Canva Designs എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Canva Designs എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ഫെബ്രുവരി 8, ഞായറാഴ്‌ച

ടോറസ് ഡൽ പെയ്ൻ എന്ന പ്രകൃതിവിസ്മയം

അതിരാവിലെ എഴുന്നേൽക്കണമെന്നതിനാൽ ഞങ്ങൾ ഭക്ഷണം കഴിച്ച് വേഗം മുറിയിലെത്തി ഉറങ്ങാൻ കിടന്നു. ക്ഷീണം കൊണ്ട് കിടന്നയുടനെ ഉറങ്ങിയെങ്കിലും പാതിയിൽ തന്നെ തണുത്ത് വിറച്ച് എണീറ്റിരിപ്പായി. മുറിയിലെ ഹീറ്റർ പണിമുടക്കിയിരിക്കുകയാണ്. കൈയിലുള്ള സ്വെറ്ററും ജാക്കറ്റും വലിച്ചിട്ട് ബ്ലാങ്കെറ്റ്‌ തലവഴിയിട്ട് പുറത്തെ കാറ്റിൻ്റെ ഹുങ്കാരവും കേട്ട് കിടന്നെങ്കിലും ഉറങ്ങാനായില്ല. നേരം പുലർന്നിട്ടും കാറ്റിന് ശക്തി കുറഞ്ഞിട്ടില്ലല്ലോയെന്ന ആശങ്കയോടെയാണ് ഭക്ഷണം കഴിച്ച് പുറത്തിറങ്ങാൻ തയ്യാറെടുത്തത്. വിയറ്റർ വഴി ടോറസ് ഡെൽ പെയ്ൻ നാഷണൽ പാർക്കിലേക്കുള്ള ഒറ്റദിവസത്തെ ബസ് ടൂർ മുൻകൂട്ടി ഏർപ്പാടാക്കിയതാണ്. കാനഡയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ ഇതെല്ലാം ചെയ്യണമെന്നും ഓരോ ടിക്കറ്റിൻ്റെയും  പ്രിൻ്റെടുത്ത് സൂക്ഷിക്കണമെന്നും സഹപ്രവർത്തക പ്രത്യേകം പറഞ്ഞു തന്നത് ഉപകാരമായി.  

Pic: Photomanz (Hussain Chirathodi)

ടൂർ ബസ് കാത്തിരിക്കുന്നതിനിടയിലാണ് ചൈനയിൽ നിന്നുള്ള ഒരു സോളോ യാത്രികയെ പരിചയപ്പെട്ടത്. രണ്ടാഴ്ചത്തെ യാത്രാപരിപാടിയുമായി ഇന്നലെ എത്തിയതേയുള്ളൂ. യാത്രാനുഭവകഥകളുമായി ഞങ്ങളുടെ സംഭാഷണം രസം പിടിച്ചു വരുമ്പോഴാണ് ടൂർ ബസ് എത്തിയതായി ഹുസൈൻ വിളിച്ചു പറഞ്ഞത്. ജിൻജർ ടീ ഇടക്കിടയ്ക്ക് കുടിക്കണമെന്ന അവരുടെ ഉപദേശം സ്നേഹപൂർവ്വം കൈപ്പറ്റി യാത്രപറഞ്ഞ് ഞാൻ റോഡിലേക്കിറങ്ങി. പാറ്റഗോണിയ ട്രാവൽസിൻ്റെ  വാനിൽ നിന്നൊരാൾ ഇറങ്ങി വന്ന് ഞങ്ങളെ എതിരേറ്റു. 'ഐ ആം ജോൺ, യുവർ ഗൈഡ് ഫോർ ടുഡേ' എന്ന് പരിചയപ്പെടുത്തിയതിന് ശേഷം ടിക്കറ്റുകൾ പരിശോധിച്ച് പേരൊക്കെ ചോദിച്ച് പഠിച്ചിട്ടാണ് വാനിലേക്ക് കയറ്റിയത്. അതിനകത്ത് മറ്റു താമസസ്ഥലങ്ങളിൽ നിന്നെടുത്ത ഒൻപത് ആളുകളുണ്ടായിരുന്നു. അന്നേ ദിവസത്തെ ടൂറിനായി ബുക്ക് ചെയ്ത എല്ലാവരും ഉണ്ടെന്നുറപ്പ് വരുത്തിയതിന് ശേഷം ജോൺ വാനിലെ ഡ്രൈവറെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി. വിവരണം ഇംഗ്ലീഷിലും സ്പാനിഷിലുമായിരിക്കുമെന്നും മാലിന്യനിരോധിത മേഖലയായതിനാൽ പ്രകൃതി സംരക്ഷണം നമ്മുടെ ചുമതലയാണെന്നും ജോൺ പ്രത്യേകം ഓർമ്മപ്പെടുത്തി. പോകുന്ന വഴിയിൽ നിർത്തുന്ന സ്റ്റോപ്പുകളെ കുറിച്ച് ജോൺ പറഞ്ഞു തുടങ്ങിയപ്പോഴേക്കും വാൻ  പ്യൂർട്ടോ നതാലസ്സ് നഗരം പിന്നിട്ടിരുന്നു.

