2026 ജനുവരി 24, ശനിയാഴ്‌ച

ചിലിയിലെ മഞ്ഞുരുകാത്ത വസന്തം!

ചിലിയിലെ പാറ്റഗോണിയൻ മേഖലയിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങുകയാണ്. Dec 8ന്  രാവിലെ 4.30ക്കായിരുന്നു പുണ്ട അരെനാസി(Punta Arenas)ലേക്കുള്ള LATAM എയർലൈൻസിൻ്റെ  വിമാനം സാന്റിയാഗോയിൽ നിന്ന് പുറപ്പെട്ടത്. നാലു മണിക്കൂറിനിടയിൽ ഒരു സ്റ്റോപ്പിൽ നിർത്തി ആളെയിറക്കാനും കയറ്റാനുമുണ്ട്. വിമാനത്തിലേക്ക് കയറുമ്പോൾ ഫ്ലൈറ്റ് അറ്റെൻഡന്റ് മരിയയുടെ  കൈയിലെ നോട്ടു പുസ്തകമാണ് ഞാൻ ശ്രദ്ധിച്ചത്.  ഓരോ യാത്രക്കാരുടെയും അടുത്ത് ചെന്ന് "ഞാൻ മരിയ, എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയണം" എന്ന് കുശലം പറയുന്ന അവരെ പലരും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. യാത്രക്കാർ പല രാജ്യക്കാരാണ്  ഇത്ര കൃത്യതയോടെ പേരുകൾ ഓർമ്മിക്കുന്നത് എങ്ങിനെയെന്ന അത്ഭുതമാണ് പലർക്കും. തൻ്റെ  നോട്ടുപുസ്തകത്തിൽ അന്നത്തെ യാത്രക്കാരുടെ പേരെഴുതിവെച്ച് അത് പഠിച്ചിട്ടാണ്  ഓരോരുത്തരുടെയും അടുത്തെത്തുമ്പോൾ പേര് വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്ത് മരിയ സംസാരിക്കുന്നതും ഭക്ഷണം നല്കുന്നതും. 

യാത്രാവിമാനത്തിലാണോ അതോ മരിയയുടെ വീട്ടിലാണോന്നുള്ള സംശയം തോന്നും വിധമാണ് അവരുടെ പെരുമാറ്റം. ഞാനുറങ്ങുന്നത് കണ്ട് ഹുസൈനോട് "അവരുറങ്ങുകയാണല്ലോ, ഉണർത്താൻ തോന്നുന്നില്ല ഒന്നും  കഴിച്ചില്ലല്ലോന്ന്" വളരെ വിഷമത്തിൽ പറഞ്ഞത് കേട്ട് മൂപ്പരെന്നെ വിളിച്ചുണർത്തി. മരിയയുടെ സഹപ്രവത്തകർ പോലും അവരുടെ പ്രവർത്തികൾ സാകൂതം നോക്കി നിൽക്കുന്നുണ്ടായിരുന്നു. എൻ്റെ സഹയാത്രികക്ക് ഇംഗ്ലീഷ് വശമില്ല. വിൻഡോ സീറ്റിൽ അവരായിരുന്നതിനാൽ പർവ്വത നിരകൾ കണ്ടു തുടങ്ങിയപ്പോൾ എന്നെ വിളിച്ചു കാണിച്ചു തരികയും എൻ്റെ ഫോൺ വാങ്ങി കുറെ ഫോട്ടോകൾ എടുക്കുകയും ചെയ്തു. പരസ്പരം സംവദിക്കാൻ ഞങ്ങൾക്ക് ഭാഷ ഒരു തടസ്സമായില്ല. മരിയയും കൂഫിയ ധരിച്ച സഹയാത്രികയും മലയാളിയായ ഞാനും ഈ യാത്രയിൽ സ്നേഹത്തിൻ്റെ ഭാഷയിൽ ബന്ധിതരായവരാണ്.

