അതിരാവിലെ എഴുന്നേൽക്കണമെന്നതിനാൽ ഞങ്ങൾ ഭക്ഷണം കഴിച്ച് വേഗം മുറിയിലെത്തി ഉറങ്ങാൻ കിടന്നു. ക്ഷീണം കൊണ്ട് കിടന്നയുടനെ ഉറങ്ങിയെങ്കിലും പാതിയിൽ തന്നെ തണുത്ത് വിറച്ച് എണീറ്റിരിപ്പായി. മുറിയിലെ ഹീറ്റർ പണിമുടക്കിയിരിക്കുകയാണ്. കൈയിലുള്ള സ്വെറ്ററും ജാക്കറ്റും വലിച്ചിട്ട് ബ്ലാങ്കെറ്റ് തലവഴിയിട്ട് പുറത്തെ കാറ്റിൻ്റെ ഹുങ്കാരവും കേട്ട് കിടന്നെങ്കിലും ഉറങ്ങാനായില്ല. നേരം പുലർന്നിട്ടും കാറ്റിന് ശക്തി കുറഞ്ഞിട്ടില്ലല്ലോയെന്ന ആശങ്കയോടെയാണ് ഭക്ഷണം കഴിച്ച് പുറത്തിറങ്ങാൻ തയ്യാറെടുത്തത്. വിയറ്റർ വഴി ടോറസ് ഡെൽ പെയ്ൻ നാഷണൽ പാർക്കിലേക്കുള്ള ഒറ്റദിവസത്തെ ബസ് ടൂർ മുൻകൂട്ടി ഏർപ്പാടാക്കിയതാണ്. കാനഡയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ ഇതെല്ലാം ചെയ്യണമെന്നും ഓരോ ടിക്കറ്റിൻ്റെയും പ്രിൻ്റെടുത്ത് സൂക്ഷിക്കണമെന്നും സഹപ്രവർത്തക പ്രത്യേകം പറഞ്ഞു തന്നത് ഉപകാരമായി.
![]() |
| Pic: Photomanz (Hussain Chirathodi) |
ടൂർ ബസ് കാത്തിരിക്കുന്നതിനിടയിലാണ് ചൈനയിൽ നിന്നുള്ള ഒരു സോളോ യാത്രികയെ പരിചയപ്പെട്ടത്. രണ്ടാഴ്ചത്തെ യാത്രാപരിപാടിയുമായി ഇന്നലെ എത്തിയതേയുള്ളൂ. യാത്രാനുഭവകഥകളുമായി ഞങ്ങളുടെ സംഭാഷണം രസം പിടിച്ചു വരുമ്പോഴാണ് ടൂർ ബസ് എത്തിയതായി ഹുസൈൻ വിളിച്ചു പറഞ്ഞത്. ജിൻജർ ടീ ഇടക്കിടയ്ക്ക് കുടിക്കണമെന്ന അവരുടെ ഉപദേശം സ്നേഹപൂർവ്വം കൈപ്പറ്റി യാത്രപറഞ്ഞ് ഞാൻ റോഡിലേക്കിറങ്ങി. പാറ്റഗോണിയ ട്രാവൽസിൻ്റെ വാനിൽ നിന്നൊരാൾ ഇറങ്ങി വന്ന് ഞങ്ങളെ എതിരേറ്റു. 'ഐ ആം ജോൺ, യുവർ ഗൈഡ് ഫോർ ടുഡേ' എന്ന് പരിചയപ്പെടുത്തിയതിന് ശേഷം ടിക്കറ്റുകൾ പരിശോധിച്ച് പേരൊക്കെ ചോദിച്ച് പഠിച്ചിട്ടാണ് വാനിലേക്ക് കയറ്റിയത്. അതിനകത്ത് മറ്റു താമസസ്ഥലങ്ങളിൽ നിന്നെടുത്ത ഒൻപത് ആളുകളുണ്ടായിരുന്നു. അന്നേ ദിവസത്തെ ടൂറിനായി ബുക്ക് ചെയ്ത എല്ലാവരും ഉണ്ടെന്നുറപ്പ് വരുത്തിയതിന് ശേഷം ജോൺ വാനിലെ ഡ്രൈവറെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി. വിവരണം ഇംഗ്ലീഷിലും സ്പാനിഷിലുമായിരിക്കുമെന്നും മാലിന്യനിരോധിത മേഖലയായതിനാൽ പ്രകൃതി സംരക്ഷണം നമ്മുടെ ചുമതലയാണെന്നും ജോൺ പ്രത്യേകം ഓർമ്മപ്പെടുത്തി. പോകുന്ന വഴിയിൽ നിർത്തുന്ന സ്റ്റോപ്പുകളെ കുറിച്ച് ജോൺ പറഞ്ഞു തുടങ്ങിയപ്പോഴേക്കും വാൻ പ്യൂർട്ടോ നതാലസ്സ് നഗരം പിന്നിട്ടിരുന്നു.
