Santiago (Chile) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Santiago (Chile) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ജനുവരി 14, ബുധനാഴ്‌ച

ഫ്യൂണിക്കുലർ ഡി സാന്റിയാഗോ (Funicular de Santiago)

ചിലിയിലെ പ്രശസ്തമായ ഫ്യൂണിക്കുലർ ഡി സാന്റിയാഗോ (Funicular de Santiago) വെറുമൊരു യാത്രാമാർഗ്ഗമല്ല, മറിച്ച് ചിലിയുടെ ദേശീയ സ്മാരകവും നൂറ്റാണ്ടിൻ്റെ പഴക്കവുമുള്ള ഒരു ചരിത്ര വിസ്മയവുമാണ്1920-കളുടെ തുടക്കത്തിലാണ് ഫ്യൂണിക്കുലറിൻ്റെ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്.

Pic: Photomanz (Hussain Chirathodi)

അക്കാലത്ത് സാന്റിയാഗോ നഗരത്തിൻ്റെ വളർച്ച അതിവേഗം പുരോഗമിക്കുന്നുണ്ടായിരുന്നു. സാൻ ക്രിസ്റ്റോബൽ കുന്നിനെ ഒരു പൊതു ഉദ്യാനമാക്കി മാറ്റണമെന്ന ആവശ്യവും ശക്തമായി. ഉദ്യാനമാക്കിയാൽ തന്നെ ജനങ്ങൾക്ക് ആ കുന്നിൻ മുകളിലേക്ക് നടന്നു കയറുക പ്രയാസമായിരിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് മുകളിലേക്കൊരു യാത്രാമാർഗ്ഗമെന്ന ചിന്ത അധികാരികളിൽ ഉണരുന്നത്. 1923ൽ ഇറ്റാലിയൻ എഞ്ചിനീയർ എർണസ്റ്റോ ബോഷലിൻ്റെ നേതൃത്വത്തിൽ ഫ്യൂണിക്കുലർ കേബിളിൻ്റെ പണി തുടങ്ങി. രണ്ട് വർഷങ്ങൾക്ക് ശേഷം 1925ൽ  അന്നത്തെ പ്രസിഡന്റ് അർതുറോ അലസാന്ദ്രി പാൽമ ഇത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.  

സാധാരണ ട്രെയിനുകളിൽനിന്ന് വ്യത്യസ്തമായി കപ്പിയിലും കേബിളിലുമാണ് ഫ്യൂണിക്കുലർ പ്രവർത്തിക്കുന്നത്. രണ്ട് കാറുകൾ (Carriages) ഒരു കേബിളിൻ്റെ രണ്ട് അറ്റങ്ങളിലായി ഘടിപ്പിച്ചിട്ടുണ്ട്. ഒന്ന് താഴേക്ക് വരുമ്പോൾ അതിൻ്റെ ഭാരമൂലം മറ്റേതിനെ മുകളിലേക്ക് ഉയർത്തുന്ന വിദ്യയാണ്. അത്യാധുനിക കാലത്ത് പഴയകാല യന്ത്രസാമഗ്രികൾ ഉപയോഗിച്ച് ഇപ്പോഴും പ്രവർത്തിക്കുന്ന  ഫ്യൂണിക്കുലറിൻ്റെ ചരിത്രപരമായ മൂല്യം കണക്കിലെടുത്ത്2000 ൽ ചിലിയൻ സർക്കാർ ഇതിനെ ദേശീയ സ്മാരകമായി (National Monument) പ്രഖ്യാപിച്ചു. പ്രശസ്ത വാസ്തുശില്പിയായ ലൂസിയാനോ കുൽസെവ്സ്കി (Luciano Kulczewski) രൂപകൽപ്പന ചെയ്ത പഴയ മരത്തടിയിൽ പണിത സ്റ്റേഷനുകളാണിപ്പോഴും. കല്ലിൽ തീർത്ത ഗോപുരങ്ങളും ഇരുമ്പ് വാതിലുകളും ഇതിനൊരു ഭൂതത്താൻ കോട്ടയുടെ പരിവേഷം നൽകുന്നുണ്ട്.

Pic: Photomanz (Canva Design)


