1977 ലാണ് ബ്രൂസ് ചാട്വിൻ തൻ്റെ യാത്രാവിവരണ പുസ്തകമായ ഇൻ പാറ്റഗോണിയ (In Patagonia) പ്രസിദ്ധീകരിക്കുന്നത്. ഒരിക്കൽ കാനഡയിലെ ലൈബ്രറിയിൽ പുസ്തകങ്ങൾ പരതുന്നതിനിടയിൽ പേജുകൾ പഴകിയ ആ പുസ്തകം കൈയിൽ തടഞ്ഞപ്പോൾ തിരികെ വെക്കാൻ തോന്നിയില്ല. ആറ് മാസം പാറ്റഗോണിയയിൽ യാത്ര ചെയ്തിട്ടാണ് ബ്രൂസ് തൻ്റെ യാത്രാനുഭവങ്ങൾ എഴുതിയത്. പാരീസിലെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ കണ്ട തെക്കേ അമേരിക്കയുടെ ഭൂപടമാണ് ബ്രൂസിനെ പാറ്റഗോണിയയിലേക്ക് എത്തിച്ചതെങ്കിൽ ബ്രൂസിൻ്റെ പുസ്തകമാണ് എൻ്റെ കിനാവിന് കാരണമായത്. ചില യാത്രകൾക്ക് മുന്നൊരുക്കങ്ങൾ വേണ്ടതില്ലെന്ന് തോന്നാറുണ്ട്. അതൊരു മങ്ങിയ കിനാവ് കണക്കെ മനസ്സിലുണ്ടാവും. യാതൊരു മുന്നറിയിപ്പും നൽകാതെ ആ കിനാവ് ഒരുനാൾ തെളിഞ്ഞു കത്തും. പോകേണ്ടുന്ന വഴികളും തെരുവുകളും എന്തിന് അവിടെ കാണുന്ന ആളുകളെ പോലും നമ്മൾ കണ്ടു തുടങ്ങും. ഇരുപത് വർഷങ്ങൾക്കു മുൻപ് ഉള്ളിലുറങ്ങാൻ തുടങ്ങിയൊരു യാത്രയുടെ രേഖപ്പെടുത്തലിലൂടെ ബ്ലോഗിലേക്ക് വീണ്ടും...
![]() |
| Mobile Click: Mubi |
അർജന്റീനയിലും ചിലിയിലുമായി പരന്ന് കിടക്കുകയാണ് ഐസും, കാറ്റും ചരിത്രവും ചേർന്ന് രൂപപ്പെടുത്തിയെടുത്ത പാറ്റഗോണിയ എന്ന വിശാലമായ ഭൂപ്രദേശം. അന്റാർട്ടിക്കയുടെ തൊട്ടടുത്ത് കിടക്കുന്ന ഈ വിദൂരദേശത്തെ കവാടമെന്നും ഭൂമിയുടെ അവസാനയിടമെന്നൊക്കെയാണ് സഞ്ചാരികൾ അടയാളപ്പെടുത്തുന്നത്. അവിടേക്കാണ് വൈകുന്നേരത്തെ ചായക്കൊപ്പം "2025 ലെ ആറ് ദിവസത്തെ ഒഴിവ് ബാക്കിയുണ്ട്. നമുക്ക് പാറ്റഗോണിയയിലേക്ക് പോയാലോ" എന്ന ചോദ്യത്തിനുള്ള ഉത്തരമായി പുറപ്പെട്ട് പോണത്. ബ്രൂസിൻ്റെ പുസ്തകം ഒരിക്കൽ കൂടി വായിക്കണമെന്നുണ്ടായിരുന്നു അത് നടന്നില്ല.
