ടിയത്. 'മ്യൂസിയം കാണാൻ ടിക്കറ്റ് ഒന്നും എടുക്കണ്ട, ഫ്രീയാണ്." നല്ല കാര്യം എന്നോർത്തപ്പോഴേക്കും ദേ വന്നു അടുത്തത്. ഞങ്ങളെ ഒന്നുഴിഞ്ഞു നോക്കിയതിന് ശേഷം അദ്ദേഹം തുടർന്നു. കവചം പോലെ ശരീരത്തോട് ചേർന്നിരിക്കുന്ന ബാക്ക്പാക്ക്, ചൂടുകാരണം ഊരി കൈയിൽ പിടിച്ചിരിക്കുന്ന ജാക്കറ്റ് ഇതൊന്നും അകത്തേക്ക് കൊണ്ടു പോകാൻ പറ്റില്ല. ഒരു പെസോയുടെ നാണയമുണ്ടോ എന്നാൽ ലോക്കറിൻ്റെ ചാവി തരാം. ഇനി അതെവിടെന്ന് ഒപ്പിക്കുമെന്നാലോചിക്കുമ്പോൾ സ്നേഹത്തിൻ്റെ നിറകുടമായ ആ സ്നേഹിതൻ അദ്ദേഹത്തിൻ്റെ പോക്കറ്റിൽ നിന്ന് തന്നെ ഒരു പെസോയുടെ നാണയവും ലോക്കറിൻ്റെ ചാവിയും ഞങ്ങൾക്ക് നേരെ നീട്ടി. സാധനങ്ങൾ അവിടെവെച്ച് ലോക്കർ പൂട്ടി മ്യൂസിയത്തിനുള്ളിലേക്ക് കടന്നു.

Pic: Hussain Chirathodi (Photomanz)

ചിലിയൻ ചരിത്രവും പോരാട്ടങ്ങളും സംസ്കാരവും അടുത്തറിയാൻ സഹായിക്കുന്ന ചരിത്രമ്യൂസിയം പലാസിയോ ഡി ലാ റിയൽ ഓഡിയൻസിയ(Palacio de la Real Audiencia) എന്നറിയപ്പെടുന്ന  നിയോക്ലാസിക്കൽ കെട്ടിടത്തിലാണ്. 1804-1808നുമിടയിൽ നിർമിക്കപ്പെട്ട ഈ കെട്ടിടത്തിലാണ് പണ്ട് രാജ്യത്തെ പരമോന്നത കോടതിയും മറ്റു സർക്കാർ സംവിധാനങ്ങളുമൊക്കെ  പ്രവർത്തിച്ചിരുന്നത്. 1982ലാണ് കൊട്ടാരത്തെ ഔദ്യോഗികമായി നാഷണൽ ഹിസ്റ്ററി മ്യൂസിയമാക്കുന്നത്. പതിനെട്ട് മുറികളിലായി നൂറിലേറെ പ്രദർശന ഗാലറികളുണ്ട്. ചിലിയിലെ ആദിമനിവാസികളുടെ വസ്‌തുവകകളാണ് പ്രധാനമായും കണ്ടത്. സ്പാനിഷ് ഭരണകാലത്തെ ആയുധങ്ങൾ, വസ്ത്രങ്ങൾ ഭാവനസാമഗ്രികൾ അതിനുശേഷമുള്ള കൊളോണിയൽ കാലഘട്ടത്തെ ശേഖരങ്ങൾ എന്നിവ ശ്രദ്ധേയമാണ്. 

Mobile Click: Mubi (Canva Design)

സ്വാതന്ത്ര്യസമരകാലത്തെ ചരിത്രരേഖകളും പ്രമുഖരായ നേതാക്കളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. 1970വരെയുള്ള ചിലിയുടെ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന  ചരിത്രരേഖകളും കാണാനായി. മ്യൂസിയത്തിലെ മറ്റൊരാകർഷണം അവിടുത്തെ ക്ലോക്ക് ടവറാണ്. 1884-ലാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് ക്ലോക്ക് ടവർ പുതുക്കി പണിതത്. പൊതുജനങ്ങൾക്ക് ടവറിലേക്ക് പ്രവേശനാനുമതിയുണ്ട്. അവിടെ കയറി താഴോട്ട് നോക്കിയാൽ ചത്വരവും നഗര തിരക്കുകളും കാണാം. 