![]() |
| Pic: Photomanz / Canva Design |
പാറ്റഗോണിയൻ പുൽമേടുകളിൽ മേയുന്ന ഗ്വാനാക്കോ(Guanaco)കളെ നഗരാതിർത്തി കടന്നാൽ തന്നെ ഒറ്റയ്ക്കും കൂട്ടമായും കണ്ട് തുടങ്ങും. തവിട്ടുനിറവും നീണ്ട കഴുത്തുമുള്ള ഇവ ലാമകളുടെയും അൽപ്പാക്കകളുടെയും കുടുംബത്തിൽപ്പെട്ടവരാണ്. ഗ്വാനക്കോകൾ റോഡിനിരുവശത്തുമായി മേഞ്ഞു നടക്കുന്നുണ്ട്. ഹൈവേയിൽ വാഹനം ആളുകൾക്കിറങ്ങാൻ സൗകര്യപ്പെടുന്നൊരിടത്ത് നിർത്തിയപ്പോൾ ഞങ്ങളെല്ലാവരും ഇറങ്ങി. ഗ്വാനക്കോകളെ അടുത്ത് കാണാനും ഫോട്ടോയെടുക്കാനുമൊക്കെ അതിനാൽ സൗകര്യമായി. അപകടം മണത്താൽ തുപ്പുന്ന സ്വഭാവക്കാരായതിനാൽ ഒരകലം പാലിച്ചാണ് നിന്നത്. വാനിലേക്ക് തിരിച്ചു കയറാൻ തുടങ്ങിയപ്പോഴാണ് ഞങ്ങളിലൊരാൾക്ക് ഒരു പേഴ്‌സ് കളഞ്ഞു കിട്ടിയത്. ഏതോ സഞ്ചാരിയുടേതാവണം, ഗ്വാനക്കോകളെ കണ്ട് നിർത്തിയപ്പോൾ താഴെ പോയതാവാം. ആരെങ്കിലും വഴിയിൽ തിരയുന്നത് കാണുന്നെങ്കിൽ പറയണമെന്ന് ജോൺ സൂചിപ്പിച്ചെങ്കിലും പ്രകൃതി വിസ്മയത്തിൽ മയങ്ങിരുന്നതിനാൽ അക്കാര്യമേ ഞാൻ മറന്നു!
ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നഭൂമിയായ ചിലിയൻ പാറ്റഗോണിയയിലെ ടോറസ് ഡൽ പെയ്ൻ നാഷണൽ പാർക്ക് ജൈവമണ്ഡല റിസർവായി 1978ൽ UNESCO അംഗീകരിച്ച പ്രകൃതിയുടെ വരദാനമാണ്. സഞ്ചാരികൾക്കിടയിൽ “ത്രീ ടവേഴ്സ്” (Las Torres) എന്നറിയപ്പെടുന്ന മൂന്ന് ഗ്രാനൈറ്റ് കൊടുമുടികളിലേക്കുള്ള ട്രെക്കിങ്ങ് (W-Trek) ഏറെ പ്രശസ്തമാണ്. സമയക്കുറവും അടുത്തിടെ നടന്ന അപകടവും ഞങ്ങളുടെ ട്രെക്കിങ്ങ് സ്വപ്നത്തിന് കടിഞ്ഞാണിട്ടു. അമ്പതു മൈൽ ദൂരമുള്ള W-ട്രെക്ക് അഞ്ചോ ആറോ ദിവസമെടുത്താണ് പൂർത്തിയാക്കാനാകുക.
