ചിലിയിലെ പ്രശസ്തമായ ഫ്യൂണിക്കുലർ ഡി സാന്റിയാഗോ (Funicular de Santiago) വെറുമൊരു യാത്രാമാർഗ്ഗമല്ല, മറിച്ച് ചിലിയുടെ ദേശീയ സ്മാരകവും നൂറ്റാണ്ടിൻ്റെ പഴക്കവുമുള്ള ഒരു ചരിത്ര വിസ്മയവുമാണ്. 1920-കളുടെ തുടക്കത്തിലാണ് ഫ്യൂണിക്കുലറിൻ്റെ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്.
 |
| Pic: Photomanz (Hussain Chirathodi) |
അക്കാലത്ത് സാന്റിയാഗോ നഗരത്തിൻ്റെ വളർച്ച അതിവേഗം പുരോഗമിക്കുന്നുണ്ടായിരുന്നു. സാൻ ക്രിസ്റ്റോബൽ കുന്നിനെ ഒരു പൊതു ഉദ്യാനമാക്കി മാറ്റണമെന്ന ആവശ്യവും ശക്തമായി. ഉദ്യാനമാക്കിയാൽ തന്നെ ജനങ്ങൾക്ക് ആ കുന്നിൻ മുകളിലേക്ക് നടന്നു കയറുക പ്രയാസമായിരിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് മുകളിലേക്കൊരു യാത്രാമാർഗ്ഗമെന്ന ചിന്ത അധികാരികളിൽ ഉണരുന്നത്. 1923ൽ ഇറ്റാലിയൻ എഞ്ചിനീയർ എർണസ്റ്റോ ബോഷലിൻ്റെ നേതൃത്വത്തിൽ ഫ്യൂണിക്കുലർ കേബിളിൻ്റെ പണി തുടങ്ങി. രണ്ട് വർഷങ്ങൾക്ക് ശേഷം 1925ൽ അന്നത്തെ പ്രസിഡന്റ് അർതുറോ അലസാന്ദ്രി പാൽമ ഇത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സാധാരണ ട്രെയിനുകളിൽനിന്ന് വ്യത്യസ്തമായി കപ്പിയിലും കേബിളിലുമാണ് ഫ്യൂണിക്കുലർ പ്രവർത്തിക്കുന്നത്. രണ്ട് കാറുകൾ (Carriages) ഒരു കേബിളിൻ്റെ രണ്ട് അറ്റങ്ങളിലായി ഘടിപ്പിച്ചിട്ടുണ്ട്. ഒന്ന് താഴേക്ക് വരുമ്പോൾ അതിൻ്റെ ഭാരമൂലം മറ്റേതിനെ മുകളിലേക്ക് ഉയർത്തുന്ന വിദ്യയാണ്. അത്യാധുനിക കാലത്ത് പഴയകാല യന്ത്രസാമഗ്രികൾ ഉപയോഗിച്ച് ഇപ്പോഴും പ്രവർത്തിക്കുന്ന ഫ്യൂണിക്കുലറിൻ്റെ ചരിത്രപരമായ മൂല്യം കണക്കിലെടുത്ത്2000 ൽ ചിലിയൻ സർക്കാർ ഇതിനെ ദേശീയ സ്മാരകമായി (National Monument) പ്രഖ്യാപിച്ചു. പ്രശസ്ത വാസ്തുശില്പിയായ ലൂസിയാനോ കുൽസെവ്സ്കി (Luciano Kulczewski) രൂപകൽപ്പന ചെയ്ത പഴയ മരത്തടിയിൽ പണിത സ്റ്റേഷനുകളാണിപ്പോഴും. കല്ലിൽ തീർത്ത ഗോപുരങ്ങളും ഇരുമ്പ് വാതിലുകളും ഇതിനൊരു ഭൂതത്താൻ കോട്ടയുടെ പരിവേഷം നൽകുന്നുണ്ട്.
 |
| Pic: Photomanz (Canva Design) |
പ്രധാന ഗേറ്റ് കടന്നാൽ സഞ്ചാരികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ വോളന്റീയർമാരുണ്ട്. എവിടെ ടിക്കറ്റ് എടുക്കണം, എങ്ങോട്ടാണ് ഫ്യുണിക്കുലർ നമ്മളെ കൊണ്ട് പോവുക എന്നതൊക്കെ ആംഗലേയത്തിൽ പറഞ്ഞു തരും. 2025 ൽ ഞങ്ങളെത്തുമ്പോൾ ഫ്യുണിക്കുലറിന് നൂറ് വയസ്സ് തികഞ്ഞിരുന്നു. ടിക്കറ്റ് (CAD$18.00) എടുത്ത് ഞങ്ങൾ പുറത്തെ ക്യുവിൽ നിൽക്കെയാണ് കോട്ടയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന പിയോ നോനോ സ്റ്റേഷൻ്റെ (Pio Nono Station) പ്രവേശന കവാടം കാണുന്നത്. അകത്തെ കാഴ്ചകൾ ഒന്നും പുറമെ നിന്ന് വ്യക്തമാവുന്നില്ലായിരുന്നു. കോട്ടയുടെ ഉള്ളിലേക്ക് കടന്നപ്പോഴാണ് ആളുകളുടെ തിരക്കും ചൂടിൻ്റെ കാഠിന്യവും അനുഭവിച്ചറിഞ്ഞത്. ഞങ്ങൾക്ക് കുന്നിൻ്റെ ഏറ്റവും മുകളിലത്തെ സ്റ്റേഷനായ കുംബ്രെ (Cumbre)യിലാണ് ഇറങ്ങേണ്ടത്. പ്രശസ്തമായ കന്യാമറിയത്തിൻ്റെ പ്രതിമയുള്ളത് ഇവിടെയാണ്. "പടച്ചോനെ കാത്തോളീം...100 വയസ്സിൻ്റെ ബലമുള്ള കപ്പിയിലും കേബിളിലുമാണ് കുന്ന് കയറുന്നത്.