മ്യൂസിയം ലൈബ്രറിയിൽ കയറാൻ കഴിഞ്ഞില്ല. അനുവദിച്ച സമയം കഴിഞ്ഞതിനാൽ ലോക്കറിൽ നിന്ന് സാധനങ്ങളുമെടുത്ത് സെക്യൂരിറ്റി ചേട്ടൻ്റെ പൈസ തിരിച്ച് നൽകി നന്ദി പറഞ്ഞിറങ്ങി. തെരുവിലൂടെ കുറച്ചുദൂരം തെക്ക് വടക്ക് നടന്ന് ഹോട്ടലിൽ തിരിച്ചെത്തി. ഉച്ചഭക്ഷണത്തിൻ്റെ സമയം കഴിഞ്ഞതിനാൽ വെെവിധ്യങ്ങളൊന്നുമില്ല. മത്തങ്ങ സൂപ്പും പാസ്തയുമാണ് കിട്ടിയത്. അതിരാവിലെ പുറപ്പെടേണ്ടിയിരുന്നതിനാൽ ഒന്നുറങ്ങണമെന്ന ചിന്തയിലാണ് ഭക്ഷണം കഴിച്ചയുടനെ റൂമിലെത്തിയത്. ഹോട്ടലിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തിൽ കല്യാണമേളം പൊടിപൊടിക്കുമ്പോൾ ഉറക്കമൊരു സ്വപ്നം മാത്രമായി! പാട്ടും ബാൻഡ് മേളവും അരങ്ങുതകർക്കുന്ന അവരുടെ സന്തോഷത്തിൽ നിശബ്ദമായി പങ്കെടുത്ത് പാതിരാക്ക്‌ തന്നെ ഞങ്ങൾ എയർപോർട്ടിലെത്തി. അവിടെവിടെയായി കിടന്നുറങ്ങുന്ന ബാക്ക്പാക്കുകൾക്കിടയിലേക്ക് ഞങ്ങളും ചേർന്നു....                                                                                                                                                                                                                                                  (തുടരും) 



Pic: Photomanz (Canva Design)


 "Pack it in, Pack it out. Leave no trace - Preserve  and  Respect ”

 

2026 ജനുവരി 14, ബുധനാഴ്‌ച

ഫ്യൂണിക്കുലർ ഡി സാന്റിയാഗോ (Funicular de Santiago)

ചിലിയിലെ പ്രശസ്തമായ ഫ്യൂണിക്കുലർ ഡി സാന്റിയാഗോ (Funicular de Santiago) വെറുമൊരു യാത്രാമാർഗ്ഗമല്ല, മറിച്ച് ചിലിയുടെ ദേശീയ സ്മാരകവും നൂറ്റാണ്ടിൻ്റെ പഴക്കവുമുള്ള ഒരു ചരിത്ര വിസ്മയവുമാണ്1920-കളുടെ തുടക്കത്തിലാണ് ഫ്യൂണിക്കുലറിൻ്റെ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്.

Pic: Photomanz (Hussain Chirathodi)

അക്കാലത്ത് സാന്റിയാഗോ നഗരത്തിൻ്റെ വളർച്ച അതിവേഗം പുരോഗമിക്കുന്നുണ്ടായിരുന്നു. സാൻ ക്രിസ്റ്റോബൽ കുന്നിനെ ഒരു പൊതു ഉദ്യാനമാക്കി മാറ്റണമെന്ന ആവശ്യവും ശക്തമായി. ഉദ്യാനമാക്കിയാൽ തന്നെ ജനങ്ങൾക്ക് ആ കുന്നിൻ മുകളിലേക്ക് നടന്നു കയറുക പ്രയാസമായിരിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് മുകളിലേക്കൊരു യാത്രാമാർഗ്ഗമെന്ന ചിന്ത അധികാരികളിൽ ഉണരുന്നത്. 1923ൽ ഇറ്റാലിയൻ എഞ്ചിനീയർ എർണസ്റ്റോ ബോഷലിൻ്റെ നേതൃത്വത്തിൽ ഫ്യൂണിക്കുലർ കേബിളിൻ്റെ പണി തുടങ്ങി. രണ്ട് വർഷങ്ങൾക്ക് ശേഷം 1925ൽ  അന്നത്തെ പ്രസിഡന്റ് അർതുറോ അലസാന്ദ്രി പാൽമ ഇത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.  