പ്രധാന ഗേറ്റ് കടന്നാൽ സഞ്ചാരികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ വോളന്റീയർമാരുണ്ട്. എവിടെ ടിക്കറ്റ് എടുക്കണം, എങ്ങോട്ടാണ് ഫ്യുണിക്കുലർ നമ്മളെ കൊണ്ട് പോവുക എന്നതൊക്കെ ആംഗലേയത്തിൽ പറഞ്ഞു തരും. 2025 ൽ ഞങ്ങളെത്തുമ്പോൾ ഫ്യുണിക്കുലറിന്‌ നൂറ് വയസ്സ് തികഞ്ഞിരുന്നു. ടിക്കറ്റ് (CAD$18.00) എടുത്ത് ഞങ്ങൾ പുറത്തെ ക്യുവിൽ നിൽക്കെയാണ് കോട്ടയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന പിയോ നോനോ സ്റ്റേഷൻ്റെ (Pio Nono Station)  പ്രവേശന കവാടം കാണുന്നത്.  അകത്തെ കാഴ്ചകൾ ഒന്നും പുറമെ നിന്ന് വ്യക്തമാവുന്നില്ലായിരുന്നു. കോട്ടയുടെ ഉള്ളിലേക്ക് കടന്നപ്പോഴാണ് ആളുകളുടെ തിരക്കും ചൂടിൻ്റെ കാഠിന്യവും അനുഭവിച്ചറിഞ്ഞത്. ഞങ്ങൾക്ക് കുന്നിൻ്റെ ഏറ്റവും മുകളിലത്തെ സ്റ്റേഷനായ  കുംബ്രെ (Cumbre)യിലാണ് ഇറങ്ങേണ്ടത്പ്രശസ്തമായ കന്യാമറിയത്തിൻ്റെ പ്രതിമയുള്ളത് ഇവിടെയാണ്. "പടച്ചോനെ കാത്തോളീം...100 വയസ്സിൻ്റെ ബലമുള്ള കപ്പിയിലും കേബിളിലുമാണ് കുന്ന് കയറുന്നത്.  

നഗരത്തിൻ്റെ മനോഹരമായ കാഴ്ചകൾ ഫ്യൂണിക്കുലർ യാത്രയിൽ കാണാംവൈകുന്നേരത്തെ സൂര്യാസ്തമയ കാഴ്ചയാണ് ഏറ്റവും ഹൃദ്യമെങ്കിലും ആ സമയം തിരക്കും കൂടുതലായിരിക്കും. ഞങ്ങൾക്ക് പിന്നെയും യാത്രയുള്ളതിനാൽ ഉച്ചയ്‌ക്ക്‌ മുൻപായി മാതാവിനെയും കണ്ടിറങ്ങേണ്ടിയിരുന്നു. സാന്റിയാഗോ നഗരത്തിന് പിന്നിലായി മഞ്ഞുമൂടിയ ആൻഡീസ് പർവതനിരകൾ (Andes Mountains) തെളിഞ്ഞ കാലാവസ്ഥയുള്ള ചില ദിവസങ്ങളിൽ കാണാനാവുമത്രെ. മൂടലുള്ളതിനാൽ ഞങ്ങൾക്ക് പർവത കാഴ്ച വ്യക്തമായിരുന്നില്ല. എന്നാലും തിരക്കേറിയ നഗരത്തിൽ നിന്ന് കുന്നിലെ  പച്ചപ്പിൻ്റെ ശാന്തതയിലേക്കുള്ള കയറ്റത്തിനൊരു പ്രത്യേക അനുഭൂതിയാണ്. ചെറുകിട കച്ചവടക്കാരുടെയും സഞ്ചാരികളുടെയും ബഹളമാണ് മുകളിലെത്തുമ്പോൾ നമ്മളെ സ്വീകരിക്കുക. ചിലിയിലെ പരമ്പരാഗത പാനീയമായ മോത്തെ കോൺ ഹ്യൂസിയോ (Mote con huesillo)യും, ഐസ്ക്രീം വില്പനക്കാരുടെയും ശബ്‌ദ കോലാഹലങ്ങൾ നമ്മുടെ പൂരപ്പറമ്പിനെ ഓർമ്മിപ്പിക്കും. ചൂടും വിയർപ്പും തളർത്തിയിരുന്നതിനാൽ പതിയെ മാതാവിൻ്റെ അടുക്കലേക്ക് പോകാമെന്ന് കരുതി ഞങ്ങൾ ഒരു മരത്തണലത്തിരുന്നു. മാതാവ് നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ.. ഷൊർണൂരിലെ കോൺവെന്റ് സ്‌കൂളിൽ സിസ്റ്റർമാരുടെ മഠത്തിലെ പൂന്തോട്ടത്തിൽ മാതാവുണ്ടായിരുന്നു. ചെറിയ ക്ലാസ്സിലായിരുന്നപ്പോൾ വൈകുന്നേരം ബെല്ലടിച്ചാൽ ഞങ്ങൾ  മാതാവിനെ കാണാൻ ഒരോട്ടമാണ്. പൂക്കളുടെ കണക്കെടുത്ത് തിരികെ ഓടുമ്പോഴാവും മാതാവിനെ ഓർക്കുക!


Pic: Photomanz / Canva Design 


സാന്റിയാഗോ നഗരത്തിന് കാവൽ നിൽക്കുന്ന സാൻ ക്രിസ്റ്റോബൽ കുന്നിനെ ദൈവങ്ങളുടെ ഇടമെന്നും വിളിക്കാറുണ്ട്. അവിടെത്തെ  കന്യാമറിയത്തിൻ്റെ പ്രതിമയെ കുറിച്ച്‌ ചരിത്രവും വിശ്വാസവും ചേർന്ന കഥകൾക്കും കുറവില്ല. കഥകളുടെ തുടക്കം സ്പാനിഷ് അധിനിവേശത്തിന് മുൻപേ ആരംഭിക്കുന്നുണ്ട്. ആ കാലത്ത് ഈ പ്രദേശം ഭരിച്ചിരുന്ന മാപുചെ (Mapuche) വിഭാഗക്കാരാണ് കുന്നിനെ അവരുടെ ഭാഷയിൽ ദൈവത്തിൻ്റെ ഇടമെന്നർത്ഥം വരുന്ന 'തുപാഹു' (Tupahue) എന്ന് വിളിച്ചതത്രെ. അതിനുശേഷം സ്പാനിഷുകാരുടെ വരവോടു കൂടിയാണ് കുന്നിന്  യാത്രക്കാരുടെ മധ്യസ്ഥനായ വിശുദ്ധ ക്രിസ്റ്റഫറിൻ്റെ പേര് നൽകുന്നതും ഒരു ദേവാലയം നിർമ്മിക്കുന്നതും.