Pic: Photomanz / Canva Design

പാറ്റഗോണിയൻ പുൽമേടുകളിൽ മേയുന്ന ഗ്വാനാക്കോ(Guanaco)കളെ നഗരാതിർത്തി കടന്നാൽ തന്നെ ഒറ്റയ്ക്കും കൂട്ടമായും കണ്ട് തുടങ്ങുംതവിട്ടുനിറവും നീണ്ട കഴുത്തുമുള്ള ഇവ ലാമകളുടെയും അൽപ്പാക്കകളുടെയും കുടുംബത്തിൽപ്പെട്ടവരാണ്. ഗ്വാനക്കോകൾ റോഡിനിരുവശത്തുമായി മേഞ്ഞു നടക്കുന്നുണ്ട്. ഹൈവേയിൽ വാഹനം ആളുകൾക്കിറങ്ങാൻ സൗകര്യപ്പെടുന്നൊരിടത്ത് നിർത്തിയപ്പോൾ ഞങ്ങളെല്ലാവരും ഇറങ്ങി. ഗ്വാനക്കോകളെ അടുത്ത് കാണാനും ഫോട്ടോയെടുക്കാനുമൊക്കെ അതിനാൽ സൗകര്യമായി. അപകടം മണത്താൽ തുപ്പുന്ന സ്വഭാവക്കാരായതിനാൽ ഒരകലം പാലിച്ചാണ് നിന്നത്. വാനിലേക്ക് തിരിച്ചു കയറാൻ തുടങ്ങിയപ്പോഴാണ് ഞങ്ങളിലൊരാൾക്ക് ഒരു പേഴ്‌സ് കളഞ്ഞു കിട്ടിയത്. ഏതോ സഞ്ചാരിയുടേതാവണം, ഗ്വാനക്കോകളെ കണ്ട് നിർത്തിയപ്പോൾ താഴെ പോയതാവാം. ആരെങ്കിലും വഴിയിൽ തിരയുന്നത് കാണുന്നെങ്കിൽ പറയണമെന്ന് ജോൺ സൂചിപ്പിച്ചെങ്കിലും പ്രകൃതി വിസ്മയത്തിൽ മയങ്ങിരുന്നതിനാൽ അക്കാര്യമേ ഞാൻ മറന്നു!

ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നഭൂമിയായ ചിലിയൻ പാറ്റഗോണിയയിലെ ടോറസ് ഡൽ പെയ്ൻ  നാഷണൽ പാർക്ക് ജൈവമണ്ഡല റിസർവായി 1978ൽ UNESCO അംഗീകരിച്ച പ്രകൃതിയുടെ വരദാനമാണ്. സഞ്ചാരികൾക്കിടയിൽ  ത്രീ ടവേഴ്സ്” (Las Torres) എന്നറിയപ്പെടുന്ന മൂന്ന് ഗ്രാനൈറ്റ് കൊടുമുടികളിലേക്കുള്ള ട്രെക്കിങ്ങ് (W-Trek) ഏറെ പ്രശസ്തമാണ്. സമയക്കുറവും അടുത്തിടെ നടന്ന അപകടവും ഞങ്ങളുടെ ട്രെക്കിങ്ങ് സ്വപ്നത്തിന് കടിഞ്ഞാണിട്ടു. അമ്പതു മൈൽ ദൂരമുള്ള W-ട്രെക്ക് അഞ്ചോ ആറോ ദിവസമെടുത്താണ്‌ പൂർത്തിയാക്കാനാകുക. 

അസെൻസിയോ താഴ്വരയിൽ തുടങ്ങി മധ്യഭാഗത്ത് എത്തുന്നതോടെ കാടുകളിലൂടെയുള്ള കയറ്റമാണ്. കാഠിന്യമേറിയ കയറ്റത്തിനൊടുവിൽ അപ്രതീക്ഷിത വിസ്മയങ്ങൾ പ്രകൃതി സമ്മാനിക്കുമെങ്കിലും അതിലേക്ക് ആരെയും പെട്ടെന്ന് എത്തിക്കുകയില്ലെന്ന കടുത്ത വാശിയുമുണ്ട്. പ്രതികൂല കാലാവസ്ഥയോട് മല്ലിട്ട് തിരികെ പോരുന്നവരും, വഴിയിൽ ജീവൻ നഷ്ടപ്പെടുന്നവരുമുണ്ട്. ഒരേദിവസം തന്നെ മാറി വരുന്ന നാല് ഋതുക്കളെയും  അതിശക്തമായ കാറ്റിനെയും ചെറുക്കാനുള്ള കെൽപ്പും തയ്യാറെടുപ്പും പ്രധാനഘടകമാണ്. ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന പർവ്വതശിഖരങ്ങളും, ഭീമാകാരമായ ഹിമാനികളും, മരതക തടാകങ്ങൾക്കിടയിലൂടെയുള്ള പാറ്റഗോണിയിലെ  W-ട്രെക്കിങ്ങ് എന്ന സ്വപ്നം ബാക്കി നിൽക്കുകയാണ്.

Pic: Photomanz

തെഹുവൽച്ചെ(Tehuelche) ജനതയുടെ ഭാഷയിൽ പെയ്നെ(Paine)യെന്നാൽ "നീ" നിറമെന്നാണ്തടാകങ്ങളുടെ നീല നിറം തന്നെയായിരിക്കണം സ്ഥല പേരിനാധാരമായത്. ആകാശം തൊടുന്ന പർവതങ്ങൾ, പച്ചപടർന്ന താഴ്വരകൾ, നീലനിറമുള്ള ഹിമാനികൾ, തടാകങ്ങൾ, നദികൾ എന്നിവയുടെ മനോഹാരിതയാൽ കൊതിപ്പിക്കുന്ന സംഗമഭൂമികയാണ്. 1959ലാണ് ചിലിയൻ സർക്കാറിതൊരു ദേശീയ പാർക്കായി പ്രഖ്യാപിച്ചത്ഇവിടുത്തെ കൂർത്ത പർവ്വതശിഖരങ്ങൾ ഏകദേശം 12 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടവയാണെന്നാണ് ഭൂമിശാസ്ത്ര കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതെല്ലാം കണ്ട് കണ്ണ് തള്ളിയിരിക്കുന്ന ഞങ്ങൾക്ക് ജോൺ ഒരു കഥ പറഞ്ഞു തന്നു. 