സാധാരണ ട്രെയിനുകളിൽനിന്ന് വ്യത്യസ്തമായി കപ്പിയിലും കേബിളിലുമാണ് ഫ്യൂണിക്കുലർ പ്രവർത്തിക്കുന്നത്. രണ്ട് കാറുകൾ (Carriages) ഒരു കേബിളിൻ്റെ രണ്ട് അറ്റങ്ങളിലായി ഘടിപ്പിച്ചിട്ടുണ്ട്. ഒന്ന് താഴേക്ക് വരുമ്പോൾ അതിൻ്റെ ഭാരമൂലം മറ്റേതിനെ മുകളിലേക്ക് ഉയർത്തുന്ന വിദ്യയാണ്. അത്യാധുനിക കാലത്ത് പഴയകാല യന്ത്രസാമഗ്രികൾ ഉപയോഗിച്ച് ഇപ്പോഴും പ്രവർത്തിക്കുന്ന  ഫ്യൂണിക്കുലറിൻ്റെ ചരിത്രപരമായ മൂല്യം കണക്കിലെടുത്ത്2000 ൽ ചിലിയൻ സർക്കാർ ഇതിനെ ദേശീയ സ്മാരകമായി (National Monument) പ്രഖ്യാപിച്ചു. പ്രശസ്ത വാസ്തുശില്പിയായ ലൂസിയാനോ കുൽസെവ്സ്കി (Luciano Kulczewski) രൂപകൽപ്പന ചെയ്ത പഴയ മരത്തടിയിൽ പണിത സ്റ്റേഷനുകളാണിപ്പോഴും. കല്ലിൽ തീർത്ത ഗോപുരങ്ങളും ഇരുമ്പ് വാതിലുകളും ഇതിനൊരു ഭൂതത്താൻ കോട്ടയുടെ പരിവേഷം നൽകുന്നുണ്ട്.

Pic: Photomanz (Canva Design)


പ്രധാന ഗേറ്റ് കടന്നാൽ സഞ്ചാരികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ വോളന്റീയർമാരുണ്ട്. എവിടെ ടിക്കറ്റ് എടുക്കണം, എങ്ങോട്ടാണ് ഫ്യുണിക്കുലർ നമ്മളെ കൊണ്ട് പോവുക എന്നതൊക്കെ ആംഗലേയത്തിൽ പറഞ്ഞു തരും. 2025 ൽ ഞങ്ങളെത്തുമ്പോൾ ഫ്യുണിക്കുലറിന്‌ നൂറ് വയസ്സ് തികഞ്ഞിരുന്നു. ടിക്കറ്റ് (CAD$18.00) എടുത്ത് ഞങ്ങൾ പുറത്തെ ക്യുവിൽ നിൽക്കെയാണ് കോട്ടയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന പിയോ നോനോ സ്റ്റേഷൻ്റെ (Pio Nono Station)  പ്രവേശന കവാടം കാണുന്നത്.  അകത്തെ കാഴ്ചകൾ ഒന്നും പുറമെ നിന്ന് വ്യക്തമാവുന്നില്ലായിരുന്നു. കോട്ടയുടെ ഉള്ളിലേക്ക് കടന്നപ്പോഴാണ് ആളുകളുടെ തിരക്കും ചൂടിൻ്റെ കാഠിന്യവും അനുഭവിച്ചറിഞ്ഞത്. ഞങ്ങൾക്ക് കുന്നിൻ്റെ ഏറ്റവും മുകളിലത്തെ സ്റ്റേഷനായ  കുംബ്രെ (Cumbre)യിലാണ് ഇറങ്ങേണ്ടത്പ്രശസ്തമായ കന്യാമറിയത്തിൻ്റെ പ്രതിമയുള്ളത് ഇവിടെയാണ്. "പടച്ചോനെ കാത്തോളീം...100 വയസ്സിൻ്റെ ബലമുള്ള കപ്പിയിലും കേബിളിലുമാണ് കുന്ന് കയറുന്നത്.  