അസെൻസിയോ താഴ്വരയിൽ തുടങ്ങി മധ്യഭാഗത്ത് എത്തുന്നതോടെ കാടുകളിലൂടെയുള്ള കയറ്റമാണ്. കാഠിന്യമേറിയ കയറ്റത്തിനൊടുവിൽ അപ്രതീക്ഷിത വിസ്മയങ്ങൾ പ്രകൃതി സമ്മാനിക്കുമെങ്കിലും അതിലേക്ക് ആരെയും പെട്ടെന്ന് എത്തിക്കുകയില്ലെന്ന കടുത്ത വാശിയുമുണ്ട്. പ്രതികൂല കാലാവസ്ഥയോട് മല്ലിട്ട് തിരികെ പോരുന്നവരും, വഴിയിൽ ജീവൻ നഷ്ടപ്പെടുന്നവരുമുണ്ട്. ഒരേദിവസം തന്നെ മാറി വരുന്ന നാല് ഋതുക്കളെയും അതിശക്തമായ കാറ്റിനെയും ചെറുക്കാനുള്ള കെൽപ്പും തയ്യാറെടുപ്പും പ്രധാനഘടകമാണ്. ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന പർവ്വതശിഖരങ്ങളും, ഭീമാകാരമായ ഹിമാനികളും, മരതക തടാകങ്ങൾക്കിടയിലൂടെയുള്ള പാറ്റഗോണിയിലെ W-ട്രെക്കിങ്ങ് എന്ന സ്വപ്നം ബാക്കി നിൽക്കുകയാണ്.
![]() |
| Pic: Photomanz |
തെഹുവൽച്ചെ(Tehuelche) ജനതയുടെ ഭാഷയിൽ പെയ്നെ(Paine)യെന്നാൽ "നീല" നിറമെന്നാണ്. തടാകങ്ങളുടെ നീല നിറം തന്നെയായിരിക്കണം സ്ഥല പേരിനാധാരമായത്. ആകാശം തൊടുന്ന പർവതങ്ങൾ, പച്ചപടർന്ന താഴ്വരകൾ, നീലനിറമുള്ള ഹിമാനികൾ, തടാകങ്ങൾ, നദികൾ എന്നിവയുടെ മനോഹാരിതയാൽ കൊതിപ്പിക്കുന്ന സംഗമഭൂമികയാണ്. 1959ലാണ് ചിലിയൻ സർക്കാറിതൊരു ദേശീയ പാർക്കായി പ്രഖ്യാപിച്ചത്. ഇവിടുത്തെ കൂർത്ത പർവ്വതശിഖരങ്ങൾ ഏകദേശം 12 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടവയാണെന്നാണ് ഭൂമിശാസ്ത്ര കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതെല്ലാം കണ്ട് കണ്ണ് തള്ളിയിരിക്കുന്ന ഞങ്ങൾക്ക് ജോൺ ഒരു കഥ പറഞ്ഞു തന്നു.
തദ്ദേശീയരുടെ ഇടയിൽ പ്രചാരത്തിലുള്ള രസകരമായ ഒരു പ്രാദേശിക കഥയാണ്. പണ്ട് ഈ പർവ്വതങ്ങളിൽ കടലുകളുടെ അധിപനായിരുന്ന ഒരു കൂറ്റൻ സർപ്പം വസിച്ചിരുന്നു. കടലുകളിൽ കൂറ്റൻ തിരമാലകൾ സൃഷ്ടിച്ച് മറ്റുള്ളവരെ വരുതിക്ക് നിർത്തുന്ന സ്വഭാവത്തിനുടമയായ സർപ്പം ഒരിക്കൽ മറ്റൊരു കൂറ്റൻ കുതിരയുമായി യുദ്ധത്തിലേർപ്പെട്ടു. ആ കൊടും യുദ്ധത്തിൻ്റെ അനന്തര ഫലമായുണ്ടായതാണത്രെ വിചിത്രമായ പർവ്വതങ്ങളും തടാകങ്ങളുമെന്നാണ് വിശ്വാസം. കഥയെന്തായാലൂം അനേക വർഷങ്ങളുടെ അതിജീവനത്തിൻ്റെ കഥയുണ്ടാവും ഇവിടുത്തെ ഓരോ കല്ലിനും മഞ്ഞുപാളികൾക്കും പറയാൻ. ചില ദിവസങ്ങളിൽ മനുഷ്യരെ ഒരടി മുന്നോട്ട് വെയ്ക്കാൻ സമ്മതിക്കാതെ പണ്ടത്തെ കഥയിലെ സർപ്പനായകനായിരിക്കും ഇന്നും കാറ്റായി ഇവിടെയൊക്കെ ചുറ്റുന്നത്. ഞങ്ങളെയും ഒന്ന് പരീക്ഷിക്കാതിരുന്നില്ല കഥാനായകൻ!