നഗരത്തിൻ്റെ മനോഹരമായ കാഴ്ചകൾ ഫ്യൂണിക്കുലർ യാത്രയിൽ കാണാം. വൈകുന്നേരത്തെ സൂര്യാസ്തമയ കാഴ്ചയാണ് ഏറ്റവും ഹൃദ്യമെങ്കിലും ആ സമയം തിരക്കും കൂടുതലായിരിക്കും. ഞങ്ങൾക്ക് പിന്നെയും യാത്രയുള്ളതിനാൽ ഉച്ചയ്‌ക്ക് മുൻപായി മാതാവിനെയും കണ്ടിറങ്ങേണ്ടിയിരുന്നു. സാന്റിയാഗോ നഗരത്തിന് പിന്നിലായി മഞ്ഞുമൂടിയ ആൻഡീസ് പർവതനിരകൾ (Andes Mountains) തെളിഞ്ഞ കാലാവസ്ഥയുള്ള ചില ദിവസങ്ങളിൽ കാണാനാവുമത്രെ. മൂടലുള്ളതിനാൽ ഞങ്ങൾക്ക് പർവത കാഴ്ച വ്യക്തമായിരുന്നില്ല. എന്നാലും തിരക്കേറിയ നഗരത്തിൽ നിന്ന് കുന്നിലെ പച്ചപ്പിൻ്റെ ശാന്തതയിലേക്കുള്ള കയറ്റത്തിനൊരു പ്രത്യേക അനുഭൂതിയാണ്. ചെറുകിട കച്ചവടക്കാരുടെയും സഞ്ചാരികളുടെയും ബഹളമാണ് മുകളിലെത്തുമ്പോൾ നമ്മളെ സ്വീകരിക്കുക. ചിലിയിലെ പരമ്പരാഗത പാനീയമായ മോത്തെ കോൺ ഹ്യൂസിയോ (Mote con huesillo)യും, ഐസ്ക്രീം വില്പനക്കാരുടെയും ശബ്‌ദ കോലാഹലങ്ങൾ നമ്മുടെ പൂരപ്പറമ്പിനെ ഓർമ്മിപ്പിക്കും. ചൂടും വിയർപ്പും തളർത്തിയിരുന്നതിനാൽ പതിയെ മാതാവിൻ്റെ അടുക്കലേക്ക് പോകാമെന്ന് കരുതി ഞങ്ങൾ ഒരു മരത്തണലത്തിരുന്നു. മാതാവ് നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ.. ഷൊർണൂരിലെ കോൺവെന്റ് സ്‌കൂളിൽ സിസ്റ്റർമാരുടെ മഠത്തിലെ പൂന്തോട്ടത്തിൽ മാതാവുണ്ടായിരുന്നു. ചെറിയ ക്ലാസ്സിലായിരുന്നപ്പോൾ വൈകുന്നേരം ബെല്ലടിച്ചാൽ ഞങ്ങൾ മാതാവിനെ കാണാൻ ഒരോട്ടമാണ്. പൂക്കളുടെ കണക്കെടുത്ത് തിരികെ ഓടുമ്പോഴാവും മാതാവിനെ ഓർക്കുക!
 |
| Pic: Photomanz / Canva Design |
സാന്റിയാഗോ നഗരത്തിന് കാവൽ നിൽക്കുന്ന സാൻ ക്രിസ്റ്റോബൽ കുന്നിനെ ദൈവങ്ങളുടെ ഇടമെന്നും വിളിക്കാറുണ്ട്. അവിടെത്തെ കന്യാമറിയത്തിൻ്റെ പ്രതിമയെ കുറിച്ച് ചരിത്രവും വിശ്വാസവും ചേർന്ന കഥകൾക്കും കുറവില്ല. കഥകളുടെ തുടക്കം സ്പാനിഷ് അധിനിവേശത്തിന് മുൻപേ ആരംഭിക്കുന്നുണ്ട്. ആ കാലത്ത് ഈ പ്രദേശം ഭരിച്ചിരുന്ന മാപുചെ
(Mapuche) വിഭാഗക്കാരാണ് കുന്നിനെ അവരുടെ ഭാഷയിൽ ദൈവത്തിൻ്റെ ഇടമെന്നർത്ഥം വരുന്ന 'തുപാഹു'
(Tupahue) എന്ന് വിളിച്ചതത്രെ. അതിനുശേഷം സ്പാനിഷുകാരുടെ വരവോടു കൂടിയാണ് കുന്നിന് യാത്രക്കാരുടെ മധ്യസ്ഥനായ വിശുദ്ധ ക്രിസ്റ്റഫറിൻ്റെ പേര് നൽകുന്നതും ഒരു ദേവാലയം നിർമ്മിക്കുന്നതും.