നഗരത്തിൻ്റെ മനോഹരമായ കാഴ്ചകൾ ഫ്യൂണിക്കുലർ യാത്രയിൽ കാണാംവൈകുന്നേരത്തെ സൂര്യാസ്തമയ കാഴ്ചയാണ് ഏറ്റവും ഹൃദ്യമെങ്കിലും ആ സമയം തിരക്കും കൂടുതലായിരിക്കും. ഞങ്ങൾക്ക് പിന്നെയും യാത്രയുള്ളതിനാൽ ഉച്ചയ്‌ക്ക്‌ മുൻപായി മാതാവിനെയും കണ്ടിറങ്ങേണ്ടിയിരുന്നു. സാന്റിയാഗോ നഗരത്തിന് പിന്നിലായി മഞ്ഞുമൂടിയ ആൻഡീസ് പർവതനിരകൾ (Andes Mountains) തെളിഞ്ഞ കാലാവസ്ഥയുള്ള ചില ദിവസങ്ങളിൽ കാണാനാവുമത്രെ. മൂടലുള്ളതിനാൽ ഞങ്ങൾക്ക് പർവത കാഴ്ച വ്യക്തമായിരുന്നില്ല. എന്നാലും തിരക്കേറിയ നഗരത്തിൽ നിന്ന് കുന്നിലെ  പച്ചപ്പിൻ്റെ ശാന്തതയിലേക്കുള്ള കയറ്റത്തിനൊരു പ്രത്യേക അനുഭൂതിയാണ്. ചെറുകിട കച്ചവടക്കാരുടെയും സഞ്ചാരികളുടെയും ബഹളമാണ് മുകളിലെത്തുമ്പോൾ നമ്മളെ സ്വീകരിക്കുക. ചിലിയിലെ പരമ്പരാഗത പാനീയമായ മോത്തെ കോൺ ഹ്യൂസിയോ (Mote con huesillo)യും, ഐസ്ക്രീം വില്പനക്കാരുടെയും ശബ്‌ദ കോലാഹലങ്ങൾ നമ്മുടെ പൂരപ്പറമ്പിനെ ഓർമ്മിപ്പിക്കും. ചൂടും വിയർപ്പും തളർത്തിയിരുന്നതിനാൽ പതിയെ മാതാവിൻ്റെ അടുക്കലേക്ക് പോകാമെന്ന് കരുതി ഞങ്ങൾ ഒരു മരത്തണലത്തിരുന്നു. മാതാവ് നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ.. ഷൊർണൂരിലെ കോൺവെന്റ് സ്‌കൂളിൽ സിസ്റ്റർമാരുടെ മഠത്തിലെ പൂന്തോട്ടത്തിൽ മാതാവുണ്ടായിരുന്നു. ചെറിയ ക്ലാസ്സിലായിരുന്നപ്പോൾ വൈകുന്നേരം ബെല്ലടിച്ചാൽ ഞങ്ങൾ  മാതാവിനെ കാണാൻ ഒരോട്ടമാണ്. പൂക്കളുടെ കണക്കെടുത്ത് തിരികെ ഓടുമ്പോഴാവും മാതാവിനെ ഓർക്കുക!


Pic: Photomanz / Canva Design 


സാന്റിയാഗോ നഗരത്തിന് കാവൽ നിൽക്കുന്ന സാൻ ക്രിസ്റ്റോബൽ കുന്നിനെ ദൈവങ്ങളുടെ ഇടമെന്നും വിളിക്കാറുണ്ട്. അവിടെത്തെ  കന്യാമറിയത്തിൻ്റെ പ്രതിമയെ കുറിച്ച്‌ ചരിത്രവും വിശ്വാസവും ചേർന്ന കഥകൾക്കും കുറവില്ല. കഥകളുടെ തുടക്കം സ്പാനിഷ് അധിനിവേശത്തിന് മുൻപേ ആരംഭിക്കുന്നുണ്ട്. ആ കാലത്ത് ഈ പ്രദേശം ഭരിച്ചിരുന്ന മാപുചെ (Mapuche) വിഭാഗക്കാരാണ് കുന്നിനെ അവരുടെ ഭാഷയിൽ ദൈവത്തിൻ്റെ ഇടമെന്നർത്ഥം വരുന്ന 'തുപാഹു' (Tupahue) എന്ന് വിളിച്ചതത്രെ. അതിനുശേഷം സ്പാനിഷുകാരുടെ വരവോടു കൂടിയാണ് കുന്നിന്  യാത്രക്കാരുടെ മധ്യസ്ഥനായ വിശുദ്ധ ക്രിസ്റ്റഫറിൻ്റെ പേര് നൽകുന്നതും ഒരു ദേവാലയം നിർമ്മിക്കുന്നതും.