![]() |
| Pic: Photomanz/ Canva Design |
ദേശീയ പാർക്കായതിനാൽ സുരക്ഷാമുൻകരുതലുകൾ വിശദീകരിക്കാനായി അഗ്നിശമനസേനാധികൃതർ ഞങ്ങളുടെ വാനിലേക്ക് കയറി. സ്പാനിഷിൽ അവർ പറഞ്ഞതെല്ലാം ജോൺ വീണ്ടും ഇംഗ്ലീഷിൽ മൊഴിമാറ്റി തന്നു. പ്രധാനമായും അശ്രദ്ധമൂലം സംഭവിക്കുന്ന ഫോറസ്ററ് ഫയർ, മാലിന്യ നിർമാർജ്ജനം, വന്യജീവികളോടുള്ള പെരുമാറ്റം തുടങ്ങി ശീലിച്ചതും സ്ഥിരം പാലിക്കുന്ന ചിട്ടകളുടെ ഓർമ്മപ്പെടുത്തലായിരുന്നു. ഓഫീസർമാരോട് നന്ദി പറഞ്ഞ് ഞങ്ങൾ പോയത് നീലയും പച്ചയും നിറങ്ങൾ ഇടകലർന്ന ലാഗോ സർമിയന്റോ തടാകത്തിനരികിലേക്കാണ്. പശ്ചാത്തലത്തിൽ തലയെടുപ്പോടെ നിൽക്കുന്ന പർവതനിരകളെ നോക്കി നിൽക്കാൻ കാറ്റൊരു തരത്തിലും സമ്മതിക്കുകയില്ല. ഒരു നിമിഷം പോലും വിശ്രമമില്ലാതെ ശക്തിയോടെ വീശുന്ന കാറ്റാണ് സർമിയന്റോയുടെ സെക്യൂരിറ്റിയെന്ന് തോന്നും.
അടുത്ത സ്റ്റോപ്പായ ലാഗോ നോർഡെൻസ്ക്യോൾഡ് (Lago Nordenskjöld)ൽ നിർത്തിയപ്പോഴാണ് ആകാശത്ത് പറക്കുന്ന ആൻഡിയൻ കോണ്ടോറിനെ (Andean Condor) ജോൺ കാണിച്ചു തന്നത്. ഇവിടെ കാണുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര നല്ലൊരു കാഴ്ച ലഭിക്കുമെന്ന് കരുതിയില്ല. കഴുകൻ്റെ വിഭാഗത്തിൽപ്പെടുന്ന പക്ഷിയാണ്. ചിറകുകൾ വിരിച്ച് തലയ്ക്കു മുകളിൽ വട്ടമിട്ട് പറന്ന് കളിക്കുന്ന കോണ്ടോറിനെയാണോ ശക്തമായ കാറ്റിൽ വെള്ളം ചെറുതിരമാലകൾ തീർക്കുന്ന തടാകത്തെയാണോ അതോ ക്വേർനോസ് ഡെൽ പെയ്ന്‍ (Cuernos del Paine) എന്ന പർവതശിഖരങ്ങളെയാണോ നോക്കേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. പലപ്പോഴും മൂടൽ മഞ്ഞും മഴയും കാറ്റും കാരണം പലർക്കും ഈ ദൃശ്യങ്ങൾ കാണാൻ പറ്റാതെ നിരാശരായി മടങ്ങിയ കഥകളാണ് കേട്ടിട്ടുള്ളത്. ഞങ്ങളെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദിവസമായിരുന്നു...
