2026 ജനുവരി 11, ഞായറാഴ്‌ച

ലാ ചസ്കോണ (La Chascona)

"To be and not to be - that's what life is." വിഖ്യാത ചിലിയൻ കവി പാബ്ലോ നെരൂദയുടെ പ്രണയത്തിൻ്റെയും ഭാവനയുടെയും അടയാളങ്ങൾ പേറുന്ന  ലാ ചസ്കോണയിലേക്കാണ്  ഞങ്ങൾ ആദ്യം പോയത്.  സാൻ്റിയാഗോയിലെ കലകളുടെ തെരുവായ ബെല്ലവിസ്റ്റ (Bellavista)യിൽ ഒളിഞ്ഞിരിക്കുന്ന ഒരു വിസ്മയമാണ് ഈ പ്രണയസൗധം.

സാൻ ക്രിസ്റ്റോബാൽ കുന്നിൻ്റെ താഴ്വരയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 'ലാ ചസ്കോണ' എന്നാൽ 'ചീകി ഒതുക്കാത്ത മുടിയുള്ളവൾ' എന്നത്രേ. നെരൂദയുടെ കാമുകിയും പിന്നീട് മൂന്നാം ഭാര്യയുമായിത്തീർന്ന മെറ്റിൽഡ ഉറുട്ടിയയുടെ (Matilde Urrutia) ചുരുളൻ മുടിയോടുള്ള സ്നേഹസൂചകമായാണ് അദ്ദേഹം പേര് നൽകിയതെന്നാണ് ചരിത്രാഖ്യാനം. മെറ്റിൽഡയുടെ വിൽപത്ര പ്രകാരം രൂപീകരിച്ച നെരൂദ ഫൌണ്ടേഷനാണ് ലാ ചസ്‌കോണയും നെരൂദയുടെ മറ്റു രണ്ടു വീടുകളായ ഇസ്ല നെഗ്ര (Isla Negra)യും,  ലാ സെബാസ്റ്റ്യാന (La Sebastiana)യും സംരക്ഷിക്കുന്നത്. 

Pic: Mubi

ചരിത്രസ്മാരകമായി നിലനിർത്തുന്ന ലാ ചസ്‌കോണയിലേക്ക് കടക്കാൻ ഒരു പ്രവേശന ഫീസുണ്ട് (ഏകദേശം $14.00 CAD). അത് കൊടുത്ത് രശീത് തരുമ്പോൾ നമുക്കുള്ള നിർദ്ദേശങ്ങൾക്കൊപ്പം പഴയ നോക്കിയ ഫോൺ മാത്യകയിലുള്ള ഒരു ശ്രവ്യോപാധിയും തരും. വീടിൻ്റെ ഓരോ മുറിയും 1, 2 എന്നിങ്ങനെ അക്കങ്ങളാൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ മുറിയിലേക്കും നമ്മൾ കടക്കുമ്പോൾ ആ അക്കം ഞെക്കിയാൽ അതെ മുറിയുടെ വിശദമായ വിവരണം ഇംഗ്ലീഷിൽ കേൾക്കാം. ഈ ശ്രവ്യ-ഗൈഡ് സംവിധാനം എനിക്കിഷ്ടപ്പെട്ടു. ഫോട്ടോഗ്രാഫി വീടിനുള്ളിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

കാറ്റലൻ ആർക്കിടെക്റ്റായ ജർമൻ റോഡ്രിഗസ് ആര്യാസാണ് ലാ ചസ്‌കോണയുടെ ശിൽപി. കുന്നിൻ ചെരുവിലായതിനാൽ പല തട്ടുകളിലായി ഒരു കപ്പലിൻ്റെ മാതൃകയിലാണ് വീടിൻ്റെ നിർമാണം. രണ്ട് മുറികൾ മാത്രം പണിത് മെറ്റിൽഡ ഇതിൽ താമസം തുടങ്ങിയപ്പോഴും നെരൂദ തൻ്റെ രണ്ടാമത്തെ പത്നിയായ ഡാലിയക്കൊപ്പമായിരുന്നു. 1955 ൽ വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം നെരൂദ മെറ്റിൽഡക്കൊപ്പം താമസമാരംഭിച്ചു. 1973 ലെ പട്ടാള അട്ടിമറിയെ തുടർന്ന് വീട് കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അതെ വര്ഷം സെപ്റ്റംബറിലായിരുന്നു നെരൂദയുടെ മരണവും. മാറിയ രാഷ്ട്രീയാന്തരീക്ഷത്തിലെ അരക്ഷിതാവസ്ഥയിലും മെറ്റിൽഡ ആ വീട്ടിൽ തന്നെയാണ് താമസിച്ചത്. അവരാണ് ആ വീട് പുതുക്കി പണിതതും നഷ്ടപ്പെട്ടു പോയ വസ്തുക്കൾ വീണ്ടെടുക്കാൻ ശ്രമിച്ചതും. തൻ്റെ കാലശേഷം കവിയുടെ വീടുകളും വസ്തുവകകളും സംരക്ഷക്കുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു.