Mobile Click: Mubi 

മാതാവിൻ്റെ  വിഗ്രഹത്തിന് 14 മീറ്റർ ഉയരവും, 3600 കിലോ ഭാരവുമുണ്ടെന്നാണ് കണക്ക്. ഏത് ആപൽഘട്ടത്തിലും നഗരത്തെ കാത്തുരക്ഷിക്കുന്നതും, ഭൂകമ്പങ്ങളിൽ നിന്ന് സാന്റിയാഗോ നഗരം സുരക്ഷിതമായിരിക്കുന്നതും മാതാവിൻ്റെ കാവൽ കൊണ്ടാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. കൺചിമ്മാതെ  കൈകൾനിവർത്തി രാവും പകലും മാതാവ് കാക്കുന്നുണ്ടെന്ന് സാന്റിയാഗോ നഗരത്തിലെ ജനങ്ങളുടെ തകർക്കാൻ പറ്റാത്ത വിശ്വാസമാണ്. അതൊക്കെ ശരിതന്നെ, എന്നാൽ സ്വന്തം ഫോണും ക്യാമറയും, കീശയിലെ  പൈസയും പാസ്സ്പോർട്ടും ആ പരിധിക്ക് പുറത്താണ് അവനവൻ ശ്രദ്ധിച്ചാൽ തടി കേടാകാതെ തിരിച്ചു പോരാം.  

വിഗ്രഹനിർമ്മാണവുമായി ബന്ധപ്പെടുത്തി നിലവിലുള്ള മറ്റൊരു കഥയിൽ അതിനുള്ള അന്താരാഷ്ട്ര ബന്ധമാണ്.  റോമിലെ 'സ്പാനിഷ് സ്റ്റെപ്സിന്' (Spanish Steps) സമീപത്തുള്ള 'ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ' (Immaculate Conception) തൂണിലെ വിഗ്രഹത്തിനോട് സാമ്യമുള്ള ഈ പ്രതിമ വാർത്തെടുത്തത് ഫ്രാൻസിലെ ഒരു പ്രശസ്തമായ ലോഹശാലയിലാണെന്നാണ്. അങ്ങനെ കടൽ കടന്ന് ചിലിയുടെ മണ്ണിലെത്തിയ മാതാവിൻ്റെ  വിഗ്രഹമാണ് സാന്റിയാഗോയുടെ സുപ്രധാന അടയാളമായി മാറിയിരിക്കുന്നത്1987- വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ സന്ദർശനം പ്രശസ്തിക്കും വിശ്വാസത്തിനും ആക്കം കൂട്ടുകയാണുണ്ടായത്.