Pic: Photomanz (Hussain Chirathodi) / Canva Design

9.30 മണിയോടടുത്ത് പുണ്ട അരെനാസിൽ വിമാനമിറങ്ങി. ഈച്ച പൊതിയുന്നത് പോലെ ടാക്സിക്കാർ സഞ്ചാരികളെ പൊതിയുന്നുണ്ട്. വേണ്ടായെന്ന് പറഞ്ഞാലും അവർ വീണ്ടുമെത്തും. പ്യൂർട്ടോ നതാലെസി(Puerto Natalas)ലേക്കാണ് ഞങ്ങൾക്ക് പോകേണ്ടിയിരുന്നത്. ടിക്കറ്റ് ആദ്യമേ ബസ്ബഡ് ആപ്പ് വഴി എടുത്തുവെച്ചിരുന്നു. 10.00 മണിയാണ് ടിക്കറ്റിൽ സമയം രേഖപ്പെടുത്തിയിരുന്നത്. പത്തായപ്പോൾ വളവ് തിരിഞ്ഞ് ഫെർണാണ്ടസ് വരുന്നതു കണ്ട് സന്തോഷിച്ചെങ്കിലും യാത്രക്കാരുടെ ലിസ്റ്റിൽ ഞങ്ങളുടെ പേരില്ലായിരുന്നതിനാൽ ആ ശകടത്തിൽ ഞങ്ങളെ കയറ്റിയില്ല.

ഏകദേശം 11.00 മണിയായപ്പോഴുണ്ട് ആടിയുലഞ്ഞു കൊണ്ട് "ബസ് സുർ" വരുന്നു. ടിക്കറ്റിലെ പേരും നാളുമൊക്കെ നോക്കി തിട്ടപ്പെടുത്തി ഡ്രൈവർ ഞങ്ങളെ ബസ്സിൽ കയറാൻ അനുവദിച്ചു. അപ്പോഴേക്കും കാറ്റും മഴയും തുടികൊട്ടി തുടങ്ങിയിരുന്നു. ബസ് നീങ്ങിയപ്പോൾ വീണ്ടും ടിക്കറ്റ് പരിശോധിക്കാൻ കിളിയെത്തി. മഴകാരണം ജാലകത്തിലൂടെ  പുറത്തെ കാഴ്ചകൾ ഒന്നും വ്യക്തമായിരുന്നില്ല. ഇടയ്ക്ക് ഒന്ന് തെളിഞ്ഞപ്പോൾ കണ്ടത് നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന പുൽമേടുകളും അതിൽ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടങ്ങളെയുമാണ്. കുതിരപ്പുറത്തിരിക്കുന്ന ആട്ടിടയൻ്റെ ജോലിയെടുക്കുന്നത് അയാളുടെ കാവൽ നായ്ക്കളാണ്. അവരാണ് ഓടിനടന്ന് ഈ ആടുകളെയൊക്കെ മേയ്ക്കുന്നത്.

നാട്ടിലെ പോലെ നേർച്ചപെട്ടികളും കുഞ്ഞു ആരാധനാലയങ്ങളും വഴി നീളെയുണ്ട്. മൂന്ന് മണിക്കൂർ യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ പാറ്റഗോണിയൻ മേഖലയിലുള്ള പ്യൂർട്ടോ നതാലെസിലെ ബസ് സ്റ്റേഷനിൽ ഇറങ്ങി. വായിച്ച് സ്വപ്നം കണ്ട പ്രദേശത്താണ് എത്തിയിരിക്കുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല! പ്രകൃതി സൗന്ദര്യവും ചരിത്രവും ഇഴചേർന്നുകിടക്കുന്ന പ്യൂർട്ടോ നതാലെസിനോട് ഒറ്റനോട്ടത്തിൽ തന്നെ ആരും പ്രണയത്തിലാകും. പർവതങ്ങളും കടലിടുക്കുകളും ചുറ്റിലുമുള്ള ഈ കുഞ്ഞു പ്രദേശത്തിൻ്റെ ശാന്തതയും വൈവിധ്യവും വാക്കുകൾ കൊണ്ട് വരച്ചിട്ട ബ്രൂസിന് മനസ്സാ നന്ദി പറഞ്ഞു. താമസസ്ഥലമായ ഹോട്ടൽ ബിഗ് സുറിലേക്ക്  കുറച്ചു ദൂരമുണ്ടായിരുന്നതിനാൽ സ്റ്റേഷനിൽ നിന്നൊരു  ഊബർ വിളിച്ചു.