തദ്ദേശീയരുടെ ഇടയിൽ പ്രചാരത്തിലുള്ള രസകരമായ ഒരു പ്രാദേശിക കഥയാണ്പണ്ട് ഈ പർവ്വതങ്ങളിൽ കടലുകളുടെ അധിപനായിരുന്ന ഒരു കൂറ്റൻ സർപ്പം വസിച്ചിരുന്നു. കടലുകളിൽ കൂറ്റൻ തിരമാലകൾ സൃഷ്ടിച്ച്‌ മറ്റുള്ളവരെ വരുതിക്ക് നിർത്തുന്ന സ്വഭാവത്തിനുടമയായ സർപ്പം ഒരിക്കൽ മറ്റൊരു കൂറ്റൻ കുതിരയുമായി യുദ്ധത്തിലേർപ്പെട്ടു. ആ കൊടും യുദ്ധത്തിൻ്റെ അനന്തര ഫലമായുണ്ടായതാണത്രെ വിചിത്രമായ പർവ്വതങ്ങളും തടാകങ്ങളുമെന്നാണ് വിശ്വാസം. കഥയെന്തായാലൂം അനേക വർഷങ്ങളുടെ അതിജീവനത്തിൻ്റെ കഥയുണ്ടാവും ഇവിടുത്തെ ഓരോ കല്ലിനും മഞ്ഞുപാളികൾക്കും പറയാൻ. ചില ദിവസങ്ങളിൽ മനുഷ്യരെ ഒരടി മുന്നോട്ട് വെയ്ക്കാൻ സമ്മതിക്കാതെ പണ്ടത്തെ കഥയിലെ സർപ്പനായകനായിരിക്കും ഇന്നും കാറ്റായി ഇവിടെയൊക്കെ ചുറ്റുന്നത്. ഞങ്ങളെയും ഒന്ന് പരീക്ഷിക്കാതിരുന്നില്ല കഥാനായകൻ! 

Pic: Photomanz/ Canva Design

ദേശീയ പാർക്കായതിനാൽ സുരക്ഷാമുൻകരുതലുകൾ വിശദീകരിക്കാനായി അഗ്നിശമനസേനാധികൃതർ ഞങ്ങളുടെ വാനിലേക്ക് കയറി. സ്പാനിഷിൽ അവർ പറഞ്ഞതെല്ലാം ജോൺ വീണ്ടും ഇംഗ്ലീഷിൽ മൊഴിമാറ്റി തന്നു. പ്രധാനമായും അശ്രദ്ധമൂലം സംഭവിക്കുന്ന ഫോറസ്ററ് ഫയർ, മാലിന്യ നിർമാർജ്ജനം, വന്യജീവികളോടുള്ള പെരുമാറ്റം തുടങ്ങി ശീലിച്ചതും സ്ഥിരം പാലിക്കുന്ന ചിട്ടകളുടെ  ഓർമ്മപ്പെടുത്തലായിരുന്നു. ഓഫീസർമാരോട് നന്ദി പറഞ്ഞ് ഞങ്ങൾ പോയത് നീലയും പച്ചയും നിറങ്ങൾ ഇടകലർന്ന ലാഗോ സർമിയന്റോ തടാകത്തിനരികിലേക്കാണ്. പശ്ചാത്തലത്തിൽ തലയെടുപ്പോടെ നിൽക്കുന്ന പർവതനിരകളെ നോക്കി നിൽക്കാൻ കാറ്റൊരു തരത്തിലും സമ്മതിക്കുകയില്ല. ഒരു നിമിഷം പോലും വിശ്രമമില്ലാതെ ശക്തിയോടെ വീശുന്ന കാറ്റാണ് സർമിയന്റോയുടെ സെക്യൂരിറ്റിയെന്ന് തോന്നും. 

അടുത്ത സ്റ്റോപ്പായ ലാഗോ നോർഡെൻസ്ക്യോൾഡ് (Lago Nordenskjöld)ൽ നിർത്തിയപ്പോഴാണ് ആകാശത്ത് പറക്കുന്ന ആൻഡിയൻ കോണ്ടോറിനെ (Andean Condor) ജോൺ കാണിച്ചു തന്നത്. ഇവിടെ കാണുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര നല്ലൊരു കാഴ്ച ലഭിക്കുമെന്ന് കരുതിയില്ല. കഴുകൻ്റെ വിഭാഗത്തിൽപ്പെടുന്ന പക്ഷിയാണ്‌. ചിറകുകൾ വിരിച്ച് തലയ്ക്കു മുകളിൽ വട്ടമിട്ട് പറന്ന് കളിക്കുന്ന കോണ്ടോറിനെയാണോ ശക്തമായ കാറ്റിൽ വെള്ളം ചെറുതിരമാലകൾ തീർക്കുന്ന തടാകത്തെയാണോ അതോ ക്വേർനോസ് ഡെൽ പെയ്ന്‍ (Cuernos del Paine) എന്ന പർവതശിഖരങ്ങളെയാണോ നോക്കേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. പലപ്പോഴും മൂടൽ മഞ്ഞും മഴയും കാറ്റും കാരണം പലർക്കും ഈ ദൃശ്യങ്ങൾ കാണാൻ പറ്റാതെ നിരാശരായി മടങ്ങിയ കഥകളാണ് കേട്ടിട്ടുള്ളത്. ഞങ്ങളെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദിവസമായിരുന്നു...

Pic: Photomanz/ Canva/ John


പിന്നീട് ഞങ്ങളിറങ്ങിയത് സാൽട്ടോ ഗ്രാൻഡെ(Salto Grande) വെള്ളച്ചാട്ടത്തിനരികിലാണ്. അവിടെവെച്ച് ഞാനെൻ്റെ ചൈനക്കാരി സുഹൃത്തിനെ വീണ്ടും കണ്ടു. കെട്ടിപ്പിടിച്ചു ഉമ്മയും തന്ന് ഞങ്ങളൊരു  സെൽഫിയുമെടുത്ത് പിരിഞ്ഞു. ലാഗോ നോർഡെൻസ്ക്യോൾഡും ലാഗോ പേഹോയും (Lago Pehoé) തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളച്ചാട്ടമാണ് സാൽട്ടോ ഗ്രാൻഡെ. തിളങ്ങുന്ന നീല നിറമാണ് ലാഗോ പേഹോ തടാകത്തിന്. ആ സൗന്ദര്യത്തിന് മോടിക്കൂട്ടുവാനെന്ന പോലെ നടുവിലൊരു ദ്വീപും രണ്ടിൻ്റെയും ചുറ്റുമുള്ള പർവ്വതങ്ങളുടെയും കാഴ്ച നൽകിയ സ്വപ്‌നലോകത്ത് സമയം പോയതറിയാതെ നിൽക്കുകയായിരുന്നു ഞാൻ. "ഫാറ്റിമാ നീ വരുന്നില്ലേ ഇവിടെയിങ്ങനെ നിന്നാൽ ബാക്കിയൊക്കെ എപ്പോൾ കാണും?" ജോൺ നീട്ടി വിളിക്കുന്നത് കേട്ട് ഒട്ടും മനസ്സില്ലാതെയാണ് വാനിലേക്ക് കയറിയത്. മേഘങ്ങൾ മറനീക്കി കാഴ്ചയുടെ വസന്തം ഒരുക്കി നിൽക്കുകയാണ്. സൂര്യപ്രകാശത്താൽ  തിളങ്ങുന്ന പർവ്വതശിഖരങ്ങൾക്ക് താഴെ നീലനിറത്തിലുള്ള ഹിമതടാകങ്ങൾ... ഈ കാഴ്ചയ്ക്കു മുന്നിലാണ് സർവ്വ ഗർവ്വും ശമിച്ചു മനുഷ്യൻ തോറ്റു പോവുക.

ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം യാത്ര ചെയ്യുന്ന സുഹൃത്തുക്കളായ ഇവയും എവിലിനും പെട്ടെന്നാണ് ഞങ്ങളുമായി അടുത്തത്. ഹുസൈനെടുത്ത പടങ്ങൾ അവരുടെ ഗ്രൂപ്പുകളിലൊക്കെ പങ്കുവെച്ച് ഇവ ഹുസൈനെ പ്രശസ്തനാക്കി. ലാഗോ ഗ്രെയ്‌യിലാണ് ഉച്ചഭക്ഷണത്തിനായി ഞങ്ങൾ നിർത്തിയത്. ഗ്രേ ഹിമാനികളിൽ നിന്നടർന്ന് വീഴുന്ന മഞ്ഞുപാളികൾ ഉരുകിയുണ്ടായ  തടാകത്തിന് സവിശേഷമായ ചാരനിറവും നീല-ഹരിത നിറവുമാണ്. ഇവയും എവിലിനും വരുന്നില്ലെന്ന് പറഞ്ഞതിനാൽ അവരെ വിശ്രമിക്കാൻ വിട്ട് ഞങ്ങൾ തടാകത്തിനരികിലേക്ക് നടന്നു. ട്രെക്കിങ്ങ് പോൾസില്ലാത്തത് കാരണം എനിക്കൊരു ഉത്സാഹക്കുറവുണ്ടായിരുന്നു. തടാകത്തിനരികിൽ നിന്നാൽ ദൂരെ ഹിമാനി കാണാനാകും. എന്നാലും ഫോട്ടോയെടുക്കണമെങ്കിൽ വെള്ളത്തിനരികിലെത്തണം. ഇത്രയും ദൂരം വന്നില്ലേ അതുവരെ പോകാമെന്ന് തീരുമാനിച്ചു ഞങ്ങളിറങ്ങി. കുറച്ചു നടന്നപ്പോൾ തന്നെ കാറ്റിനോട് സുല്ലിട്ട് ഞാൻ തിരിച്ചു നടന്നു. ഹുസൈനും അധികദൂരം പോകാനാവാതെ തിരികെ വരുന്നുണ്ടായിരുന്നു. വിശേഷങ്ങൾ കേൾക്കാൻ കാത്തിരുന്ന ഇവയോടും  എവിലിനോടും കാറ്റിനെ തോൽപ്പിക്കാനാവാതെ ഞങ്ങൾ കീഴടങ്ങിയെന്ന് തമാശ പറഞ്ഞു. 

ജോൺ എല്ലാവരെയും എണ്ണി തിട്ടപ്പെടുത്തി വാനിലേക്ക് കയറ്റി. പ്യൂർട്ടോ നതാലസ്സിലേക്ക് തിരിച്ചു പോകുന്നതിന് മുൻപായി ഞങ്ങൾക്ക് ചരിത്ര പ്രധാനമായ ഒരിടം കൂടെ കാണാനുണ്ട്. അതിനി അടുത്ത പോസ്റ്റിലെഴുതാം.


Pic: John



"Pack it in, Pack it out. Leave no trace - Preserve  and  Respect ”


2026 ജനുവരി 14, ബുധനാഴ്‌ച

ഫ്യൂണിക്കുലർ ഡി സാന്റിയാഗോ (Funicular de Santiago)

ചിലിയിലെ പ്രശസ്തമായ ഫ്യൂണിക്കുലർ ഡി സാന്റിയാഗോ (Funicular de Santiago) വെറുമൊരു യാത്രാമാർഗ്ഗമല്ല, മറിച്ച് ചിലിയുടെ ദേശീയ സ്മാരകവും നൂറ്റാണ്ടിൻ്റെ പഴക്കവുമുള്ള ഒരു ചരിത്ര വിസ്മയവുമാണ്1920-കളുടെ തുടക്കത്തിലാണ് ഫ്യൂണിക്കുലറിൻ്റെ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്.

Pic: Photomanz (Hussain Chirathodi)

അക്കാലത്ത് സാന്റിയാഗോ നഗരത്തിൻ്റെ വളർച്ച അതിവേഗം പുരോഗമിക്കുന്നുണ്ടായിരുന്നു. സാൻ ക്രിസ്റ്റോബൽ കുന്നിനെ ഒരു പൊതു ഉദ്യാനമാക്കി മാറ്റണമെന്ന ആവശ്യവും ശക്തമായി. ഉദ്യാനമാക്കിയാൽ തന്നെ ജനങ്ങൾക്ക് ആ കുന്നിൻ മുകളിലേക്ക് നടന്നു കയറുക പ്രയാസമായിരിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് മുകളിലേക്കൊരു യാത്രാമാർഗ്ഗമെന്ന ചിന്ത അധികാരികളിൽ ഉണരുന്നത്. 1923ൽ ഇറ്റാലിയൻ എഞ്ചിനീയർ എർണസ്റ്റോ ബോഷലിൻ്റെ നേതൃത്വത്തിൽ ഫ്യൂണിക്കുലർ കേബിളിൻ്റെ പണി തുടങ്ങി. രണ്ട് വർഷങ്ങൾക്ക് ശേഷം 1925ൽ  അന്നത്തെ പ്രസിഡന്റ് അർതുറോ അലസാന്ദ്രി പാൽമ ഇത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.  