Selfie click from Cerro San Cristóbal


കുന്നിന് മുകളിൽ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. രണ്ട് ഐസ്ക്രീം വാങ്ങി നുണഞ്ഞ് ഞങ്ങൾ കാഴ്ചകളിലേക്ക് ഊളിയിട്ടു. മുകളിൽ നിന്ന് നോക്കിയാൽ നഗരദൃശ്യങ്ങൾ കാണാം. ഞായറാഴ്ചയായതിനാൽ പള്ളിയിൽ പ്രാർത്ഥന നടക്കുന്നുണ്ട്. വിശ്വാസികളുടെ തിരക്ക് കാരണം താഴേക്കിറങ്ങാൻ കുറച്ചു സമയം കാത്തു നിൽക്കേണ്ടിയിരുന്നു. ചുവന്ന കുഞ്ഞു പെട്ടികൾ കമ്പിയിലൂടെ കുത്തനെ ഇറങ്ങുന്നത് കാണുമ്പോൾ ശകലം ഭയമൊക്കെ  തോന്നയ്‌കയില്ല. ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ചുവന്ന പരവതാനിയിൽ ഒരു പൂച്ച സർ കിടപ്പുണ്ട്. ഭക്ഷണവും വെള്ളവും തൊട്ടടുത്ത് തന്നെ, ദൂരെയൊന്നും പോകണ്ട. വെള്ളം കുടിച്ചും ഭക്ഷിച്ചും വിശ്രമിച്ച് ഫ്യുണിക്കുലറിൻ്റെ  പോക്കുവരവുകൾ എണ്ണി തിട്ടപ്പെടുത്തി കിടക്കുന്ന ആശാനെ നോക്കി വെറുതെ അസൂയപ്പെട്ടു കൊണ്ട് ഞങ്ങൾ മാതാവിൻ്റെ കുന്നിറങ്ങി...
                                                                                                                                    (തുടരും)

 

"Pack it in, Pack it out. Leave no trace - Preserve  and  Respect ”



2026 ജനുവരി 11, ഞായറാഴ്‌ച

ലാ ചസ്കോണ (La Chascona)

"To be and not to be - that's what life is." വിഖ്യാത ചിലിയൻ കവി പാബ്ലോ നെരൂദയുടെ പ്രണയത്തിൻ്റെയും ഭാവനയുടെയും അടയാളങ്ങൾ പേറുന്ന  ലാ ചസ്കോണയിലേക്കാണ്  ഞങ്ങൾ ആദ്യം പോയത്.  സാൻ്റിയാഗോയിലെ കലകളുടെ തെരുവായ ബെല്ലവിസ്റ്റ (Bellavista)യിൽ ഒളിഞ്ഞിരിക്കുന്ന ഒരു വിസ്മയമാണ് ഈ പ്രണയസൗധം.

സാൻ ക്രിസ്റ്റോബാൽ കുന്നിൻ്റെ താഴ്വരയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 'ലാ ചസ്കോണ' എന്നാൽ 'ചീകി ഒതുക്കാത്ത മുടിയുള്ളവൾ' എന്നത്രേ. നെരൂദയുടെ കാമുകിയും പിന്നീട് മൂന്നാം ഭാര്യയുമായിത്തീർന്ന മെറ്റിൽഡ ഉറുട്ടിയയുടെ (Matilde Urrutia) ചുരുളൻ മുടിയോടുള്ള സ്നേഹസൂചകമായാണ് അദ്ദേഹം പേര് നൽകിയതെന്നാണ് ചരിത്രാഖ്യാനം. മെറ്റിൽഡയുടെ വിൽപത്ര പ്രകാരം രൂപീകരിച്ച നെരൂദ ഫൌണ്ടേഷനാണ് ലാ ചസ്‌കോണയും നെരൂദയുടെ മറ്റു രണ്ടു വീടുകളായ ഇസ്ല നെഗ്ര (Isla Negra)യും,  ലാ സെബാസ്റ്റ്യാന (La Sebastiana)യും സംരക്ഷിക്കുന്നത്. 

Pic: Mubi

ചരിത്രസ്മാരകമായി നിലനിർത്തുന്ന ലാ ചസ്‌കോണയിലേക്ക് കടക്കാൻ ഒരു പ്രവേശന ഫീസുണ്ട് (ഏകദേശം $14.00 CAD). അത് കൊടുത്ത് രശീത് തരുമ്പോൾ നമുക്കുള്ള നിർദ്ദേശങ്ങൾക്കൊപ്പം പഴയ നോക്കിയ ഫോൺ മാത്യകയിലുള്ള ഒരു ശ്രവ്യോപാധിയും തരും. വീടിൻ്റെ ഓരോ മുറിയും 1, 2 എന്നിങ്ങനെ അക്കങ്ങളാൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ മുറിയിലേക്കും നമ്മൾ കടക്കുമ്പോൾ ആ അക്കം ഞെക്കിയാൽ അതെ മുറിയുടെ വിശദമായ വിവരണം ഇംഗ്ലീഷിൽ കേൾക്കാം. ഈ ശ്രവ്യ-ഗൈഡ് സംവിധാനം എനിക്കിഷ്ടപ്പെട്ടു. ഫോട്ടോഗ്രാഫി വീടിനുള്ളിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