2025 ഡിസംബർ 6-ന് കാൽഗറിയിൽ നിന്ന് അമേരിക്കയിലെ ഡാലസ്സിലേക്കും അവിടെന്ന് ചിലിയിലെ സാന്റിയാഗോയിലേക്കുമായിരുന്നു ഞങ്ങളുടെ യാത്രയുടെ ആദ്യപടി. പത്ത് മണിക്ക് കാൽഗറി വിമാനത്താവളത്തിൽ എത്തുന്നതുവരെ യാത്രയുടെ കാര്യം അനിശ്ചിതത്തിലായിരുന്നു. മാറിമറിയുന്ന യു.എസ്. ഇമിഗ്രേഷൻ നിയമങ്ങളിലെ അവ്യക്തത തന്നെയായിരുന്നു അതിൽ പ്രധാനം. വിരലിലെണ്ണാവുന്ന ദിവസങ്ങൾ, പ്രവചനാതീതമായ കാലാവസ്ഥ അങ്ങിനെ പലതുമുണ്ടായിരുന്നു ആശങ്കകൾക്ക് ആക്കം കൂട്ടാൻ. ചിലവ് പരമാവധി കുറച്ച് രണ്ട് ബാക്ക്പാക്കുകാർ ഭൂമിയുടെ ഒരറ്റത്ത് നിന്ന് അങ്ങേത്തലക്കലേക്ക് യാത്രയാരംഭിച്ചു. സാന്റിയാഗോയിലേക്കുള്ള യാത്രക്കിടയിലാണ് പാറ്റഗോണിയയുടെ ഭൂപടം ഞാൻ വീണ്ടും നിവർത്തുന്നത്. കൂടെ ജോലിചെയ്യുന്ന അർജൻ്റീനകാരി പറഞ്ഞു തന്ന നുറുങ്ങുകളും, ബ്രൂസിനെ വായിച്ച ഓർമയും മാത്രമായിരുന്നു അതുവരെയുള്ള എൻ്റെ കൈമുതൽ.
പാറ്റഗോണിയ ട്രെക്കിങ്ങിൽ പ്രസിദ്ധമായ രണ്ട് ട്രെയിലുകളാണ് ചിലിയിലെ W-ട്രെക്കും, O-ട്രെക്കും. ഞങ്ങളുടെ യാത്രയുടെ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് O-ട്രെക്ക് ട്രെയിലിൽ ശക്തമായ കാറ്റിലും മഞ്ഞുവീഴ്ചയിലും അകപ്പെട്ട് അഞ്ചു സഞ്ചാരികൾക്ക് ജീവൻ നഷ്ടമായ വാർത്ത അറിയുന്നത്. ചിലിയൻ അധികാരികൾ അന്വേഷണാർത്ഥം ആ ട്രെയിൽ അടച്ചിരുന്നു. അതിനാൽ മലകയറുക എന്ന മോഹം ലിസ്റ്റിൽ നിന്ന് ആദ്യമേ പുറത്തായി. വരുന്നത് വരുന്നിടത്ത് വെച്ച് കാണാമെന്നിടത്തേക്ക് യാത്രയും മനസ്സും പാകപ്പെടുത്തുകയായിരുന്നു.
കാൽഗറിയിലെ മൂടൽമഞ്ഞ് കാരണം വിമാനം ഒരുമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. നാല് മണിക്കൂർ പറന്ന് വൈകീട്ട് ആറ് മണിക്ക് ഡാലസ്സിൽ ഇറങ്ങി. ഒരുമണിക്കൂറിനുള്ളിൽ അടുത്ത യാത്ര ആരംഭിച്ചു. ചിലിയിലേക്ക് വീണ്ടും പത്ത് മണിക്കൂർ വിമാനയാത്രയുണ്ട്. ഭൂപടം പഠിച്ചു മടുത്തപ്പോൾ എൻ്റെ കണ്ണ് വിമാനത്തിലെ സിനിമ കൊട്ടകയിലേക്കായി. കിട്ടിയതോ എമിലിയോ എസ്റ്റെവസ് സംവിധാനം ചെയ്ത ദി വേ (The Way) എന്ന സിനിമയാണ്. സ്പെയിനിലെ കാമിനോ ഡി സാന്റിയാഗോ (Camino de Santiago Pilgrimage)തീർത്ഥയാത്രയ്ക്കിടെ മരണപ്പെട്ട മകന് വേണ്ടി പിതാവ് ആ അഞ്ഞൂറ് മൈൽ നടന്ന് പൂർത്തിയാക്കുന്നതാണ് കഥാസാരം.
Dec 7, ഞായറാഴ്ച ചിലിയൻ സമയം രാവിലെ 7.45 ന് ഞങ്ങൾ വിശന്ന് പൊരിഞ്ഞ വയറുമായി ചിലിയുടെ മണ്ണിലിറങ്ങി.. ഫ്ലൈറ്റിലെ ഭക്ഷണം ഒട്ടും സുഖകരമായിരുന്നില്ല. ഇമിഗ്രേഷൻ ഓഫീസർ നൽകിയ PDI കടലാസ്സാണ് ഞങ്ങളുടെ വിസിറ്റർ വിസ. ഹോട്ടലിലും മറ്റെവിടെ പോയാലും ചോദിക്കുന്നതും ഇത് തന്നെ. ആ കുഞ്ഞൻ കടലാസ്സിലാതെ ഇവിടെന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് അറിയുന്നത് കൊണ്ട് ആദ്യം തന്നെ അതിൻ്റെ അസ്സലൊരു പടം പിടിച്ചു വെച്ചു. ബാക്ക്പാക്ക് മാത്രമുള്ളതിനാൽ കസ്റ്റംസ് പ്രശ്‍നങ്ങൾ ഒന്നും ഇല്ലായിരുന്നു. എയർപോർട്ടിലെ പ്രധാന സുരക്ഷ ഉദ്യോഗസ്ഥരായ ശുനകന്മാർ വരുന്നവരെയും അവരുടെ സാധനങ്ങളും നന്നായി പരിശോധിക്കുന്നുണ്ട്. ഒരുതരത്തിലുള്ള വിത്തുകളോ, പഴങ്ങളോ ചിലിയിലേക്കു കൊണ്ട് വരാൻ പാടില്ല. അത് ഫ്ലൈറ്റിൽ നിന്ന് കിട്ടുന്ന ആപ്പിളായാൽ പോലും പറ്റൂല.