സാധാരണ ട്രെയിനുകളിൽനിന്ന് വ്യത്യസ്തമായി കപ്പിയിലും കേബിളിലുമാണ് ഫ്യൂണിക്കുലർ പ്രവർത്തിക്കുന്നത്. രണ്ട് കാറുകൾ (Carriages) ഒരു കേബിളിൻ്റെ രണ്ട് അറ്റങ്ങളിലായി ഘടിപ്പിച്ചിട്ടുണ്ട്. ഒന്ന് താഴേക്ക് വരുമ്പോൾ അതിൻ്റെ ഭാരമൂലം മറ്റേതിനെ മുകളിലേക്ക് ഉയർത്തുന്ന വിദ്യയാണ്. അത്യാധുനിക കാലത്ത് പഴയകാല യന്ത്രസാമഗ്രികൾ ഉപയോഗിച്ച് ഇപ്പോഴും പ്രവർത്തിക്കുന്ന  ഫ്യൂണിക്കുലറിൻ്റെ ചരിത്രപരമായ മൂല്യം കണക്കിലെടുത്ത്2000 ൽ ചിലിയൻ സർക്കാർ ഇതിനെ ദേശീയ സ്മാരകമായി (National Monument) പ്രഖ്യാപിച്ചു. പ്രശസ്ത വാസ്തുശില്പിയായ ലൂസിയാനോ കുൽസെവ്സ്കി (Luciano Kulczewski) രൂപകൽപ്പന ചെയ്ത പഴയ മരത്തടിയിൽ പണിത സ്റ്റേഷനുകളാണിപ്പോഴും. കല്ലിൽ തീർത്ത ഗോപുരങ്ങളും ഇരുമ്പ് വാതിലുകളും ഇതിനൊരു ഭൂതത്താൻ കോട്ടയുടെ പരിവേഷം നൽകുന്നുണ്ട്.

Pic: Photomanz (Canva Design)


പ്രധാന ഗേറ്റ് കടന്നാൽ സഞ്ചാരികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ വോളന്റീയർമാരുണ്ട്. എവിടെ ടിക്കറ്റ് എടുക്കണം, എങ്ങോട്ടാണ് ഫ്യുണിക്കുലർ നമ്മളെ കൊണ്ട് പോവുക എന്നതൊക്കെ ആംഗലേയത്തിൽ പറഞ്ഞു തരും. 2025 ൽ ഞങ്ങളെത്തുമ്പോൾ ഫ്യുണിക്കുലറിന്‌ നൂറ് വയസ്സ് തികഞ്ഞിരുന്നു. ടിക്കറ്റ് (CAD$18.00) എടുത്ത് ഞങ്ങൾ പുറത്തെ ക്യുവിൽ നിൽക്കെയാണ് കോട്ടയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന പിയോ നോനോ സ്റ്റേഷൻ്റെ (Pio Nono Station)  പ്രവേശന കവാടം കാണുന്നത്.  അകത്തെ കാഴ്ചകൾ ഒന്നും പുറമെ നിന്ന് വ്യക്തമാവുന്നില്ലായിരുന്നു. കോട്ടയുടെ ഉള്ളിലേക്ക് കടന്നപ്പോഴാണ് ആളുകളുടെ തിരക്കും ചൂടിൻ്റെ കാഠിന്യവും അനുഭവിച്ചറിഞ്ഞത്. ഞങ്ങൾക്ക് കുന്നിൻ്റെ ഏറ്റവും മുകളിലത്തെ സ്റ്റേഷനായ  കുംബ്രെ (Cumbre)യിലാണ് ഇറങ്ങേണ്ടത്പ്രശസ്തമായ കന്യാമറിയത്തിൻ്റെ പ്രതിമയുള്ളത് ഇവിടെയാണ്. "പടച്ചോനെ കാത്തോളീം...100 വയസ്സിൻ്റെ ബലമുള്ള കപ്പിയിലും കേബിളിലുമാണ് കുന്ന് കയറുന്നത്.  

നഗരത്തിൻ്റെ മനോഹരമായ കാഴ്ചകൾ ഫ്യൂണിക്കുലർ യാത്രയിൽ കാണാംവൈകുന്നേരത്തെ സൂര്യാസ്തമയ കാഴ്ചയാണ് ഏറ്റവും ഹൃദ്യമെങ്കിലും ആ സമയം തിരക്കും കൂടുതലായിരിക്കും. ഞങ്ങൾക്ക് പിന്നെയും യാത്രയുള്ളതിനാൽ ഉച്ചയ്‌ക്ക്‌ മുൻപായി മാതാവിനെയും കണ്ടിറങ്ങേണ്ടിയിരുന്നു. സാന്റിയാഗോ നഗരത്തിന് പിന്നിലായി മഞ്ഞുമൂടിയ ആൻഡീസ് പർവതനിരകൾ (Andes Mountains) തെളിഞ്ഞ കാലാവസ്ഥയുള്ള ചില ദിവസങ്ങളിൽ കാണാനാവുമത്രെ. മൂടലുള്ളതിനാൽ ഞങ്ങൾക്ക് പർവത കാഴ്ച വ്യക്തമായിരുന്നില്ല. എന്നാലും തിരക്കേറിയ നഗരത്തിൽ നിന്ന് കുന്നിലെ  പച്ചപ്പിൻ്റെ ശാന്തതയിലേക്കുള്ള കയറ്റത്തിനൊരു പ്രത്യേക അനുഭൂതിയാണ്. ചെറുകിട കച്ചവടക്കാരുടെയും സഞ്ചാരികളുടെയും ബഹളമാണ് മുകളിലെത്തുമ്പോൾ നമ്മളെ സ്വീകരിക്കുക. ചിലിയിലെ പരമ്പരാഗത പാനീയമായ മോത്തെ കോൺ ഹ്യൂസിയോ (Mote con huesillo)യും, ഐസ്ക്രീം വില്പനക്കാരുടെയും ശബ്‌ദ കോലാഹലങ്ങൾ നമ്മുടെ പൂരപ്പറമ്പിനെ ഓർമ്മിപ്പിക്കും. ചൂടും വിയർപ്പും തളർത്തിയിരുന്നതിനാൽ പതിയെ മാതാവിൻ്റെ അടുക്കലേക്ക് പോകാമെന്ന് കരുതി ഞങ്ങൾ ഒരു മരത്തണലത്തിരുന്നു. മാതാവ് നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ.. ഷൊർണൂരിലെ കോൺവെന്റ് സ്‌കൂളിൽ സിസ്റ്റർമാരുടെ മഠത്തിലെ പൂന്തോട്ടത്തിൽ മാതാവുണ്ടായിരുന്നു. ചെറിയ ക്ലാസ്സിലായിരുന്നപ്പോൾ വൈകുന്നേരം ബെല്ലടിച്ചാൽ ഞങ്ങൾ  മാതാവിനെ കാണാൻ ഒരോട്ടമാണ്. പൂക്കളുടെ കണക്കെടുത്ത് തിരികെ ഓടുമ്പോഴാവും മാതാവിനെ ഓർക്കുക!