Mobile Click: Mubi 

മാതാവിൻ്റെ  വിഗ്രഹത്തിന് 14 മീറ്റർ ഉയരവും, 3600 കിലോ ഭാരവുമുണ്ടെന്നാണ് കണക്ക്. ഏത് ആപൽഘട്ടത്തിലും നഗരത്തെ കാത്തുരക്ഷിക്കുന്നതും, ഭൂകമ്പങ്ങളിൽ നിന്ന് സാന്റിയാഗോ നഗരം സുരക്ഷിതമായിരിക്കുന്നതും മാതാവിൻ്റെ കാവൽ കൊണ്ടാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. കൺചിമ്മാതെ  കൈകൾനിവർത്തി രാവും പകലും മാതാവ് കാക്കുന്നുണ്ടെന്ന് സാന്റിയാഗോ നഗരത്തിലെ ജനങ്ങളുടെ തകർക്കാൻ പറ്റാത്ത വിശ്വാസമാണ്. അതൊക്കെ ശരിതന്നെ, എന്നാൽ സ്വന്തം ഫോണും ക്യാമറയും, കീശയിലെ  പൈസയും പാസ്സ്പോർട്ടും ആ പരിധിക്ക് പുറത്താണ് അവനവൻ ശ്രദ്ധിച്ചാൽ തടി കേടാകാതെ തിരിച്ചു പോരാം.  

വിഗ്രഹനിർമ്മാണവുമായി ബന്ധപ്പെടുത്തി നിലവിലുള്ള മറ്റൊരു കഥയിൽ അതിനുള്ള അന്താരാഷ്ട്ര ബന്ധമാണ്.  റോമിലെ 'സ്പാനിഷ് സ്റ്റെപ്സിന്' (Spanish Steps) സമീപത്തുള്ള 'ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ' (Immaculate Conception) തൂണിലെ വിഗ്രഹത്തിനോട് സാമ്യമുള്ള ഈ പ്രതിമ വാർത്തെടുത്തത് ഫ്രാൻസിലെ ഒരു പ്രശസ്തമായ ലോഹശാലയിലാണെന്നാണ്. അങ്ങനെ കടൽ കടന്ന് ചിലിയുടെ മണ്ണിലെത്തിയ മാതാവിൻ്റെ  വിഗ്രഹമാണ് സാന്റിയാഗോയുടെ സുപ്രധാന അടയാളമായി മാറിയിരിക്കുന്നത്1987- വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ സന്ദർശനം പ്രശസ്തിക്കും വിശ്വാസത്തിനും ആക്കം കൂട്ടുകയാണുണ്ടായത്.

Selfie click from Cerro San Cristóbal


കുന്നിന് മുകളിൽ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. രണ്ട് ഐസ്ക്രീം വാങ്ങി നുണഞ്ഞ് ഞങ്ങൾ കാഴ്ചകളിലേക്ക് ഊളിയിട്ടു. മുകളിൽ നിന്ന് നോക്കിയാൽ നഗരദൃശ്യങ്ങൾ കാണാം. ഞായറാഴ്ചയായതിനാൽ പള്ളിയിൽ പ്രാർത്ഥന നടക്കുന്നുണ്ട്. വിശ്വാസികളുടെ തിരക്ക് കാരണം താഴേക്കിറങ്ങാൻ കുറച്ചു സമയം കാത്തു നിൽക്കേണ്ടിയിരുന്നു. ചുവന്ന കുഞ്ഞു പെട്ടികൾ കമ്പിയിലൂടെ കുത്തനെ ഇറങ്ങുന്നത് കാണുമ്പോൾ ശകലം ഭയമൊക്കെ  തോന്നയ്‌കയില്ല. ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ചുവന്ന പരവതാനിയിൽ ഒരു പൂച്ച സർ കിടപ്പുണ്ട്. ഭക്ഷണവും വെള്ളവും തൊട്ടടുത്ത് തന്നെ, ദൂരെയൊന്നും പോകണ്ട. വെള്ളം കുടിച്ചും ഭക്ഷിച്ചും വിശ്രമിച്ച് ഫ്യുണിക്കുലറിൻ്റെ  പോക്കുവരവുകൾ എണ്ണി തിട്ടപ്പെടുത്തി കിടക്കുന്ന ആശാനെ നോക്കി വെറുതെ അസൂയപ്പെട്ടു കൊണ്ട് ഞങ്ങൾ മാതാവിൻ്റെ കുന്നിറങ്ങി...
                                                                                                                                    (തുടരും)