വഴി ചിലവിനുള്ള ചിലിയൻ പെസോ എടുക്കാൻ പോയ ഹുസൈൻ തിരിച്ചു വരുമ്പോൾ ഞാൻ 'കാരണം കൊണ്ടോ, ബലപ്രയോഗം കൊണ്ടോ' (Por la razón o la fuerza "By reason or by force) എന്നർത്ഥം വരുന്ന ചിലിയൻ മുദ്രാവാക്യം വായിച്ചു പഠിക്കുകയായിരുന്നു. എപ്പോഴാണ് ഒരാവശ്യം വരികയെന്നറിയില്ലല്ലോ! ഒരു പൊടിക്ക് സ്പാനിഷ് ഭാഷ അറിയുമെന്ന അഹങ്കാരം ആ മുഖത്തുണ്ടായോ? അങ്ങിനെ വരാൻ വഴിയില്ല, വിശന്ന വയറിൽ നിന്ന് കൊട്ടും കുരവയും പൊങ്ങിയപ്പോൾ എനിക്ക് തോന്നിയതാവും. അടുത്ത കടമ്പ വിമാനത്താവളത്തിൽ നിന്ന് പുറത്തു കടക്കുകയെന്നതാണ്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനോട് എവിടെയാണ് ഊബർ കിട്ടുകയെന്ന് ചോദിച്ചപ്പോൾ വളരെ ഗൗരവത്തിൽ മറുപടി കിട്ടി. "ഊബർ ചിലിയിൽ നിയമവിരുദ്ധമാണ്" എൻ്റെ ഞെട്ടൽ കണ്ടിട്ടാവും അദ്ദേഹത്തിന്റെ കൂടെയുള്ള പ്രധാന ഓഫീസർ ഒന്നെണീറ്റ് ഞങ്ങളെ നോക്കിയൊന്ന് മുരണ്ട് വീണ്ടും കിടന്നു.
മറ്റെന്ത് മറന്നാലും സോറിയും, നന്ദിയും ഞങ്ങൾ കാനഡക്കാർ പൊരേന്ന് എടുക്കാൻ മറക്കാറില്ല. അത് രണ്ടും അവിടെ കൊടുത്ത് മറ്റൊരു ദിക്കിലേക്ക് മാറി ഊബർ വിളിച്ചു. ടാക്സിക്കാർ 5 കിലോമീറ്റർ അപ്പുറത്തുള്ള ഞങ്ങളുടെ ഹോട്ടലിലേക്ക് പറയുന്ന പൈസ കൊണ്ട് ചിലി മൊത്തം കറങ്ങി വരാം. ഊബർ ചേട്ടൻ എത്തിയെന്ന് സന്ദേശം കിട്ടിയെങ്കിലും ഞങ്ങൾ തമ്മിൽ കണ്ടുമുട്ടാൻ കുറച്ചു സമയമെടുത്തെങ്കിലും, പിന്നെയെല്ലാം വളരെ വേഗത്തിലായി. ഹോട്ടലിൽ ഞങ്ങളെ എത്തിച്ച് നല്ലൊരു ദിവസം ആശംസിച്ചു അയാൾ പോയി. സമയം വെറുതെ കളയാൻ ഇല്ലായിരുന്നു. അതിനാൽ യാത്രാക്ഷീണത്തെ മറന്ന് പെട്ടെന്ന് കുളിയും പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങൾ സാന്റിയാഗോ നഗരത്തിലേക്ക് ഇറങ്ങി.
![]() |
| Wall Art -Mobile Click - Mubi |
"Pack it in, Pack it out. Leave no trace - Preserve and Respect ”



No comments:
Post a Comment