Pic: Photomanz / Canva Design 


സാന്റിയാഗോ നഗരത്തിന് കാവൽ നിൽക്കുന്ന സാൻ ക്രിസ്റ്റോബൽ കുന്നിനെ ദൈവങ്ങളുടെ ഇടമെന്നും വിളിക്കാറുണ്ട്. അവിടെത്തെ  കന്യാമറിയത്തിൻ്റെ പ്രതിമയെ കുറിച്ച്‌ ചരിത്രവും വിശ്വാസവും ചേർന്ന കഥകൾക്കും കുറവില്ല. കഥകളുടെ തുടക്കം സ്പാനിഷ് അധിനിവേശത്തിന് മുൻപേ ആരംഭിക്കുന്നുണ്ട്. ആ കാലത്ത് ഈ പ്രദേശം ഭരിച്ചിരുന്ന മാപുചെ (Mapuche) വിഭാഗക്കാരാണ് കുന്നിനെ അവരുടെ ഭാഷയിൽ ദൈവത്തിൻ്റെ ഇടമെന്നർത്ഥം വരുന്ന 'തുപാഹു' (Tupahue) എന്ന് വിളിച്ചതത്രെ. അതിനുശേഷം സ്പാനിഷുകാരുടെ വരവോടു കൂടിയാണ് കുന്നിന്  യാത്രക്കാരുടെ മധ്യസ്ഥനായ വിശുദ്ധ ക്രിസ്റ്റഫറിൻ്റെ പേര് നൽകുന്നതും ഒരു ദേവാലയം നിർമ്മിക്കുന്നതും.

Mobile Click: Mubi 

മാതാവിൻ്റെ  വിഗ്രഹത്തിന് 14 മീറ്റർ ഉയരവും, 3600 കിലോ ഭാരവുമുണ്ടെന്നാണ് കണക്ക്. ഏത് ആപൽഘട്ടത്തിലും നഗരത്തെ കാത്തുരക്ഷിക്കുന്നതും, ഭൂകമ്പങ്ങളിൽ നിന്ന് സാന്റിയാഗോ നഗരം സുരക്ഷിതമായിരിക്കുന്നതും മാതാവിൻ്റെ കാവൽ കൊണ്ടാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. കൺചിമ്മാതെ  കൈകൾനിവർത്തി രാവും പകലും മാതാവ് കാക്കുന്നുണ്ടെന്ന് സാന്റിയാഗോ നഗരത്തിലെ ജനങ്ങളുടെ തകർക്കാൻ പറ്റാത്ത വിശ്വാസമാണ്. അതൊക്കെ ശരിതന്നെ, എന്നാൽ സ്വന്തം ഫോണും ക്യാമറയും, കീശയിലെ  പൈസയും പാസ്സ്പോർട്ടും ആ പരിധിക്ക് പുറത്താണ് അവനവൻ ശ്രദ്ധിച്ചാൽ തടി കേടാകാതെ തിരിച്ചു പോരാം.  

വിഗ്രഹനിർമ്മാണവുമായി ബന്ധപ്പെടുത്തി നിലവിലുള്ള മറ്റൊരു കഥയിൽ അതിനുള്ള അന്താരാഷ്ട്ര ബന്ധമാണ്.  റോമിലെ 'സ്പാനിഷ് സ്റ്റെപ്സിന്' (Spanish Steps) സമീപത്തുള്ള 'ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ' (Immaculate Conception) തൂണിലെ വിഗ്രഹത്തിനോട് സാമ്യമുള്ള ഈ പ്രതിമ വാർത്തെടുത്തത് ഫ്രാൻസിലെ ഒരു പ്രശസ്തമായ ലോഹശാലയിലാണെന്നാണ്. അങ്ങനെ കടൽ കടന്ന് ചിലിയുടെ മണ്ണിലെത്തിയ മാതാവിൻ്റെ  വിഗ്രഹമാണ് സാന്റിയാഗോയുടെ സുപ്രധാന അടയാളമായി മാറിയിരിക്കുന്നത്1987- വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ സന്ദർശനം പ്രശസ്തിക്കും വിശ്വാസത്തിനും ആക്കം കൂട്ടുകയാണുണ്ടായത്.

Selfie click from Cerro San Cristóbal


കുന്നിന് മുകളിൽ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. രണ്ട് ഐസ്ക്രീം വാങ്ങി നുണഞ്ഞ് ഞങ്ങൾ കാഴ്ചകളിലേക്ക് ഊളിയിട്ടു. മുകളിൽ നിന്ന് നോക്കിയാൽ നഗരദൃശ്യങ്ങൾ കാണാം. ഞായറാഴ്ചയായതിനാൽ പള്ളിയിൽ പ്രാർത്ഥന നടക്കുന്നുണ്ട്. വിശ്വാസികളുടെ തിരക്ക് കാരണം താഴേക്കിറങ്ങാൻ കുറച്ചു സമയം കാത്തു നിൽക്കേണ്ടിയിരുന്നു. ചുവന്ന കുഞ്ഞു പെട്ടികൾ കമ്പിയിലൂടെ കുത്തനെ ഇറങ്ങുന്നത് കാണുമ്പോൾ ശകലം ഭയമൊക്കെ  തോന്നയ്‌കയില്ല. ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ചുവന്ന പരവതാനിയിൽ ഒരു പൂച്ച സർ കിടപ്പുണ്ട്. ഭക്ഷണവും വെള്ളവും തൊട്ടടുത്ത് തന്നെ, ദൂരെയൊന്നും പോകണ്ട. വെള്ളം കുടിച്ചും ഭക്ഷിച്ചും വിശ്രമിച്ച് ഫ്യുണിക്കുലറിൻ്റെ  പോക്കുവരവുകൾ എണ്ണി തിട്ടപ്പെടുത്തി കിടക്കുന്ന ആശാനെ നോക്കി വെറുതെ അസൂയപ്പെട്ടു കൊണ്ട് ഞങ്ങൾ മാതാവിൻ്റെ കുന്നിറങ്ങി...
                                                                                                                                    (തുടരും)