 

"Pack it in, Pack it out. Leave no trace - Preserve  and  Respect ”



2026 ജനുവരി 11, ഞായറാഴ്‌ച

ലാ ചസ്കോണ (La Chascona)

"To be and not to be - that's what life is." വിഖ്യാത ചിലിയൻ കവി പാബ്ലോ നെരൂദയുടെ പ്രണയത്തിൻ്റെയും ഭാവനയുടെയും അടയാളങ്ങൾ പേറുന്ന  ലാ ചസ്കോണയിലേക്കാണ്  ഞങ്ങൾ ആദ്യം പോയത്.  സാൻ്റിയാഗോയിലെ കലകളുടെ തെരുവായ ബെല്ലവിസ്റ്റ (Bellavista)യിൽ ഒളിഞ്ഞിരിക്കുന്ന ഒരു വിസ്മയമാണ് ഈ പ്രണയസൗധം.

സാൻ ക്രിസ്റ്റോബാൽ കുന്നിൻ്റെ താഴ്വരയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 'ലാ ചസ്കോണ' എന്നാൽ 'ചീകി ഒതുക്കാത്ത മുടിയുള്ളവൾ' എന്നത്രേ. നെരൂദയുടെ കാമുകിയും പിന്നീട് മൂന്നാം ഭാര്യയുമായിത്തീർന്ന മെറ്റിൽഡ ഉറുട്ടിയയുടെ (Matilde Urrutia) ചുരുളൻ മുടിയോടുള്ള സ്നേഹസൂചകമായാണ് അദ്ദേഹം പേര് നൽകിയതെന്നാണ് ചരിത്രാഖ്യാനം. മെറ്റിൽഡയുടെ വിൽപത്ര പ്രകാരം രൂപീകരിച്ച നെരൂദ ഫൌണ്ടേഷനാണ് ലാ ചസ്‌കോണയും നെരൂദയുടെ മറ്റു രണ്ടു വീടുകളായ ഇസ്ല നെഗ്ര (Isla Negra)യും,  ലാ സെബാസ്റ്റ്യാന (La Sebastiana)യും സംരക്ഷിക്കുന്നത്. 

Pic: Mubi

ചരിത്രസ്മാരകമായി നിലനിർത്തുന്ന ലാ ചസ്‌കോണയിലേക്ക് കടക്കാൻ ഒരു പ്രവേശന ഫീസുണ്ട് (ഏകദേശം $14.00 CAD). അത് കൊടുത്ത് രശീത് തരുമ്പോൾ നമുക്കുള്ള നിർദ്ദേശങ്ങൾക്കൊപ്പം പഴയ നോക്കിയ ഫോൺ മാത്യകയിലുള്ള ഒരു ശ്രവ്യോപാധിയും തരും. വീടിൻ്റെ ഓരോ മുറിയും 1, 2 എന്നിങ്ങനെ അക്കങ്ങളാൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ മുറിയിലേക്കും നമ്മൾ കടക്കുമ്പോൾ ആ അക്കം ഞെക്കിയാൽ അതെ മുറിയുടെ വിശദമായ വിവരണം ഇംഗ്ലീഷിൽ കേൾക്കാം. ഈ ശ്രവ്യ-ഗൈഡ് സംവിധാനം എനിക്കിഷ്ടപ്പെട്ടു. ഫോട്ടോഗ്രാഫി വീടിനുള്ളിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

കാറ്റലൻ ആർക്കിടെക്റ്റായ ജർമൻ റോഡ്രിഗസ് ആര്യാസാണ് ലാ ചസ്‌കോണയുടെ ശിൽപി. കുന്നിൻ ചെരുവിലായതിനാൽ പല തട്ടുകളിലായി ഒരു കപ്പലിൻ്റെ മാതൃകയിലാണ് വീടിൻ്റെ നിർമാണം. രണ്ട് മുറികൾ മാത്രം പണിത് മെറ്റിൽഡ ഇതിൽ താമസം തുടങ്ങിയപ്പോഴും നെരൂദ തൻ്റെ രണ്ടാമത്തെ പത്നിയായ ഡാലിയക്കൊപ്പമായിരുന്നു. 1955 ൽ വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം നെരൂദ മെറ്റിൽഡക്കൊപ്പം താമസമാരംഭിച്ചു. 1973 ലെ പട്ടാള അട്ടിമറിയെ തുടർന്ന് വീട് കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അതെ വര്ഷം സെപ്റ്റംബറിലായിരുന്നു നെരൂദയുടെ മരണവും. മാറിയ രാഷ്ട്രീയാന്തരീക്ഷത്തിലെ അരക്ഷിതാവസ്ഥയിലും മെറ്റിൽഡ ആ വീട്ടിൽ തന്നെയാണ് താമസിച്ചത്. അവരാണ് ആ വീട് പുതുക്കി പണിതതും നഷ്ടപ്പെട്ടു പോയ വസ്തുക്കൾ വീണ്ടെടുക്കാൻ ശ്രമിച്ചതും. തൻ്റെ കാലശേഷം കവിയുടെ വീടുകളും വസ്തുവകകളും സംരക്ഷക്കുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു.