 |
| Mobile Click: Mubi |
മാതാവിൻ്റെ വിഗ്രഹത്തിന് 14 മീറ്റർ ഉയരവും, 3600 കിലോ ഭാരവുമുണ്ടെന്നാണ് കണക്ക്. ഏത് ആപൽഘട്ടത്തിലും നഗരത്തെ കാത്തുരക്ഷിക്കുന്നതും, ഭൂകമ്പങ്ങളിൽ നിന്ന് സാന്റിയാഗോ നഗരം സുരക്ഷിതമായിരിക്കുന്നതും മാതാവിൻ്റെ കാവൽ കൊണ്ടാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. കൺചിമ്മാതെ കൈകൾനിവർത്തി രാവും പകലും മാതാവ് കാക്കുന്നുണ്ടെന്ന് സാന്റിയാഗോ നഗരത്തിലെ ജനങ്ങളുടെ തകർക്കാൻ പറ്റാത്ത വിശ്വാസമാണ്. അതൊക്കെ ശരിതന്നെ, എന്നാൽ സ്വന്തം ഫോണും ക്യാമറയും, കീശയിലെ പൈസയും പാസ്സ്പോർട്ടും ആ പരിധിക്ക് പുറത്താണ് അവനവൻ ശ്രദ്ധിച്ചാൽ തടി കേടാകാതെ തിരിച്ചു പോരാം.
വിഗ്രഹനിർമ്മാണവുമായി ബന്ധപ്പെടുത്തി നിലവിലുള്ള മറ്റൊരു കഥയിൽ അതിനുള്ള അന്താരാഷ്ട്ര ബന്ധമാണ്. റോമിലെ 'സ്പാനിഷ് സ്റ്റെപ്സിന്'
(Spanish Steps) സമീപത്തുള്ള 'ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ'
(Immaculate Conception) തൂണിലെ വിഗ്രഹത്തിനോട് സാമ്യമുള്ള ഈ പ്രതിമ വാർത്തെടുത്തത് ഫ്രാൻസിലെ ഒരു പ്രശസ്തമായ ലോഹശാലയിലാണെന്നാണ്. അങ്ങനെ കടൽ കടന്ന് ചിലിയുടെ മണ്ണിലെത്തിയ മാതാവിൻ്റെ വിഗ്രഹമാണ് സാന്റിയാഗോയുടെ സുപ്രധാന അടയാളമായി മാറിയിരിക്കുന്നത്. 1987-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ സന്ദർശനം പ്രശസ്തിക്കും വിശ്വാസത്തിനും ആക്കം കൂട്ടുകയാണുണ്ടായത്.
 |
| Selfie click from Cerro San Cristóbal |
കുന്നിന് മുകളിൽ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. രണ്ട് ഐസ്ക്രീം വാങ്ങി നുണഞ്ഞ് ഞങ്ങൾ കാഴ്ചകളിലേക്ക് ഊളിയിട്ടു. മുകളിൽ നിന്ന് നോക്കിയാൽ നഗരദൃശ്യങ്ങൾ കാണാം. ഞായറാഴ്ചയായതിനാൽ പള്ളിയിൽ പ്രാർത്ഥന നടക്കുന്നുണ്ട്. വിശ്വാസികളുടെ തിരക്ക് കാരണം താഴേക്കിറങ്ങാൻ കുറച്ചു സമയം കാത്തു നിൽക്കേണ്ടിയിരുന്നു. ചുവന്ന കുഞ്ഞു പെട്ടികൾ കമ്പിയിലൂടെ കുത്തനെ ഇറങ്ങുന്നത് കാണുമ്പോൾ ശകലം ഭയമൊക്കെ തോന്നയ്‌കയില്ല. ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ചുവന്ന പരവതാനിയിൽ ഒരു പൂച്ച സർ കിടപ്പുണ്ട്. ഭക്ഷണവും വെള്ളവും തൊട്ടടുത്ത് തന്നെ, ദൂരെയൊന്നും പോകണ്ട. വെള്ളം കുടിച്ചും ഭക്ഷിച്ചും വിശ്രമിച്ച് ഫ്യുണിക്കുലറിൻ്റെ പോക്കുവരവുകൾ എണ്ണി തിട്ടപ്പെടുത്തി കിടക്കുന്ന ആശാനെ നോക്കി വെറുതെ അസൂയപ്പെട്ടു കൊണ്ട് ഞങ്ങൾ മാതാവിൻ്റെ കുന്നിറങ്ങി...
(തുടരും)
"Pack it in, Pack it out. Leave no trace - Preserve and Respect ”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