Pic: Hussain Chirathodi (Photomanz)

1557 ലാണ് സ്പാനിഷ് നാവികനായ യുവാൻ ലാഡ്രില്ലെറോസ് (Juan Ladrilleros) തെക്കേയമേരിക്കയുടെ അറ്റത്ത് മഞ്ഞുമലകൾ അതിരിടുന്ന ഈ തുറമുഖനഗരത്തെ കണ്ടെത്തുന്നത്.  'അവസാനത്തെ പ്രതീക്ഷ' എന്നർത്ഥം വരുന്ന 'അൾട്ടിമ എസ്പെരാൻസ'(Última Esperanza) എന്ന് പേരിടുകയും ചെയ്തു. എന്നാൽ 1911-ലാണ് പ്യൂർട്ടോ നതാലെസ് നഗരം ഔദ്യോഗികമായി സ്ഥാപിതമായത്അക്കാലത്ത് ആടുവളർത്തലും കമ്പിളവ്യവസായവുമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം. പിന്നീട് ലോകപ്രസിദ്ധമായ 'ടോറസ് ഡെൽ പൈൻനാഷണൽപാർക്കിലേക്കുള്ള പ്രധാന പാതയായി പ്യൂർട്ടോ നതാലെസ് മാറിയതോടെയാണ് വിനോദസഞ്ചാര ഭൂപടത്തിൽ ഈ പ്രദേശം ശ്രദ്ധ നേടുന്നത്. 

തദ്ദേശീയരായ 'കാവേസ്കർ(Kawésqar) ജനതയുടെയും തെഹുവൽചെ (Tehuelche വിഭാഗക്കാരുടെയും പൈതൃക ഭൂമിയാണ്യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാർ ഇവിടെ എത്തിയതോടെ പരമ്പരാഗതരീതികളിലും  സംസ്കാരത്തിലും ഏറെ മാറ്റങ്ങളുണ്ടായി. എന്നാൽ പാറ്റഗോണിയൻ സംസ്കാരത്തിൻ്റെ അടയാളമായ കുതിരസവാരിയും 'ഗൗച്ചോ' (Gaucho) ജീവിതരീതിയും അതുപോലെ ഇന്നും  പിന്തുടരുന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ഒന്നുറങ്ങി വിശ്രമിച്ചതിന് ശേഷം ഞങ്ങൾ കടൽ തീരത്തേക്ക് നടന്നു. പാതയുടെ ഇരുവശത്തുമായി നഗരസത്വത്തെ വിളിച്ചോതുന്ന കുറെ  ശില്പങ്ങളുണ്ട്.


Pic: Hussain Chirathodi (Photomanz)



റോഡ് മുറിച്ചു കടന്നാൽ ആദ്യമെതിരേൽക്കുക കാറ്റിൻ്റെ സ്മാരകമെന്ന(Monumento al Viento) പ്രശസ്തമായ ശില്പമാണ്. നിക്കോസ് കസാന്ത്സാകിസിൻ്റെ സോർബയെയാണ് അതെന്നെ ഓർമ്മപ്പെടുത്തിയത്. പാറ്റഗോണിയയിലെ കാറ്റ് കുപ്രസിദ്ധിയാർജ്ജിച്ചതാണെന്ന് തുടക്കത്തിൽ എഴുതിയിരുന്നല്ലോ. പ്രകൃതിയുടെ പ്രതിബന്ധങ്ങളെ അതിജീവിക്കുന്ന ജനതയുടെ പ്രതീകം പോലൊരു സ്ത്രീയും പുരുഷനുമാണ് ശില്പത്തിൽ. അതിനടുത്ത് എത്തുന്നവരെല്ലാം ആ തൂണിൽ പിടിച്ചു കാറ്റിലാടാൻ ശ്രമിക്കുന്നുണ്ട്.

അടുത്തത് മണ്ണിൽ നിന്നുയർന്ന് നിൽക്കുന്ന ഒരു കൂറ്റൻ കൈപ്പത്തിയുടെ 'മനോ ഡി ദേസീർട്ടൊ(Mano de Desierto)' എന്ന ശില്പമാണ്. എന്തോ പിടിക്കാനെന്നവണം മണ്ണിനടിയിൽ നിന്ന് ഉയർന്നു വരുന്ന കൈയുടെ രൂപമാണ്.  പിന്നെയുള്ളത് പാറ്റഗോണിയയുടെ പുരാതന കാവൽക്കാരനായ മിലോഡോൺ എന്ന കൂറ്റൻ സ്ലോത്തിൻ്റെ പ്രതിമയാണ്. ഇതിൻ്റെ അവശിഷ്ടങ്ങൾ ഒരു ഗുഹയിൽ നിന്ന് ലഭിച്ചിട്ടുണ്ടത്രെ. അവിടെയുമുണ്ട് ഇത് പോലെ ഒരു കൂറ്റൻ പ്രതിമ. അതിനെ കുറിച്ച് പിന്നെയെഴുതാം.