Pic: Neruda Foundation Area (Photomanz / Canva) 

വീടിനകത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നെരൂദ ശേഖരിച്ച കളിപ്പാട്ടങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്നൊരു വർണ്ണ കുതിരയുമുണ്ട്. ആഫ്രിക്കൻ തടി ശില്പങ്ങളും, അപൂർവ്വമായ മദ്യകുപ്പികളുടെ ശേഖരവും, ഭൂപടങ്ങളും പുസ്തകങ്ങളും ആർട്ട് ഗാലറിയുമുണ്ട് ലാ ചസ്‌കോണയിൽ. ഓരോ മുറികളിലൂടെ നടക്കുമ്പോഴും ഇംഗ്ലീഷിൽ കേൾക്കുന്ന വിവരണങ്ങളിലൂടെ അവിടെ ജീവിച്ചവരുടെ സാമൂഹിക- സാംസ്‌കാരിക -രാഷ്ട്രീയ ചിത്രം വരച്ചെടുക്കാം. ഇടുങ്ങിയ ഗോവണികളും വൃത്താകൃതിയിലുള്ള ജാലകങ്ങളും ഒരു കപ്പലിനുള്ളിലെ ക്യാബിനുകളെ ഓർമിപ്പിക്കും. ഇരിപ്പുമുറിയിലെ വലിയ ജാലകത്തിലൂടെ സാന്റിയാഗോ നഗരം കാണാനാവുമായിരുന്നുവെന്നും അന്തരീക്ഷമലിനീകരണം മൂലം ഇന്ന് ആ കാഴ്ചയ്ക്ക് മങ്ങലേറ്റിയിരിക്കുന്നു എന്നൊക്കെ ശ്രവ്യോപാധിയിലൂടെ കേൾക്കുകയുണ്ടായി. ശാന്ത സമുദ്രത്തിനടുത്താണ് മറ്റ് രണ്ട് വീടുകളും. സമയക്കുറവിനാൽ ഞങ്ങൾക്ക് മറ്റുരണ്ടിടത്തും പോകാനായില്ല.

മരങ്ങളും വള്ളിച്ചെടികളും നിറഞ്ഞുനിൽക്കുന്ന  വീടിനുള്ളിലെ  ഓരോ മുറിയിലേക്കും കടക്കാൻ രഹസ്യ ഇടനാഴികളുണ്ട്അതിഥികളെ വിസ്മയിപ്പിക്കാൻ രഹസ്യ വാതിലിലൂടെ നെരൂദ അവർക്ക് മുന്നിലെത്തുകയും അപ്രത്യക്ഷനാവുകയുംചെയ്യുമായിരുന്നു. തീൻമുറിയിലെ മേശയും ഇടുങ്ങി വളഞ്ഞ ഗോവണിയും മറ്റും ചേർന്ന്  കപ്പലിനുള്ളിൽ നിൽക്കുന്ന പ്രതീതിയുണർത്തും. ഭക്ഷണമേശയിലെ ഉപ്പിൻ്റെയും  കുരുമുളകിൻ്റെയും പാത്രങ്ങളിൽ മരിയുവാന, മോർഫിൻ എന്നൊക്കെ എഴുതി ഒട്ടിച്ച് വൈദേശിക അതിഥികളെ പറ്റിക്കുന്നതും നെരൂദയുടെ വിനോദമായിരുന്നത്രെ. Marijuana & Morphine എന്ന് പേരെഴുതിയ സാൾട് ആൻഡ് പെപ്പർ കരകൗശല പാത്രങ്ങൾ ഫൗണ്ടേഷൻ്റെ ഗിഫ്റ്റ് കടയിലും കണ്ടിരുന്നു. 


Pic: Outside La Chascona (Photomanz /Canva)

ലാ ചസ്കോണയുടെ പ്രധാനമുറിയിൽ ഡീഗോ റിവേര വരച്ച മെറ്റിൽഡയുടെ പ്രശസ്തമായ ഒരു ചിത്രമുണ്ട്. രണ്ട് മുഖങ്ങളുള്ള മെറ്റിൽഡ. ഒന്ന് പുറംലോകത്തിന് അറിയുന്ന ഗായികയുടെതും മറ്റൊന്ന് നെരൂദയുടെ കാമുകിയായ മെറ്റിൽഡയുടെയും. ചിത്രത്തിൽ അവരുടെ മുടിക്കുള്ളിൽ മറഞ്ഞിരിക്കുന്ന കാമുകനായ നെരൂദയുടെ മുഖവുമുണ്ട്. കളിപ്പാട്ടങ്ങളും, പാവകളെ കൊണ്ട് അലങ്കരിച്ച കുളിമുറി കണ്ടപ്പോൾ ഒൻപത് വർഷക്കാലം മാത്രം ഈ ഭൂമിയിൽ ജീവിച്ച നെരൂദയുടെ മകളായ മൽവാ മറീനയെ ഓർത്തുപോയി. അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയായ മരിയ അന്റോണിയയാണ് മൽവയുടെ അമ്മ. "Oh Child among the roses, Oh press of doves" എന്ന വരികളിൽ തുടങ്ങുന്ന Ode With a Lament കവിത മൽവയെ കുറിച്ചാണ്.