കാറ്റലൻ ആർക്കിടെക്റ്റായ ജർമൻ റോഡ്രിഗസ് ആര്യാസാണ് ലാ ചസ്‌കോണയുടെ ശിൽപി. കുന്നിൻ ചെരുവിലായതിനാൽ പല തട്ടുകളിലായി ഒരു കപ്പലിൻ്റെ മാതൃകയിലാണ് വീടിൻ്റെ നിർമാണം. രണ്ട് മുറികൾ മാത്രം പണിത് മെറ്റിൽഡ ഇതിൽ താമസം തുടങ്ങിയപ്പോഴും നെരൂദ തൻ്റെ രണ്ടാമത്തെ പത്നിയായ ഡാലിയക്കൊപ്പമായിരുന്നു. 1955 ൽ വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം നെരൂദ മെറ്റിൽഡക്കൊപ്പം താമസമാരംഭിച്ചു. 1973 ലെ പട്ടാള അട്ടിമറിയെ തുടർന്ന് വീട് കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അതെ വര്ഷം സെപ്റ്റംബറിലായിരുന്നു നെരൂദയുടെ മരണവും. മാറിയ രാഷ്ട്രീയാന്തരീക്ഷത്തിലെ അരക്ഷിതാവസ്ഥയിലും മെറ്റിൽഡ ആ വീട്ടിൽ തന്നെയാണ് താമസിച്ചത്. അവരാണ് ആ വീട് പുതുക്കി പണിതതും നഷ്ടപ്പെട്ടു പോയ വസ്തുക്കൾ വീണ്ടെടുക്കാൻ ശ്രമിച്ചതും. തൻ്റെ കാലശേഷം കവിയുടെ വീടുകളും വസ്തുവകകളും സംരക്ഷക്കുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു.

Pic: Neruda Foundation Area (Photomanz / Canva) 

വീടിനകത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നെരൂദ ശേഖരിച്ച കളിപ്പാട്ടങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്നൊരു വർണ്ണ കുതിരയുമുണ്ട്. ആഫ്രിക്കൻ തടി ശില്പങ്ങളും, അപൂർവ്വമായ മദ്യകുപ്പികളുടെ ശേഖരവും, ഭൂപടങ്ങളും പുസ്തകങ്ങളും ആർട്ട് ഗാലറിയുമുണ്ട് ലാ ചസ്‌കോണയിൽ. ഓരോ മുറികളിലൂടെ നടക്കുമ്പോഴും ഇംഗ്ലീഷിൽ കേൾക്കുന്ന വിവരണങ്ങളിലൂടെ അവിടെ ജീവിച്ചവരുടെ സാമൂഹിക- സാംസ്‌കാരിക -രാഷ്ട്രീയ ചിത്രം വരച്ചെടുക്കാം. ഇടുങ്ങിയ ഗോവണികളും വൃത്താകൃതിയിലുള്ള ജാലകങ്ങളും ഒരു കപ്പലിനുള്ളിലെ ക്യാബിനുകളെ ഓർമിപ്പിക്കും. ഇരിപ്പുമുറിയിലെ വലിയ ജാലകത്തിലൂടെ സാന്റിയാഗോ നഗരം കാണാനാവുമായിരുന്നുവെന്നും അന്തരീക്ഷമലിനീകരണം മൂലം ഇന്ന് ആ കാഴ്ചയ്ക്ക് മങ്ങലേറ്റിയിരിക്കുന്നു എന്നൊക്കെ ശ്രവ്യോപാധിയിലൂടെ കേൾക്കുകയുണ്ടായി. ശാന്ത സമുദ്രത്തിനടുത്താണ് മറ്റ് രണ്ട് വീടുകളും. സമയക്കുറവിനാൽ ഞങ്ങൾക്ക് മറ്റുരണ്ടിടത്തും പോകാനായില്ല.