| Pic: Photomanz/ Canva/ John |
പിന്നീട് ഞങ്ങളിറങ്ങിയത് സാൽട്ടോ ഗ്രാൻഡെ(Salto Grande) വെള്ളച്ചാട്ടത്തിനരികിലാണ്. അവിടെവെച്ച് ഞാനെൻ്റെ ചൈനക്കാരി സുഹൃത്തിനെ വീണ്ടും കണ്ടു. കെട്ടിപ്പിടിച്ചു ഉമ്മയും തന്ന് ഞങ്ങളൊരു സെൽഫിയുമെടുത്ത് പിരിഞ്ഞു. ലാഗോ നോർഡെൻസ്ക്യോൾഡും ലാഗോ പേഹോയും (Lago Pehoé) തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളച്ചാട്ടമാണ് സാൽട്ടോ ഗ്രാൻഡെ. തിളങ്ങുന്ന നീല നിറമാണ് ലാഗോ പേഹോ തടാകത്തിന്. ആ സൗന്ദര്യത്തിന് മോടിക്കൂട്ടുവാനെന്ന പോലെ നടുവിലൊരു ദ്വീപും രണ്ടിൻ്റെയും ചുറ്റുമുള്ള പർവ്വതങ്ങളുടെയും കാഴ്ച നൽകിയ സ്വപ്‌നലോകത്ത് സമയം പോയതറിയാതെ നിൽക്കുകയായിരുന്നു ഞാൻ. "ഫാറ്റിമാ നീ വരുന്നില്ലേ ഇവിടെയിങ്ങനെ നിന്നാൽ ബാക്കിയൊക്കെ എപ്പോൾ കാണും?" ജോൺ നീട്ടി വിളിക്കുന്നത് കേട്ട് ഒട്ടും മനസ്സില്ലാതെയാണ് വാനിലേക്ക് കയറിയത്. മേഘങ്ങൾ മറനീക്കി കാഴ്ചയുടെ വസന്തം ഒരുക്കി നിൽക്കുകയാണ്. സൂര്യപ്രകാശത്താൽ തിളങ്ങുന്ന പർവ്വതശിഖരങ്ങൾക്ക് താഴെ നീലനിറത്തിലുള്ള ഹിമതടാകങ്ങൾ... ഈ കാഴ്ചയ്ക്കു മുന്നിലാണ് സർവ്വ ഗർവ്വും ശമിച്ചു മനുഷ്യൻ തോറ്റു പോവുക.
ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം യാത്ര ചെയ്യുന്ന സുഹൃത്തുക്കളായ ഇവയും എവിലിനും പെട്ടെന്നാണ് ഞങ്ങളുമായി അടുത്തത്. ഹുസൈനെടുത്ത പടങ്ങൾ അവരുടെ ഗ്രൂപ്പുകളിലൊക്കെ പങ്കുവെച്ച് ഇവ ഹുസൈനെ പ്രശസ്തനാക്കി. ലാഗോ ഗ്രെയ്‌യിലാണ് ഉച്ചഭക്ഷണത്തിനായി ഞങ്ങൾ നിർത്തിയത്. ഗ്രേ ഹിമാനികളിൽ നിന്നടർന്ന് വീഴുന്ന മഞ്ഞുപാളികൾ ഉരുകിയുണ്ടായ തടാകത്തിന് സവിശേഷമായ ചാരനിറവും നീല-ഹരിത നിറവുമാണ്. ഇവയും എവിലിനും വരുന്നില്ലെന്ന് പറഞ്ഞതിനാൽ അവരെ വിശ്രമിക്കാൻ വിട്ട് ഞങ്ങൾ തടാകത്തിനരികിലേക്ക് നടന്നു. ട്രെക്കിങ്ങ് പോൾസില്ലാത്തത് കാരണം എനിക്കൊരു ഉത്സാഹക്കുറവുണ്ടായിരുന്നു. തടാകത്തിനരികിൽ നിന്നാൽ ദൂരെ ഹിമാനി കാണാനാകും. എന്നാലും ഫോട്ടോയെടുക്കണമെങ്കിൽ വെള്ളത്തിനരികിലെത്തണം. ഇത്രയും ദൂരം വന്നില്ലേ അതുവരെ പോകാമെന്ന് തീരുമാനിച്ചു ഞങ്ങളിറങ്ങി. കുറച്ചു നടന്നപ്പോൾ തന്നെ കാറ്റിനോട് സുല്ലിട്ട് ഞാൻ തിരിച്ചു നടന്നു. ഹുസൈനും അധികദൂരം പോകാനാവാതെ തിരികെ വരുന്നുണ്ടായിരുന്നു. വിശേഷങ്ങൾ കേൾക്കാൻ കാത്തിരുന്ന ഇവയോടും എവിലിനോടും കാറ്റിനെ തോൽപ്പിക്കാനാവാതെ ഞങ്ങൾ കീഴടങ്ങിയെന്ന് തമാശ പറഞ്ഞു.
ജോൺ എല്ലാവരെയും എണ്ണി തിട്ടപ്പെടുത്തി വാനിലേക്ക് കയറ്റി. പ്യൂർട്ടോ നതാലസ്സിലേക്ക് തിരിച്ചു പോകുന്നതിന് മുൻപായി ഞങ്ങൾക്ക് ചരിത്ര പ്രധാനമായ ഒരിടം കൂടെ കാണാനുണ്ട്. അതിനി അടുത്ത പോസ്റ്റിലെഴുതാം.
![]() |
| Pic: John |
"Pack it in, Pack it out. Leave no trace - Preserve and Respect ”





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