വീടിന് പുറത്തെ കുറച്ച് ചിത്രങ്ങളെടുത്ത്‌ ഓഡിയോ ഗൈഡും തിരിച്ചു നൽകി ഞങ്ങൾ തെരുവിലേക്കിറങ്ങി. ഭക്ഷണശാലകളിലേക്ക് സഞ്ചാരികളെ നിർബന്ധിച്ച് വിളിച്ചു കൊണ്ടുപോകുന്നവരുടെ തിക്കും തിരക്കുമാണെങ്ങും. ഈ വിളികളെ അവഗണിക്കുന്നവരെ സ്പാനിഷിൽ തെറി വിളിക്കുന്നവരുമുണ്ട്, അതിലൊന്നും അടിപതറാതെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ആദ്യമേ കിട്ടിയതിനാൽ ഞങ്ങൾ അവിടെന്ന് ചരിത്രപ്രധാനമായ ഫ്യുണിക്കുലർ ലക്ഷ്യമാക്കി വേഗത്തിൽ  നടന്നു.                                                                                                                                                                                                                                          (തുടരും)

Pic: Street View/ Photomanz (Canva)


"Pack it in, Pack it out. Leave no trace - Preserve  and  Respect ”


2026 ജനുവരി 10, ശനിയാഴ്‌ച

വാമോസ് അ ലാ പാറ്റഗോണിയ! (Vamos a la Patagonia! part 1)

1977 ലാണ് ബ്രൂസ് ചാട്വിൻ തൻ്റെ യാത്രാവിവരണ പുസ്തകമായ ഇൻ പാറ്റഗോണിയ (In Patagonia) പ്രസിദ്ധീകരിക്കുന്നത്. ഒരിക്കൽ കാനഡയിലെ  ലൈബ്രറിയിൽ പുസ്തകങ്ങൾ പരതുന്നതിനിടയിൽ  പേജുകൾ പഴകിയ ആ പുസ്തകം കൈയിൽ തടഞ്ഞപ്പോൾ തിരികെ വെക്കാൻ തോന്നിയില്ല. ആറ് മാസം പാറ്റഗോണിയയിൽ യാത്ര ചെയ്തിട്ടാണ് ബ്രൂസ് തൻ്റെ യാത്രാനുഭവങ്ങൾ എഴുതിയത്. പാരീസിലെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ കണ്ട തെക്കേ അമേരിക്കയുടെ ഭൂപടമാണ് ബ്രൂസിനെ പാറ്റഗോണിയയിലേക്ക് എത്തിച്ചതെങ്കിൽ ബ്രൂസിൻ്റെ പുസ്തകമാണ് എൻ്റെ കിനാവിന് കാരണമായത്. ചില യാത്രകൾക്ക്  മുന്നൊരുക്കങ്ങൾ വേണ്ടതില്ലെന്ന് തോന്നാറുണ്ട്. അതൊരു മങ്ങിയ കിനാവ് കണക്കെ മനസ്സിലുണ്ടാവും. യാതൊരു മുന്നറിയിപ്പും നൽകാതെ ആ കിനാവ് ഒരുനാൾ തെളിഞ്ഞു കത്തും. പോകേണ്ടുന്ന വഴികളും തെരുവുകളും എന്തിന് അവിടെ കാണുന്ന ആളുകളെ പോലും നമ്മൾ കണ്ടു തുടങ്ങും. ഇരുപത്  വർഷങ്ങൾക്കു മുൻപ് ഉള്ളിലുറങ്ങാൻ തുടങ്ങിയൊരു യാത്രയുടെ രേഖപ്പെടുത്തലിലൂടെ ബ്ലോഗിലേക്ക് വീണ്ടും...

Mobile Click: Mubi 



അർജന്റീനയിലും  ചിലിയിലുമായി പരന്ന് കിടക്കുകയാണ്  ഐസും, കാറ്റും ചരിത്രവും ചേർന്ന്  രൂപപ്പെടുത്തിയെടുത്ത  പാറ്റഗോണിയ എന്ന വിശാലമായ ഭൂപ്രദേശം.  അന്റാർട്ടിക്കയുടെ തൊട്ടടുത്ത് കിടക്കുന്ന ഈ വിദൂരദേശത്തെ  കവാടമെന്നും ഭൂമിയുടെ അവസാനയിടമെന്നൊക്കെയാണ് സഞ്ചാരികൾ അടയാളപ്പെടുത്തുന്നത്. അവിടേക്കാണ് വൈകുന്നേരത്തെ ചായക്കൊപ്പം "2025 ലെ  ആറ്  ദിവസത്തെ ഒഴിവ് ബാക്കിയുണ്ട്. നമുക്ക് പാറ്റഗോണിയയിലേക്ക് പോയാലോ" എന്ന ചോദ്യത്തിനുള്ള ഉത്തരമായി പുറപ്പെട്ട് പോണത്. ബ്രൂസിൻ്റെ പുസ്തകം ഒരിക്കൽ കൂടി വായിക്കണമെന്നുണ്ടായിരുന്നു അത് നടന്നില്ല. 