 

"Pack it in, Pack it out. Leave no trace - Preserve  and  Respect ”



2026 ജനുവരി 11, ഞായറാഴ്‌ച

ലാ ചസ്കോണ (La Chascona)

"To be and not to be - that's what life is." വിഖ്യാത ചിലിയൻ കവി പാബ്ലോ നെരൂദയുടെ പ്രണയത്തിൻ്റെയും ഭാവനയുടെയും അടയാളങ്ങൾ പേറുന്ന  ലാ ചസ്കോണയിലേക്കാണ്  ഞങ്ങൾ ആദ്യം പോയത്.  സാൻ്റിയാഗോയിലെ കലകളുടെ തെരുവായ ബെല്ലവിസ്റ്റ (Bellavista)യിൽ ഒളിഞ്ഞിരിക്കുന്ന ഒരു വിസ്മയമാണ് ഈ പ്രണയസൗധം.

സാൻ ക്രിസ്റ്റോബാൽ കുന്നിൻ്റെ താഴ്വരയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 'ലാ ചസ്കോണ' എന്നാൽ 'ചീകി ഒതുക്കാത്ത മുടിയുള്ളവൾ' എന്നത്രേ. നെരൂദയുടെ കാമുകിയും പിന്നീട് മൂന്നാം ഭാര്യയുമായിത്തീർന്ന മെറ്റിൽഡ ഉറുട്ടിയയുടെ (Matilde Urrutia) ചുരുളൻ മുടിയോടുള്ള സ്നേഹസൂചകമായാണ് അദ്ദേഹം പേര് നൽകിയതെന്നാണ് ചരിത്രാഖ്യാനം. മെറ്റിൽഡയുടെ വിൽപത്ര പ്രകാരം രൂപീകരിച്ച നെരൂദ ഫൌണ്ടേഷനാണ് ലാ ചസ്‌കോണയും നെരൂദയുടെ മറ്റു രണ്ടു വീടുകളായ ഇസ്ല നെഗ്ര (Isla Negra)യും,  ലാ സെബാസ്റ്റ്യാന (La Sebastiana)യും സംരക്ഷിക്കുന്നത്. 

Pic: Mubi

ചരിത്രസ്മാരകമായി നിലനിർത്തുന്ന ലാ ചസ്‌കോണയിലേക്ക് കടക്കാൻ ഒരു പ്രവേശന ഫീസുണ്ട് (ഏകദേശം $14.00 CAD). അത് കൊടുത്ത് രശീത് തരുമ്പോൾ നമുക്കുള്ള നിർദ്ദേശങ്ങൾക്കൊപ്പം പഴയ നോക്കിയ ഫോൺ മാത്യകയിലുള്ള ഒരു ശ്രവ്യോപാധിയും തരും. വീടിൻ്റെ ഓരോ മുറിയും 1, 2 എന്നിങ്ങനെ അക്കങ്ങളാൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ മുറിയിലേക്കും നമ്മൾ കടക്കുമ്പോൾ ആ അക്കം ഞെക്കിയാൽ അതെ മുറിയുടെ വിശദമായ വിവരണം ഇംഗ്ലീഷിൽ കേൾക്കാം. ഈ ശ്രവ്യ-ഗൈഡ് സംവിധാനം എനിക്കിഷ്ടപ്പെട്ടു. ഫോട്ടോഗ്രാഫി വീടിനുള്ളിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

കാറ്റലൻ ആർക്കിടെക്റ്റായ ജർമൻ റോഡ്രിഗസ് ആര്യാസാണ് ലാ ചസ്‌കോണയുടെ ശിൽപി. കുന്നിൻ ചെരുവിലായതിനാൽ പല തട്ടുകളിലായി ഒരു കപ്പലിൻ്റെ മാതൃകയിലാണ് വീടിൻ്റെ നിർമാണം. രണ്ട് മുറികൾ മാത്രം പണിത് മെറ്റിൽഡ ഇതിൽ താമസം തുടങ്ങിയപ്പോഴും നെരൂദ തൻ്റെ രണ്ടാമത്തെ പത്നിയായ ഡാലിയക്കൊപ്പമായിരുന്നു. 1955 ൽ വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം നെരൂദ മെറ്റിൽഡക്കൊപ്പം താമസമാരംഭിച്ചു. 1973 ലെ പട്ടാള അട്ടിമറിയെ തുടർന്ന് വീട് കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അതെ വര്ഷം സെപ്റ്റംബറിലായിരുന്നു നെരൂദയുടെ മരണവും. മാറിയ രാഷ്ട്രീയാന്തരീക്ഷത്തിലെ അരക്ഷിതാവസ്ഥയിലും മെറ്റിൽഡ ആ വീട്ടിൽ തന്നെയാണ് താമസിച്ചത്. അവരാണ് ആ വീട് പുതുക്കി പണിതതും നഷ്ടപ്പെട്ടു പോയ വസ്തുക്കൾ വീണ്ടെടുക്കാൻ ശ്രമിച്ചതും. തൻ്റെ കാലശേഷം കവിയുടെ വീടുകളും വസ്തുവകകളും സംരക്ഷക്കുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു.