Pic: Photomanz (Hussain Chirathodi)/Canva Design

തീരത്തെ ബെഞ്ചിലിരുന്ന് വെള്ളത്തിൽ നീന്തി തുടിക്കുന്ന അരയനങ്ങളെ നോക്കിയിരിക്കുമ്പോഴാണ് പണ്ട് കപ്പലുകൾ അടുപ്പിച്ചിരുന്ന പഴയ മരത്തൂണുകൾ കണ്ടത്. കടലിലേക്ക് നീണ്ട് കിടക്കുന്ന അവയുടെ പഴയ  പ്രതാപകാലത്തെ കുറിച്ച് വെറുതെ ഒന്നോർത്തു. ഇന്റർനെറ്റിനെ ആശ്രയിക്കാനാവാത്തതിനാൽ ഹുസൈൻ ഭൂപടം പഠിക്കുന്ന തിരക്കിലായി. വേനൽക്കാലമാണെങ്കിലും പ്രവചനാതീതമായ കാലാവസ്ഥയാണ്. എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നതിനാലാവും ആളുകൾ ധൃതിയിൽ നടന്നു പോകുന്നത്. തെരുവിലെ ഭക്ഷണശാലകളിൽ തിരക്കേറി തുടങ്ങിയിരുന്നു. വിറക്കടുപ്പിനു മുകളിൽവെച്ച് സാവധാനം ചുട്ടെടുക്കുന്ന പാറ്റഗോണിയൻ ആട്ടിറച്ചിയുടെ കൊതിപ്പിക്കുന്ന മണം ഞങ്ങളെയും കീഴടക്കി. 

കാറ്റുണ്ടെങ്കിലും ശക്തി കുറവായതിനാലാവും ചിലരെല്ലാം ഭക്ഷണവുമായി പുറത്തെ ബെഞ്ചുകളിൽ ഇരിക്കുന്നുണ്ട്. പലതരം സമുദ്രവിഭവങ്ങളുടെയും  ഇറച്ചിവിഭവങ്ങളുടെയും സമ്മിശ്രഗന്ധം അന്തരീക്ഷത്തിൽ ലയിച്ചിരുന്നു.. വെള്ളത്തിലെ അണുബാധ കാരണം സഞ്ചാരികൾ സമുദ്രവിഭവങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതരുടെ  മുന്നറിയിപ്പ് ഭക്ഷണശാലകളിൽ പതിച്ചിട്ടുണ്ട്. അത് വായിച്ചതോടെ എൻ്റെ മീൻ കൊതി ശമിച്ചു! കാറ്റും തണുപ്പും കൂടിയപ്പോൾ ഞങ്ങൾ നന്തൂസിലേക്ക് കയറി. താമസിക്കുന്ന ഹോട്ടലിൽ നിന്ന് നന്തൂസിലെ ഭക്ഷണത്തിനൊരു കൂപ്പൺ തന്നിരുന്നതിനാലാണ് അവിടേക്ക് തന്നെ പോയത്. പുറത്തെ കാഴ്ചകൾ കണ്ട് പിറ്റേന്നത്തെ കാലാവസ്ഥയുടെയും തയ്യാറെടുപ്പിൻ്റെയും ചർച്ചക്കിടയിൽ ഭക്ഷണം മുന്നിലെത്തിയത് അറിഞ്ഞില്ല... നാളത്തെ കാര്യം നാളെയ്ക്ക് വിട്ട് വിശപ്പിനെ ശമിപ്പിക്കാനായി ഞങ്ങൾ കത്തിയും മുള്ളും കൈയിലെടുത്തു...                                                                                                                                    (തുടരും)

                  
Pic: Photomanz (Canva Design)

 
                                                                                                                                                                                           

 "Pack it in, Pack it out. Leave no trace - Preserve  and  Respect ”








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