2025 ഡിസംബർ 6-ന്  കാൽഗറിയിൽ നിന്ന് അമേരിക്കയിലെ ഡാലസ്സിലേക്കും അവിടെന്ന് ചിലിയിലെ സാന്റിയാഗോയിലേക്കുമായിരുന്നു ഞങ്ങളുടെ യാത്രയുടെ ആദ്യപടി. പത്ത് മണിക്ക് കാൽഗറി വിമാനത്താവളത്തിൽ എത്തുന്നതുവരെ യാത്രയുടെ കാര്യം അനിശ്ചിതത്തിലായിരുന്നു. മാറിമറിയുന്ന യു.എസ്‌. ഇമിഗ്രേഷൻ നിയമങ്ങളിലെ അവ്യക്തത തന്നെയായിരുന്നു അതിൽ  പ്രധാനം. വിരലിലെണ്ണാവുന്ന ദിവസങ്ങൾ, പ്രവചനാതീതമായ കാലാവസ്ഥ അങ്ങിനെ പലതുമുണ്ടായിരുന്നു ആശങ്കകൾക്ക് ആക്കം കൂട്ടാൻ. ചിലവ് പരമാവധി കുറച്ച്‌ രണ്ട്  ബാക്ക്പാക്കുകാർ ഭൂമിയുടെ ഒരറ്റത്ത് നിന്ന് അങ്ങേത്തലക്കലേക്ക്  യാത്രയാരംഭിച്ചു. സാന്റിയാഗോയിലേക്കുള്ള യാത്രക്കിടയിലാണ് പാറ്റഗോണിയയുടെ ഭൂപടം ഞാൻ വീണ്ടും നിവർത്തുന്നത്. കൂടെ ജോലിചെയ്യുന്ന അർജൻ്റീനകാരി പറഞ്ഞു തന്ന നുറുങ്ങുകളും, ബ്രൂസിനെ വായിച്ച ഓർമയും മാത്രമായിരുന്നു അതുവരെയുള്ള  എൻ്റെ കൈമുതൽ.

പാറ്റഗോണിയ ട്രെക്കിങ്ങിൽ പ്രസിദ്ധമായ രണ്ട് ട്രെയിലുകളാണ് ചിലിയിലെ W-ട്രെക്കും, O-ട്രെക്കും. ഞങ്ങളുടെ യാത്രയുടെ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് O-ട്രെക്ക് ട്രെയിലിൽ ശക്തമായ കാറ്റിലും മഞ്ഞുവീഴ്ചയിലും അകപ്പെട്ട് അഞ്ചു സഞ്ചാരികൾക്ക് ജീവൻ നഷ്ടമായ വാർത്ത അറിയുന്നത്. ചിലിയൻ അധികാരികൾ അന്വേഷണാർത്ഥം ആ ട്രെയിൽ അടച്ചിരുന്നു. അതിനാൽ മലകയറുക എന്ന മോഹം ലിസ്റ്റിൽ നിന്ന് ആദ്യമേ പുറത്തായി. വരുന്നത് വരുന്നിടത്ത് വെച്ച് കാണാമെന്നിടത്തേക്ക് യാത്രയും മനസ്സും പാകപ്പെടുത്തുകയായിരുന്നു. 

കാൽഗറിയിലെ മൂടൽമഞ്ഞ് കാരണം  വിമാനം ഒരുമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. നാല്  മണിക്കൂർ പറന്ന് വൈകീട്ട് ആറ് മണിക്ക് ഡാലസ്സിൽ ഇറങ്ങി. ഒരുമണിക്കൂറിനുള്ളിൽ അടുത്ത യാത്ര ആരംഭിച്ചു. ചിലിയിലേക്ക് വീണ്ടും പത്ത് മണിക്കൂർ വിമാനയാത്രയുണ്ട്. ഭൂപടം പഠിച്ചു മടുത്തപ്പോൾ എൻ്റെ കണ്ണ് വിമാനത്തിലെ സിനിമ കൊട്ടകയിലേക്കായി. കിട്ടിയതോ എമിലിയോ എസ്റ്റെവസ് സംവിധാനം ചെയ്ത ദി വേ (The Way) എന്ന സിനിമയാണ്‌. സ്പെയിനിലെ കാമിനോ ഡി സാന്റിയാഗോ (Camino de Santiago Pilgrimage)തീർത്ഥയാത്രയ്ക്കിടെ മരണപ്പെട്ട മകന് വേണ്ടി പിതാവ് ആ അഞ്ഞൂറ് മൈൽ നടന്ന് പൂർത്തിയാക്കുന്നതാണ് കഥാസാരം. 