Pic: Neruda Foundation Area (Photomanz / Canva) 

വീടിനകത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നെരൂദ ശേഖരിച്ച കളിപ്പാട്ടങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്നൊരു വർണ്ണ കുതിരയുമുണ്ട്. ആഫ്രിക്കൻ തടി ശില്പങ്ങളും, അപൂർവ്വമായ മദ്യകുപ്പികളുടെ ശേഖരവും, ഭൂപടങ്ങളും പുസ്തകങ്ങളും ആർട്ട് ഗാലറിയുമുണ്ട് ലാ ചസ്‌കോണയിൽ. ഓരോ മുറികളിലൂടെ നടക്കുമ്പോഴും ഇംഗ്ലീഷിൽ കേൾക്കുന്ന വിവരണങ്ങളിലൂടെ അവിടെ ജീവിച്ചവരുടെ സാമൂഹിക- സാംസ്‌കാരിക -രാഷ്ട്രീയ ചിത്രം വരച്ചെടുക്കാം. ഇടുങ്ങിയ ഗോവണികളും വൃത്താകൃതിയിലുള്ള ജാലകങ്ങളും ഒരു കപ്പലിനുള്ളിലെ ക്യാബിനുകളെ ഓർമിപ്പിക്കും. ഇരിപ്പുമുറിയിലെ വലിയ ജാലകത്തിലൂടെ സാന്റിയാഗോ നഗരം കാണാനാവുമായിരുന്നുവെന്നും അന്തരീക്ഷമലിനീകരണം മൂലം ഇന്ന് ആ കാഴ്ചയ്ക്ക് മങ്ങലേറ്റിയിരിക്കുന്നു എന്നൊക്കെ ശ്രവ്യോപാധിയിലൂടെ കേൾക്കുകയുണ്ടായി. ശാന്ത സമുദ്രത്തിനടുത്താണ് മറ്റ് രണ്ട് വീടുകളും. സമയക്കുറവിനാൽ ഞങ്ങൾക്ക് മറ്റുരണ്ടിടത്തും പോകാനായില്ല.

മരങ്ങളും വള്ളിച്ചെടികളും നിറഞ്ഞുനിൽക്കുന്ന  വീടിനുള്ളിലെ  ഓരോ മുറിയിലേക്കും കടക്കാൻ രഹസ്യ ഇടനാഴികളുണ്ട്അതിഥികളെ വിസ്മയിപ്പിക്കാൻ രഹസ്യ വാതിലിലൂടെ നെരൂദ അവർക്ക് മുന്നിലെത്തുകയും അപ്രത്യക്ഷനാവുകയുംചെയ്യുമായിരുന്നു. തീൻമുറിയിലെ മേശയും ഇടുങ്ങി വളഞ്ഞ ഗോവണിയും മറ്റും ചേർന്ന്  കപ്പലിനുള്ളിൽ നിൽക്കുന്ന പ്രതീതിയുണർത്തും. ഭക്ഷണമേശയിലെ ഉപ്പിൻ്റെയും  കുരുമുളകിൻ്റെയും പാത്രങ്ങളിൽ മരിയുവാന, മോർഫിൻ എന്നൊക്കെ എഴുതി ഒട്ടിച്ച് വൈദേശിക അതിഥികളെ പറ്റിക്കുന്നതും നെരൂദയുടെ വിനോദമായിരുന്നത്രെ. Marijuana & Morphine എന്ന് പേരെഴുതിയ സാൾട് ആൻഡ് പെപ്പർ കരകൗശല പാത്രങ്ങൾ ഫൗണ്ടേഷൻ്റെ ഗിഫ്റ്റ് കടയിലും കണ്ടിരുന്നു. 


Pic: Outside La Chascona (Photomanz /Canva)

ലാ ചസ്കോണയുടെ പ്രധാനമുറിയിൽ ഡീഗോ റിവേര വരച്ച മെറ്റിൽഡയുടെ പ്രശസ്തമായ ഒരു ചിത്രമുണ്ട്. രണ്ട് മുഖങ്ങളുള്ള മെറ്റിൽഡ. ഒന്ന് പുറംലോകത്തിന് അറിയുന്ന ഗായികയുടെതും മറ്റൊന്ന് നെരൂദയുടെ കാമുകിയായ മെറ്റിൽഡയുടെയും. ചിത്രത്തിൽ അവരുടെ മുടിക്കുള്ളിൽ മറഞ്ഞിരിക്കുന്ന കാമുകനായ നെരൂദയുടെ മുഖവുമുണ്ട്. കളിപ്പാട്ടങ്ങളും, പാവകളെ കൊണ്ട് അലങ്കരിച്ച കുളിമുറി കണ്ടപ്പോൾ ഒൻപത് വർഷക്കാലം മാത്രം ഈ ഭൂമിയിൽ ജീവിച്ച നെരൂദയുടെ മകളായ മൽവാ മറീനയെ ഓർത്തുപോയി. അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയായ മരിയ അന്റോണിയയാണ് മൽവയുടെ അമ്മ. "Oh Child among the roses, Oh press of doves" എന്ന വരികളിൽ തുടങ്ങുന്ന Ode With a Lament കവിത മൽവയെ കുറിച്ചാണ്.

വീടിന് പുറത്തെ കുറച്ച് ചിത്രങ്ങളെടുത്ത്‌ ഓഡിയോ ഗൈഡും തിരിച്ചു നൽകി ഞങ്ങൾ തെരുവിലേക്കിറങ്ങി. ഭക്ഷണശാലകളിലേക്ക് സഞ്ചാരികളെ നിർബന്ധിച്ച് വിളിച്ചു കൊണ്ടുപോകുന്നവരുടെ തിക്കും തിരക്കുമാണെങ്ങും. ഈ വിളികളെ അവഗണിക്കുന്നവരെ സ്പാനിഷിൽ തെറി വിളിക്കുന്നവരുമുണ്ട്, അതിലൊന്നും അടിപതറാതെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ആദ്യമേ കിട്ടിയതിനാൽ ഞങ്ങൾ അവിടെന്ന് ചരിത്രപ്രധാനമായ ഫ്യുണിക്കുലർ ലക്ഷ്യമാക്കി വേഗത്തിൽ  നടന്നു.                                                                                                                                                                                                                                          (തുടരും)

Pic: Street View/ Photomanz (Canva)


"Pack it in, Pack it out. Leave no trace - Preserve  and  Respect ”