മരങ്ങളും വള്ളിച്ചെടികളും നിറഞ്ഞുനിൽക്കുന്ന  വീടിനുള്ളിലെ  ഓരോ മുറിയിലേക്കും കടക്കാൻ രഹസ്യ ഇടനാഴികളുണ്ട്അതിഥികളെ വിസ്മയിപ്പിക്കാൻ രഹസ്യ വാതിലിലൂടെ നെരൂദ അവർക്ക് മുന്നിലെത്തുകയും അപ്രത്യക്ഷനാവുകയുംചെയ്യുമായിരുന്നു. തീൻമുറിയിലെ മേശയും ഇടുങ്ങി വളഞ്ഞ ഗോവണിയും മറ്റും ചേർന്ന്  കപ്പലിനുള്ളിൽ നിൽക്കുന്ന പ്രതീതിയുണർത്തും. ഭക്ഷണമേശയിലെ ഉപ്പിൻ്റെയും  കുരുമുളകിൻ്റെയും പാത്രങ്ങളിൽ മരിയുവാന, മോർഫിൻ എന്നൊക്കെ എഴുതി ഒട്ടിച്ച് വൈദേശിക അതിഥികളെ പറ്റിക്കുന്നതും നെരൂദയുടെ വിനോദമായിരുന്നത്രെ. Marijuana & Morphine എന്ന് പേരെഴുതിയ സാൾട് ആൻഡ് പെപ്പർ കരകൗശല പാത്രങ്ങൾ ഫൗണ്ടേഷൻ്റെ ഗിഫ്റ്റ് കടയിലും കണ്ടിരുന്നു. 


Pic: Outside La Chascona (Photomanz /Canva)

ലാ ചസ്കോണയുടെ പ്രധാനമുറിയിൽ ഡീഗോ റിവേര വരച്ച മെറ്റിൽഡയുടെ പ്രശസ്തമായ ഒരു ചിത്രമുണ്ട്. രണ്ട് മുഖങ്ങളുള്ള മെറ്റിൽഡ. ഒന്ന് പുറംലോകത്തിന് അറിയുന്ന ഗായികയുടെതും മറ്റൊന്ന് നെരൂദയുടെ കാമുകിയായ മെറ്റിൽഡയുടെയും. ചിത്രത്തിൽ അവരുടെ മുടിക്കുള്ളിൽ മറഞ്ഞിരിക്കുന്ന കാമുകനായ നെരൂദയുടെ മുഖവുമുണ്ട്. കളിപ്പാട്ടങ്ങളും, പാവകളെ കൊണ്ട് അലങ്കരിച്ച കുളിമുറി കണ്ടപ്പോൾ ഒൻപത് വർഷക്കാലം മാത്രം ഈ ഭൂമിയിൽ ജീവിച്ച നെരൂദയുടെ മകളായ മൽവാ മറീനയെ ഓർത്തുപോയി. അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയായ മരിയ അന്റോണിയയാണ് മൽവയുടെ അമ്മ. "Oh Child among the roses, Oh press of doves" എന്ന വരികളിൽ തുടങ്ങുന്ന Ode With a Lament കവിത മൽവയെ കുറിച്ചാണ്.

വീടിന് പുറത്തെ കുറച്ച് ചിത്രങ്ങളെടുത്ത്‌ ഓഡിയോ ഗൈഡും തിരിച്ചു നൽകി ഞങ്ങൾ തെരുവിലേക്കിറങ്ങി. ഭക്ഷണശാലകളിലേക്ക് സഞ്ചാരികളെ നിർബന്ധിച്ച് വിളിച്ചു കൊണ്ടുപോകുന്നവരുടെ തിക്കും തിരക്കുമാണെങ്ങും. ഈ വിളികളെ അവഗണിക്കുന്നവരെ സ്പാനിഷിൽ തെറി വിളിക്കുന്നവരുമുണ്ട്, അതിലൊന്നും അടിപതറാതെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ആദ്യമേ കിട്ടിയതിനാൽ ഞങ്ങൾ അവിടെന്ന് ചരിത്രപ്രധാനമായ ഫ്യുണിക്കുലർ ലക്ഷ്യമാക്കി വേഗത്തിൽ  നടന്നു.                                                                                                                                                                                                                                          (തുടരും)

Pic: Street View/ Photomanz (Canva)


"Pack it in, Pack it out. Leave no trace - Preserve  and  Respect ”