Pic: Neruda Foundation Area (Photomanz / Canva) 

വീടിനകത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നെരൂദ ശേഖരിച്ച കളിപ്പാട്ടങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്നൊരു വർണ്ണ കുതിരയുമുണ്ട്. ആഫ്രിക്കൻ തടി ശില്പങ്ങളും, അപൂർവ്വമായ മദ്യകുപ്പികളുടെ ശേഖരവും, ഭൂപടങ്ങളും പുസ്തകങ്ങളും ആർട്ട് ഗാലറിയുമുണ്ട് ലാ ചസ്‌കോണയിൽ. ഓരോ മുറികളിലൂടെ നടക്കുമ്പോഴും ഇംഗ്ലീഷിൽ കേൾക്കുന്ന വിവരണങ്ങളിലൂടെ അവിടെ ജീവിച്ചവരുടെ സാമൂഹിക- സാംസ്‌കാരിക -രാഷ്ട്രീയ ചിത്രം വരച്ചെടുക്കാം. ഇടുങ്ങിയ ഗോവണികളും വൃത്താകൃതിയിലുള്ള ജാലകങ്ങളും ഒരു കപ്പലിനുള്ളിലെ ക്യാബിനുകളെ ഓർമിപ്പിക്കും. ഇരിപ്പുമുറിയിലെ വലിയ ജാലകത്തിലൂടെ സാന്റിയാഗോ നഗരം കാണാനാവുമായിരുന്നുവെന്നും അന്തരീക്ഷമലിനീകരണം മൂലം ഇന്ന് ആ കാഴ്ചയ്ക്ക് മങ്ങലേറ്റിയിരിക്കുന്നു എന്നൊക്കെ ശ്രവ്യോപാധിയിലൂടെ കേൾക്കുകയുണ്ടായി. ശാന്ത സമുദ്രത്തിനടുത്താണ് മറ്റ് രണ്ട് വീടുകളും. സമയക്കുറവിനാൽ ഞങ്ങൾക്ക് മറ്റുരണ്ടിടത്തും പോകാനായില്ല.

മരങ്ങളും വള്ളിച്ചെടികളും നിറഞ്ഞുനിൽക്കുന്ന  വീടിനുള്ളിലെ  ഓരോ മുറിയിലേക്കും കടക്കാൻ രഹസ്യ ഇടനാഴികളുണ്ട്അതിഥികളെ വിസ്മയിപ്പിക്കാൻ രഹസ്യ വാതിലിലൂടെ നെരൂദ അവർക്ക് മുന്നിലെത്തുകയും അപ്രത്യക്ഷനാവുകയുംചെയ്യുമായിരുന്നു. തീൻമുറിയിലെ മേശയും ഇടുങ്ങി വളഞ്ഞ ഗോവണിയും മറ്റും ചേർന്ന്  കപ്പലിനുള്ളിൽ നിൽക്കുന്ന പ്രതീതിയുണർത്തും. ഭക്ഷണമേശയിലെ ഉപ്പിൻ്റെയും  കുരുമുളകിൻ്റെയും പാത്രങ്ങളിൽ മരിയുവാന, മോർഫിൻ എന്നൊക്കെ എഴുതി ഒട്ടിച്ച് വൈദേശിക അതിഥികളെ പറ്റിക്കുന്നതും നെരൂദയുടെ വിനോദമായിരുന്നത്രെ. Marijuana & Morphine എന്ന് പേരെഴുതിയ സാൾട് ആൻഡ് പെപ്പർ കരകൗശല പാത്രങ്ങൾ ഫൗണ്ടേഷൻ്റെ ഗിഫ്റ്റ് കടയിലും കണ്ടിരുന്നു. 


Pic: Outside La Chascona (Photomanz /Canva)

ലാ ചസ്കോണയുടെ പ്രധാനമുറിയിൽ ഡീഗോ റിവേര വരച്ച മെറ്റിൽഡയുടെ പ്രശസ്തമായ ഒരു ചിത്രമുണ്ട്. രണ്ട് മുഖങ്ങളുള്ള മെറ്റിൽഡ. ഒന്ന് പുറംലോകത്തിന് അറിയുന്ന ഗായികയുടെതും മറ്റൊന്ന് നെരൂദയുടെ കാമുകിയായ മെറ്റിൽഡയുടെയും. ചിത്രത്തിൽ അവരുടെ മുടിക്കുള്ളിൽ മറഞ്ഞിരിക്കുന്ന കാമുകനായ നെരൂദയുടെ മുഖവുമുണ്ട്. കളിപ്പാട്ടങ്ങളും, പാവകളെ കൊണ്ട് അലങ്കരിച്ച കുളിമുറി കണ്ടപ്പോൾ ഒൻപത് വർഷക്കാലം മാത്രം ഈ ഭൂമിയിൽ ജീവിച്ച നെരൂദയുടെ മകളായ മൽവാ മറീനയെ ഓർത്തുപോയി. അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയായ മരിയ അന്റോണിയയാണ് മൽവയുടെ അമ്മ. "Oh Child among the roses, Oh press of doves" എന്ന വരികളിൽ തുടങ്ങുന്ന Ode With a Lament കവിത മൽവയെ കുറിച്ചാണ്.

വീടിന് പുറത്തെ കുറച്ച് ചിത്രങ്ങളെടുത്ത്‌ ഓഡിയോ ഗൈഡും തിരിച്ചു നൽകി ഞങ്ങൾ തെരുവിലേക്കിറങ്ങി. ഭക്ഷണശാലകളിലേക്ക് സഞ്ചാരികളെ നിർബന്ധിച്ച് വിളിച്ചു കൊണ്ടുപോകുന്നവരുടെ തിക്കും തിരക്കുമാണെങ്ങും. ഈ വിളികളെ അവഗണിക്കുന്നവരെ സ്പാനിഷിൽ തെറി വിളിക്കുന്നവരുമുണ്ട്, അതിലൊന്നും അടിപതറാതെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ആദ്യമേ കിട്ടിയതിനാൽ ഞങ്ങൾ അവിടെന്ന് ചരിത്രപ്രധാനമായ ഫ്യുണിക്കുലർ ലക്ഷ്യമാക്കി വേഗത്തിൽ  നടന്നു.                                                                                                                                                                                                                                          (തുടരും)

Pic: Street View/ Photomanz (Canva)


"Pack it in, Pack it out. Leave no trace - Preserve  and  Respect ”


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