Dec 7, ഞായറാഴ്ച ചിലിയൻ സമയം രാവിലെ 7.45 ന് ഞങ്ങൾ വിശന്ന് പൊരിഞ്ഞ വയറുമായി ചിലിയുടെ മണ്ണിലിറങ്ങി.. ഫ്ലൈറ്റിലെ ഭക്ഷണം ഒട്ടും സുഖകരമായിരുന്നില്ല. ഇമിഗ്രേഷൻ ഓഫീസർ നൽകിയ PDI കടലാസ്സാണ് ഞങ്ങളുടെ വിസിറ്റർ വിസ. ഹോട്ടലിലും മറ്റെവിടെ പോയാലും  ചോദിക്കുന്നതും ഇത് തന്നെ. ആ കുഞ്ഞൻ കടലാസ്സിലാതെ ഇവിടെന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് അറിയുന്നത് കൊണ്ട് ആദ്യം തന്നെ അതിൻ്റെ അസ്സലൊരു പടം പിടിച്ചു വെച്ചു. ബാക്ക്പാക്ക് മാത്രമുള്ളതിനാൽ കസ്റ്റംസ് പ്രശ്‍നങ്ങൾ ഒന്നും ഇല്ലായിരുന്നു. എയർപോർട്ടിലെ പ്രധാന സുരക്ഷ ഉദ്യോഗസ്ഥരായ ശുനകന്മാർ വരുന്നവരെയും അവരുടെ സാധനങ്ങളും നന്നായി പരിശോധിക്കുന്നുണ്ട്. ഒരുതരത്തിലുള്ള വിത്തുകളോ, പഴങ്ങളോ ചിലിയിലേക്കു കൊണ്ട് വരാൻ പാടില്ല. അത് ഫ്ലൈറ്റിൽ നിന്ന് കിട്ടുന്ന ആപ്പിളായാൽ പോലും പറ്റൂല. 

Pic: Hussain Chirathodi 


വഴി ചിലവിനുള്ള  ചിലിയൻ പെസോ എടുക്കാൻ പോയ ഹുസൈൻ തിരിച്ചു വരുമ്പോൾ ഞാൻ 'കാരണം കൊണ്ടോ, ബലപ്രയോഗം കൊണ്ടോ' (Por la razón o la fuerza "By reason or by force) എന്നർത്ഥം വരുന്ന ചിലിയൻ മുദ്രാവാക്യം വായിച്ചു പഠിക്കുകയായിരുന്നു. എപ്പോഴാണ് ഒരാവശ്യം വരികയെന്നറിയില്ലല്ലോ! ഒരു പൊടിക്ക് സ്പാനിഷ് ഭാഷ അറിയുമെന്ന അഹങ്കാരം ആ മുഖത്തുണ്ടായോ? അങ്ങിനെ വരാൻ വഴിയില്ല, വിശന്ന വയറിൽ നിന്ന് കൊട്ടും കുരവയും പൊങ്ങിയപ്പോൾ എനിക്ക് തോന്നിയതാവും. അടുത്ത കടമ്പ വിമാനത്താവളത്തിൽ നിന്ന് പുറത്തു കടക്കുകയെന്നതാണ്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനോട് എവിടെയാണ് ഊബർ കിട്ടുകയെന്ന് ചോദിച്ചപ്പോൾ വളരെ ഗൗരവത്തിൽ മറുപടി കിട്ടി. "ഊബർ ചിലിയിൽ നിയമവിരുദ്ധമാണ്" എൻ്റെ ഞെട്ടൽ കണ്ടിട്ടാവും അദ്ദേഹത്തിന്റെ കൂടെയുള്ള പ്രധാന ഓഫീസർ ഒന്നെണീറ്റ്  ഞങ്ങളെ നോക്കിയൊന്ന്  മുരണ്ട്‌ വീണ്ടും കിടന്നു. 

മറ്റെന്ത് മറന്നാലും സോറിയും, നന്ദിയും ഞങ്ങൾ കാനഡക്കാർ പൊരേന്ന് എടുക്കാൻ മറക്കാറില്ല. അത് രണ്ടും അവിടെ കൊടുത്ത് മറ്റൊരു ദിക്കിലേക്ക് മാറി ഊബർ വിളിച്ചു. ടാക്സിക്കാർ  5  കിലോമീറ്റർ അപ്പുറത്തുള്ള ഞങ്ങളുടെ ഹോട്ടലിലേക്ക് പറയുന്ന പൈസ കൊണ്ട് ചിലി മൊത്തം കറങ്ങി വരാം. ഊബർ ചേട്ടൻ എത്തിയെന്ന് സന്ദേശം കിട്ടിയെങ്കിലും ഞങ്ങൾ തമ്മിൽ കണ്ടുമുട്ടാൻ കുറച്ചു സമയമെടുത്തെങ്കിലും, പിന്നെയെല്ലാം വളരെ വേഗത്തിലായി. ഹോട്ടലിൽ ഞങ്ങളെ എത്തിച്ച് നല്ലൊരു ദിവസം ആശംസിച്ചു അയാൾ പോയി. സമയം വെറുതെ കളയാൻ ഇല്ലായിരുന്നു. അതിനാൽ യാത്രാക്ഷീണത്തെ മറന്ന്  പെട്ടെന്ന് കുളിയും പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങൾ സാന്റിയാഗോ നഗരത്തിലേക്ക് ഇറങ്ങി.

Wall Art -Mobile Click - Mubi 

"Pack it in, Pack it out. Leave no trace - Preserve  and  Respect ”